ആണോ പെണ്ണോ എന്ന് തിരിയുംമുന്‍പ് തന്നെ ഭ്രൂണത്തിന് ജീവവായുവും ചോരയും നല്‍കുന്ന മറുപിള്ള പെണ്ണിനല്ലാതെ മറ്റാര്‍ക്കാണുള്ളത്
“വായിച്ചതിനു ശേഷം നിശ്ചയമായും ആ പേജ് കീറിക്കളഞ്ഞേക്കുക, അതിഭീകരമാണത്… എന്നെ വല്ലാതെ അസ്വസ്ഥനാക്കുന്നു. രാത്രിയില്‍ ഉറക്കം പോലും നഷ്ടമാകുന്നു.” സാഹിത്യത്തിലും രാഷ്ട്രീയത്തിലും വളരെ പുരോഗമനാശയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഒരു സുഹൃത്ത് എന്നെ വിളിച്ചുപറഞ്ഞതാണിത്. ഞാന്‍ ‘പച്ചക്കുതിര’ വാങ്ങി ലീന മണിമേഖല തമിഴിലെഴുതിയ കവിതയുടെ മൊഴിമാറ്റം (എന്‍. രവിശങ്കര്‍ നല്‍കിയത്) ‘തേവിടിശ്ശി’ എന്ന പേരില്‍ വായിച്ചു. പൊതുസദസ്സില്‍ പറയുവാന്‍ മടിക്കുന്ന പെണ്ണെന്ന മനുഷ്യവിഭാഗത്തിന്‍റെ ശരീരപരമായ യാഥാര്‍ഥ്യം (anatamical reality) ആസക്തിക്കപ്പുറം നില്‍ക്കുന്നതും ക്രൌര്യം നിറഞ്ഞതുമായ ലൈംഗികത സൃഷ്ടിക്കുന്ന അവസ്ഥയിലൂടെയും വ്യാധിപിടിപ്പിക്കുന്ന ബിംബങ്ങളിലൂടെയും പ്രകടമാക്കാറുള്ള പെണ്ണെഴുത്തിന്‍റെ സ്വാധീനത ഇന്ത്യന്‍ സാഹിത്യത്തില്‍ കണ്ടതിന്‍റെ അസ്വസ്ഥത; അതാണ് സുഹൃത്തേ നിന്നിലും എന്നിലും നിറയുന്നത്. ഒന്നാലോചിച്ചാല്‍ കാപട്യം നിറഞ്ഞ ഒരു ലോകത്തിനു വേണ്ടി ഞാനെന്തിന് ആ താളുകള്‍ അടര്‍ത്തിമാറ്റണം.
വ്യക്തിജീവിതം പൊതുജീവിതം ഇവ തമ്മിലുള്ള അകലം ലിംഗാധിഷ്ടിതമായ പിന്‍ബലത്തോടെ വായിക്കുന്നതാണ് പുതിയ പ്രവണതയെങ്കില്‍ ജീവിതമെന്ന സ്ഥായീഭാവത്തെ ഇന്ന് ഏറ്റവും ഭീതിതമായ ഭാഷയില്‍ വരച്ചിടുന്നത് പെണ്‍ രചനകളാണ്. അനുഭവങ്ങളെ നിലപാടുകളിലൂടെ ഭ്രമാത്മകമായി പുറന്തള്ളുംപോല്‍ പരിലാളനങ്ങളുടെയും ദുഃഖത്തിന്റെയും വച്ചുകെട്ടുകളുള്ള ഭാഷ കൂടൊഴിഞ്ഞ് രോഷത്തിന്‍റെയും പുലഭ്യത്തിന്‍റെതുമായി മാറുന്നു. പുരുഷ കേന്ദ്രിതമായ ലോകത്ത് വാമഭാഗം ചേര്‍ന്നിരുന്ന്‍ അവന് സുഖം നല്‍കുന്ന അവയവങ്ങളെല്ലാം വെറും ശരീര ഭാഗങ്ങള്‍ മാത്രമാണെന്നും അതിന്‍റെ ചന്ദസും അലങ്കാരവും നൈമിഷികങ്ങളാണെന്നും ശക്തമായി വെളിപ്പെടുത്തുകയാണ് മണിമേഖലയെപ്പോലുള്ളവര്‍. സ്ത്രീ എന്ന യഥാര്‍ഥ്യത്തെ പുരുഷനില്‍ നിന്നും എങ്ങനെയൊക്കെ ശാരിരികമായി വേര്‍തിരിക്കുന്നുവോ അവയെല്ലാം തന്നെ വ്യക്തിത്വ ബിംബങ്ങളായി മണിമേഖല പലേടത്തും ഉപയോഗിച്ചിട്ടുണ്ട് ‘ശരീരത്തിനും മാംസത്തിനും മദ്ധ്യേ’ (Between Body and the Flesh ) എന്ന സ്വന്തം ബ്ലോഗില്‍ അവര്‍ -A Spill of Her placenta‘s Smell- എന്ന വളരെ ശക്തമായ സ്ത്രീ വ്യതിരിക്ത ബിംബം അടിക്കുറിപ്പായി ഉപയോഗിക്കുകയും ചെയ്യുന്നു.
