June 13, 2025 |
Share on

ദുബായില്‍ ഡ്രൈവറില്ലാ ടാക്‌സി പരീക്ഷണ ഓട്ടം തുടങ്ങി

ദുബായ് സിലിക്കണ്‍ ഒയാസിസിലായിരിക്കും ടാക്‌സികള്‍ സര്‍വ്വീസ് നടത്തുക. പരീക്ഷണ സര്‍വ്വീസിലെ പ്രവര്‍ത്തനം വിലയിരുത്തി നഗരത്തിലെ മറ്റിടങ്ങളിലേക്കും പിന്നീട് സര്‍വ്വീസ് വ്യാപിപ്പിക്കും.

ഇനി മുതല്‍ ടാക്‌സി ബുക്ക് ചെയ്ത് കഴിയുമ്പോള്‍ ഡ്രൈവറില്ലെന്ന് പറഞ്ഞ് മാറി പോകേണ്ട കാര്യമില്ല.ദുബായില്‍ ഡ്രൈവറില്ലാ ടാക്‌സികള്‍ സര്‍വ്വീസ് നിരത്തിലിറങ്ങി തുടങ്ങി.  ആദ്യ ഘട്ടത്തില്‍ മൂന്നു മാസത്തെ പരീക്ഷണ സര്‍വീസിലാണ് ടാക്‌സികള്‍ ഇപ്പോള്‍. ദുബൈ എക്‌സിബിഷന്‍ സെന്ററില്‍ ആരംഭിച്ച 38-ാമത് ജിടെക്‌സ് സാങ്കേതിക വാരത്തിലാണ് സ്വയം നിയന്ത്രിത ടാക്‌സികള്‍ ആര്‍.ടി.എ നിരത്തിലിറക്കിയത്.

ദുബായ് സിലിക്കണ്‍ ഒയാസിസിന്റെയും ഡി.ജി. വേള്‍ഡിന്റെയും സഹകരണത്തോടെയാണ് ഡ്രൈവറില്ലാ ടാക്‌സി രൂപകല്‍പന ചെയ്തത്. ഏറ്റവുംമികച്ച സുരക്ഷാ ക്രമീകരണങ്ങളാണ് ടാക്‌സിയില്‍ ഒരുക്കിയിരിക്കുന്നത്. വാഹനം നിയന്ത്രിക്കാനും, അപകടം ഒഴിവാക്കാനും, റോഡ് കാണാനും, ഗതാഗത തടസ്സം മനസിലാക്കാനും സഹായിക്കുന്ന സെന്‍സറുകളും ക്യാമറകളും ഘടിപ്പിച്ചിട്ടുണ്ട്. ദുബായ് മെട്രോ, ദുബായ് ട്രാം തുടങ്ങിയ സ്വയം നിയന്ത്രിത വാഹനങ്ങളുടെ പട്ടികയിലേക്ക് ഡ്രൈവറില്ലാ ടാക്‌സി കൂടിയെത്തുന്നത് പൊതുഗതാഗതം ഏകോപിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ്.

ദുബായ് സിലിക്കണ്‍ ഒയാസിസിലായിരിക്കും ടാക്‌സികള്‍ സര്‍വ്വീസ് നടത്തുക. പരീക്ഷണ സര്‍വ്വീസിലെ പ്രവര്‍ത്തനം വിലയിരുത്തി നഗരത്തിലെ മറ്റിടങ്ങളിലേക്കും പിന്നീട് സര്‍വ്വീസ് വ്യാപിപ്പിക്കും. ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന കാറില്‍ നാല് ഭാഗങ്ങളിലായി ഘടിപ്പിച്ചിരിക്കുന്ന സെന്‍സറുകളും മുന്നിലും പിന്നിലും കാറിനുള്ളിലും ക്യാമറകളും ഘടിപ്പിച്ചിരിക്കും. എല്ലാ ദിശയിലും 400 മീറ്റര്‍ വരെയുള്ള ചുറ്റുപാട് അപഗ്രഥിച്ച് സ്വയം നിയന്ത്രിക്കാനുള്ള സംവിധാനം കാറിലൊരുക്കിയിട്ടുണ്ട്. പരീക്ഷണ ഘട്ടമായതിനാല്‍ തല്‍ക്കാലം ഡ്രൈവിംഗ് സീറ്റില്‍ ആളുണ്ടാകും. എന്തെങ്കിലും കാരണവശാല്‍ കാറിന്റെ നിയന്ത്രണം ഏറ്റെടുക്കേണ്ടിവന്നാല്‍ വാഹനം നിയന്ത്രിക്കാനാണിത്.

ക്ഷണിക്കപ്പെട്ടവര്‍ക്ക് മാത്രമായിരിക്കും ഇപ്പോള്‍ യാത്ര ചെയ്യാന്‍ അവസരം. മാധ്യമങ്ങള്‍ക്കായും പ്രത്യേകം യാത്ര നടത്തും. 2030 ആവുമ്പോഴേക്കും ദുബൈയിലെ 25 ശതമാനം വാഹനങ്ങളും ഡ്രൈവറില്ലാതെ സഞ്ചരിക്കുന്നവയാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യം.

Leave a Reply

Your email address will not be published. Required fields are marked *

×