UPDATES

ഹരീഷ് ഖരെ

കാഴ്ചപ്പാട്

ഹരീഷ് ഖരെ

ഏഴ് ഘട്ട തെരഞ്ഞെടുപ്പെന്ന അസംബന്ധം

ഏഴ് ഘട്ടങ്ങളിലായി നീണ്ടുപോകുന്ന തെരഞ്ഞെടുപ്പ് ആ പ്രക്രിയയുടെ വിശുദ്ധി നഷ്ടപ്പെടുത്തുകയും രാഷ്ടീയക്കാര്‍ ഓരോ ഘട്ടം കഴിയുമ്പോഴും വീണ്ടും തരം താഴുന്ന തരത്തില്‍ ആരോപണ പ്രത്യാരോപണങ്ങളിലേക്ക് ചുരുങ്ങുകയും ചെയ്യുന്നു.

                       

ഹരീഷ് ഖരെ

വിവിധ ഘട്ടങ്ങളായുള്ള തെരഞ്ഞെടുപ്പ് എന്ന ക്രമീകരണം ഒരസംബന്ധമായി മാറിയെന്ന് നാം തിരിച്ചറിയാനുള്ള സമയമായി എന്ന് ഞാന്‍ കരുതുന്നു. ഉത്തര്‍പ്രദേശിലെ 7 ഘട്ട തെരഞ്ഞെടുപ്പ് അവസാനിക്കുന്നില്ല എന്ന് തോന്നുന്നു. എന്ന് മാത്രമല്ല അത് നമ്മുടെ കൂട്ടായ ബോധത്തെ അനുപാതരഹിതമായി ബാധിക്കുകയും ചെയ്യുന്നു. ഏഴ് ഘട്ടങ്ങളിലായി നീണ്ടുപോകുന്ന തെരഞ്ഞെടുപ്പ് ആ പ്രക്രിയയുടെ വിശുദ്ധി നഷ്ടപ്പെടുത്തുകയും രാഷ്ടീയക്കാര്‍ ഓരോ ഘട്ടം കഴിയുമ്പോഴും വീണ്ടും തരം താഴുന്ന തരത്തില്‍ ആരോപണ പ്രത്യാരോപണങ്ങളിലേക്ക് ചുരുങ്ങുകയും ചെയ്യുന്നു. ഈ കഷണങ്ങളാക്കല്‍ മറ്റ് സംസ്ഥാനങ്ങളിലും പ്രത്യാഘാതം ഉണ്ടാക്കുന്നുണ്ട്. പഞ്ചാബില്‍ കഴിഞ്ഞ ഒരു മാസമായി ഒരു ജനകീയ സര്‍ക്കാരില്ല. കാരണം യുപിയിലെ വോട്ടെടുപ്പ് തീര്‍ന്നിട്ടേ പഞ്ചാബിലെ വോട്ടെണ്ണുകയുള്ളൂ. ഉത്തരാഖണ്ഡിലും അതങ്ങനെതന്നെ.

ടിഎന്‍ ശേഷന്റെ കാലത്ത് തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പിടിമുറുക്കുന്നതിന്റെ ഭാഗമായി, ശരിയായിത്തന്നെ, തുടങ്ങിയതാണിത്. തങ്ങളുടെ സ്വയംഭരണാധികാരം കാത്തുസൂക്ഷിക്കുന്നതിനും, അക്രമം, പണം, തട്ടിപ്പ്, ഭീഷണി എന്നിവ കുറയ്ക്കുന്നതിനും ഭരണകക്ഷിക്ക് അന്യായമായ ആനുകൂല്യങ്ങള്‍ കിട്ടുന്നില്ല എന്ന് ഉറപ്പ് വരുത്തുന്നതിലും തെരഞ്ഞെടുപ്പ് കമ്മീഷന് അന്താരാഷ്ട്രതലത്തില്‍ തന്നെ പ്രശംസ ലഭിച്ചിട്ടുണ്ട്. പക്ഷേ ഇപ്പോള്‍ തെരഞ്ഞെടുപ്പ് ഇങ്ങനെ ഘട്ടങ്ങളായി നടത്തുക എന്നതൊരു ആചാരമായിരിക്കുന്നു. ഇക്കാര്യത്തില്‍ നാമൊരു സന്തുലിത നിലപാടെടുക്കേണ്ടതുണ്ട്. തെരഞ്ഞെടുപ്പുകള്‍ എന്നും ചെലവേറിയതാണ്. രാഷ്ട്രീയകക്ഷികള്‍ ഒരിയ്ക്കലും സംഭാവനകളുടെ കാര്യത്തില്‍ നിയന്ത്രണത്തിന് വഴിപ്പെടില്ല എന്നതുകൊണ്ട് നോട്ട് നിരോധനം വന്നാലും ഇല്ലെങ്കിലും കള്ളപ്പണത്തിന്റെ ഒരു പ്രധാന കാരണം തെരഞ്ഞെടുപ്പായി നിലനില്‍ക്കുന്നു.

