UPDATES

എക്സ്‌ക്ലൂസീവ് അഭിമുഖങ്ങള്‍: രചന, സംവിധാനം, വിതരണം പി.എം.ഓഫീസ്

ഏഷ്യാനെറ്റ് ന്യൂസിന്റെ അഭിമുഖം ന്യൂസ് 18 ചാനലും ഭാഗികമായി സംപ്രേക്ഷണം ചെയ്തു

                       

കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ  അഭിമുഖങ്ങള്‍(narendra modis exclusive interviews) പ്രസിദ്ധീകരിച്ച ചാനലുകളും പത്രങ്ങളും വിരലിലെണ്ണാവുന്നതേ ഉള്ളൂ. നേരത്തേ തയ്യാറാക്കിയ ചോദ്യങ്ങളും ഉത്തരങ്ങളുമായി ഗോദി മീഡിയ എന്ന് അവമതിക്കപ്പെടുന്ന, സംഘപരിവാറുമായി സന്ധി ചെയ്തിട്ടുള്ള മാധ്യമങ്ങളില്‍ മാത്രമാണ് ഇത്തരം അഭിമുഖങ്ങള്‍ വന്നിട്ടുള്ളത്. ഈ അഭിമുഖങ്ങള്‍ പലതും പ്രധാനമന്ത്രിയുടെ ഓഫീസും മോദിയുടെ പി.ആര്‍ കമ്പനികളും ചേര്‍ന്നാണ് തയ്യാറാക്കുന്നത് എന്നത് ഏവര്‍ക്കും അറിയുന്ന വസ്തുതയാണ്. കേരളത്തിലും, ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ അതേ മാതൃകയില്‍ തന്നെയാണ് മോദി അഭിമുഖങ്ങള്‍ തയ്യാറായത് എന്നാണ് ഡല്‍ഹില്‍ നിന്ന് ലഭിക്കുന്ന വാര്‍ത്ത. ഒരു ചാനലിന് വേണ്ടി തയ്യാറാക്കിയ അഭിമുഖം മറ്റൊരു ചാനലും പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള നിര്‍ദ്ദേശപ്രകാരം ഭാഗികമായി സംപ്രേക്ഷണം ചെയ്തു.

പ്രധാനമന്ത്രിയായതിന് ശേഷം നരേന്ദ്ര മോദി മലയാളത്തിന് നല്‍കുന്ന ആദ്യത്തെ അഭിമുഖമെന്ന പേരിലാണ് ഏഷ്യാനെറ്റ് ന്യൂസ് മോദിയുടെ അഭിമുഖം സംപ്രേക്ഷണം ചെയ്തത്. ഏഷ്യാനെറ്റിന്റെ അഭിമാന പരിപാടിയായ ന്യൂസ് അവര്‍ പോലും മാറ്റി വച്ചായിരുന്നു അഭിമുഖത്തിന്റെ സംപ്രേക്ഷണം. ഏഷ്യാനെറ്റ് ന്യൂസ് എക്സിക്യൂട്ടീവ് എഡിറ്റര്‍ സിന്ധു സൂര്യകുമാര്‍, ചാനലിന്റെ എക്സിക്യൂട്ടീവ് ചെയര്‍മാര്‍ രാജേഷ് കാര്‍ള, ഏഷ്യാനെറ്റ് ന്യൂസിന്റെ കന്നഡ വിഭാഗമായ ഏഷ്യാനെറ്റ് സുവര്‍ണ ന്യൂസ് എഡിറ്റര്‍ അജിത് ഹനാമക്കനവര്‍ എന്നിവരാണ് മോദിയുമായുള്ള കൂടിക്കാഴ്ച്ചയില്‍ പങ്കെടുത്തത്. എന്നാല്‍ മലയാള ചാനല്‍ ചരിത്രത്തില്‍ കേട്ടിട്ട് പോലുമില്ലാത്ത വിധത്തില്‍ ഈ പരിപാടി തയ്യാറാക്കിയതും സംവിധാനം ചെയ്തതും ചിത്രീകരിച്ചതും എഡിറ്റ് ചെയതതും സംപ്രേക്ഷണത്തിന് പാകത്തിന് നല്‍കിയതും പ്രധാനമന്ത്രിയുടെ ടീമംഗങ്ങള്‍ തന്നെയാണ് എന്ന് ഏഷ്യാനെറ്റിനോട് അടുത്ത വിശ്വസനീയ വൃത്തങ്ങള്‍ അറിയിച്ചു.

