അടിച്ചമര്‍ത്തലിന് കാരണങ്ങള്‍ പലതാണ്, ജാതിയും മതവും വംശവും ഭാഷയും എന്നിങ്ങനെ. കാരണം എന്തെന്നറിയാതെ അതിന്റെ ദൂഷ്യഫലങ്ങള്‍ ഏറ്റവും അനുഭവിക്കേണ്ടി വരുന്നത് കുട്ടികള്‍ക്കാണ്. ലോകമൊട്ടുക്കും യുദ്ധമെന്നും മതമെന്നും അങ്ങനെ അനീതികള്‍ വിഹരിക്കുമ്പോള്‍ അതില്‍ പെട്ട് പൊലിഞ്ഞു പോകുന്നത് ബാല്യങ്ങളാണ്, വളര്‍ന്നു വരേണ്ടിയിരുന്ന ജീവിതങ്ങളും അവരുടെ ചെറിയ സന്തോഷങ്ങളുമാണ്.
ബാലികയായിരുന്ന മായയുടെ സ്വപ്നങ്ങളില്‍ ഒന്നായിരുന്നു താനൊരു White Girl ആയിരുന്നെങ്കില്‍ എന്നത്. തൊലിപ്പുറത്തെ നിറത്തിലെ ആ മാറ്റം ഒരു ബാല്യത്തിന് നല്‍കേണ്ടുന്ന പലതും തനിക്ക് കൊണ്ടത്തന്നേനെ എന്ന് കുഞ്ഞു മായ കരുതിയിരുന്നു. സില്‍ക്ക് ഫ്രോക്കുകളും രുചിയേറിയ ഭക്ഷണവും കൂട്ടുകാരുടെ ഇടയില്‍ മതിപ്പും സ്‌നേഹം നിറഞ്ഞ മാതാപിതാക്കളും ഭദ്രതയുള്ള കുടുംബവും അങ്ങനെ പലതും. വര്‍ണ്ണവെറി തിങ്ങിനിറഞ്ഞിരുന്ന സമൂഹത്തില്‍ കറുത്തവളായിത്തന്നെ ജീവിച്ചു പൊരുതി ജീവിതം കൈയ്യടക്കിയ മായയുടെ ജീവിതം ബാല്യത്തിലെ വിഭ്രാന്തികളെ വേഗത്തില്‍ മായ്ച്ചു കളഞ്ഞിരുന്നു.
സഹോദരന്റെ സൌന്ദര്യം പോലും ഇല്ലായിരുന്നു തനിക്ക് എന്ന് തന്റെ ഉറ്റവര്‍ തന്നെ ഓര്‍മ്മപ്പെടുത്തിയപ്പോഴും കുത്തിനോവിച്ചപ്പോഴും മായയ്ക്ക് സഹോദരന്‍ Baily ആയിരുന്നു ഏറ്റവും ഉടയവന്‍.
