UPDATES

ഇന്ത്യ

വിപ്ലവഗായകന്റെ ആത്മീയ വെളിപാടുകള്‍: ഗദ്ദറിന്റെ പരിവര്‍ത്തനം

ബോദ്ധ്യങ്ങള്‍ ഇല്ലാതാവുന്നിടത്താണ് മനുഷ്യന് ഇത്തരം ആത്മീയ ലഹരികളുടേയും പിടിവള്ളികളുടേയും ആവശ്യം വരുന്നത്. സ്വയം ബോദ്ധ്യമില്ലാത്ത കാര്യങ്ങള്‍ വിശ്വാസങ്ങളും ലഹരികളുമായി കൊണ്ടുനടക്കുന്നവര്‍ക്ക് ഇത്തരം മാറ്റമുണ്ടാവുന്നതില്‍ അദ്ഭുതപ്പെടാനില്ല.

                       

പാട്ടും പോരാട്ടവുമായി തെലങ്കാനയെ ചുവപ്പിച്ച് നിര്‍ത്തിയ വിപ്ലവഗായകന്‍ ബല്ലേദാര്‍ ഗദ്ദര്‍ ചില പുതിയ തീരുമാനങ്ങളെടുത്തിരിക്കുകയാണ്. സിപിഐ (എംഎല്‍) പീപ്പിള്‍സ് വാറിലും പിന്നീട് സിപിഐ മാവോയിസ്റ്റ് പാര്‍ടിയിലും അംഗമായിരുന്ന അദ്ദേഹം സായുധ വിപ്ലവ പാത ഉപേക്ഷിച്ചിരുന്നു. ഇന്ത്യയില്‍ മാവോയിസ്റ്റുകള്‍ അടിച്ചമര്‍ത്തപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും പുതിയ വഴികള്‍ തേടേണ്ടതുണ്ടെന്നും പറഞ്ഞ ഗദ്ദര്‍ പാര്‍ലമെന്ററി രാഷ്ട്രീയത്തിന്റെ ഭാഗമാകാനുള്ള താല്‍പര്യം വ്യക്തമാക്കി. എന്നാല്‍ ഗദ്ദറിനോട് അടുത്ത് പരിചയമുള്ളവര്‍ക്കും വായിച്ചും കേട്ടും അറിഞ്ഞവര്‍ക്കും അദ്ഭുതമുണ്ടാക്കുന്ന പ്രവൃത്തികളാണ് കഴിഞ്ഞ രണ്ട് മാസത്തോളമായി അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നുണ്ടായത്. കുടുംബസമേതം പൂജയും വഴിപാടുകളുമായി ക്ഷേത്ര ദര്‍ശനത്തിലാണ്, നാല് പതിറ്റാണ്ടോളം കാലം തെലങ്കാനയിലെ ആയിരക്കണക്കിന് യുവാക്കളെ മാവോയിസ്റ്റ് പാതയിലേയ്ക്ക് ആകര്‍ഷിക്കുകയും തീവ്ര ഇടതുപക്ഷക്കാരേയും അല്ലാത്തവരേയും പാട്ടുകളിലൂടെ ആവേശം കൊള്ളിക്കുകയും ചെയ്ത ഗദ്ദര്‍. അദ്ദേഹമിപ്പോള്‍ തെലങ്കാനയില്‍ മഴ കിട്ടാനും ജനന്മയ്ക്കുമൊക്കെ വേണ്ടി തീവ്രമായ പ്രാര്‍ത്ഥനയിലാണ്.

