Continue reading “നീര്‍മാതളം പൂത്ത വേനല്‍”

" /> Continue reading “നീര്‍മാതളം പൂത്ത വേനല്‍”

"> Continue reading “നീര്‍മാതളം പൂത്ത വേനല്‍”

">

UPDATES

യാത്ര

നീര്‍മാതളം പൂത്ത വേനല്‍

Avatar

                       

സില്‍സില കാലടി

 

“സ്വപ്നങ്ങളുടെ കൈപിടിച്ച് ഓര്‍മ്മകളിലേക്ക് ഒരു യാത്രപോകാം നമുക്ക്. നീ വരുന്നോ” എന്ന് അവന്‍ ചോദിച്ചപ്പോള്‍ രണ്ടാമതൊന്നു ആലോചിക്കാതെ ഞാന്‍ തലയാട്ടി. പൊതുവേ യാത്രകളോട് പ്രിയമുള്ളയാള്‍ എന്തിനു വെറുതെ ഇല്ലായെന്ന് പറയണം? അതും അവന്‍റെ കൂടെ.

 

വേനല്‍ അവധിക്കു വീട്ടില്‍ വന്നതായിരുന്നു. പ്രത്യേകിച്ച് വേറെ തിരക്കുകള്‍ ഒന്നുമില്ല, ചുട്ടുപൊള്ളുന്ന ജീവിത ചൂടിനിടയ്ക്ക് മനസ് മരുഭൂമിയായി മാറാതിരിക്കാന്‍ ഒരു യാത്ര.

 

പുറപ്പെടുമ്പോള്‍ പ്രത്യേകിച്ച് ഒരു ഊഹവും ഇല്ലായിരുന്നു രണ്ടുപേര്‍ക്കും, എങ്ങോട്ടെന്നോ എന്തിനെന്നോ? ഒന്നും അറിയില്ലായിരുന്നു. പക്ഷെ കാലം എല്ലാം തീരുമാനിച്ചുറപ്പിച്ചതു പോലെ ആയിരുന്നു ആ യാത്ര.

 

കുഞ്ഞായിരുന്നപ്പോള്‍ കണ്ട ഒരു സ്വപ്നയാത്ര യാഥാര്‍ത്ഥ്യമാക്കാന്‍ ഇനിയും ഇവളെ കാത്തിരിപ്പിക്കേണ്ടെന്നു കാലത്തിനു തന്നെ തോന്നിയിരിക്കും. കാറിലെ കുളിര്‍മ്മയില്‍ ശരീരം തണുത്തു, അറ്റമില്ലാത്ത ദേശീയ പാതയിലൂടെ വണ്ടി ഓടിക്കൊണ്ടേയിരുന്നു.

 

വ്യക്തിബന്ധങ്ങളുടെ മേല്‍ സമൂഹം കാലാകാലങ്ങളായി ചാര്‍ത്തി തന്നിരുന്ന അദൃശ്യ ചരടുകള്‍ , മുന്‍പേ തന്നെ അഴിച്ചു വെച്ചിരുന്നു. അനന്തതയില്‍ കണ്ണുറപ്പിച്ച്, മനസിന് അല്‍പ്പനേരം മോക്ഷം നല്‍കി ഞാന്‍ സീറ്റില്‍ ചാരിയിരുന്നു.

 

സ്റ്റീരിയോ പതുങ്ങി പാടിക്കൊണ്ടേയിരുന്നു, ഹൃദയതാളം പതുക്കെ പതുക്കെ അതിലലിഞ്ഞു ഇല്ലാതായതുപോലെയായി. രണ്ട് ജീവനുകള്‍ക്കുള്ളിലും തുടിക്കുന്നത് ഒരേതാളം. അതുകൊണ്ടുതന്നെ രണ്ടുപേര്‍ക്കും അധികമൊന്നും സംസാരിക്കുന്നുണ്ടായിരുന്നില്ല. അല്ലെങ്കിലും മനസ്സ് സ്വസ്ഥമാകുമ്പോള്‍ ആര്‍ക്കാണ് അമിതമായി സംസാരിക്കാന്‍ ഉണ്ടാവുക. പ്രിയപെട്ടവരുടെ സാമീപ്യത്തില്‍, ആകാശം നോക്കി വെറുതെയിങ്ങനെ ഇരിക്കാന്‍ തന്നെ എന്തുരസമാണ്, അപ്പോള്‍ പിന്നെ അവരുടെ കൂടെ ഒരു യാത്ര പോകുന്നതോ?