ആണോ പെണ്ണോ എന്ന് തിരിയുംമുന്‍പ് തന്നെ ഭ്രൂണത്തിന് ജീവവായുവും ചോരയും നല്‍കുന്ന മറുപിള്ള പെണ്ണിനല്ലാതെ മറ്റാര്‍ക്കാണുള്ളത്. ഈ ഭൌതികമായ വ്യക്തിത്വം തന്നെയാണ് അവര്‍ക്ക് വ്യത്യസ്തത നല്‍കുന്നതും.
ലീന മണിമേഖല പിന്തുടരുന്ന ദ്രാവിഡ സാഹിത്യത്തിന് ശക്തമായ വ്യാഖ്യാനങ്ങള്‍ പലപ്പോഴും മീന കന്ദസാമിയെ പോലുള്ളവരുടെ നിലപാടുകളില്‍ നിന്നും കണ്ടെത്താവുന്നതാണ്. “ഞാനൊരു രോഷാകുലയായ സ്ത്രീയാണ്. നമ്മള്‍ക്കിടയിലുണ്ടായിരുന്ന രോഷാകുലരായ പുരുഷന്മാരെല്ലാവരും നേരത്തെതന്നെ കൊലചെയ്യപ്പെട്ടു. ചില രോഷാകുലരായ ചെറുപ്പക്കാര്‍ കലാകാരന്മാരായി ആരുമറിയാതെ ജീവിക്കുന്നു. മറ്റുചിലര്‍ രാഷ്ട്രിയത്തിലിറങ്ങി ഉള്ളിലുള്ള വിപ്ലവത്തെ ചീറ്റിച്ചു കളഞ്ഞു. എന്നാലും സമൂഹം രോഷാകുലയായ പെണ്ണിനെ അംഗീകരിക്കുന്നില്ല. അവരെ ഹിസ്റ്റിരിയ ബാധിച്ചവരായി കാണുന്നു.” ഈ മതിഭ്രമം തന്നെയാണ് ലീന മണിമെഖലയുടെ കവിതയിലും കാണുന്നത്.
“ഉള്ളാടകളില്ലാതെ വാതില്‍പ്പടി താണ്ടി”യെന്നതും
“ചോറ്റുകലം അടുപ്പത്തുവച്ച്
കളിയില്‍ മുഴുകി”യതും
“കണ്പോളകള്‍ കവിഞ്ഞ് കണ്മഷിയെഴുതിയ”തും മെല്ലാം തേവിടിശ്ശി എന്ന വിളിപ്പേരിനു ചെറുപ്പത്തില്‍ കാരണമായെങ്കില്‍ ഇപ്പോഴത്തെ മുഖ്യ കാരണം കവിതയെഴുതുന്നതാണെന്നും കരുതുന്നു.
