UPDATES

യാക്കോബ് തോമസ്

കാഴ്ചപ്പാട്

കെട്ടുകാഴ്ച

യാക്കോബ് തോമസ്

ശരീരം പാകം ചെയ്യുന്ന (ലിംഗ) അടുക്കളകള്‍

കരിയറും തന്റേതായ ജീവിതസങ്കല്പങ്ങളുമുള്ളവര്‍ക്ക് കുടുംബം എന്ന സങ്കല്പം അവരുടെ വഴികളെ തടയുന്ന ഒന്നുതന്നെയാണ്.

                       

ശരീരം എന്നത് പ്രകൃതിദത്തമാണെന്നും അവയില്‍ കൂട്ടിച്ചേര്‍പ്പോ മാറ്റിമറിക്കലോ ഒന്നും സാധ്യമല്ലെന്നുള്ള ബോധ്യങ്ങളാണ് ഇന്നേറെ തിരുത്തപ്പെട്ടുകൊണ്ടിരിക്കുന്നത്. സദാചാരത്തെയോ വസ്ത്രങ്ങളെയോ സംസ്കാരത്തെയോ കുറിച്ചുള്ള ചിന്തകളും മറ്റും ശരീരത്തിന്റ പ്രകൃതിദത്തതയും ജൈവികതയുമാണ് ഏറ്റവുമധികം ചോദ്യം ചെയ്യുന്നതെന്നു കാണാം. മറുഭാഗത്ത് ഊട്ടിയുറപ്പിക്കുന്നതും ശരീരം പാവനമാണെന്നും ദൈവികമാണെന്നുമാണ്. സ്ത്രീശരീരത്തിന്റെ കാര്യത്തിലാണ് ഇത്തരം ഉറപ്പിക്കലുകളുടെയും ജൈവികതയുടെയും ശക്തി ഏറുന്നതും. ഇവിടെയാണ് നമ്മുടെ സമൂഹം ശരീരത്തെ നിര്‍മിക്കുന്ന പാചകവിധികളെ വീണ്ടും വീണ്ടും വായിക്കേണ്ടത്. പലതരത്തിലുള്ള അധികാരഘടനകളിലൂടെ സൂക്ഷ്മരൂപത്തില്‍ നെയ്തെടുക്കപ്പെടുന്ന ആണ്‍- പെണ്‍ ശരീരത്തെക്കുറിച്ച് സന്ദേഹങ്ങളുന്നയിക്കേണ്ടതും ജനാധിപത്യപരമായി ശരീരങ്ങളെ വിന്യസിക്കേണ്ടുന്ന രാഷ്ട്രീയത്തെക്കുറിച്ച് സംസാരിക്കേണ്ടതും ഉണ്ട്.

ജിംനേഷ്യം എന്ന അടുക്കള
ശരീരത്തിന്റെ നിര്‍മാണവും പൊളിക്കലുമൊക്കെ വിവരിക്കുന്ന ഒരു കാഴ്ചയാണ് വിക്രമിന്റെ ഐ എന്ന തമിഴ് സിനിമ (സംവിധാനം- ശങ്കര്‍, 2014). വിഭിന്നമായ നാലു ഘട്ടത്തിലൂടെ ഒരു പുരുഷ ശരീരം കടന്നുപോകുന്നതാണ് കഥ. ലിംഗേശന്‍ എന്ന യുവാവിന്റെ മോഹം അവന്റെ ശരീരത്തെ കരുത്തുറ്റതാക്കി മിസ്റ്റര്‍ ഇന്ത്യ പട്ടം വാങ്ങണം എന്നതായിരുന്നു. അതിനായി അവന്‍ ജിമ്മില്‍ കഠിനമായി അധ്വാനിക്കുകയാണ്. ഇക്കാര്യത്തില്‍ അവന് എതിരാളികളുമുണ്ട്. അവനേതായാലും മിസ്റ്റര്‍ തമിഴ്നാട് ജയിക്കുന്നു. ഈ സമയത്താണ് ദിയ എന്ന മോ‍‍ഡലിംഗ് താരവുമായി ലിംഗേശന്‍ പരിചയപ്പെടുന്നത്. ആ പരിചയം വളരുന്നു. പുതിയ ഒരു പരസ്യത്തില്‍ ലിംഗേശനെ ഉള്‍പ്പെടുത്താന്‍ തീരുമാനിക്കുകയും ചെയ്തു. ദിയയുടെ മേക്കപ്പ് ചെയ്യുന്ന ആള്‍ ലിംഗേശന്റെ സൗന്ദര്യം ആകെ മാറ്റിമറിച്ചു. ആരും കൊതിക്കുന്ന പുരു‍ഷ സൗന്ദര്യമാക്കി അവര്‍ ലിംഗേശനെ മാറ്റി. പരസ്യത്തിനായി ഇരുവരും ചൈനയിലേക്കു പോവുകയും പരസ്യം ഹിറ്റാകുകയും ചെയ്തു. അവര്‍ക്കിടയില്‍ പ്രണയം രൂപപ്പെടുകയും ചെയ്യുന്നു.