അഭിമുഖത്തിനായി ഡല്‍ഹിയിലെത്തുക എന്ന പണി മാത്രമേ ചാനലിന്റെ പ്രതിനിധികള്‍ക്കുണ്ടായിരുന്നുള്ളൂ. ചോദ്യങ്ങളുടെ സ്‌ക്രിപ്റ്റ് നേരത്തേ തയ്യാറാക്കി നല്‍കി, പ്രധാനമന്ത്രിയുടെ പി.ആര്‍ സംഘാംഗങ്ങള്‍ തന്നെ ചിത്രീകരിച്ച്, എഡിറ്റിങും പൂര്‍ത്തിയാക്കി സംപ്രേക്ഷണം ചെയ്യുന്നതിനായി ചാനലിന് നല്‍കുകയായിരുന്നുവത്രേ. അതില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വരുത്താനുള്ള അധികാരം പോലും ചാനലിന് ഉണ്ടായിരുന്നില്ല എന്നു വാര്‍ത്ത സ്രോതസുകള്‍ സ്ഥിരീകരിച്ചു. ബി.ജെ.പിയുടെ യൂട്യൂബ് ചാനല്‍ വഴിയും ഇതേ അഭിമുഖം സംപ്രേക്ഷണം ചെയ്തു. അതോടൊപ്പം പ്രധാനമന്ത്രിയുടെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളും ഇതേ അഭിമുഖം നല്‍കി. ഇതേ അഭിമുഖത്തിന്റെ പ്രധാനഭാഗങ്ങള്‍ ന്യൂസ് 18 ചാനല്‍ സംപ്രേക്ഷണം ചെയ്യുകയും അതിന്റെ അടിസ്ഥാനത്തില്‍ ചര്‍ച്ച നടത്തുകയും ചെയ്തു. ഏഷ്യാനെറ്റിന്റെ എതിര്‍ ചാനലായ മലയാളം ന്യൂസ് 18 ഈ അഭിമുഖത്തില്‍ നിന്നുള്ള ഭാഗങ്ങള്‍ വാര്‍ത്തയില്‍ വിശദമായി നല്‍കി. മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള ചാനലാണ് ന്യൂസ് 18. മുകളില്‍ നിന്നുള്ള പ്രത്യേക നിര്‍ദ്ദേശ പ്രകാരമാണ് ഈ അഭിമുഖത്തിന്റെ ഭാഗങ്ങള്‍ സംപ്രേക്ഷണം ചെയ്തതെന്നാണ് ചാനലില്‍ നിന്നുള്ള വിവരം.

തിരുവനന്തപുരം ലോകസഭ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയും വ്യവസായിയുമായ കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ള ഏഷ്യാനെറ്റ് ന്യൂസ് ബി.ജെ.പിയുടെ ആശയ പ്രചാരണത്തിന് വേണ്ടി ദേശീയ തലത്തിലുള്ള ചില മുഖ്യധാര ചാനലുകളെ പോലെ തന്നെ പ്രവര്‍ത്തിക്കുന്നുവെന്നുള്ള പരാതി കുറച്ച് കാലമായി നിലനില്‍ക്കുന്നതാണ്. കേരളത്തിലിന്നേ വരെ കേട്ടിട്ടില്ലാത്ത തരത്തില്‍, പ്രധാനമന്ത്രിക്ക് വേണ്ടി പി.ആര്‍ പണി ചെയ്യുകയാണ് ചാനലെന്നതിന്റെ തെളിവാണ് എക്സ്‌ക്ലൂസീവ് അഭിമുഖമെന്ന നിലയില്‍ പ്രധാനമന്ത്രിയുടെ പി.ആര്‍ സംഘം തയ്യാറാക്കി നല്‍കിയ ഒന്ന് സംപ്രേക്ഷണം ചെയ്തത്.