1949ല്‍ മേധക് ജില്ലയിലെ തൂപ്രാനിലാണ് ഗദ്ദര്‍ എന്ന ഗുമ്മഡി വിത്തല്‍ റാവുവിന്റെ ജനനം. ലച്ചുമമ്മയും ശേഷയ്യയുമാണ് മാതാപിതാക്കള്‍. നൈസാമബാദ് ജില്ലയിലെ ബോധനിലായിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസം. ഹൈദരാബാദിലെ ഗവ.ജൂനിയര്‍ കോളേജില്‍ നിന്ന് പ്രീഡിഗ്രി പൂര്‍ത്തിയാക്കി. ആര്‍ഇസിഡബ്ല്യു കോളേജില്‍ നിന്ന് മെക്കാനിക്കല്‍ എഞ്ചിനിയറിംഗ് ബിരുദവും നേടി. 1969ല്‍ തുടങ്ങിയ പ്രത്യേക തെലങ്കാന സംസ്ഥാനത്തിന് വേണ്ടിയുള്ള പ്രക്ഷോഭത്തില്‍ ഗദ്ദര്‍ പങ്കെടുത്തിരുന്നു. തെലങ്കാന പ്രക്ഷോഭം സംബന്ധിച്ച പ്രചാരണത്തിന്റെ ഭാഗമായി മഹാത്മ ഗാന്ധി ബുറകഥ ട്രൂപ്പിന് രൂപം നല്‍കി. പിന്നീട് പെട്ടെന്ന് ഗദ്ദര്‍ അപ്രത്യക്ഷനാവുകയായിരുന്നു.

കുറച്ച് കാലം കുടുംബാസൂത്രണമടക്കമുള്ള വിഷയങ്ങളില്‍ കേന്ദ്രസര്‍ക്കാരിന് വേണ്ടി ഗദ്ദര്‍ പ്രചാരണ പരിപാടികള്‍ നടത്തിയിരുന്നു. ചലച്ചിത്ര സംവിധായകനും ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍ സ്ഥാപകനുമായ നര്‍സിംഗ് റാവുവാണ് ഗദ്ദറിന്റെ പ്രകടനം കണ്ട ശേഷം അദ്ദേഹത്തെ ഭഗത് സിംഗ് രക്ഷസാക്ഷി ദിനത്തോട് അനുബന്ധിച്ചുള്ള പരിപാടിയിലേയ്ക്ക് ക്ഷണിച്ചത്. 1971ല്‍ അപുറോ റിക്ഷ (റിക്ഷ നിര്‍ത്തൂ) എന്ന പാട്ടാണ് ഗദ്ദര്‍ ആദ്യമായി എഴുതി അവതരിപ്പിച്ചത്. ഈ പാട്ടിന് നര്‍സിംഗ് റാവു മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ചു. അങ്ങനെ വലിയ ജനപ്രീതി നേടിയ ആ പാട്ടുണ്ടായി.

റിക്ഷാക്കാരാ നിര്‍ത്തൂ, ഞാന്‍ വരുന്നു…
നിങ്ങള്‍ രാവിലെ മുതല്‍ രാത്രി വരെ പണിയെടുക്കുന്നു
പക്ഷെ നിങ്ങളുടെ വയറ് നിറയുന്നില്ല
നിങ്ങള്‍ ഒരുപാട് വിയര്‍പ്പും ചോരയുമൊഴുക്കുന്നു
പക്ഷെ നിങ്ങള്‍ക്കൊന്നും കിട്ടുന്നില്ല…