ലീ വ്യവസായിയായ ഇന്ദ്രകുമാറിന്റെ കമ്പനിയുടെ കോളയില്‍ വിഷമുള്ളതായി പറഞ്ഞതോടെ ആകെ പ്രശ്നമായി. ഇതിനിടെ ലീയും ദിയയും തമ്മിലുള്ള വിവാഹം നിശ്ചയിക്കുന്നു. ഒരു രാത്രി യാത്രക്കിടയില്‍ ലീയെ ചിലര്‍ തട്ടിക്കൊണ്ടുപോകുന്നു. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ലീയുടെ ദേഹത്ത് പലതരം മാറ്റങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. തലമുടിയും പല്ലും കൊഴിയുന്നു. ചെറുതും വലുതുമായ കുരുക്കള്‍ പ്രത്യക്ഷപ്പെടുന്നു. ലീ ഡോക്ടറെ കാണുന്നു. വിശദമായ പരിശോധനകള്‍ക്കു ശേഷം അത് ജനിതക മാറ്റമാണെന്ന് ഡോക്ടര്‍ വിധിക്കുന്നു. അതോടെ മാനസികമായി തകര്‍ന്ന ലീ പ്രത്യക്ഷമായ ജീവിതം കുറയ്ക്കുകയും ഏകാന്തയിലേക്ക് വലിയുകയും ചെയ്തു.

ഇതിനിടെ തന്റെ മരണം കപടമായി നടത്തി ദിയയുമായുള്ള വിവാഹം വേണ്ടെന്നുവച്ചു. പക്ഷേ യാദൃച്ഛികമായി ലീയെ മറ്റൊരു ഡോക്ടര്‍ പരിശോധിക്കുകയും ലീയുടെ ശരീരത്തിലെ മാറ്റങ്ങള്‍ ഐ എന്ന വൈറസിന്റെ ഫലമാണെന്നു പറയുകയും ചെയ്തതോടെ ലീ തന്റെ ജീവിതത്തെ പ്രതികാരത്തിലേക്കു വഴിതിരിക്കുന്നു. ലീയെ ഇല്ലാതാക്കാനായി എതിരാളികള്‍ ചെയ്തതാണ് ഇതെന്ന് പറയുന്നതോടെ ഓരോരുത്തരോടും ലീ പ്രതികാരം ചെയ്യാന്‍ തുടങ്ങുന്നു. പ്രതികാരാനന്തരം അവന്‍ ദിയയോട് സത്യങ്ങള്‍ പറയുകയും ദിയ അവനെ തന്റെ ജീവിതത്തിലേക്ക് ക്ഷണിക്കുകയും ചെയ്യുന്നു. രൂപഭേദം വന്ന ലീയുടെ ശരീരം പലതരം പരിശീലനത്തിലൂടെ വീണ്ടും പഴയ അവസ്ഥയിലേക്ക് മാറ്റുന്നതോടെയാണ് സിനിമ അവസാനിക്കുന്നത്.