മായ ഏഞ്ചലോവിന്റെ ഏഴ് ആത്മകഥാ പുസ്തകങ്ങളില്‍ വംശീയ അസമത്വത്തിന്റെ അനുഭവങ്ങളും അതുളവാക്കുന്ന ചിന്തകളും ഏറ്റവും യഥാര്‍ഥമായി തുറന്നു കാണിക്കുന്നുണ്ട്. കറുത്ത വര്‍ഗ്ഗക്കാരുടെ കോളനിയില്‍ ജീവിച്ച മായ, വെള്ളക്കാരെന്നാല്‍ ജീവനുള്ള മനുഷ്യരല്ല എന്ന് തന്നെ കരുതിയതായി രേഖപ്പെടുത്തുന്നു. അനീതിയുടെ പല മുഖങ്ങളെയും സുതാര്യമായി അതിലൂടെ വായിച്ചെടുക്കാന്‍ കഴിയും. വെള്ളക്കാരെന്നാല്‍ ഭയപ്പെടേണ്ടവരാണെന്നും, ആ ഭയത്തോടൊപ്പം അടിച്ചമര്‍ത്തപ്പെട്ടവന് അധികാരമുള്ളവനോടും പാവപ്പെട്ടവന് പണക്കാരനോടും തൊഴിലാളിക്ക് മുതലാളിയോടും ഉള്ള വിദ്വേഷവും എതിര്‍പ്പും കലര്‍ന്നിരിക്കുന്നു എന്നും മായ അഭിപ്രായപ്പെടുന്നുണ്ട്. പാഴാക്കി കളഞ്ഞാലും നഷ്ടം തോന്നാത്ത അത്രയും സമ്പത്ത് അവര്‍ക്കുണ്ടായിരുന്നു എന്നത് അസൂയാവഹമായിരുന്നു എന്ന കുഞ്ഞു മായയുടെ ഓര്‍മ്മ, ഇന്നും ഭക്ഷണമെന്ന അടിസ്ഥാന സമ്പത്ത് ഏറ്റവുമധികം പാഴാക്കി കളയുന്നത് അമേരിക്കന്‍ ജനതയാണെന്ന വസ്തുതയോട് ചേര്‍ത്ത് വായിക്കുമ്പോള്‍ കൌതുകമുളവാക്കുന്നു. ഒരു തരത്തിലെ സ്‌നേഹവും അടുപ്പവും തോന്നാത്ത തന്റെ അച്ഛന്റെ പല വര്‍ത്തമാനങ്ങളും, കറുത്ത തൊലിയുള്ള ലോകത്തെ ഒരേയൊരു വെളുത്ത പുരുഷനാണ് അച്ഛന്‍ എന്ന് അവള്‍ക്ക് തോന്നിപ്പിച്ചിരുന്നു.
മായയ്ക്ക് White Man എന്നാല്‍ ഒരു മനുഷ്യനോ ഒരു വര്‍ഗ്ഗമോ ആയിരുന്നില്ല, അകല്‍ച്ചയുടെയും അനീതിയുടെയും പ്രതീകമായിരുന്നു, അനുകമ്പയില്ലാത്ത, കടന്നു കയറ്റമെന്ന മനുഷ്യ സ്വഭാവത്തിന്റെ പേരായിരുന്നു. പുരുഷന്മാര്‍ ഭീതിയുളവാക്കുന്നവരായി മാത്രം സമീപിച്ചപ്പോള്‍, അവരുടെ വസ്ത്രങ്ങള്‍ പല നിറങ്ങളില്‍ ആയിരുന്നെങ്കില്‍ അവരും സ്ത്രീകളെപ്പോലെ മയമുള്ളവര്‍ ആയേനെ എന്ന് കുഞ്ഞു മായ കരുതിയിരുന്നു.
മുതിര്‍ന്ന ശേഷം മകനോടൊപ്പം ഘാനയിലേക്ക് താമസം മാറ്റിയ മായയ്ക്ക് തന്റെ വംശജരുടെ തന്നെ പല അസ്വീകാര്യതകളും നേരിടേണ്ടി വരുമ്പോള്‍ ‘വംശം’, ‘സ്വന്തം’ എന്നൊക്കെയുള്ള പദങ്ങളുടെ വ്യാപ്തിയും പാളികളും ജീവിതം പാഠങ്ങളായി കൊടുക്കുകയായിരുന്നു. പരക്കെ മതിയ്ക്കപ്പെട്ട ഒരു നര്‍ത്തകിയും ഗായികയുമായി തിളങ്ങാനുള്ള ജീവിതം മാറ്റുരയ്ക്കപ്പെടുകയായിരുന്നു. ബാല്യത്തിലെ ഏകാന്തതയില്‍ പുസ്തകങ്ങളുടെ നിഴലുകളില്‍ ചേക്കേറിയ മായയില്‍ വാക്കുകളും ഭാഷയും ഏറ്റവും ഭംഗിയോടെ നിറം പിടിപ്പിച്ചു. അത് പിന്നീട് വായനക്കാരായ നമുക്ക് ഹൃദയസ്പര്‍ശിയായ പദ്യങ്ങളെയും വാചകങ്ങളെയും എത്തിച്ചു തരുന്നുണ്ട്.