ഈ പാട്ട് റിക്ഷാക്കാര്‍ക്കിടയിലടക്കം വലിയ ഹിറ്റായി മാറി. എല്ലാ ഞായറാഴ്ചകളിലും ഗദ്ദറിന്റെ തെരുവ് പരിപാടി അരങ്ങേറി. ഈ പാട്ടടങ്ങുന്ന പുസ്തകവും പുറത്തിറക്കി. ഗദ്ദര്‍ എന്ന പേരിലായിരുന്നു അത്. ഗദ്ദറുകാര്‍ വന്നു എന്ന് ആ സംഘത്തെ കുറിച്ച്് പറയാന്‍ തുടങ്ങി. ബ്രിട്ടീഷ് കോളനി ഭരണത്തിനെതിരെ പഞ്ചാബി വിപ്ലവകാരികള്‍ രൂപീകരിച്ച ഗദ്ദര്‍ പാര്‍ട്ടിയില്‍ നിന്നാണ് വിത്തല്‍ റാവുവിന് ആ പേര് കിട്ടിയത്. നര്‍സിംഗ് റാവു നിരോധിക്കപ്പെട്ട സിപിഐ (എംഎല്‍) പീപ്പിള്‍സ് വാറുമായി ബന്ധമുള്ളയാളാണെന്ന്് ഗദ്ദറിന് മനസിലായി. പതുക്കെ ഗദ്ദറും പാര്‍ട്ടിയിലേയ്ക്ക് അടുക്കുകയായിരുന്നു. അതേസമയം പ്രത്യേക തെലങ്കാന സംസ്ഥാനത്തിനും ദളിത് മുന്നേറ്റത്തിനും വേണ്ടിയുള്ള പ്രവര്‍ത്തനം ഗദ്ദര്‍ തുടര്‍ന്നു. കമ്മ്യൂണിസ്റ്റ് ആയിരുന്നെങ്കിലും പ്രത്യേക തെലങ്കാന സംസ്ഥാനത്തിനെതിരായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ നിലപാടിനോട് ഗദ്ദര്‍ യോജിച്ചില്ല. ഗദ്ദറിന്റെ ‘അമ്മ തെലങ്കനമ്മ, അകാളി കേകള ഗാനമ്മ’ എന്ന പാട്ട് പിന്നീട് തെലങ്കാന സംസ്ഥാനം രൂപീകരിച്ചപ്പോള്‍ അതിന്റെ ഔദ്യോഗിക ഗാനമായി.

1972ല്‍ ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍ ജനനാട്യ മണ്ഡലി എന്ന് പേര് മാറ്റി. ഗ്രാമങ്ങളില്‍ പാട്ട് പാടി നടക്കുന്നതിനിടയില്‍ ബാങ്ക് പരീക്ഷ എഴുതി പാസായ ഗദ്ദര്‍ 1975ല്‍ കാനറ ബാങ്കില്‍ ക്ലാര്‍ക്കായി ജോലിയില്‍ പ്രവേശിച്ചു. 1984ല്‍ ബാങ്ക് രാജി വച്ച് മുഴുവന്‍ സമയവും ജനനാട്യ മണ്ഡലിയുടെ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്രീകരിക്കാന്‍ തുടങ്ങി. 1985ല്‍ പ്രകാശം ജില്ലയിലെ കരംചെഡു ഗ്രാമത്തില്‍ ദളിതുകളെ കൂട്ടക്കൊല ചെയ്ത സവര്‍ണ ജന്മിമാര്‍ക്കെതിരെ പ്രതിഷേധമുയര്‍ത്തിയതിനെ തുടര്‍ന്ന് പൊലീസ് ഗദ്ദറിന്റെ വീട് റെയ്ഡ് ചെയ്തു. ഗദ്ദര്‍ ഒളിവില്‍ പോയി. ഒളിവിലായിരിക്കെ തെലങ്കാന, മഹാരാഷ്ട്ര, മദ്ധ്യപ്രദേശ്, ഒഡീഷ സംസ്ഥാനങ്ങളിലെ വനമേഖലകളില്‍ സഞ്ചരിച്ച ഗദ്ദര്‍ ഗ്രാമങ്ങളില്‍ വിപ്ലവഗാനങ്ങളുമായി ആശയപ്രചാരണം നടത്തി.