നാലുഘട്ടങ്ങളിലൂടെയാണ് ലീയുടെ ശരീരം കടന്നുപോകുന്നത്. ജിമ്മില്‍ പരിശീലിച്ച് കരുത്തുറ്റ ശരീരം നിര്‍മിക്കുന്ന ബോഡി ബില്‍ഡറുടെ ശരീരം. പരസ്യമോഡലായ ലീയുടെ സൗന്ദര്യവത്ക്കരിച്ച ശരീരം. കുത്തിവയ്പിലൂടെ വിരൂപമായ ലീയുടെ ശരീരം. വിരൂപമായ ശരീരം രൂപം വീണ്ടെടുക്കുന്ന ഘട്ടം. ഈ നാലുഘട്ടവും എങ്ങനെയാണ് രൂപപ്പെടുന്നതെന്ന പ്രശ്നമാണ് ശ്രദ്ധിക്കേണ്ടത്. ബാഹ്യമായി നോക്കിയാല്‍ ലീയുടെ ശരീരത്തിലെ മാറ്റങ്ങള്‍ ‘യാദൃച്ഛിക’മായി സംഭവിക്കുകയാണെന്നു കാണാം. ഇന്ത്യന്‍ സമൂഹത്തിലെ പൊതു ആണ്‍ബോധം പോലെ ഭിന്നലൈംഗികതയിലൂന്നി വളരുന്ന കൗമാര- യൗവ്വനഘട്ടങ്ങളിലൂടെ കടന്നുപോകുന്നവന്‍. ശരീരത്തിന് മസിലും കരുത്തും വേണമെന്നും അതിലൂടെ മിസ്റ്റര്‍ ഇന്ത്യാ പട്ടം നേടാമെന്നുമുള്ള ആഗ്രഹം യാദൃച്ഛികതയുടെ സൃഷ്ടിയല്ല. ഇന്ത്യന്‍ സമൂഹത്തിലെ ആണത്ത സങ്കല്പങ്ങളുടെ സൃഷ്ടിയാണത്. ആണെന്ന് പറയുന്നത് കരുത്തുറ്റ ശരീരമാണെന്നും അക്രമോത്സുകതയാണതിന്റെ സ്വഭാവമെന്നും അതിനായി ശരീരത്തെ വ്യായാമങ്ങളിലൂടെ പാകപ്പെടുത്തേണ്ടതുണ്ടെന്നും ആണിനെ പഠിപ്പിക്കുന്ന ശരീരശാസ്ത്രത്തിന്റെ സൃഷ്ടി.

ആണത്തം അടിച്ചുതകര്‍ക്കലിന്റെയും കീഴടക്കലിന്റെയും ശരീര പ്രയോഗമാണെന്നു ധരിക്കുന്നിടത്താണ് ലിംഗേശന്മാരുടെ ശരീരം ഇത്തരത്തില്‍ രൂപപ്പെടുന്നത്. ഭിന്നലൈംഗികതയുടെ പ്രത്യയശാസ്ത്ര പരിസരത്തിലാണതിന്റെ തച്ചുശാസ്ത്രം വളരുന്നത്. കരുത്തുറ്റ ശരീരത്തിനു ഭിന്നമായി പെണ്‍ശരീരം എതിര്‍സ്ഥാനത്തു വരുന്നു. ഇത്തരത്തിലുള്ള ദ്വന്ദത്തിലൂടെയാണ് ഐയിലെ ശരീരങ്ങള്‍ സഞ്ചരിക്കുന്നത്. ഭിന്നലൈംഗികതയില്‍ അടിസ്ഥാനപ്പെട്ട ആണത്തത്തിന്റെ ശരീരഭാഷയാണ് സിനിമയുടെ അടിസ്ഥാന പ്രവര്‍ത്തനം. ഇതിന്റെ അടിസ്ഥാനത്തില്‍ ലീ നിര്‍മിച്ചെടുക്കുകയാണ് അദ്ദേഹത്തിന്റെ ശരീരത്തെ. സമൂഹത്തിലെ അധീശപരമായ വ്യവഹാരങ്ങളിലൂടെ നിര്‍മിക്കപ്പെടുന്നതാണ് ശരീരങ്ങള്‍. പുരുഷാധിപത്യം, കുടുംബം, ഭരണകൂടം, ആശുപത്രി, മാധ്യമങ്ങള്‍, കല തുടങ്ങിയവയെല്ലാം ഈ ശരീര നിര്‍മാണത്തില്‍ പ്രത്യയശാസ്ത്രപരമായി പങ്കെടുക്കുന്നതു കാണാം. അതായത് പുരുഷ ശരീരം ഇത്തരത്തില്‍ വളരുന്നതിന് എല്ലാ സഹായവും അവ ചെയ്യുന്നു.