വര്‍ണ്ണവെറിയുടെ അനീതിയെ ചോദ്യം ചെയ്തതു പോലെ മായയുടെ ജീവിതം മതമെന്ന വിഭ്രാന്തിയുടെ നേര്‍ക്കും മുറിവേല്‍പ്പിക്കുന്ന പല ചോദ്യങ്ങളും എറിയുന്നുണ്ട്. ഒരു വിശ്വാസിയായിത്തന്നെ ജീവിതകാലം മുഴുവന്‍ കഴിഞ്ഞെങ്കിലും ഒരു ശീലത്തിനുപരിയായി മതത്തിന് അവരുടെ ജീവിതത്തില്‍ എന്തെങ്കിലും സ്വാധീനം ചെലുത്താന്‍ കഴിഞ്ഞിട്ടുണ്ടോ എന്നത് സംശയമാണ്. തന്റെ യുക്തി ബോധത്തില്‍ ദൈവമെന്ന മിഥ്യാധാരണയെ മായ സംശയത്തോടെ മാത്രമേ സമീപിച്ചിട്ടുള്ളു. ബാല്യകാലം മുതല്‍ക്ക് തന്നെ അത്തരത്തിലെ സംശയങ്ങള്‍ ഉരുത്തിരിഞ്ഞു വന്നിട്ടുണ്ട്. ദൈവം വെള്ളക്കാരന്‍ ആണെങ്കിലും, നീഗ്രോകളെയും അംഗവിഹീനരേയും കൂടിയും സംരക്ഷിക്കും എന്ന് തെല്ലൊരു പരിഹാസത്തോടെ കുറിക്കുന്നുണ്ട്. നീതിമാനായ ദൈവത്തിനെ അകമഴിഞ്ഞ് സ്‌നേഹിക്കുകയും അനുസരിക്കുകയും ചെയ്യുന്ന വിശ്വാസികള്‍ക്കും ആപത്തും അനീതിയും നേരിടേണ്ടി വരുന്നതിനെ പറ്റിയുള്ള വൈരുദ്ധ്യവും അവരെഴുതുന്നു. പള്ളിയില്‍ പോകാന്‍ കൂട്ടാക്കാത്ത അയല്‍വാസിയുടെ ധൈര്യത്തെ മായ അളവറ്റ് ആദരിക്കുന്നു. അതൊരു സ്വാതന്ത്ര്യമായി കണക്കാക്കുന്നു. മതത്തെ ചെറുതാക്കി കണ്ട് വളര്‍ന്നു വരാന്‍ കഴിയുന്നത് ഒരു വലിയ കാര്യം തന്നെയായിരിക്കും എന്നും മായ അത്ഭുതപ്പെടുന്നുണ്ട്.
അനീതിയുടെ എല്ലാ തുറമുഖങ്ങളും സന്ദര്‍ശിക്കേണ്ടി വന്ന മായയുടെ ഏഴ് ആത്മകഥകളും ജീവിതത്തെ നേരിട്ട് തൊട്ടു നോക്കാന്‍ തരുന്നവയാണ്. നിലനിന്നുപോന്ന ആത്മകഥാ സാഹിത്യത്തിന്റെ വരമ്പുകള്‍ വകഞ്ഞ് മാറ്റി സ്വയം സൃഷ്ടിച്ച ആഖ്യാനരീതികൊണ്ടും അവ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്.