തെലങ്കാനയിലെ നാടോടി കലകളായ ഒഗ്ഗുകഥ, വീഥി ഭഗോതം, യെല്ലമ്മ കഥ തുടങ്ങിയവ വിപ്ലവാശയങ്ങളോടെ അവതരിപ്പിച്ചു. പാട്ടും സംഭാഷണങ്ങളും നൃത്തവും ചേര്‍ന്ന കലാരൂപങ്ങളായിരുന്നു ഇവയില്‍ പലതും. കര്‍ഷകരും തൊഴിലാളികളും ദളിതരും നേരിടുന്ന അടിച്ചമര്‍ത്തലുകളും പീഡനങ്ങളുമാണ് കൂടുതലും പാട്ടുകളായത്. ജനനാട്യ മണ്ഡലി സിപിഐ (എംഎല്‍)ന്റെ സാംസ്‌കാരിക വിഭാഗമായി അംഗീകരിക്കപ്പെട്ട് കഴിഞ്ഞിരുന്നു. ഗദ്ദര്‍ വലിയൊരു ജനകീയ വിപ്ലവഗായകനായി മാറി. ഗദ്ദറിന്റെ പാട്ട് പുസ്തകങ്ങളും കാസറ്റുകളും സിഡികളും പതിനായിരക്കണക്കിന് കോപ്പികള്‍ വിറ്റഴിഞ്ഞു. 1990ല്‍ അഞ്ച് വര്‍ഷത്തെ ഒളിവ് ജീവിതം അവസാനിപ്പിച്ച് ഗദ്ദര്‍ പുറത്തുവന്നു. മാരി ചെന്ന റെഡ്ഡിയുടെ കോണ്‍ഗ്രസ് സര്‍ക്കാര്‍ നക്‌സലൈറ്റുകളോട് അല്‍പ്പം മൃദുസമീപനം കാണിച്ചതിന്റെ ഭാഗമായി ആയിരുന്നു ഇത്. 1990 ഫെബ്രുവരി 18ന് ഗദ്ദര്‍ മാദ്ധ്യമങ്ങളെ കണ്ടു. ഫെബ്രുവരി 20ന് ഹൈദരാബാദിലെ നൈസാം കോളേജ് ഗ്രൗണ്ടില്‍ ജനനാട്യ മണ്ഡലിയുടെ 19ാം വാര്‍ഷിത്തോടനുബന്ധിച്ച് നടന്ന ഗദ്ദറിന്റെ പരിപാടി കാണാനെത്തിയത് 2 ലക്ഷം പേരാണ്.

എന്നാല്‍ ഗദ്ദറിന് പിന്നീടും ഒളിവില്‍ പോവേണ്ടി വന്നിരുന്നു. കഴിഞ്ഞ 15 വര്‍ഷത്തോളം ഒരര്‍ത്ഥത്തില്‍ ഒളിവ് ജീവിതം പോലെ തന്നെയായിരുന്നു ഗദ്ദറിന്റെ ജീവിതം. നക്‌സല്‍, മാവോയിസ്റ്റ് വേട്ടയുടെ പേരില്‍ നടത്തുന്ന വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ക്കും മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും കുപ്രസിദ്ധിയാര്‍ജ്ജിച്ച ഐക്യ ആന്ധ്രാപ്രദേശ് പൊലീസിനെതിരെ ശക്തമായ പ്രതിഷേധവുമായി ഗദ്ദര്‍ രംഗത്ത് വന്നു. 1997 ഏപ്രില്‍ ആറിന് ഗദ്ദറിന് നേരെ വധശ്രമമുണ്ടായി. ശരീരത്തില്‍ തുളച്ച് കയറിയ മൂന്ന് ബുള്ളറ്റുകളില്‍ രണ്ടെണ്ണം പുറത്തെടുത്തു. ഒന്ന് അങ്ങനെ തന്നെ കിടന്നു. പൊലീസ് തന്നെയാണ് ഇതിന് പിന്നിലെന്നാണ് ഗദ്ദര്‍ പറഞ്ഞത്. 2001ല്‍ ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിലുള്ള ടിഡിപി സര്‍ക്കാര്‍ പീപ്പിള്‍സ് വാര്‍ ഗ്രൂപ്പുമായി ചര്‍ച്ചയ്ക്ക് സമ്മതിച്ചു. വരാവര റാവുവും ഗദ്ദറുമാണ് നക്‌സലൈറ്റുകള്‍ക്ക് വേണ്ടി ഗവണ്‍മെന്റുമായി ചര്‍ച്ച നടത്തിയത്. 2002 മേയ്ക്കും ജൂലായ്ക്കും ഇടയില്‍ മൂന്ന് തവണ ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെട്ടു. വരാവര റാവുവും ഗദ്ദറും ചര്‍ച്ചയില്‍ നിന്ന് പിന്മാറി. പൊലീസ് വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ തുടര്‍ന്നത് തന്നെ കാരണം.