നായിക ദിയയുടെ ശരീരം ഇതിനുദാഹരണമാണ്. സ്ത്രീയായ, മോഡലായ ദിയ തന്റെ ശരീരത്തെ രൂപപ്പെടുത്തുന്നത് സമൂഹത്തിലെ നിലവിലുള്ള മോഡലിംഗ് സ്ത്രീയുടെ ശരീരഭാഷയിലൂന്നിയാണ്. മൃദുലത, വെളുപ്പ്, സൗന്ദര്യം, ശാലീനത തുടങ്ങിയ സ്ത്രീ ഗുണങ്ങളിലൂന്നിയാണ് ദിയ തന്റെ ശരീരത്തെ സങ്കല്പിക്കുന്നത്. നിലവിലെ ആണ്‍ ശരീരത്തിന്റെ വിപരീതം എന്ന നിലയിലാണതിന്റെ വളര്‍ച്ച. അബലയെന്നൊക്കെ വിളിക്കപ്പെടുന്ന സ്ത്രീ ശരീരത്തിനു ചേരുന്ന ദയ, ക്ഷമ തുടങ്ങിയ ഗുണങ്ങളിലൂന്നിയാണ് ആ ശരീരത്തെ വളര്‍ത്തുന്നത്. ദിയയുടെ ശരീരത്തിന് സിനിമയിലുടനീളം ഒരു ഭാവമേയുള്ളൂ. സ്ത്രീശരീരത്തിന്റെ ‘പ്രകൃതിദത്തം’ എന്നുപറയുന്ന അവസ്ഥയാണത്. എന്നാല്‍ ലീയുടെ ശരീരം പല അവസ്ഥകളിലൂടെ, പരിണാമങ്ങളിലൂടെ കടന്നുപോകുന്നു. ഓരോ കാലത്തെയും വ്യത്യസ്ത വ്യവഹാരങ്ങളില്‍ ലീയുടെ ശരീരം നിര്‍മിക്കപ്പെടുന്നതാണ് കാണുന്നത്. ശരീരത്തിന്റെ ജൈവികതയെന്തെന്നോ അതിന്റെ ഉള്ളിലെ ഘടകങ്ങളെന്തെന്നോ ഉള്ളതല്ല ശരീരത്തിന്റെ കാഴ്ചയെ സാധ്യമാകുന്നത്, മറിച്ച് ശരീരത്തെ അണിയിച്ചൊരുക്കുന്നവയാണ്. സാധാരണ കരുത്തിലൂന്നിയുള്ള സൗന്ദര്യം മാത്രമുണ്ടായിരുന്ന ശരീരമാണ് മോഡലായി അണിയിച്ചൊരുക്കുന്നതിലൂടെ മറ്റൊരു തരത്തില്‍ തിളങ്ങുന്ന പുരുഷസൗന്ദര്യത്തിന്റെ രൂപമായി മാറുന്നത്.