 

 

ഓര്‍മ്മകളിലൂടെ ഊളിയിട്ട് ഞാന്‍ പോയ വഴികളിലൂടെ അവനെ നടത്തിക്കുക, അതില്‍ കവിഞ്ഞ് മറ്റൊരുദ്ദേശം ഉണ്ടായിരുന്നില്ല. ഒരുമിച്ചു പോയതും ഒറ്റയ്ക്ക് പോയതുമായ വഴികള്‍ ഇപ്പോഴും അതേപോലെ തന്നെയുണ്ടോ എന്നൊരു തിരനോട്ടം, അല്ലെങ്കിലും അവന്‍ എത്രയോവട്ടം പറഞ്ഞിരിക്കുന്നു എന്‍റെ ഓര്‍മ്മകളിലൂടെ കൂട്ടുവരാനാണ് അവനെന്നും ഇഷ്ടമെന്ന്; അതുകൊണ്ട് വിരസത തോന്നുമോ എന്നൊരു ചിന്തയേ വന്നില്ല.

 

മിനിട്ടുകള്‍ മണിക്കൂറുകള്‍ക്ക് വഴിമാറിയിരിക്കുന്നു, സൂര്യന്‍ ഉച്ചസ്ഥായിയില്‍ കത്തി ജ്വലിക്കുന്നുണ്ട്, വിശപ്പിന്‍റെ വിളികള്‍ ഞങ്ങളെ സ്ഥലകാലബോധത്തിലേക്ക്‌ തിരിച്ചു കൊണ്ടുവന്നു. അതാണല്ലോ മനുഷ്യ ജീവിതത്തിന്‍റെ പരമമായ ലക്ഷ്യവും. വിശപ്പടക്കുക, ഈ ഓട്ടപ്പാച്ചിലുകള്‍ ഒക്കെയും തന്നെ അതിനെ ശമിപ്പിക്കാന്‍ വേണ്ടിയല്ലേ.

 

ഇപ്പോള്‍ ഞങ്ങള്‍ തീര പ്രദേശത്താണ്. പൊന്നാനിക്കടുത്ത്.

 

ഒരു രണ്ട് ഫര്‍ലോംഗ് കൂടി പോയാല്‍ പണ്ടൊരിക്കല്‍ പോയ ഓടിട്ടൊരു ഹോട്ടലുണ്ട്, അതുവരെ ക്ഷമിക്കാം. അന്നു കഴിച്ച ‘ഇരുമ്പിപ്പുളി’ അച്ചാറിന്‍റെ ഓര്‍മ്മയില്‍ ഒന്നല്ല രണ്ടുവട്ടം ക്ഷമിക്കുമെന്ന് തോന്നി. “എങ്കില്‍ കത്തിച്ചു വിട്ടോ, അല്ലെങ്കില്‍ അന്നത്തെ പോലെ മീന്‍ പൊരിച്ചത് പൊടിയും വാലും മാത്രെമെ കാണൂ.”

 

അന്നത്തെ പോലെയല്ല, നല്ല ആളുണ്ട്. പക്ഷെ അന്നിരുന്ന ആ സീറ്റ് ഞങ്ങളെ കാത്തെന്ന പോലെ ഒഴിഞ്ഞു തന്നെ കിടന്നു. ഇരുമ്പിപ്പുളി കാലഹരണപ്പെട്ടിരിക്കുന്നു, പകരം ‘ഇഞ്ചി പുളി’ അച്ചാര്‍. “ഇയാള്‍ക്കിതെങ്ങിനെ അറിയാം എന്‍റെ ഇഷ്ടങ്ങള്‍. അതുവഴി വരുന്നുണ്ട്, ഇതൊക്കെ കരുതി വെച്ചോളൂ എന്ന് ഇവനെങ്ങാനും ഫോണ്‍ വിളിച്ചു പറഞ്ഞോ?” അല്ലെങ്കിലും കുഞ്ഞുകുഞ്ഞു അത്ഭുതങ്ങള്‍ തന്ന്‍ എന്നെ സന്തോഷിപ്പിക്കാന്‍ അവനെന്നും വലിയ മിടുക്കാണ്.