2004 മേയില്‍ അധികാരത്തില്‍ വന്ന വൈ എസ് രാജശേഖര റെഡ്ഡിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ ജൂണില്‍ പീപ്പിള്‍സ് വാറുമായി ചര്‍ച്ച നടത്തി. വരാവര റാവു, ഗദ്ദര്‍, കല്യാണ റാവു എന്നിവരാണ് ചര്‍ച്ചയില്‍ പീപ്പിള്‍സ് വാറിനെ പ്രതിനിധീകരിച്ചത്. ഇതേവര്‍ഷം പ്ീപ്പിള്‍സ് വാറും ജനശക്തി എന്ന എംഎല്‍ ഗ്രൂപ്പും സിപിഐ മാവോയിസ്റ്റില്‍ ലയിച്ചു. 2004 ഒക്ടോബറില്‍ സിപിഐ മാവോയിസ്റ്റ് പ്രതിനിധികളെന്ന നിലയിലാണ് ഇവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തത്. എന്നാല്‍ 2005 ജനുവരിയില്‍ നടന്ന വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളെ തുടര്‍ന്ന് മാവോയിസ്റ്റുകള്‍ ചര്‍ച്ചയില്‍ നിന്ന് പിന്മാറി. സിപിഐ മാവോയിസ്റ്റിനേയും അനുബന്ധസംഘടനകളേയും നിരോധിച്ചു. വരാവര റാവുവും കല്യാണ റാവുവും ആന്ധ്രാപ്രദേശ് പബ്ലിക് സെക്യൂരിറ്റി ആക്ട് പ്രകാരം അറസ്റ്റ് ചെയ്യപ്പെട്ടു. ഗദ്ദര്‍ മാവോയിസ്റ്റ് ആശയങ്ങളും അക്രമവും പ്രചരിപ്പിക്കുകയാണെന്ന് പൊലീസ് കുറ്റപ്പെടുത്തി. അതേസമയം ഗദ്ദറിനെതിരെ തെളിവുണ്ടെന്ന് പറഞ്ഞിരുന്നെങ്കിലും അദ്ദേഹത്തെ അറസ്റ്റ് ചെയ്തില്ല. ആന്ധ്രാപ്രദേശിലും തെലങ്കാനയിലും ഗ്രാമങ്ങളിലും നഗരങ്ങളിലും ഗദ്ദര്‍ ജനകീയനാണ്.

ഗദ്ദറാണ് തൊഴിലാളി വര്‍ഗവും ബുദ്ധിജീവികളുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കാന്‍ കഴിഞ്ഞ ആദ്യ തെലങ്കാന ബുദ്ധിജീവിയെന്ന് പ്രശസ്ത ദളിത് ചിന്തകനും എഴുത്തുകാരനുമായ കാഞ്ച ഐലയ്യ അഭിപ്രായപ്പെടുന്നു. 2010 ഒക്ടോബര്‍ മൂന്നിന് തെലങ്കാന പ്രജ ഫ്രണ്ട് എന്ന സംഘടന രൂപീകരിച്ച ഗദ്ദര്‍ മാവോയിസ്റ്റ് പാര്‍ട്ടിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ കുറച്ച് കാലമായി സജീവമല്ലായിരുന്നു. എന്നാല്‍ മാര്‍ക്‌സിസ്റ്റ്, ലെനിനിസ്റ്റ്, മാവോയിസ്റ്റ് ആശയങ്ങള്‍ തെലങ്കാനയിലെ ഗ്രാമങ്ങളിലും യുവാക്കള്‍ക്കിടയിലും പ്രചരിപ്പിക്കുന്നതില്‍ വലിയ പങ്ക് വഹിച്ച് ഗദ്ദറിന്റെ ഭക്തി മാര്‍ഗം തീവ്ര ഇടതുപക്ഷ സംഘടനകളുടെ അനുഭാവികളേയും അല്ലാത്തവരേയും ഒരു പോലെ അദ്ഭുതപ്പെടുത്തിയിരിക്കുകയാണ്. ക്ഷേത്രങ്ങളില്‍ പൂജകളും വഴിപാടുമായി നടക്കുന്ന ഗദ്ദര്‍ അവരെ സംബന്ധിച്ച് വിചിത്രമായി തോന്നുന്നുണ്ടാവണം.