തന്റെ ശരീരത്തെ വിരൂപമാക്കിയ ശക്തികളെ തിരിച്ചറിയുന്നതോടെ പ്രതികാരത്തിനൊരുങ്ങുന്ന ലീ ചെയ്യുന്നതും അവരുടെ ശരീരത്തെ തന്നെ ചെയ്തപോലെ തകര്‍ക്കുക എന്നതാണ്. തന്റെ ശത്രുക്കളെ ഓരോരുത്തരെയായി അദ്ദേഹം കണ്ടത്തി അവരുടെ ശരീരത്തെ വിരൂപമാക്കുന്നു. മരുന്നു കുത്തിവച്ചും തീപ്പൊള്ളലേല്‍പ്പിച്ചും തേനീച്ചയെക്കൊണ്ട് ആക്രമിച്ചും നേരിട്ടാക്രമിച്ചും എല്ലാവരോടും ലീ പ്രതികാരം ചെയ്യുന്നു. ശരീരം എന്ന നിര്‍മിതിയെ അജൈവമായ പ്രക്രിയകളിലൂടെ നിര്‍മിച്ചുകൊണ്ടേയിരിക്കാം എന്ന പാഠമാണ് സിനിമ പറയുന്നത്. ജൈവികമായ ശരീരത്തിന്റെയും അതിന്മേല്‍ കെട്ടപ്പെട്ട സവിശേഷ ഗുണങ്ങളുടെയും ആകെത്തുകയായ ശരീരം എന്ന സത്ത ഇവിടെ തകര്‍ക്കപ്പെടുകയും നിരന്തരം നിര്‍മിക്കുകയും അഴിക്കുകയും ചെയ്യാവുന്ന ഒന്നാണെന്നു കാണിച്ചുതരികയുമാണ് ഐ ചെയ്യുന്നത്. വിരൂപമാക്കപ്പെട്ട് വീണ്ടും ശുശ്രൂഷയിലൂടെ  വീണ്ടെടുക്കപ്പെടുന്ന ലീയുടെ ശരീരം സിനിമ അവസാനിക്കുമ്പോള്‍ പഴയ മസില്‍ ശരീരംപോലെ നില്‍ക്കുന്നതാണ് കാണിക്കുന്നത്.  പലതരം പ്രക്രിയകളിലൂടെ സംവിധാനം ചെയ്യപ്പെടുന്ന, ചിട്ടപ്പെടുന്ന ആണ്‍ശരീരത്തിന്റെ മൂര്‍ത്തീകരണ ചരിത്രത്തിലേക്ക് നമ്മുടെ ജൈവികശരീരമെന്ന തോന്നലിനെ എറിഞ്ഞുടയ്ക്കുന്നുണ്ട് സിനിമ.

മേരി കോം- നിര്‍മിച്ചെടുത്ത പെണ്‍ശരീരം
മേരികോം എന്ന ബോക്സിംഗ് താരത്തിന്റെ ജീവിതകഥയാണ് മേരികോം എന്ന സിനിമ (സംവിധാനം ഓമുഗ് കുമാര്‍, 2014). പ്രിയങ്ക ചോപ്ര മേരിയായി വരുന്ന, ഐ പോലെ നാടകീയ, സംഭവബഹുലമല്ലാത്ത, എന്നാല്‍ വഴിത്തിരിവുകളും പോരാട്ടങ്ങളുമുള്ള ഒരു പെണ്‍ജീവിതത്തിന്റെ കഥ പറയുന്നു. മണിപ്പൂരിലെ സാധാരണ ഗ്രാമത്തില്‍ ദാരിദ്ര്യം നിറഞ്ഞ വീട്ടിലാണ് മേരി ജനിച്ചത്. കുട്ടിക്കാലത്ത് ഏതോ കലാപത്തിനിടയില്‍ നിന്നും അവള്‍ക്കു കിട്ടിയത് ഒരു ബോക്സിംഗ് ഗ്ലൗസാണ്. അതവളുടെ കൂട്ടുകാരിയായി മാറി. എന്നാലവളുടെ അച്ഛന്‍ അതിന്റെ പേരില്‍ അവളോടു കയര്‍ക്കുന്നു. അച്ഛന്‍ കാണാതെ അവളത് സൂക്ഷിക്കുന്നു. കൗമാരത്തിലേക്കു വളരുമ്പോള്‍ അവള്‍ എന്തിനോടും പൊട്ടിത്തെറിക്കുന്ന സ്വഭാവത്തിനുടമയായി മാറുന്നു. അങ്ങനെയൊരിക്കല്‍ ആണ്‍കുട്ടികളുമായി വഴക്കുണ്ടാക്കി അവളോടിക്കയറുന്നത് അവിടുത്തെ ബോക്സിംഗ് പരിശീലന കേന്ദ്രത്തിലാണ്. അവിടെവച്ച് അവള്‍ക്ക് കോച്ചില്‍ നിന്ന് ബോക്സിംഗ് പരിശീലത്തിനുള്ള സമ്മതം കിട്ടുന്നു. പിന്നെ പരിശീലനമാണ്. അതിരാവിലെ വീട്ടില്‍ നിന്നിറങ്ങി കഠിനമായ പരിശീനത്തിലൂടെ അവള്‍ കടന്നുപോകുന്നു. അവളുടെ ശരീരം അങ്ങനെ സാദാ പെണ്‍ജീവിതത്തില്‍ നിന്ന് കായികകരുത്തുള്ള, എന്തിനെയും നേരിടാന്‍ കഴിയുന്ന ശരീരത്തിനുടമയായി മാറുന്നു. അങ്ങനെ മേരി ബോക്സിംഗ് രംഗത്ത് പതുക്കെ അറിയപ്പെടുന്നു. ഈ സമയത്താണ് അവളുടെ പേര്  കോച്ച് മേരി കോം എന്നാക്കുന്നത്. അവള്‍ സംസ്ഥാനതലത്തിലും ദേശീയതലത്തിലും ശ്രദ്ധിക്കപ്പെടുന്ന വിജയങ്ങള്‍ നേടുകയും പിണക്കത്തിലായിരുന്ന അച്ഛന്റെ സ്നേഹം നേടിയെടുക്കുകയും ചെയ്തു. ഇതിനിടയില്‍ പരിചയപ്പെട്ട ഓണ്‍ലര്‍ എന്ന ഫുട്ബോള്‍ കളിക്കാരനുമായി അവള്‍ അടുക്കുകയും അവര്‍ വിവാഹിതരാകുകയും ചെയ്തു. ഈ വിവാഹത്തെ അവളുടെ കോച്ച് ഏറെ എതിര്‍ത്തിരുന്നു.

