UPDATES

സിനിമാ വാര്‍ത്തകള്‍

ദിലീപിനെ ഒതുക്കാന്‍ ലിബര്‍ട്ടി ബഷീറിന് ബാഹുബലി തുണ

തിയറ്ററുകള്‍ ഷോപ്പിംഗ് മാളുകളാക്കാനുള്ള തീരുമാനത്തിന് മാറ്റമില്ല. പകരം ആറോ ഏഴോ പുതിയ തീയറ്ററുകള്‍ നിര്‍മ്മിക്കും

                       

തിയറ്റര്‍ സമരത്തിന് ശേഷം ഒറ്റപ്പെട്ട ലിബര്‍ട്ടി ബഷീര്‍ ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുന്നു. പ്രദര്‍ശനത്തിന് ചിത്രങ്ങള്‍ ലഭിക്കാത്ത സാഹചര്യത്തില്‍ നിന്നും ബാഹുബലിയുടെ റിലീസിംഗുമായി വന്‍ തിരിച്ചുവരവിനാണ് ഇദ്ദേഹം തയ്യാറെടുക്കുന്നത്.

ഇതിനിടെ എ ക്ലാസ് തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനില്‍ നിന്നും ലിബര്‍ട്ടി ബഷീര്‍ രാജി പ്രഖ്യാപിച്ചു. നാല് മാസമായി തന്റെ തിയറ്ററുകള്‍ക്ക് മാത്രം വിലക്കേര്‍പ്പെടുത്തിയിട്ടും സംഘടനയില്‍ നിന്നും ഒരുതരത്തിലുള്ള പിന്തുണയും ലഭിച്ചില്ലെന്ന് ആരോപിച്ചാണ് ബഷീറിന്റെ രാജി. ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്റെ കോര്‍ കമ്മിറ്റി യോഗത്തിലാണ് ബഷീര്‍ രാജിപ്രഖ്യാപിച്ചത്. തിയറ്റര്‍ വിഹിതം വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട ലിബര്‍ട്ടി ബഷീറിന്റെ നേതൃത്വത്തിലുള്ള ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ ആരംഭിച്ച സമരം പൊളിഞ്ഞതിന് ശേഷം അദ്ദേഹത്തിന്റെ തിയറ്ററുകളില്‍ പുതിയ ചിത്രങ്ങള്‍ പ്രദര്‍ശനത്തിന് ലഭിച്ചിരുന്നില്ല. നാല് മാസം തന്റെ ആറോളം തിയറ്ററുകള്‍ അടഞ്ഞുകിടന്നിട്ടും സംഘടനയില്‍ നിന്നും യാതൊരു പരിഗണനയും തനിക്ക് ലഭിച്ചില്ലെന്ന് ലിബര്‍ട്ടി ബഷീര്‍ അഴിമുഖത്തോട് പറഞ്ഞു. പിന്നെ അത്തരത്തിലൊരു സംഘടനയില്‍ നില്‍ക്കേണ്ട ആവശ്യമില്ലല്ലോ? കൂടാതെ തന്നെ രക്ഷപ്പെടുത്താന്‍ സാധിക്കാത്ത സംഘടനയ്ക്ക് സാധാരണക്കാരായ അംഗങ്ങളെ എങ്ങനെ രക്ഷപ്പെടുത്താന്‍ സാധിക്കുമെന്നും അദ്ദേഹം ചോദിച്ചു.

അതേസമയം പ്രൊഡ്യൂസേഴ്‌സിന്റെയും ഡിസ്ട്രിബ്യൂട്ടേഴ്‌സിന്റെയും അംഗത്വത്തില്‍ താന്‍ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. തിയറ്റര്‍ ഉടമകളുടെ വേറെ ഒരു സംഘടനയിലും താന്‍ പോകില്ല. വിലക്ക് നേരിട്ടതോടെ ലിബര്‍ട്ടി ബഷീര്‍ തന്റെ തിയറ്ററുകള്‍ ഷോപ്പിംഗ് മാളാക്കാന്‍ തീരുമാനിച്ചിരുന്നു. ആ തീരുമാനങ്ങള്‍ക്ക് മാറ്റമില്ലെന്നും അടയ്ക്കുന്ന തിയറ്ററുകള്‍ക്ക് പകരം ആറ്, ഏഴ് തിയറ്ററുകള്‍ പുതുതായി പണിയാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും ലിബര്‍ട്ടി ബഷീര്‍ വ്യക്തമാക്കി. ബാഹുബലി റിലീസ് ചെയ്യുന്നത് ഈ തീയറ്ററുകളിലായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റിലീസിംഗ് ദിവസം മുതലാണ് ബാഹുബലി പ്രദര്‍ശിപ്പിക്കുന്നത്.

തിയറ്റര്‍ വിഹിതം വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് തിയറ്റര്‍ ഉടമകള്‍ സമരം ആരംഭിച്ചതിന് പിന്നാലെ നിര്‍മ്മാതാക്കളും വിതരണക്കാരും സമരം ആരംഭിച്ചു. അതോടെ മലയാള ചലച്ചിത്ര വ്യവസായം കടുത്ത പ്രതിസന്ധിയിലായി. ലിബര്‍ട്ടി ബഷീര്‍ കടുത്ത നിലപാടുകളുമായി മുന്നോട്ട് പോയതോടെ സമരം നീണ്ടുപോയി. പിന്നീട് നടന്‍ ദിലീപ് മുന്‍കൈ എടുത്താണ് തിയറ്റര്‍ ഉടമകളുടെ പുതിയ സംഘടനയുണ്ടാക്കിയതോടെ സമരം പൊളിയുകയും ചെയ്തു. ഇതിന് ശേഷമാണ് മലയാള ചിത്രങ്ങള്‍ റിലീസ് ചെയ്തത്.

സമരം അവസാനിച്ചതിന് ശേഷം ചിത്രങ്ങള്‍ റിലീസ് ചെയ്തപ്പോള്‍ ലിബര്‍ട്ടി ബഷീറിന്റെ തിയറ്ററുകളില്‍ സിനിമ നല്‍കിയിരുന്നില്ല. വിലക്ക് നീണ്ടതോടെ ബഷീര്‍ വന്‍ പ്രതിസന്ധിയാണ് നേരിടുന്നത്. എഴുപതോളം തൊഴിലാളികളാണ് ലിബര്‍ട്ടി ബഷീറിന്റെ തിയറ്ററുകളില്‍ ജോലി ചെയ്യുന്നത്.

Share on

മറ്റുവാര്‍ത്തകള്‍