 

കടല്‍ കണ്ടിട്ടു മടങ്ങിപ്പോയാല്‍ ഇരുട്ടും മുന്‍പേ വീടെത്താം, പക്ഷെ അതിനും സൂര്യന്‍ ഒന്നു താഴണം. ഇതിപ്പോ തല പൊട്ടിത്തെറിക്കും. പഴയ ഓര്‍മ്മയില്‍ ഒരു ഓംലെറ്റ് പൊതിഞ്ഞെടുക്കാന്‍ പറഞ്ഞ് ഞാന്‍ പുറത്തേക്കിറങ്ങി.

 

കൈ തുടയ്ക്കാന്‍ എടുത്ത നോട്ടീസിലെ പേരില്‍ കണ്ണ് തടഞ്ഞു.

 

“കേളി ആര്‍ട്സ് ആന്‍ഡ്‌ സ്പോര്‍ട്സ് ക്ലബ് – പുന്നയൂര്‍ക്കുളം”

 

 

ലോക സാഹിത്യത്തില്‍ മലയാളത്തിന്‍റെ പേര് എഴുതി ചേര്‍ത്ത പ്രിയ എഴുത്തുകാരി മാധവിക്കുട്ടിയുടെ അതേ പുന്നയൂര്‍ക്കുളം. മനസ്സ് കോരിത്തരിച്ചു. കാലത്തിന്‍റെ തീരുമാനത്തെക്കുറിച്ച് ഏകദേശമൊരു രൂപം കിട്ടി.

 

അലെങ്കിലും ഞങ്ങളുടെ യാത്രകള്‍ ഇങ്ങിനെ തന്നെ ആയിരുന്നു. എവിടേയ്ക്കെന്നില്ലാതെ ഇറങ്ങിത്തിരിച്ച്, മടങ്ങി പോകുമ്പോള്‍ ഒരു പിടി നല്ല ഓര്‍മ്മകള്‍ പൊതിഞ്ഞു കൊണ്ട് പോകുന്ന സ്വപ്ന യാത്രകള്‍. ഇന്നതിനു കാരണമാകാന്‍ പോകുന്നത് സ്വന്തം ’ആമി’യുടെ വഴികളും.

 

പലചരക്കു സാധനങ്ങളും വാങ്ങി പശുവിനേം തെളിച്ചു വന്ന അപ്പാപ്പനോട് വഴി തിരക്കി. കഷ്ടി മൂന്നു കിലോമീറ്റര്‍ എന്ന് മറുപടിയും കിട്ടി. എന്ത് ആഗ്രഹം പറഞ്ഞാലും സാധിപ്പിച്ചു തരാന്‍ വേണ്ടി സദാസന്നദ്ധനായ സുഹൃത്തിനോട്‌ നാലപ്പാട്ട് തറവാട് ഇവിടെ അടുത്താണ് എന്നേ പറയേണ്ടി വന്നുള്ളൂ. ബാക്കിയുള്ളത് എന്‍റെ കണ്ണുകളില്‍ നിന്നും അവന്‍ വായിച്ചെടുത്തു.

 

മലപ്പുറത്തിന്‍റെ അതിര്‍ത്തി കടന്നിട്ടേയുള്ളുവെങ്കിലും വേറെ ഏതോ നാടെന്നു തോന്നിപ്പിക്കുന്ന പോലെയുള്ള കുടുസു റോഡുകളും കുഞ്ഞു തോടുകളും പാലങ്ങളും കൈതകളും നിറഞ്ഞ ഒരുള്‍നാട്. ഏതോ സിനിമയില്‍ പറഞ്ഞതുപോലെ വഴി ചോദിച്ചു ചോദിച്ച്, ഒരു പോക്ക്.

 

ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ, ഉപേക്ഷിക്കപ്പെട്ട ഒരു തറവാടിന്‍റെ മുറ്റത്ത് വണ്ടി പാര്‍ക്ക് ചെയ്തു. കോലം കണ്ടിട്ട്, തേടി വന്നത് ഇതുതന്നെ എന്നുറപ്പിച്ചു.

