UPDATES

ഓഫ് ബീറ്റ്

ബെസ്റ്റ് കണ്ണാ ബെസ്റ്റ് .. ഈ ജനതയ്ക്ക് ഇങ്ങനെതന്നെ വേണം

ഓരോ ബജറ്റിലും വില വര്‍ദ്ധിപ്പിച്ചുകൊണ്ട് ഒരോ സര്‍ക്കാരും അവരുടെ സോഷ്യല്‍/സദാചാര കമ്മിറ്റ്‌മെന്റ് ആവര്‍ത്തിച്ച് പ്രഖ്യാപിച്ചു

                       

ബെസ്റ്റ് കണ്ണാ ബെസ്റ്റ്. അതിന്റെ ഒരു കുറവേ ഉള്ളൂ. സമ്പൂര്‍ണ്ണ മദ്യ നിരോധനം. ആദ്യ പടിയായി ഫൈവ് സ്റ്റാര്‍ മദ്യം. ഞായറാഴ്ച ഡ്രൈ ഡേ. ചാരായം നിരോധിച്ച് ഈ നാട് മദ്യപന്മാരുടെ സ്വര്‍ഗ്ഗമാക്കി മാറ്റിയ ആന്റണിക്ക് പറ്റിയ അനുയായികള്‍. കപട സദാചാരം കൊണ്ട് ഉഷ്ണിച്ചു പോയ ജനത, കാപട്യം അലങ്കാരമായ ഭരണകൂടം, വിഷം തുപ്പുന്ന മതനേതൃത്വം എല്ലാം കൂടി മദ്യ നിരോധനം കൂടി കൊണ്ടു വാ.

ഒരു ചെറിയ കണക്ക് ചോദിച്ചോട്ടേ സാറന്മാരേ! 1994-ല്‍ ചാരായം നിരോധിക്കുമ്പോള്‍ ഒരു സര്‍ക്കാര്‍ ക്ലാര്‍ക്കിന്റെ ശമ്പളമെത്ര? സാധാരണ ദിവസക്കൂലി തൊഴിലാളിയുടെ കൂലി എത്ര? ഓര്‍മ്മയുണ്ടോ? എന്റെ ഓര്‍മ്മയനുസരിച്ച് 2000-2500,  60-80 റേഞ്ചിലായിരുന്നു യഥാക്രമം. (ഉറപ്പില്ല. പരിശോധിക്കേണ്ടതാണ്). ഒരു ഫുള്‍ ബോട്ടില്‍ അഥവാ 750 മില്ലി ചാരായത്തിന്റെ വിലയോ- 60-70 രൂപ. 20 കൊല്ലത്തിനിപ്പുറം പത്തിരട്ടി വരുമാനം വര്‍ദ്ധിച്ചിട്ടുണ്ട്. മറ്റെല്ലാ അവശ്യസാധനങ്ങളുടേയും വിലയും വര്‍ദ്ധിച്ചു. പക്ഷേ 200 രൂപയ്ക്ക് 750 മില്ലി കൂതറ മദ്യം ലഭിക്കും. ആളുകള്‍ ഇഷ്ടമുള്ള പേരിട്ട് വില്‍ക്കുന്ന വെറും വിഷം. അഥവാ ഒരു ദിവസത്തെ കൂലികൊണ്ട് ഈ വിഷം വേണമെങ്കില്‍ രണ്ട് ഫുള്‍ വാങ്ങി കുടിക്കാന്‍ ആളുകള്‍ക്ക് പറ്റും. ചാരായം നിരോധിച്ചുവെന്ന് പറയുന്നതില്‍ എന്താണ് സാര്‍ അര്‍ത്ഥം? നാട്ടിന്‍ പുറത്തെ ചാരായ ഷാപ്പില്‍ സര്‍ക്കാര്‍ മേല്‍നോട്ടത്തില്‍ പുറത്തിറങ്ങുന്ന ശുദ്ധമായ ചാരായം കുടിച്ചുകൊണ്ടിരുന്നവര്‍, ക്യൂനിന്ന്, പബ്ലിക് ഗയ്‌സില്‍ കൃമികളായി, സമൂഹത്തില്‍ അരുക്കായി, മദ്യരോഗികളായി മരിക്കുന്നു. ചാരായ നിരോധനത്തിന് ലഭിച്ച പിന്തുണ മദ്യത്തിനുള്ള സോഷ്യല്‍ റ്റാബൂ വര്‍ദ്ധിപ്പിച്ചു. റോഡിലുള്ള ക്യൂ, വോട്ടിന് വേണ്ടി റ്റീറ്റോട്‌ലര്‍ വായാടിത്തരം പറയുന്നവരുടെ കാപട്യം എല്ലാം കൂടി മറ്റെല്ലാത്തിനേക്കാളും വലിയ പ്രശ്‌നം മദ്യപാനമായി. അതോടെ അതിന് ആവശ്യക്കാരും കൂടി.

