Continue reading “കേവല പരിസ്ഥിതിവാദികളോട്: പൊടിക്കൈകളല്ല വേണ്ടത്”

" /> Continue reading “കേവല പരിസ്ഥിതിവാദികളോട്: പൊടിക്കൈകളല്ല വേണ്ടത്”

"> Continue reading “കേവല പരിസ്ഥിതിവാദികളോട്: പൊടിക്കൈകളല്ല വേണ്ടത്”

">

UPDATES

കേവല പരിസ്ഥിതിവാദികളോട്: പൊടിക്കൈകളല്ല വേണ്ടത്

                       

ലോകമെമ്പാടും പ്രകൃതി ദുരന്തങ്ങള്‍ ആവര്‍ത്തിക്കുന്ന കാഴ്ചകള്‍ നമ്മെ ദിവസവും അലോസരപ്പെടുത്തിക്കൊണ്ടിരിക്കുന്നു. നമ്മുടെ ചൂഷണാത്മക വികസനങ്ങള്‍ പ്രകൃതിയെ താളം തെറ്റിക്കുകയും, അതില്‍ മാറ്റം ഉണ്ടാക്കേണ്ടവര്‍ അധരസേവ കൊണ്ട് കാലക്ഷേപം കഴിക്കുകയും ചെയ്യുന്നു. ജര്‍മനിയില്‍ പ്രശസ്തമായ ഒരു പ്രതിമ ഉണ്ട്, ലോകതലവന്‍മാര്‍ ആഗോള താപനത്തിന്റെ ചര്‍ച്ചയില്‍ മുഴുകുകയും, അവരുടെ തലയ്ക്കു മുകളിലൂടെ വെള്ളം ഉയരുകയും ചെയ്യുന്നതാണ് വിഷയം. പ്രകൃതി നമുക്ക് പല രൂപത്തില്‍ കടുത്ത സൂചനകള്‍ നല്‍കിക്കഴിഞ്ഞു, അതിനെ കണ്ടില്ലെന്നു നടിച്ചു മുന്നോട്ടു പോകാന്‍ ഇനിയും എത്രകാലം നമുക്ക് കഴിയും എന്നറിയില്ല.

 

കേവല പരിസ്ഥിതിവാദികള്‍ ഉന്നയിക്കുന്നത് പോലെ, പ്രിന്റുകള്‍ കുറച്ച് എടുക്കുക, സൈക്കിള്‍ ചവിട്ടുക തുടങ്ങിയ നൂറായിരം പൊടിക്കൈകള്‍ നമ്മള്‍ കാണുന്നുണ്ട്. അവ കൊണ്ട് കുറച്ചു പരിസ്ഥിതി രോഗത്തിന്റെ ലക്ഷണങ്ങളെ ചികിത്സിക്കാം, പക്ഷെ കാരണത്തിലേക്കെത്താന്‍ നമ്മള്‍ വളരെ വൈകിപ്പോകും.

 

പ്രശസ്ത പരിസ്ഥിതി മാര്‍ക്‌സിസ്റ്റ് ആയ ജോയല്‍ കോവല്‍ (http://en.wikipedia.org/wiki/Joel_Kovel) ‘എനിമി ഓഫ് നേച്ചര്‍’ (http://www.leftword.com/bookdetails.php?BkId=88&type=HB) എന്ന പുസ്തകത്തില്‍ പറയുന്നത് പോലെ, പരിസ്ഥിതിയുടെ ഏറ്റവും വലിയ ശത്രു എന്നത് മുതലാളിത്തം ആണെന്ന്‍ നമ്മള്‍ കണ്ണ് തുറന്നു കാണുകയാണ് വേണ്ടത്. അതിന്റെ ലാഭം പെരുപ്പിക്കാനും കുന്നുകൂട്ടാനും ഉള്ള ആര്‍ത്തിയില്‍ പ്രകൃതി ദിവസവും തച്ചുടക്കപ്പെടുന്നു.

 

 

പരിസ്ഥിതി നാശത്തിന്റെ പ്രധാനപ്രതി ഉപഭോഗപരമായ മുതലാളിത്തം തന്നെയാണ്. പക്ഷെ മുതലാളിത്തം പറയുന്നത് ജനങ്ങള്‍ കൂടുതല്‍ ഒതുങ്ങി ജീവിക്കണം എന്നാണ്. ക്യോട്ടോ സന്ധി അടക്കമുള്ള സമയങ്ങളില്‍ നമ്മള്‍ കണ്ടതാണ് ഈ നിലപാട്. മലിനീകരണം ഇല്ലാത്ത വ്യവസായങ്ങള്‍ മാത്രം മതി എന്നും മറ്റും നമ്മള്‍ ശഠിക്കാതിരിക്കുന്നത് വെറും മൌഡ്യമാണ്. ഈ നശീകരണത്തിന് തടയിടാന്‍ ബദല്‍ നയങ്ങള്‍ ഉണ്ടാവണം. സ്വാഭാവികമായും നമ്മള്‍ എത്തി ചേരുന്നത് സോഷ്യലിസം എന്ന വാക്കിലാണ്.

