ഒരു വലിയ ഇടവേളക്ക് ശേഷമാണ് ഭദ്രൻ എന്ന സംവിധായകൻ പുതിയ ചിത്രവുമായി തിരിച്ചെത്തുന്നത് . സൗബിൻ ഷഹിറിനെ പ്രധാന കഥാപാത്രമായ് എത്തുന്ന ജൂതൻ എന്ന ചിത്രവുമായാണ് 14 വർഷങ്ങൾക്ക് ശേഷം ഭദ്രൻ എത്തുന്നത്. ജൂതനിലെ നായകനാകാൻ സൗബിന് അപ്പുറം മറ്റൊരാള്‍ ഇല്ലെന്നും പല മുഖങ്ങളും മനസ്സിലൂടെ കടന്നു പോയെങ്കിലും ഈ കഥാപാത്രമായി മാറുന്നതിനു വേണ്ട, മറ്റാർക്കുമില്ലാത്ത ഹൈ വോള്‍ട്ടേജ് പൊട്ടന്‍ഷ്യല്‍ സൗബിനില്‍ തനിക്ക് കണ്ടെത്താനായെന്നും സംവിധായകൻ ഭദ്രൻ പറയുന്നു.മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം സൗബിൻ കുറിച്ച് പറഞ്ഞത്.
‘സുഡാനി ഫ്രം നൈജീരിയ അതു കണ്ടപ്പോഴേ എനിക്ക് ഇഷ്ടമായതാണ് സൗബിനെ. അന്നേ തീരുമാനിച്ചതാണ്. അതിനു ശേഷമാണ് അദ്ദേഹത്തിന് സംസ്ഥാന അവാര്‍ഡൊക്കെ കിട്ടുന്നത്. അത് എടുത്ത് പറയണം. കാരണം സൗബിന് മികച്ച നടനുള്ള അവാര്‍ഡ് കിട്ടിയതു കൊണ്ടല്ല സിനിമയിലേക്ക് എടുത്തത്. അങ്ങനെയാരും കരുതരുത്.
ഓരോ സിനിമ ചെയ്യാന്‍ ആലോചിക്കുമ്പോഴും ആ കഥാപാത്രത്തിന് അങ്ങേയറ്റം യോജിക്കുന്ന വ്യക്തികളെ തന്നെ കണ്ടുപിടിക്കണം. ആ അഭിനേതാവിന് അപ്പുറം ആ കഥാപാത്രമായി മാറാന്‍ മറ്റാര്‍ക്കും കഴിയില്ലെന്ന് സിനിമ കാണുന്നവര്‍ക്കു തോന്നണം. അതുപോലെ സംവിധായകന്‍ മോഹന്‍ലാലിനെ വച്ച് അല്ലെങ്കില്‍ മമ്മൂട്ടിയെ വച്ച് ഒരു സിനിമ ചെയ്യാന്‍ തീരുമാനിച്ചെന്നിരിക്കട്ടെ. ഇടയ്ക്കവര്‍ പറയുകയാണ് ഞാന്‍ പിന്‍മാറുന്നു, എനിക്കിത് ചെയ്യാനാകില്ല എന്ന്. അങ്ങനെയെങ്കില്‍ ആ പടം പെട്ടിയില്‍ വയ്ക്കാന്‍ തോന്നണം സംവിധായകന്- ഭദ്രൻ പറയുന്നു
നീണ്ട ഈ ഇടവേളയെ കുറിച്ചും അദ്ദേഹം സംസാരിച്ചു. ‘നിങ്ങളീ പറയുന്ന, എഴുതുന്ന ഇടവേള വന്നത് എന്റെ സിനിമകള്‍ പോലെ യാദൃശ്ചികമായി സംഭവിച്ചതാണ്. സിനിമയെ അത്രമേല്‍ സത്യസന്ധമായി സമീപിക്കുമ്പോള്‍ ഫീല്‍ഡില്‍ നിലനില്‍ക്കുന്നതിനു വേണ്ടിയും, നമ്മളെങ്ങും പോയിട്ടില്ലെന്ന് അറിയിക്കാന്‍ വേണ്ടിയും സിനിമയെടുക്കാന്‍ തോന്നില്ല. അങ്ങനെ ചെയ്യുന്നത് ഞാനെന്റെ ജീവന്റെ ഭാഗമായി കണ്ട കലയെ വഞ്ചിക്കുന്നതു പോലെയാണ്. ഓരോ സിനിമയും ഒട്ടും മുന്‍കൂട്ടി പ്ലാന്‍ ചെയ്യാതെ സംഭവിക്കുന്നതാണ്. നമ്മുടെ വഴിയിലേക്ക് നമ്മോട് അനുവാദം ചോദിക്കാതെ വന്നു ചേക്കേറി ഒപ്പം ജീവിക്കാന്‍ തുടങ്ങുകയാണ് സിനിമ ചെയ്യാറ്. ഇന്നോളം അങ്ങനെയാണ് സംഭവിച്ചത്. അങ്ങനെയൊരു കൂടിച്ചേരലിനു വേണ്ടി കാത്തിരിക്കുകയായിരുന്നു ഞാന്‍. ജൂതന്‍ അങ്ങനെ വന്നെത്തിയതാണ്’ – അദ്ദേഹം കൂട്ടി ചേർത്തു
സൗബിൻ ഷാഹിറിനൊപ്പം ജോജു ജോർജ് ,ഇന്ദ്രൻസ്, ജോയ് മാത്യു എന്നിങ്ങനെ നിരവധി താരങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്.നിഗൂഢമായ ഹിസ്റ്റോറിക്കൽ ഫാമിലി ത്രില്ലർ കഥ പറയുന്ന ചിത്രത്തിൽ ലോകനാഥൻ ശ്രീനിവാസനാണ് ഛായാഗ്രഹകൻ. സുഷിൻ ശ്യാം സംഗീത സംവിധാനം. റൂബി ഫിലിംസിന്റെ ബാനറിൽ തോമസ് ജോസഫ് പട്ടത്താനം,ജയന്ത് മാമൻ ,എസ് സുരേഷ് ബാബു എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
2005 ൽ മോഹൻലാൽ നായകനായ് എത്തിയ ‘ഉടയോൻ’ എന്ന ചിത്രമാണ് ഭദ്രന്റെ ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. അയ്യർ ദി ഗ്രേറ്റ് ,സ്‌ഫടികം, യുവതുർക്കി തുടങ്ങി നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ സംവിധായകന്റെ തിരിച്ചുവരവ് വളരെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്