ഘട്ടങ്ങളാക്കി തെരഞ്ഞെടുപ്പ് നടത്തുന്നതിന് പറയുന്ന ഒരു കാരണം കമ്മീഷന് സുരക്ഷാസേനയെ വിന്യസിക്കാനുള്ള സൌകര്യമാണ്. എന്നാല്‍ വെറും 2% ബൂത്തുകളെ ‘പ്രശ്‌നബാധിതം’ എന്ന് വിളിക്കാവുന്നയുള്ളൂ എന്നതാണ് വാസ്തവം.
വലിയ സായുധ സംഘങ്ങളും കുറ്റവാളികളുടെ കൂട്ടങ്ങളും ചെറിയ സംഘം സുരക്ഷാ സേനയെ കീഴ്‌പ്പെടുത്തും എന്നാണ് പൊതുവേയുള്ള ഒരു ധാരണ. ഇതൊരു അതിശയോക്തിയാണ്. എണ്ണത്തേക്കാളേറെ സുരക്ഷാ സേന കര്‍ക്കശവും ന്യായവുമായ സമീപനമായിരിക്കും എന്ന സന്ദേശമാണ് നല്‍കേണ്ടത്. നീണ്ടുനില്‍ക്കുന്ന, ഘട്ടങ്ങളായുള്ള ഘടനയും പരിചിതമായിരിക്കുന്നു. എല്ലാ തത്പരകക്ഷികളും പ്രാദേശിക പത്രങ്ങള്‍, ദേശീയ, പ്രാദേശിക ടെലിവിഷന്‍ നിലയങ്ങള്‍, പണമിടപാടുകാര്‍, അനുയായികള്‍, മദ്യവ്യവസായികള്‍, പക്ഷപാതിത്വമുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ ഇവരെല്ലാം ഓരോ ഘട്ടം കഴിയുമ്പോഴും തെരഞ്ഞെടുപ്പ് പ്രക്രിയയെ മലിനമാക്കാന്‍ വീണ്ടും ഒത്തുചേരും.

ഈ മത്സരത്തില്‍, ഒരു സംസ്ഥാന തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി സ്വയം ആണ്ടിറങ്ങുകയായിരുന്നു. എല്ലാ തീരുമാനങ്ങളും ഒരൊറ്റ വ്യക്തിയില്‍ കേന്ദ്രീകരിച്ചത് മൂലം, തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തിരക്കുകളില്‍ നിന്നും പ്രധാനമന്ത്രിയെ മുക്തനാക്കുന്നത് വരെ തീരുമാനങ്ങളൊന്നും എടുക്കുന്നില്ലെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. വോട്ട്‌ ചോദിക്കുന്ന ചടങ്ങില്‍ ഒരുതരം വിരസതയുണ്ട്. ദേശീയ ഊര്‍ജവും ശ്രദ്ധയും നിസാരതകള്‍ക്കായി പോകുന്നു. ഒരു രാജ്യമെന്ന നിലയില്‍ നാമെല്ലാം സങ്കുചിതമായി മാത്രം ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. ഛണ്ഡീഗഡില്‍ പ്രവേശിക്കുന്ന വാണിജ്യ വാഹനങ്ങള്‍ക്ക് ഹരിത നികുതി ചുമത്താന്‍ കേന്ദ്രഭരണ പ്രദേശ അധികൃതര്‍ ആലോചിക്കുന്നു. അതെപ്പോഴാണ് വേണ്ടതെന്നേയുള്ളൂ. ഒരു അടിസ്ഥാനതത്വമാണ് പാലിക്കേണ്ടത്: മലിനീകരിക്കുന്നവര്‍ പിഴ നല്‍കണം. ചണ്ഡീഗഡിന് ഉയര്‍ന്ന ജീവിതനിലവാരം പുലര്‍ത്തണമെങ്കില്‍ വായു, വെള്ളം എന്നിവയുടെ മലിനീകരണം എത്രയും കുറച്ചുകൊണ്ടുവന്നെ മതിയാകൂ. അതിനായുള്ള വിഭവസ്രോതസുകള്‍ കണ്ടെത്തുകയും ഇതിനുപയോഗിക്കാനുതകുന്ന നികുതി ഏര്‍പ്പെടുത്തുകയും വേണം.