ഗദ്ദറിന് അതിന് താത്വിക ന്യായീകരണങ്ങളുണ്ട്. നേരത്തെയും ഭൗതികവാദ, നിരീശ്വരാവാദ നിലപാടുകളുടെ പേരിലല്ല ഗദ്ദര്‍ അറിയപ്പെട്ടിരുന്നത്. അത്തരം അവകാശവാദങ്ങളും ഗദ്ദര്‍ അങ്ങനെ നടത്തിയിട്ടില്ല. തനിക്ക് പരിവര്‍ത്തനമൊന്നും സംഭവിച്ചിട്ടില്ലെന്നാണ് ഗദ്ദര്‍ പറയുന്നത്. ഇപ്പോഴും മാര്‍ക്‌സിസവും മാവോയിസവുമെല്ലാം പിന്തുടരുന്നു. ജനങ്ങളുടെ ആത്മീയ ജനാധിപത്യം അംഗീകരിക്കുന്നവനാണ് യഥാര്‍ത്ഥ മാര്‍ക്‌സിസ്റ്റ് എന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്. ജനങ്ങളുടെ ആത്മീയാവശ്യങ്ങളെ തൃപ്തി പെടുത്തുന്ന മാര്‍ക്‌സിസത്തിന് മാത്രമേ മതത്തെ മറികടക്കാന്‍ കഴിയൂ എന്നും ഗദ്ദര്‍ അഭിപ്രായപ്പെടുന്നു. കലകളും സംസ്‌കാരവും മതവും ബൂര്‍ഷ്വാ മൂല്യങ്ങളുമെല്ലാം സംബന്ധിച്ച് ഇറ്റാലിയന്‍ കമ്മ്യൂണിസ്റ്റ് നേതാവ് അന്റോണിയോ ഗ്രാംഷി അടക്കമുള്ളവരെ ഗദ്ദര്‍ ഉദ്ധരിക്കുന്നുണ്ട്. വിശ്വാസത്തില്‍ നിന്ന് അവിശ്വാസങ്ങളിലേയ്ക്കും ബോദ്ധ്യങ്ങളിലേയ്ക്കും തിരിച്ചും എല്ലാം ഉള്ള പരിവര്‍ത്തനങ്ങള്‍ സ്വാഭാവികമാണ്. തീര്‍ത്തും വ്യക്തിപരമായ തിരഞ്ഞെടുപ്പുകളുടേയും സ്വാതന്ത്ര്യത്തിന്റേയും പ്രശ്‌നമാണ്.