 

നമ്മുടെ നാട്ടില്‍ ഒരാള്‍ക്ക് എത്ര വീട് വേണം എന്നതും, എത്ര കാര്‍ വേണം എന്നതും ഒക്കെ നമ്മള്‍ പ്രസക്തമായ ചോദ്യങ്ങളായി ഉയര്‍ത്തിക്കൊണ്ടു വരണം. നികുതിഘടന പരിഷ്‌കരിച്ചും അല്ലാതെയും ഒക്കെ സുസ്ഥിരമായ ജീവിതക്രമത്തിനെ പ്രോത്സാഹിപ്പിക്കണം. ഉദാഹരണത്തിനു പൊതു ഗതാഗതം ഉപയോഗിക്കുന്നത് തുച്ചമായ നിരക്കിലാക്കുകയും, സ്വകാര്യ വാഹന ഗതാഗതം നിരുലസാഹപ്പെടുത്തുകയും വേണം. കൂടാതെ ആവശ്യത്തില്‍ കൂടുതല്‍ ഉല്പാദിപ്പിക്കുന്നതും പാഴാക്കുന്നതും നിയമപ്രകാരം തന്നെ തടയണം. അപ്പോള്‍ സോഷ്യലിസം വരുന്നേ എന്ന് പറഞ്ഞു പലരും പുകമറ ഉണ്ടാക്കുമെന്നത് തീര്‍ച്ചയാണ്; പക്ഷെ ലോകാവസാനം എന്നതാണോ നിങ്ങള്‍ക്കാവശ്യം എന്ന് നമുക്കൊരു മറുചോദ്യം കരുതി വെക്കാം.

  

മുന്‍ വനംമന്ത്രി ശ്രീ ബിനോയ് വിശ്വം ചെയ്തത് പോലെ, ‘ആഗോള താപനം, മരമാണ് മറുപടി’ എന്ന് പറഞ്ഞു തുടങ്ങിയ ‘ഹരിത കേരളം’ പോലത്തെ സുസ്ഥിര പദ്ധതികളും നാടിന് ഇന്നാവശ്യമാണ്. പരിസ്ഥിതി സംരക്ഷണം, ഉല്‍പന്നങ്ങള്‍ വില്‍ക്കാന്‍ വേണ്ടി മാത്രം ഉപയോഗപ്പെടുത്തുന്ന, ‘ഗ്രീന്‍ വാഷ്’ പോലത്തെ സമ്പ്രദായങ്ങള്‍ നിലവില്‍ ഉള്ളപ്പോള്‍, നമ്മുടെ പ്രവര്‍ത്തികള്‍ കുറേക്കൂടി ആഴത്തില്‍ സ്പര്‍ശിക്കുന്നതാണ് ഉചിതം. സുസ്ഥിരമല്ലാത്ത നമ്മുടെ ജീവിതരീതി എങ്ങനെ മാറ്റാം എന്ന് ചിന്തിക്കലും വളരെ ആവശ്യമാണ്. സുസ്ഥിരമായ ജീവിത ശൈലികള്‍ ജനങ്ങളെ സ്വീകരിക്കാന്‍ പ്രേരിപ്പിക്കുന്ന ഭരണകൂട നയങ്ങള്‍ ഏറ്റവുമധികം പ്രസക്തമാണ്. ആര്‍ത്തി പൂണ്ടു ജീവിക്കാതെ, ആവശ്യത്തിനു മാത്രം പ്രകൃതിയില്‍ നിന്നെടുക്കാന്‍ സമൂഹമെന്ന നിലയില്‍ നമുക്ക് കഴിയണം.

  

 

മഴക്കുഴികള്‍ എടുക്കുക, മഴവെള്ളം സംഭരിക്കുക, സൌരോര്‍ജം ഉപയോഗിക്കുക, പ്ലാസ്റ്റിക് ബഹിഷ്‌കരിക്കുക, മാലിന്യം സംസ്‌കരിക്കുക, പൊതുഗതാഗതം, കാര്‍ പൂളിംഗ് ഉപയോഗിക്കുക എന്നിങ്ങനെ നിരവധി പ്രതീകാത്മക സുസ്ഥിര കാര്യങ്ങള്‍ നമ്മുടെ മുന്നിലുണ്ട്. പക്ഷെ ഏറ്റവും ജനകീയം വൃക്ഷത്തൈ വിതരണം, മരംനടല്‍ മുതലായവയാണ്, നട്ട മരങ്ങള്‍ നൂറ്, പക്ഷെ വളര്‍ന്നത് രണ്ട് എന്ന അവസ്ഥ മാറി, കുറച്ചു മരങ്ങള്‍ നട്ടാലും, അവയെ പരിപാലിച്ചു കൊണ്ടുവരിക എന്നതാണ് പ്രധാനം. പ്രകൃതി ദിനത്തിന്റെ സന്ദേശം ഉള്‍ക്കൊണ്ട് ഡി വൈ എഫ് ഐ അടക്കം നിരവധി സംഘടനകള്‍ കേരളത്തില്‍ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചിട്ടുണ്ട്. അവയെല്ലാം പ്രതീകങ്ങളില്‍ നിന്നുമുയര്‍ന്നു ചിന്തിക്കാനും പ്രവര്‍ത്തിക്കാനും പ്രേരണ നല്‍ക്കട്ടെ.

 

ബദല്‍ വ്യവസ്ഥിതി ആണ് ഇന്നിന്റെ ആവശ്യം, അല്ലാതെ പൊടിക്കൈകള്‍ അല്ല.

 

അനൂപ് വര്‍ഗീസ് കുരിയപ്പുറം

അനൂപ് വര്‍ഗീസ് കുരിയപ്പുറം

സമകാലിക കേരളത്തിലെ വികസന പ്രശ്നങ്ങള്‍, ജനകീയ ഇടപെടലുകള്‍, ദൈനംദിന ജീവിതം തുടങ്ങിയ വിഷയങ്ങളെ പരാമര്‍ശിക്കുന്ന കോളം. ഐ.ടി മേഖലയില്‍ ഉദ്യോഗസ്ഥന്‍. വെബ്സൈറ്റുകള്‍, പത്രങ്ങള്‍, ആനുകാലികങ്ങള്‍ എന്നിവിടങ്ങളില്‍ എഴുതാറുണ്ട്.

More Posts

Share on

മറ്റുവാര്‍ത്തകള്‍