എല്ലാ വലിയ നഗരങ്ങളിലെയും പൌരന്‍മാര്‍ നല്‍കേണ്ട പണമാണിത്. പാരിസ്ഥിതിക ആശങ്കകള്‍ എല്ലാവര്‍ക്കുമുണ്ട്. മലിനീകരണം ധനികരെയും ദരിദ്രരെയും ഒരുപോലെയാണ് ബാധിക്കുക. നഗരത്തിലെ വായുവും വെള്ളവും മലിനമായാല്‍ അതിന് സകലരും വലിയ വില നല്‍കേണ്ടിവരും. കഴിഞ്ഞ ഒന്നരക്കൊല്ലമായി നഗരത്തിലെ പൊതുസേവനങ്ങളുടെ നിലവാരം ഇടിഞ്ഞതായി ഞാന്‍ കാണുന്നു. ഉദ്യാനങ്ങള്‍ വേണ്ടവിധത്തില്‍ പരിപാലിക്കുന്നില്ല; മാലിന്യശേഖരണം, തെരുവുകള്‍ വൃത്തിയാക്കല്‍ എന്നിവയെല്ലാം വളരെ മോശമായാണ് ചെയ്യുന്നത്. ഗതാഗതസംവിധാനം ദിനംപ്രതി മോശമായി വരുന്നു. ചണ്ഡീഗഡിന് സുന്ദരനഗരമെന്ന പേര് നിലനിരത്താന്‍ കര്‍ശന നടപടികളും വലിയ പിഴകളും ആവശ്യമാണ്. നഗരത്തിന്റെ പരിസ്ഥിതി സംരക്ഷണത്തിന് പൌരന്‍മാരെ ബോധവത്കരിക്കുകയും പങ്കാളികളാക്കുകയും വേണം.

പത്രത്തില്‍ ഒരു പംക്തി എഴുതാനുള്ള കഴിവോ മികവോ ബുദ്ധിപരമായ ധൈര്യമോ ഉള്ള രാഷ്ട്രീയനേതാക്കള്‍ കുറവാണ്. മന്ത്രിമാരോ രാഷ്ട്രീയനേതാക്കളോ ഓര്‍മ്മക്കുറിപ്പുകള്‍ എഴുതുന്ന ഒരു രീതിയും നമുക്കില്ല. ഒരു പംക്തി എഴുതുന്നത് ഒരു പുസ്തകമോ ഓര്‍മ്മക്കുറിപ്പോ എഴുതുന്ന പോലെയല്ല. ഓര്‍മ്മക്കുറിപ്പുകളും ഓര്‍ത്തെടുക്കലുകളും ഒരു പുനര്‍വിചിന്തനത്തിന്റെ ച്ഛായ പുരണ്ടിരിക്കും. പലപ്പോഴും മാറിയ പക്ഷങ്ങളും. ആഴ്ച തോറുമുള്ള പരിപാടിയില്‍, എഴുത്തുകാരന് തന്റെ എഴുത്ത്ശേഷിയും ബൗദ്ധിക പക്ഷപാതിത്വവും രാഷ്ട്രീയ നിലപാടുമെല്ലാം പറയേണ്ടിവരും. അച്ചടക്കവും ബൗദ്ധികകാര്‍ക്കശ്യവും വേണ്ട പംക്തിയെഴുത്തിലേക്ക് വരുന്നത് പലപ്പോഴും സജീവമല്ലാത്ത രാഷ്ട്രീയക്കാരാണ്. മണിശങ്കര്‍ അയ്യരും കെ നട്‌വര്‍ സിംഗുമാണ് ഈ രീതി തുടങ്ങിയവര്‍ എന്നു ഞാന്‍ കരുതുന്നു. പി.ചിദംബരവും പിന്നാലേ മനീഷ് തിവാരിയും വന്നു. എല്ലാവരും കോണ്‍ഗ്രസുകാര്‍, കൂട്ടത്തില്‍ ഒറ്റപ്പെട്ടവര്‍.