തിരഞ്ഞെടുപ്പ് കാലത്ത് എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും തുല്യാവസരം നല്‍കുക എന്ന അടിസ്ഥാന മാധ്യമ ധര്‍മത്തിന്റെ ലംഘനം മാത്രമല്ല, നരേന്ദ്ര മോദിയുടേയും ബി.ജെ.പിയുടെയും ഹതാശമായ തിരഞ്ഞെടുപ്പ് തന്ത്രങ്ങളെ സഹായിക്കുന്നതുമായി ഏഷ്യാനെറ്റിന്റെ ഈ അഭിമുഖ പരിപാടി. ബി.ജെ.പിയോട് അടുത്ത വാര്‍ത്ത ഏജന്‍സി എന്ന നിലയില്‍ കുപ്രസിദ്ധിയാര്‍ജ്ജിച്ച എ.എന്‍.ഐയുടെ സ്മിതാ പ്രകാശിനും മറ്റ് മോദി അനുകൂല മാധ്യമപ്രവര്‍ത്തകര്‍ക്കും നല്‍കിയ അഭിമുഖങ്ങളിലെന്ന പോലെ, ഈ അഭിമുഖത്തിലും ഇലക്ടറല്‍ ബോണ്ടുകളെ കുറിച്ചുള്ള അസംബന്ധ അവകാശവാദങ്ങളെ കുറിച്ചോ മാതൃക പെരുമാറ്റ ചട്ടം നരേന്ദ്ര മോദി ഒട്ടേറെ തവണ ലംഘിച്ചതായുള്ള പരാതിയെ കുറിച്ചോ ചോദിച്ചില്ല.

ഏഷ്യാനെറ്റിലെ മുന്‍ വാര്‍ത്ത അവതാരകനും മീഡിയ വണ്ണിന്റെ എഡിറ്ററുമായ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ പ്രമോദ് രാമന്‍ ഈ അഭിമുഖത്തിന് ശേഷം, ചില ചോദ്യങ്ങള്‍ ഉന്നയിക്കാതെ ഒരു മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയില്‍ പ്രധാനമന്ത്രിയുമായി അഭിമുഖം നടത്താനാവില്ല എന്ന് ചൂണ്ടിക്കാണിച്ച് ചോദ്യങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രസിദ്ധീകരിച്ചിരുന്നു. അവ താഴെ പറയുന്നതാണ്.

1. മണിപ്പൂര്‍ കത്തിയെരിഞ്ഞപ്പോള്‍ പ്രധാനമന്ത്രി എന്തുകൊണ്ട് മൗനം പാലിച്ചു? എന്തുകൊണ്ട് മണിപ്പൂര്‍ സന്ദര്‍ശിച്ചില്ല?

2. മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ഥികള്‍ക്ക് മാത്രം പൗരത്വം നല്‍കുന്ന നിയമം കൊണ്ടുവന്നത് എന്തിന്?

3.എല്ലാ മതങ്ങളെയും ഒരുപോലെ കാണേണ്ട പ്രധാനമന്ത്രി ഒരു മതത്തിന്റെ ആരാധനാലായ ഉദ്ഘാടനത്തില്‍ മുഖ്യ കാര്യകര്‍ത്താവ് ആകുന്നത് മതനിരപേക്ഷതയുടെ ലംഘനമല്ലേ?

4.പശുസംരക്ഷണത്തിന്റെ പേരില്‍ രാജ്യത്ത് നിരന്തരം ആക്രമണം ഉണ്ടായപ്പോള്‍ പ്രധാനമന്ത്രി പ്രതികരിക്കാതിരുന്നത് എന്തുകൊണ്ട്?