വിവാഹം കഴിഞ്ഞ് അധികം താമസിയാതെ ഗര്‍ഭിണിയാകുന്നതോടെയാണ് അവള്‍ തന്റെ ജീവിതത്തെ തിരിച്ചറിയുന്നത്. ജനിക്കാന്‍ പോകുന്ന കുട്ടികളെയോര്‍ത്ത് പരിശീലനവും മറ്റും മാറ്റിവച്ച് കഴിയേണ്ടുന്ന അവസരത്തിലാണ് അവള്‍ തന്റെ ജീവിതത്തിലെ പ്രതിസന്ധിയെ മനസിലാക്കുന്നത്. താന്‍ ഇത്രയുംകാലം പോരാടി നേടിയെടുത്ത മെഡലുകളും ട്രോഫികളും അവളുടെ കരിയറിനെക്കുറിച്ച് അവളെ ഓര്‍മപ്പെടുത്തി. താന്‍ കരിയറിന്റെ മികച്ച വേളയില്‍ വിവാഹം ചെയ്തതില്‍ അവള്‍ക്കു വേദന തോന്നി. എന്നാല്‍ ഓണ്‍ലര്‍ അവളെ സാന്ത്വനിപ്പിച്ചു. പ്രസവച്ചതിനുശേഷം കരിയറിലേക്കു മടങ്ങുവാന്‍ കഴിയുമെന്ന്. ഇതിനിടെ കിട്ടിയ പോലീസ് കോണ്‍സ്റ്റബിളിന്റെ ജോലി അവള്‍ തന്റേടത്തോടെ നിരസിക്കുന്നുണ്ട്. ഇരട്ടക്കുട്ടികളെ പ്രസവിച്ചശേഷം അവള്‍ പതുക്കെ തന്റെ കായികലോകത്തേക്കു തിരികെ പോകാന്‍ ശ്രമിക്കുന്നതാണ് സിനിമയിലെ പ്രധാനപ്പെട്ട ഭാഗം. കുട്ടികളുടെ ഉത്തരവാദിത്തം ഭര്‍ത്താവേറ്റെടുത്തു. അതിരാവിലെ മുതലുള്ള കായികപരിശീലനം മുറയ്ക്കു തുടര്‍ന്നു. ആദ്യം വിസമ്മതിച്ച കോച്ച് അവളെ പിന്തുണച്ചു. ഒരുപാട് പ്രതിസന്ധികളിലൂടെ കടന്നുപോയി മത്സരവേദികളിലേക്ക് തിരിച്ചുകയറിയ മേരി അന്തര്‍ദേശീയ വുമണ്‍ ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ വിജയം നേടുന്നിടത്താണ് സിനിമ അവസാനിക്കുന്നത്.