മായയെന്ന മാര്‍ഗറീറ്റയുടെ ജീവിതം ഒരു സ്ത്രീയുടെതാണ്, നൂറ്റാണ്ടുകള്‍ അടിമപ്പെട്ടു ജീവിച്ച കറുത്തവര്‍ഗക്കാരിയുടെതാണ്. പുരുഷനെന്ന, വെളുപ്പെന്ന അധികാരത്തിന്റെ കൈകളില്‍ പലതവണ തച്ചുടയ്ക്കപ്പെട്ടതാണ് ആ ജീവിതം. എങ്കിലുമവര്‍ ജീവിച്ചിരുന്നു. ആ ജീവിതത്തില്‍ രാഷ്ട്രീയമുണ്ട്, എഴുത്തുകളില്‍ നീതി തേടുന്ന മനുഷ്യന്റെ യുക്തിയുണ്ട്. വെറും പച്ചയായ വികാരങ്ങളുണ്ട്. അമ്മയുടെ കാമുകന്റെ കാമാര്‍ത്തിയോടെയുള്ള സ്പര്‍ശനം സ്‌നേഹമെന്ന് തെറ്റിദ്ധരിച്ച, അതിനുവേണ്ടി വീണ്ടും ആഗ്രഹിച്ച, നിഷ്‌കളങ്കയായ ഒരു പെണ്‍കുട്ടിയുടെ, സമൂഹത്തെ അലോസരപ്പെടുത്തുന്ന സത്യമുണ്ട്.
എങ്ങനെയാണ് മായ സ്വാധീനിക്കുന്നത്
ജീവിതം തുടരെ തുടരെ തടസ്സങ്ങളെ മാത്രം സമ്മാനിച്ച ഒരു സ്ത്രീ, മായയെന്ന വ്യക്തിയേയും അവരുടെ വംശത്തെതന്നെയും ക്രൂരമായി ലോകം തൃണവത്കരിച്ചപ്പോഴും അതിജീവനം സ്വന്തമായി നിര്‍മ്മിച്ചെടുത്ത അതിമാനുഷയായ സ്ത്രീ, തന്റെ ശരികള്‍ക്കും നീതിയ്ക്കും വേണ്ടി സഖാക്കളോട് ചേര്‍ന്ന് പ്രവര്‍ത്തിച്ച സ്ത്രീ, ജീവിതത്തിലെ ആദ്യ പ്രഹരങ്ങളേറ്റ് പകച്ചു നില്‍ക്കുന്ന സ്ത്രീകള്‍ക്ക് മുന്നോട്ട് പൊരുതാന്‍, ജയിക്കാന്‍ പടച്ചട്ട പണിഞ്ഞുകൊടുക്കുന്ന സ്ത്രീ. വേശ്യയെന്നും വര്‍ഗ്ഗീയവാദിയെന്നും വിരൂപയെന്നും സമൂഹം മുള്‍ക്കിരീടങ്ങള്‍ തറച്ചു വച്ചപ്പോഴും തളരാത്ത സ്ത്രീ. ഓരോ പ്രഹരവും വീണ്ടും ജീവിക്കാനുള്ള ഊര്‍ജ്ജമായി മാന്ത്രികപരിവര്‍ത്തനം നടത്തിയ സ്ത്രീ.
വേരുകള്‍ മണ്ണില്‍ ആഴത്തിലോടിയ, വാനോളം ഉയര്‍ന്നു പൊങ്ങി നിറയെ പുഷ്പിച്ച പ്രകൃതിയുടെ ഒരു നേര്‍സൃഷ്ടി പോലെ, തന്റെ ജീവിതം കാണാനും കേള്‍ക്കാനും ഉള്‍ക്കൊണ്ടുകൊണ്ട് പഠിക്കാനും അതിമനോഹരമായ വാക്കുകളിലൂടെ പകര്‍ന്നു വെച്ച സ്ത്രീ, വന്നതും വരാനിരിക്കുന്നതുമായ സകല ശൈത്യവും വേനലും അതിജീവിച്ച് അവര്‍ പുഷ്പിച്ചു തന്നെ നില്‍ക്കുന്നു.
സമൂഹത്തിന് നന്ദി, ഇനിയും പ്രതിഭാസങ്ങള്‍ സംഭവിക്കാന്‍, മായ ഏഞ്ചലോവ് എന്ന പ്രതിഭാസ വനിതയെ മെനഞ്ഞതിന്.