5.കോണ്‍ഗ്രസിലിരിക്കെ ഇ.ഡി അന്വേഷണം നേരിട്ട നേതാക്കള്‍ ബിജെപിയില്‍ എത്തുമ്പോള്‍ അന്വേഷണം അവസാനിപ്പിക്കുന്നത് എന്തുകൊണ്ട്?

6.കേരളത്തിന് ന്യായമായും കിട്ടാന്‍ അര്‍ഹതയുള്ള നികുതിവിഹിതം തടഞ്ഞുവയ്ക്കുന്നത് എന്തിനാണ്?

7.അരുണാചലിന്റെ എത്രഭാഗം ചൈന കവര്‍ന്നു എന്നതിന് പ്രധാനമന്ത്രിയുടെ കയ്യില്‍ കണക്കുണ്ടോ?

8.എല്ലാവര്‍ക്കും വേണ്ടി നിലകൊള്ളുന്നുണ്ടെങ്കില്‍ ബിജെപി എന്തുകൊണ്ടാണ് ഒരൊറ്റ മുസ്ലിം സ്ഥാനാര്‍ഥിയെ പോലും നിര്‍ത്താത്തത്?

9.ഇലക്ടറല്‍ ബോണ്ട് ഭരണഘടനാ വിരുദ്ധമായി സുപ്രിം കോടതി പ്രഖ്യാപിച്ചെങ്കില്‍ അതിന്റെ ധാര്‍മിക ഉത്തരവാദിത്തം കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുക്കാത്തത് എന്തുകൊണ്ടാണ്?

10. ഇലക്ഷന്‍ കമ്മീഷണര്‍മാരെ നിയമിക്കാനുള്ള സമിതിയില്‍ നിന്ന് സുപ്രിംകോടതി ചീഫ് ജസ്റ്റിസിനെ ഒഴിവാക്കിയത് എന്തിനാണ്?

ഇതുപോലുള്ള സംഭവവികാസങ്ങള്‍ ഇന്ത്യന്‍ മാധ്യമങ്ങളില്‍ സ്ഥിരം സംഭവമായി മാറിക്കൊണ്ടിക്കുന്ന കാലത്താണ് ഈ വിശദാംശങ്ങള്‍ പുറത്ത് വരുന്നത്. യാതൊരു തരത്തിലുള്ള തുടര്‍ ചോദ്യങ്ങളോ ഉത്തരങ്ങളോടുള്ള പ്രതികരണങ്ങളോ ഇല്ലാതെ, നേരത്തേ തയ്യാറാക്കിയ ചോദ്യങ്ങളോടെ മോദിയെ അഭിമുഖം ചെയ്യുന്നതിന്റെ ‘പ്രദര്‍ശനം’ എ.എന്‍.ഐ, റിപബ്ലിക് ടി.വി തുടങ്ങിയ ഇന്ത്യന്‍ മുഖ്യധാര സ്ഥാപനങ്ങള്‍ ശീലമാക്കിയിട്ട് കുറച്ചായി. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ താത്പര്യത്തിനനുസരിച്ചാണ് ഇവിടെ എല്ലാം ചെയ്യുക. ഒട്ടേറെ വിദേശ മാധ്യമങ്ങളും ഇപ്പോള്‍ ഈ രീതിയില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഇത്തരത്തില്‍ നേരത്തേ തയ്യാറാക്കിയ ചോദ്യങ്ങള്‍ക്കനുസൃതമായി മോദിയുമായി അഭിമുഖം നടത്തിയതിന്റെ പേരില്‍ ന്യൂസ് വീക്ക് രൂക്ഷവിര്‍ശനം നേരിട്ടിട്ട് അധികം കാലമായിട്ടില്ല.