 

വിസ്തൃതമായ പറമ്പിനു നടുവില്‍ കാവും കുളവും അതിനുമുകളില്‍ പടര്‍ന്നു പന്തലിച്ചു തണല്‍ വിരിച്ചു പൂത്തു നില്‍ക്കുന്ന  ഇലഞ്ഞി മരവും… എല്ലാം അതേപടി. എങ്കിലും വിട്ടുപോയ ഒന്നുണ്ടല്ലോ, എഴുത്തുകാരിയുടെ വരികളിലൂടെ മാത്രം അറിഞ്ഞ, അവരുടെ പ്രിയപ്പെട്ട നീര്‍മാതളപ്പൂക്കള്‍. ആ മരം എവിടെ? പിന്നെ അതായി അന്വേഷണം. ആ വഴി വന്ന അതികായകനായ താടിക്കാരനോട് അന്വേഷിച്ചപ്പോള്‍ അയാള്‍ പറഞ്ഞു, “ഇതുമൊരു നാലപ്പാട് തറവാടാണ്, പക്ഷെ നിങ്ങള്‍ അന്വേഷിക്കുന്നത് ഇതല്ല.”

 

“വന്ന വഴി തന്നെ കുറച്ചു പിന്നോട്ട് നടക്കണം. സരസ്വതി ക്ഷേത്രത്തിലേക്ക് സ്വാഗതം എന്ന് ബോര്‍ഡ് വെച്ചിട്ടുള്ള ഒരു ഇടവഴി കാണാം, അതിലെ പോയാല്‍ മതി.” അയാള്‍ റോഡിലേക്ക് കൈചൂണ്ടി പറഞ്ഞു തന്നു, “പക്ഷെ തറവാടൊന്നും ഇപ്പോള്‍ അവിടെയില്ല, എല്ലാം ഇടിച്ചു പൊളിച്ചു കളഞ്ഞു. അവിടെ സാഹിത്യ അക്കാദമിയുടെ സ്മാരകം വരാന്‍ പോകുന്നുപോലും. പക്ഷെ നാട്ടുകാര്‍ പ്രക്ഷോഭത്തിലാണ്. നാലപ്പാട്ട് നാരായണ മേനോനും ബാലാമണിയമ്മയ്ക്കും കിട്ടാത്ത അംഗീകാരം ഇവര്‍ക്ക് മാത്രമായി കൊടുക്കുന്നതില്‍ എതിര്‍പ്പുണ്ട്.” അങ്ങേരുടെ സംസാരത്തിലും ആ രോഷം കലര്‍ന്നുവരുന്നതായി തോന്നി.

 

 

ലോകമെമ്പാടും വായനക്കാരുള്ള, മലയാളിയാണ് എന്ന് പറയുമ്പോള്‍, കമലാദാസിന്‍റെ നാടല്ലേ എന്ന് ചോദിക്കുന്ന തരത്തില്‍ വളര്‍ന്ന വേറെയാരുണ്ട്‌ നമുക്ക്? അവരെക്കുറിച്ച് നന്നായൊന്ന് അറിഞ്ഞിട്ടു പ്രക്ഷോഭിക്കെടോ താടിക്കാരാ എന്ന് പറയാന്‍ തോന്നി, എങ്കിലും മിണ്ടിയില്ല.

 

“ഈ നീര്‍മാതളങ്ങളുടെ മരം?” ഞാന്‍ ഒരു ചെറു പുഞ്ചിരിയോടുകൂടി അയാളോട് ചോദിച്ചു. മറ്റൊന്നും കേള്‍ക്കാന്‍ ഞങ്ങള്‍ക്ക് താല്‍പ്പര്യമില്ലായെന്ന് അയാള്‍ക്കും മനസിലായി.