ആത്മീയതയിലേയ്ക്കും കടുത്ത ഭക്തിയിലേയ്ക്കും തിരിയുന്ന തീവ്ര വിപ്ലവകാരികളുടെ നിരവധി ഉദാഹരണങ്ങളും നമുക്ക് പറയാനുണ്ട്. കേരളത്തില്‍ അടിയന്തരാവസ്ഥ കാലത്ത് കൊടിയ പീഡനം അനുഭവിച്ച നക്‌സലൈറ്റുകളില്‍ പലരുടേയും മാനസികനില തെറ്റി. മിക്കവരും സജീവ രാഷ്ട്രീയ പ്രവര്‍ത്തനം ഉപേക്ഷിച്ച് എന്‍ജിഒ പ്രവര്‍ത്തനങ്ങളിലേയ്ക്കും മനുഷ്യാവകാശ പ്രശ്‌നങ്ങളിലേയക്കും ശ്രദ്ധ കേന്ദ്രീകരിച്ചു. മറ്റ് ചിലര്‍ ഭക്തിമാര്‍ഗത്തിലേയ്ക്ക് നീങ്ങി. ഫിലിപ്പ് എം പ്രസാദിനേയും വെള്ളത്തൂവല്‍ സ്റ്റീഫനെയും പോലുള്ളവര്‍. ഗദ്ദറിനെ സംബന്ധിച്ച് മാവോയിസറ്റ് പ്രവര്‍ത്തനങ്ങളും മാര്‍ക്‌സിസം – ലെനിനിസവുമെല്ലാം വിശ്വാസങ്ങള്‍ മാത്രമായിരിക്കാം. ഒരു വിശ്വാസത്തില്‍ നിന്ന് മറ്റൊരു വിശ്വാസത്തിലേയ്ക്കുള്ള പരിവര്‍ത്തനം എളുപ്പമാണല്ലോ. ബോദ്ധ്യങ്ങളില്‍ നിന്ന് വിശ്വാസങ്ങളിലേയ്ക്കുള്ള പരിവര്‍ത്തനമാണ് ബുദ്ധിമുട്ടേറിയ കാര്യം.

ബോദ്ധ്യങ്ങള്‍ ഇല്ലാതാവുന്നിടത്താണ് മനുഷ്യന് ഇത്തരം ആത്മീയ ലഹരികളുടേയും പിടിവള്ളികളുടേയും ആവശ്യം വരുന്നത്. സ്വയം ബോദ്ധ്യമില്ലാത്ത കാര്യങ്ങള്‍ വിശ്വാസങ്ങളും ലഹരികളുമായി കൊണ്ടുനടക്കുവര്‍ക്ക് ഇത്തരം മാറ്റമുണ്ടാവുന്നതില്‍ അദ്ഭുതപ്പെടാനില്ല. ഗദ്ദറിന്റെ ബോദ്ധ്യങ്ങള്‍ക്ക് എന്തുസംഭവിച്ചു എന്ന് നമുക്കറിയില്ല. ക്ഷേത്രങ്ങളില്‍ പൂജയും വഴിപാടും ഭക്തിഗാനാലാപനങ്ങളുമായി നീങ്ങുന്നു എന്നത് കൊണ്ട് മാത്രം അദ്ദേഹത്തിന്റെ ഇടതുപക്ഷ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും അവസാനിച്ചു എന്ന് വിധിയെഴുതാറായിട്ടുമില്ല. എന്നാല്‍ ബ്രാഹ്മണിക് ആചാരങ്ങളില്‍ മുഴുകി ഇത്രമാത്രം ഭക്തിപരവശതയിലേയ്‌ക്കെത്താന്‍ ഗദ്ദറിനെ പ്രേരിപ്പിക്കുന്നത് ഉറച്ച ബോദ്ധ്യങ്ങളുടെ നഷ്ടം തന്നെയാവണം. പാര്‍ലമെന്ററി പാത സ്വീകരിക്കുന്നതായും ഗദ്ദര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഏത് രാഷ്ട്രീയ കക്ഷിയിലാണ് നിലവിലെ സാഹചര്യത്തില്‍ ഗദ്ദര്‍ കണ്ണ് വയ്ക്കുന്നത് എന്നത് വളരെ കൗതുകമുള്ള ചോദ്യമായിരിക്കും. കാത്തിരുന്ന് കാണാം.

സുജയ് രാധാകൃഷ്ണന്‍

സുജയ് രാധാകൃഷ്ണന്‍

സബ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

Share on

മറ്റുവാര്‍ത്തകള്‍