അതേസമയം ഒട്ടേറെ മാധ്യമസ്ഥാപനങ്ങള്‍, പ്രത്യേകിച്ചും ലേ മോണ്ടേ പോലുള്ള വിദേശ മാധ്യമങ്ങള്‍, മോദിയുമായി നേരത്തേ തയ്യാറാക്കി അനുമതി നേടിയ ചോദ്യങ്ങളുമായി അഭിമുഖം നടത്താന്‍ വിസമ്മതിച്ചു. അതേസമയം, മോദിയുമായി അഭിമുഖത്തിന്(narendra modis exclusive interviews) ഒരിക്കലും ക്ഷണിക്കപ്പെടാത്ത ഇന്ത്യയിലെ ചെറിയ, സ്വതന്ത്ര മാധ്യമങ്ങള്‍ നടത്തുന്ന അന്വേഷണങ്ങള്‍ക്കും അവരുടെ കണ്ടെത്തലുകള്‍ക്കും സോഷ്യല്‍ മീഡിയയിലൂടെ വലിയ ശ്രദ്ധ ലഭിക്കുന്നുണ്ട്. ഈ വാര്‍ത്തകളാണ് ധ്രുവ് റാത്തീ, രവീഷ് കുമാര്‍ തുടങ്ങിയ യൂട്യൂബര്‍മാര്‍ക്ക് അവരുടെ വാര്‍ത്താ അധിഷ്ഠിത ഷോകള്‍ക്കുള്ള പ്രചോദനമായി മാറുന്നത്. ഇത് രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയേയും തൊഴിലല്ലായ്മയേയും ഇലക്ടറല്‍ ബോണ്ട്, ഇവിഎം തുടങ്ങിയ വിഷയങ്ങളേയും കുറിച്ചുള്ള ചര്‍ച്ചകള്‍ ഇന്ത്യന്‍ സമൂഹത്തിന്റെ അടിത്തട്ടില്‍ നടക്കുന്നതിന് ആത്യന്തികമായി കാരണമാവുകയും ചെയ്യുന്നു. അടുത്തിടെ സി.എസ്.ഡി.എസ് നടത്തിയ സര്‍വ്വേയില്‍ തൊഴിലില്ലായ്മയും വിലക്കയറ്റുവുമാണ് ഇന്ത്യ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നമെന്ന് കണ്ടെത്തുന്നു. എന്നാല്‍ ഏഷ്യാനെറ്റ് മുതല്‍ റിപബ്ളിക് വരെ നേരത്തേ തയ്യാറാക്കി പുറത്തിറക്കുന്ന ഈ അഭിമുഖങ്ങളിലൊന്നും ഈ ചോദ്യങ്ങളൊന്നും ഉണ്ടാകില്ല. ഉണ്ടെങ്കില്‍ തന്നെ ഇതിനോടുള്ള മോദിയുടെ പ്രതികരണം അറിയിക്കുന്നത് വേണ്ടി തയ്യാറാക്കിയതാകും. തുടര്‍ ചോദ്യങ്ങള്‍ ഉണ്ടാവുകയുമില്ല.

175 വര്‍ഷത്തെ ചരിത്രമുള്ള മലയാള മാധ്യമങ്ങളുടെ ചരിത്രത്തില്‍ പുതിയൊരു അധ്യായമായി മാറുകയാണ് ഏഷ്യാനെറ്റിന്റെ ഈ അഭിമുഖവും ന്യൂസ് 18-ന്റെ പ്രതികരണവും. ഈ മോദി അഭിമുഖം ചരിത്രത്തിന്റെ ഭാഗമാകുന്നത്, ഇന്ത്യന്‍ മുഖ്യധാരമാധ്യമങ്ങളുടെ സ്വാതന്ത്രത്തിന് മേല്‍ സ്വയമടിക്കുന്ന അവസാനത്തെ ആണി എന്ന നിലയിലാകും.

English Summary;  asianet news narendra modi’s exclusive interviews was a scripted one by pm office. check narendra modis exclusive interviews.

 

Share on

മറ്റുവാര്‍ത്തകള്‍