 

“നീര്‍മാതളം  ഇപ്പോള്‍  പൂത്തു നില്‍ക്കുന്നുണ്ട്, കയറി ചെല്ലുമ്പോള്‍ തന്നെ കാണാം”- അയാള്‍ പിന്നെയും എന്തോ പറയാന്‍ തുനിഞ്ഞു, പക്ഷെ ഞങ്ങള്‍ക്ക് അത് മാത്രം കേട്ടാല്‍ മതിയായിരുന്നു. മുപ്പതു വര്‍ഷക്കാലം കൊണ്ട് കാണാന്‍ സാധിക്കാത്തത് ഇന്നു കാണാന്‍ പോകുന്നു. മരവും പുറമേ പൂക്കളും, എങ്ങനെ ഇരിക്കും അതിന്‍റെ ആകൃതിയും പ്രകൃതിയും ഗന്ധവുമെന്ന് ഒരു ഊഹവും ഉണ്ടായിരുന്നില്ല.

 

കാറോടിച്ചു കയറുമ്പോഴെ കണ്ടു, കുറച്ചു മുന്‍പിലായി  മഞ്ഞ നിറത്തില്‍ കുഞ്ഞുപൂക്കളാല്‍ പുഷ്പവൃഷ്ടി നടത്തിയതു പോലെയുള്ള വഴി. ‘കേരള സാഹിത്യ അക്കാദമി കമലാ സുരയ്യ സാംസ്കാരിക സമുച്ചയം’ എന്നാ ശിലാഫലകത്തിനു അരികെ റോഡിലേക്ക് ചെരിഞ്ഞു വളര്‍ന്ന നീര്‍മാതളം. ശിഖിരങ്ങള്‍  ഉയരത്തില്‍ ആയതിനാല്‍, ഒരു മഞ്ഞ നിറം അല്ലാതെ, പൂവിനെ വേര്‍തിരിച്ച് കാണാന്‍ കഴിയുന്നില്ല. മരം മുഴുവന്‍ നിറഞ്ഞു പൂത്തിട്ടുണ്ട്. അപ്പോഴത്തെ ഞങ്ങളുടെ മനസുപോലെ.

 

തേടി വന്നത് ഇതുതന്നെയെന്നു പറഞ്ഞ് എല്ലാം അറിയുന്ന മട്ടില്‍ ഞാന്‍ ഇറങ്ങി. തൊടിയിലാകെ ഇലഞ്ഞി പൂത്ത മണം.

 

പിന്നീടങ്ങോട്ട്‌ ‘മാധവിക്കുട്ടിയുടെ  സമ്പൂര്‍ണ്ണ കൃതികള്‍’ വായിച്ചതിന്‍റെ അഹങ്കാരത്തില്‍ അവരുടെ ഏറ്റവും അടുത്ത ആളെന്ന നിലയില്‍ പറമ്പിന്‍റെ ഏതോ മൂലയിലിരുന്ന പാമ്പുംകാവും വറ്റിയ കുളവും ആഞ്ഞിലിമരവും കണ്ടു തിമിര്‍ക്കുന്ന തിരക്കിലായി ഞാന്‍. ഓരോ മണ്‍തരിയിലും ഊന്നിയൂന്നി ഓടിനടന്നു, പ്രിയ എഴുത്തുകാരി  ഓടിക്കളിച്ചിരുന്ന അതെ മണ്ണിലൂടെ.

 

 

മുന്‍പ് കണ്ട പാമ്പുംകാവ് പോലെയല്ല ഇത്, നല്ല ആള്‍ സഞ്ചാരമുള്ള  ഒരു കാവ്. തിരിയിട്ടു കത്തിച്ചു കെട്ടുപോയ എണ്ണ വറ്റാത്ത വിളക്കുകള്‍ പാമ്പും തറയിലെ കരിയില്‍ മുങ്ങി നില്‍ക്കുന്നു. അതിനു മുകളില്‍ ഒരു മേല്‍ക്കൂരപോലെ പടര്‍ന്നു പന്തലിച്ച ഇലഞ്ഞി മരക്കൂട്ടം. കൈ എത്തും ദൂരത്ത്, ചില്ലയില്‍ ഇലഞ്ഞിപൂക്കള്‍ .