ഓരോ ബജറ്റിലും വില വര്‍ദ്ധിപ്പിച്ചുകൊണ്ട് ഒരോ സര്‍ക്കാരും അവരുടെ സോഷ്യല്‍/സദാചാര കമ്മിറ്റ്‌മെന്റ് ആവര്‍ത്തിച്ച് പ്രഖ്യാപിച്ചു. അതോടൊപ്പം കൂടുതല്‍ നിലവാരം കുറഞ്ഞ, കൂടുതല്‍ വിഷം ചേര്‍ന്ന മദ്യം കുറഞ്ഞ വിലക്ക് ലഭ്യമാക്കിക്കൊണ്ടുമിരുന്നു. ഈ കൂറമദ്യങ്ങള്‍ പിന്‍വലിച്ച്, ചാരായം തിരിച്ചു കൊണ്ടുവന്ന്, ആണിനും പെണ്ണിനും കേറാവുന്ന, വൃത്തിയും വെടിപ്പുമുള്ള ഹോട്ടല്‍ ബാറുകളും മനുഷ്യരെ അപമാനിക്കാത്ത ചില്ലറ വില്പനകേന്ദ്രങ്ങളും കൊണ്ടു വരണം. മദ്യമെന്നത് ലോകത്തെല്ലായിടത്തുമുള്ളതും ഒരുപാട് ചരിത്രമുളളതുമായ ഒരു വസ്തുവാണെന്നും തിരിച്ചറിയുക. അതൊരു വ്യവസായമാണ്. രാജ്യത്ത് വില്പനയിലുള്ള ഭക്ഷ്യ-പാനീയങ്ങളേയും പോലെ അമിതമായി ആഹരിച്ചാല്‍ അടിച്ച് പോകുന്നതുമാണ്. ആരോട് പറയാന്‍! മദ്യം നിരോധിച്ചാല്‍ സമാന്തരമായ ഒരു വ്യാജമദ്യ ലോകം ഉയര്‍ന്നുവരും. മണല്‍വാരലുകാരലുകാരുടേയും ബ്ലേഡ് ഗുണ്ടകളുടേയും എന്നപോലെ ഈ വ്യാജമദ്യ ലോബിയും സമാന്തര അധോലോകവും ഭരണക്കാരുടെ ചങ്ങാതിമാരാകും.

പുസ്തക നിരോധനം, സിനിമ നിരോധനം, ആള്‍ദൈവ വ്യവസായം, മനുഷ്യാവകാശം എന്ന് പറയുന്നവരെ മാവോയിസ്റ്റുകളാക്കി അറസ്റ്റു ചെയ്യല്‍, ബോബി മര്‍ലി റ്റി ഷര്‍ട്ടുകള്‍ക്ക് നിരോധനം, ഫേസ്ബുക്കില്‍ സ്റ്റാറ്റസ് ഇടുന്നവരെ അറസ്റ്റു ചെയ്യല്‍, എന്താടാ എന്നു ചോദിക്കുമ്പോള്‍ തിരിച്ചു ചോദിക്കാന്‍ കഴിവുള്ള സ്ത്രീകളെ കേസില്‍ കുടുക്കി ഉപദ്രവിക്കല്‍, ദേശീയ പതാകയെ വന്ദിച്ചില്ലെന്ന് പറഞ്ഞ് അറസ്റ്റു ചെയ്യല്‍.. നമ്മളൊരു സമ്പൂര്‍ണ്ണ പോലീസ് സ്റ്റേറ്റിലേയ്ക്കുള്ള മനോഹര യാത്രയിലാണ്. പിന്നോട്ട് നടക്കുന്ന, താഴോട്ട് വളരുന്ന നമ്മള്‍. നാളെ കോണമുടുക്കണമെന്നും മാറുമറയ്ക്കരുതെന്നും ഇവര്‍ നിയമം കൊണ്ടുവരും. ഇവര്‍ നടക്കുന്ന പാതയില്‍ നിന്ന് കാതങ്ങള്‍ അകന്ന് നടക്കണമെന്നും ഇവരുടെ ക്ഷേത്രങ്ങളില്‍ നമുക്ക് പ്രവേശനമില്ലെന്നും നിയമം വരും. നാമതും അനുസരിക്കും. സുഹൃത്ത് സുരേഷ് പറഞ്ഞതുപോലെ ഇനി വേണ്ടത് വീട്ടുകാര്‍ക്കുള്ള മദ്യ ബോധവത്ക്കരണമാണ്. ഇനി വീട്ടിലിരുന്നല്ലേ കുടിക്കാനാവൂ…!

(കേരളത്തില് ഇന്ന് പ്രഖ്യാപിച്ച മദ്യനയത്തെ കുറിച്ച് ഡി. ശ്രീജിത് ഫേസ് ബുക്കിൽ ഇട്ട പോസ്റ്റ്‌)

ശ്രീജിത് ദിവാകരന്‍

ശ്രീജിത് ദിവാകരന്‍

മാധ്യമപ്രവര്‍ത്തകന്‍

More Posts

Follow Author:
Facebook

Share on

മറ്റുവാര്‍ത്തകള്‍