ആശയങ്ങളുടെയും പ്രത്യയശാസ്ത്രങ്ങളുടെയും ലോകം കോണ്‍ഗ്രസ് കക്ഷി പ്രോത്സാഹിപ്പിക്കുന്നില്ല. അത് അനുകൂലികളേയും സ്തുതിപാഠകരെയും മാത്രമേ പ്രോത്സാഹിപ്പിക്കുന്നുള്ളൂ. മനീഷ് ഇക്കൂട്ടത്തിലില്ല. തന്റെ പംക്തികള്‍ സംഗ്രഹിച്ച് അദ്ദേഹം ഒരു പുസ്തകമാക്കിയിരിക്കുന്നു: Decoding a Decade- þ The Politics of Policy Making. ചണ്ഡീഗഡിലെ പഞ്ചാബ് സര്‍വകലാശാലയില്‍ നടക്കുന്ന ഒരു ചടങ്ങില്‍ അത് പ്രകാശനം ചെയ്യും. ഗ്രന്ഥകാരനുമായുള്ള സംഭാഷണത്തിന് എന്നെ ക്ഷണിച്ചിരിക്കുന്നു മനീഷ്. മനീഷിന്റെ എഴുത്തുകള്‍ ശ്രദ്ധയും ബഹുമാനവും പിടിച്ചുപറ്റുന്നവയാണ്. ബുദ്ധിയും രാഷ്ട്രീയ ഇടപഴകലുകളും വുദ്യാഭ്യാസവും അനുഭവവും ഈ എഴുത്തുകളില്‍ കാണാം. ഒരു ലഘുലേഖകനെ പോലെയല്ല അദ്ദേഹം എഴുതുന്നത്. ഒരു നയപഠിതാവിനെ അതില്‍ കാണാം. എപ്പോഴും കുറ്റപ്പെടുത്തപ്പെടുന്ന രാഷ്ട്രീയ നേതൃത്വവും പൗരന്മാരും അത്ര മോശമായല്ല പ്രവര്‍ത്തിച്ചതെന്നും ഈ റിപ്പബ്ലിക് നിലനിന്ന് പോന്നു എന്നും ധീരമായ അവകാശവാദം അദ്ദേഹം ഉയര്‍ത്തുന്നു. സമാധാനപരമായ അധികാരക്കൈമാറ്റം ഉറപ്പാക്കപ്പെട്ടു. തെരഞ്ഞെടുപ്പ് ന്യായമായാണ് നടക്കുന്നതെന്ന അവസ്ഥയുണ്ട്. വിവിധ സ്ഥാപനങ്ങളുടെ പരസ്പര സന്തുലിതാവസ്ഥ പാലിക്കുന്ന ഒരു ഭരണഘടന വ്യവസ്ഥയുണ്ട്.

മെയ് 2014ന് ശേഷം എഴുതിയവയാണ് ഈ സമാഹാരത്തിലെ മൂര്‍ച്ചയുള്ള എഴുത്തുകള്‍. അത് മോദി സര്‍ക്കാരിനെതിരായുള്ള കടുത്ത വിമര്‍ശനം ആയതുകൊണ്ട് മാത്രമല്ല, അതൊരു തഴക്കം വന്ന അനുഭവപരിചയമുള്ള ചിന്തകളാണ് എന്നതുകൊണ്ട് കൂടിയാണ്.
പത്താന്‍കോട് വ്യോമത്താവളത്തിലെ ഭീകരാക്രമണത്തിന് ശേഷം എഴുതിയ അതിന്റെ ഭൗമരാഷ്ട്രീയത്തെക്കുറിച്ചുള്ള കുറിപ്പ് ഇതിനുദാഹരണമാണ്. പുതിയ സര്‍ക്കാരിനെ ചെറുതായൊന്ന് കൊട്ടുന്ന അയാള്‍, ഒറ്റക്കാല്‍ചാട്ടത്തിലെ നയതന്ത്രം അത്ര വലിയ ആശയമല്ല എന്നോര്‍മ്മിപ്പിക്കുകയും ചെയ്യുന്നു. ‘പാകിസ്ഥാനിലെ സിവിലിയന്‍ സര്‍ക്കാരും സൈന്യവും തമ്മിലുള്ള വ്യത്യാസം എന്ന്! മിഥ്യ ‘നല്ല പോലീസ്, ചീത്ത പോലീസ് കളിയാണ്” എന്ന് പറഞ്ഞുകൊണ്ടു, അന്താരാഷ്ട്ര സമൂഹത്തിനെ പറ്റിക്കാനും ഇന്ത്യയുടെ കണ്ണുകെട്ടാനും പാകിസ്ഥാന്‍ ഇതുപയോഗിക്കുന്നു എന്ന് മനീഷ് പറയുന്നു.