 

വര്‍ഷങ്ങള്‍ക്കു അപ്പുറത്ത്,  അതിരാവിലെ എണീറ്റ്‌  വഴിവക്കിലെ ഇലഞ്ഞി ചുവട്ടില്‍ പോയി ആരും എത്തും മുന്നേ പൂ പെറുക്കി, തെങ്ങോല കീറി നൂലെടുത്തു മാല കോര്‍ത്ത് വല്ല്യുമ്മായുടെ നിസ്കാര പായയ്ക്ക് സുഗന്ധം നല്‍കാന്‍ സംഭാവന ചെയ്ത പഴയൊരു കഥ അവനോടു പറഞ്ഞു. അതുകേട്ടിട്ടാവണം, നിലം തൊടാത്ത കുറച്ച് പൂക്കള്‍,  കഷ്ടപെട്ടിട്ടാണെങ്കിലും  അവനെനിക്ക് പറിച്ചു തന്നു.

 

ഉയരത്തില്‍ നിന്നും ഞെട്ടറ്റു വീണ നക്ഷത്ര കുഞ്ഞുങ്ങള്‍ വെള്ളം കിട്ടാതെ നിലത്തു കിടന്നു വാടിയപോലെ, ചുരുങ്ങി ചുമന്നു തുടങ്ങിയ ഇലഞ്ഞിപൂക്കളേ നാളിതു വരെ കണ്ടിട്ടുള്ളു. ഇതിന്‍റെ യഥാര്‍ത്ഥ രൂപം കാണാന്‍ ഇത്രടം വരെ വരേണ്ടി വന്നു. ഞെട്ടില്‍ നിന്നും പിടിവിടാതെ നക്ഷത്രം പോലെ ഇതളുകള്‍ വിടര്‍ത്തി നടുവില്‍ കൂമ്പിനില്‍ക്കുന്ന കുഞ്ഞു വെണ്‍പൂക്കള്‍.

 

കുളം പഴയതുപോലെ അല്ല, ആകെ കോരി വൃത്തിയാക്കി പടവ് കെട്ടാനുള്ള ശ്രമമാണെന്ന് തോന്നുന്നു. പണി നടക്കുന്നുതു പോലുണ്ട്, പക്ഷെ പണിക്കാരെ ആരെയും കണ്ടില്ല. പ്രക്ഷോഭക്കാരെ പേടിച്ചു പോയതായിരിക്കാം.

 

വശമില്ലാത്തതിനാല്‍, ചെരിപ്പൂരാതെ പാമ്പിന്‍കാവില്‍ കടന്നതിന് അവനെന്നെ വഴക്കു പറഞ്ഞു. അവരുടെ വിശ്വാസം, അവന്‍റെയും. ഞാന്‍ പരിഭവമേതും ഇല്ലാതെ അനുസരിച്ചു. ചെരുപ്പൂരി, മണ്ണില്‍ തൊട്ടുവണങ്ങി, പാമ്പിന്‍ കാവില്‍ കയറി.

 

കാണിക്ക സമര്‍പ്പിച്ച നോട്ടുകള്‍ പറന്നു പോകാതിരിക്കാന്‍ ഒരു കുന്നോളം നാണയ തുട്ടുകളും അതിന്മേല്‍ കൂനകൂട്ടി വെച്ചിട്ടുണ്ട്. എന്നോ പെയ്ത മഴയില്‍ പറന്നു പോയ ഒരു പത്തു രൂപാ നോട്ടും പിന്നെ നിലത്തു പൂഴിയില്‍ പൂണ്ടു കിടന്ന  കുറച്ചു നാണയ തുട്ടുകളും പെറുക്കിയെടുത്തു ഞാന്‍ തിരികെ ആ കൂനയില്‍ വെച്ചു.

 

അല്‍പ്പം മുന്നേ ആരോ നാഗത്താന്മാര്‍ക്ക് സമര്‍പ്പിച്ച, നിറഞ്ഞു തുളുമ്പി നില്‍ക്കുന്ന ഒരു ഇളനീര്‍. വേനലിലെ ആ കൊടും ചൂടില്‍ ഉരുകി ഒലിക്കുമ്പോഴും, സര്‍പ്പശാപം ഭയന്ന്, ഇളനീരിനെ ഞങ്ങള്‍ വെറുതെ വിട്ടു. അങ്ങിങ്ങ് പൂത്തു നിന്ന തെച്ചിപ്പൂ പറിച്ച് അറിയുന്ന ഭാഷയില്‍ ഒരു കുഞ്ഞു പൂജയും നടത്തി തിരിച്ചിറങ്ങി, ചെരിപ്പിട്ടു കടന്നു അശുദ്ധമാക്കാന്‍ നോക്കിയതിനു ഒരു പ്രായശ്ചിത്തം.