ഒന്നും നഷ്ടമാകാനില്ലാത്തതിന്‍റെ ധൈര്യവും രോഷവുമാണ് ഇവിടെ പ്രകടമാകുന്നത്. അതുകൊണ്ടുതന്നെയാണ് ഗാന്ധി എന്ന ഇന്ത്യന്‍ പിതൃബിംബത്തെപ്പോലും ഇവര്‍ ധൈര്യമായി വ്യാഖ്യാനിക്കുന്നത്. അത്രയ്ക്ക് തീവ്രമാണ് രണ്ടാം തരമായോ അതിലും താഴയോ ഉള്ള ജീവിതം ഒരേ സമയം ദളിതായും പെണ്ണായും ജീവിക്കുന്ന അരക്ഷിതാവസ്ഥ. –(മീന കന്ദസാമി)
രചിദാ മദാനി മൊറോക്കോ ഭാഷയിലെ എഴുത്തുകാരിയാണ്. 2013ലെ PEN American Centre Poetry in Translation അവാര്‍ഡ് നേടിയ അവരും സംസാരിക്കുന്നത് ഇതേ ഭാഷയിലാണ്. ‘നാളുകളായി വിവാഹത്തിന്‍റെയും പ്രത്യുത്പാദനത്തിന്‍റെയും വേഷങ്ങളാണ് സ്ത്രീകള്‍ ചെയ്തുകൊണ്ടിരുന്നത്-അവള്‍ ഇപ്പോള്‍ എഴുതുന്നത് മോചനത്തിനായാണ്. എഴുത്ത് പ്രതിരോധത്തിന്‍റെ ആയുധവും: വിധി നല്‍കിയ നാടകീയതയില്‍ നിന്നും രൂപപ്പെടുന്ന പ്രതിരോധത്തിന്‍റെ വാക്കുകളാണ് ഓരോ പെണ്‍ രചനയും’
ഫെമിനിസത്തിന്റെ സാഹിത്യ പരിസരത്തുനിന്നുകൊണ്ട് ഓണപ്പതിപ്പുകളിലേക്ക് ഒന്ന് പരതിയപ്പോള്‍ ‘പ്രണയാന്ധി’ എന്ന കഥ (കെ ആര്‍ മീര –മാത്രുഭൂമി) ഉള്ളിലുണര്‍ത്തിയ ദൃശ്യം കാലാതീതമായ ഒന്നായിരുന്നു. തേരിഗാഥയില്‍ നിന്നും കണ്ടെത്തിയ പുരാതന പെണ്ണെഴുത്തിനെ- ശൈലീപരമായി, പഴമയുടെ കഥ പറച്ചില്‍ രീതികൂടി നല്‍കിയപ്പോള്‍ പുതിയൊരു സൃഷ്ടിപഴമ(myth)യായി ഈ കഥ മാറുന്നു. ബുദ്ധ ശിഷ്യനായ ശാരിപുത്രനെ അഭിവാദ്യം ചെയ്തുകൊണ്ടുള്ള വിവരണത്തില്‍ കര്‍മ്മങ്ങളുടെ ക്രയവിക്രയവും പ്രണയവും കൊലയും ഒരു പോലെ നിറഞ്ഞുനില്‍ക്കുന്ന ഒരുതരം കറുത്തതും ഇരുണ്ടതുമായ ഉന്മാദത്തിന്‍റെ നിറം മാത്രം അവശേഷിപ്പിക്കുന്നു. ഒരുപക്ഷെ ഓണപ്പതിപ്പുകളില്‍ നിന്നും മലയാളത്തിന് എന്നും സൂക്ഷിക്കാവുന്ന കഥയായി മാറുന്നു ‘പ്രണയാന്ധി’.
പെണ്ണുങ്ങള്‍ അവരുടെ ശൈലികള്‍ മെച്ചപ്പെടുത്തി മുന്നേറിയപ്പോള്‍ പുരുഷകേസരികള്‍ പലരും നിറഞ്ഞാടി നിരാശ മാത്രം നല്‍കിയ ഓണപ്പതിപ്പുകളില്‍ ഓര്‍ത്തിരിക്കാവുന്നത് ലാസര്‍ ഷൈന്‍ രൂപപ്പെടുത്തിയ ‘പാപ്പാ ഗയിം’(പ്രസാദകന്‍-ഓണപ്പതിപ്പ്) എന്ന കഥയാണ്. തലമുറകള്‍ തമ്മിലുള്ള അന്തരവും കള്‍ച്ചറല്‍ ലാഗ് നിലനില്‍ക്കുന്ന മദ്ധ്യവയസ്കരുടെ തലമുറയും പാരിസ്ഥിതി രാഷ്ട്രിയവും മിതമായ രീതിയില്‍ അടയാളപ്പെടുത്തുവാന്‍ കഴിഞ്ഞു എന്നതാണ് ഈ കഥയുടെ ക്രെഡിറ്റ്.
ഓണപ്പതിപ്പുകള്‍ ഇനിയുമിറങ്ങട്ടെ! പഴയ എഴുത്തുകാരുടെ അഭിമുഖങ്ങളാല്‍ നിറയട്ടെ! തിരിഞ്ഞും മറിഞ്ഞും നിന്ന് സ്തുതി പാടുമ്പോള്‍ വശങ്ങളിലൂടെ ശരവേഗത്തില്‍ കയറിപ്പോകുന്നത് മറ്റൊരു കൂട്ടമാണ്. അതിനെ പെണ്ണെഴുത്തെന്നും മണ്ണെഴുത്തെന്നും പറഞ്ഞ് മാറ്റിനിര്‍ത്തരുത് കാരണം അതാകും ഇനി പുതു ഭാവുകത്വത്തിന്‍റെയും മതിഭ്രമത്തിന്‍റെയും ജീവനുള്ള ലോകം സൃഷ്ടിക്കുന്ന സാഹിത്യം.