ആഭ്യന്തര രാഷ്ട്രീയത്തിലെ കക്ഷിതിരിവ് ആഗോളശക്തിയാകാന്‍ വെമ്പുന്ന ഒരു രാജ്യത്തിന് ചേര്‍ന്നതല്ല. ന്യൂഡല്‍ഹിയും വാഷിംഗ്ടണും തമ്മിലുള്ള കൂടുതല്‍ അടുത്ത ബന്ധത്തിനു മാര്‍ഗരേഖ തയ്യാറാക്കി, വാജ്‌പേയീ സര്‍ക്കാരാണ് ‘തന്ത്രപരമായ ബന്ധത്തിലേ അടുത്ത പടി’ തുടങ്ങിയതെന്ന് മനീഷ് ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ‘ബി ജെ പി അധികാരത്തില്‍ നിന്ന്‍ പുറത്തായ നിമിഷം മുതല്‍, അവര്‍ ഇന്തോ – യുഎസ് ബന്ധത്തെ പകയോടെ എതിര്‍ക്കാന്‍ തുടങ്ങി,’ എന്നും മനീഷ് ഓര്‍മ്മിപ്പിക്കുന്നു. ഈ സമാഹാരം എളുപ്പം വായിക്കാവുന്ന തരത്തില്‍ നമ്മുടെ ദേശീയ രാഷ്ട്രീയവ്യവഹാരങ്ങളിലെ വര്‍ദ്ധിച്ചുവരുന്ന പരസ്പര വിദ്വേഷത്തിലേക്കും ഒരു സൂചന തരുന്നു. ഫസീല്‍ക്കാ ജില്ലയില്‍നിന്നും 500 രൂപയുടെ രണ്ടു ചെക്കുകള്‍ അയച്ചുതന്ന വി കെ കപൂറിന് ഞാന്‍ നന്ദി പറയുന്നു. കഴിഞ്ഞ തവണത്തെ പംക്തിയില്‍ പരാമര്‍ശിച്ച രണ്ടു സാമൂഹ്യപ്രവര്‍ത്തകരായ നീലു സരിനും, യുകെ ഷര്‍ദക്കും വേണ്ടിയാണത്. അതിനൊപ്പം ‘എന്റെ തുച്ഛമായ പെന്‍ഷനില്‍ നിന്നുമാണ്’ എന്നും 69കാരനായ വികെ കപൂര്‍ എഴുതിയിട്ടുണ്ട്. പൌരാവബോധത്തിന്റെ ഊഷ്മളമായ ഉദാഹരണമാണിത്. കപൂറിന് വേണ്ടി നമുക്കൊരു കപ്പ് കാപ്പി കുടിക്കാം.

ഹരീഷ് ഖരെ

ഹരീഷ് ഖരെ

Kaffeeklatsch എന്ന ജര്‍മന്‍ വാക്കിന്റെ അര്‍ത്ഥം കോഫി കുടിയും സൊറ പറച്ചിലുമൊക്കെയായി ആളുകള്‍ ഒത്തു കൂടുക എന്നാണ്. സ്വയം ഒട്ടും ഗൌരവത്തോടെയല്ലാതെ കാണുന്ന ഹരീഷ് ഖരെയുടെ പ്രകൃതവുമായി ഒരുപക്ഷേ ചേര്‍ന്നു പോകുന്ന ഒരു വാക്ക്. പക്ഷേ, ഇന്ന് ഇന്ത്യയില്‍ ഏറ്റവുമധികം ബഹുമാനിക്കപ്പെടുന്ന മാധ്യമ കോളങ്ങളിലൊന്നാണ് ഖരെയുടേത്. രാഷ്ട്രീയം മുതല്‍ പുസ്തകങ്ങള്‍ വരെ, വായനയുടെയും എഴുത്തിന്റെയും വലിയൊരു ലോകം ഓരോ ആഴ്ചയുടെയും വായനക്കാര്‍ക്ക് മുമ്പില്‍ തുറക്കുന്നു എന്ന Kaffeeklatsch കോളത്തിലൂടെ. ദി ട്രിബ്യൂണിന്‍റെ എഡിറ്റര്‍-ഇന്‍-ചീഫാണ് ഖരെ ഇപ്പോള്‍. മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന്റെ മാധ്യമ ഉപദേഷ്ടാവും ഡല്‍ഹിയില്‍ ദി ഹിന്ദുവിന്റെ റെസിഡന്‍റ് എഡിറ്ററുമായിരുന്നു. സാമൂഹിക പ്രവര്‍ത്തകയായ റിനാന ഝാബ്വാലയെയാണ് വിവാഹം കഴിച്ചിരിക്കുന്നത്. ചണ്ഡീഗഡിലും ഡല്‍ഹിയിലുമായി ജീവിതം.

More Posts

Share on

മറ്റുവാര്‍ത്തകള്‍