 

മണ്ണേത്, പൂവേത് എന്ന് തിരിച്ചറിയാത്ത വിധത്തില്‍ പരന്നു കിടന്ന, കരിഞ്ഞു തുടങ്ങിയ പൂക്കള്‍ മനം മയക്കുന്ന സുഗന്ധം വമിപ്പിച്ചു കൊണ്ടേയിരുന്നു. ആമിയുടെ ഇഷ്ട്ടങ്ങളില്‍ ഇവയും ഉള്‍പ്പെട്ടിരിക്കും എന്ന സ്മൃതിയില്‍ കുറച്ചു പൂക്കള്‍ പെറുക്കിയെടുത്തു കൈയ്യില്‍ വെച്ചു. അവരുടെ  ഓര്‍മ്മയ്ക്കായ്.

 

 

കുറച്ചു നേരം അവിടമാകെ ചുറ്റിനടന്നതിനു ശേഷം വിശ്രമിക്കാന്‍ വേണ്ടി നീര്‍മാതള ചുവട്ടിലെ കരിങ്കല്‍ പാളിയില്‍  പോയി ഇരുന്നു.

 

ഇലയാണോ പൂവാണോ എന്ന് മനസിലാവാത്ത ആകൃതിയില്‍ ഉള്ള ദളങ്ങള്‍  ചുറ്റും വീണു കിടക്കുന്നു. ഇതിലെവിടെ പൂവ് എന്ന് വിഷമിച്ചിരിക്കുമ്പോള്‍, കുഞ്ഞുക്കാറ്റില്‍ ഞെട്ടറ്റ്, ജീവന്‍ തുടിക്കുന്ന ഒരു നീര്‍മാതള പൂവ് അരികില്‍ വന്നു വീണു. ഒരു ലോകം കീഴടക്കിയ സന്തോഷത്തില്‍ ഞാനത് അവനെ കാണിച്ചു. മധ്യത്തില്‍ പരാഗിയെ പൊതിഞ്ഞ് , ഇലയുടെ ആകൃതിയില്‍ നാലു ദളങ്ങള്‍, ഇളം മഞ്ഞ നിറമുള്ള ഒരു കുഞ്ഞു നീര്‍മാതള പൂവ്.

 

വീണ്ടുമൊരു വീഴ്ചയില്‍, ഉടലില്‍ നിന്നും ദളങ്ങള്‍ വേര്‍പ്പെട്ടു പോകുമോ എന്ന് ഭയപ്പെട്ട് എന്‍റെ കൈകള്‍ അപ്പോള്‍ വിറക്കുന്നുണ്ടായിരുന്നു.

 

അത് കണ്ടിട്ടാവണം പൂവിനെ സംരക്ഷിക്കാന്‍ എന്നോണം അവനെന്‍റെ കൈകള്‍ ചേര്‍ത്തു പിടിച്ചു, കുറച്ചുനേരം ഒരേ കണ്ണുകളോടെയും മനസ്സോടെയും അതുവരെ നേരില്‍ കാണാത്ത, വായനയിലൂടെ മാത്രം ഭാവനയില്‍ കണ്ട ആ കുഞ്ഞു പൂവിനെ നോക്കി നില്‍ക്കുമ്പോള്‍ അവന്‍റെ മനസില്‍ എന്തായിരിക്കുമെന്ന് എനിക്കും, എന്‍റെ മനസ്സിലുള്ളത് അവനും ഊഹിക്കാമായിരുന്നു.

 

അതെ, പ്രണയത്തിന്‍റെ എഴുത്തുകാരിക്ക് പ്രണയിനികളുടെ നേര്‍ച്ച. അതായിരുന്നു ആ യാത്രയും അവിടെ ചിലവഴിച്ച നിമിഷങ്ങളും.

Share on

മറ്റുവാര്‍ത്തകള്‍