ആക്ഷന്‍ സിനിമകളിലെ സ്ത്രീ ശരീരം സര്‍ഗാത്മകമായ ഒരു രാഷ്ട്രീയമാണ് സന്നിവേശിക്കുന്നതെന്ന് ഇന്നേറെ ചര്‍ച്ചചെയ്യപ്പെടുന്നുണ്ട്. മേരിയുടെ ശരീരം സാധാരണ സിനിമകളിലെ സ്ത്രീശരീര രാഷ്ട്രീയമല്ല പങ്കുവയ്ക്കുന്നത്. കാഴ്ചയ്ക്കുള്ള ഒരു വിഭവമെന്ന നിലയിലുള്ള സ്ത്രീ ശരീരമെന്ന സങ്കല്പത്തെ മേരിയുടെ ശരീരം കൈയൊഴിയുന്നു. സ്വാതന്ത്ര്യത്തോടെ പെരുമാറുന്ന ശരീരമാണത്. ഇളകിയാടുകയും സംഘട്ടനം നടത്തുകയും നിര്‍ഭയമായി ജീവിക്കുകയും പിതാവിന്റെ അധികാരത്തെ മറികടന്ന് തീരുമാനമെടുക്കുകയും ചെയ്യുന്ന ശരീരമാണ് മേരിയുടേത്. സിനിമയിലുടനീളം മേരിയുടെ പെണ്‍ശരീരം കായികമായ പോരാട്ടത്തിലാണ്, മത്സരവേദികളിലാണ്. വീട്ടിലോ മറ്റോ അവളുടെ സാന്നിധ്യത്തെ അടയാളപ്പെടുത്തുന്നത് വളരെ കുറച്ചു സമയം മാത്രം. പ്രണയത്തിന്റെ ദൃശ്യങ്ങളില്‍ അവളുടെ ശരീരം ഭാഗഭാക്കാകുന്നില്ല. മറിച്ചൊരു പുരുഷ ശരീരത്തിന്റെ സാന്നിധ്യമായാണവള്‍ പെരുമാറുന്നത്. ബോക്സിംഗ് പരിശീലനത്തിലൂടെ കരുത്തുള്ള ശരീരമായി ജീവിതത്തെ നേരിടുന്ന പെണ്‍ശരീരത്തിന്റെ ആവിഷ്കാരമാണ് മേരിയുടെ ശരീരം നിര്‍വഹിക്കുന്നത്. ഒറ്റയ്ക്കു നില്‍ക്കുന്ന ശരീരം. സ്ത്രീസഹജമെന്നു പറയപ്പെടുന്ന നാണവും മറ്റും പ്രകടിപ്പിക്കാത്ത ശരീരം. പ്രസവത്തിനു ശേഷം തന്റെ കരിയറിലേക്കു കടന്നുവരാനായി കഠിനമായ പരിശീലനത്തിലേര്‍പ്പെടുന്ന മേരിയുടെ ശരീരമാറ്റങ്ങളാണ് ശ്രദ്ധിക്കേണ്ടത്. വിവാഹം, പ്രസവം തുടങ്ങിയവ ഇന്ത്യന്‍ സമൂഹം സ്ത്രീകളെ അതിഭീകരമായി മെരുക്കാനായി ഉപയോഗിക്കുന്നവയാണ്. അത്തരം വ്യവഹാരങ്ങളെയാണ് മേരിയുടെ ശരീരം തകര്‍ക്കുന്നത്. ശരീരം ബാധ്യതയല്ല, മറിച്ച് സാധ്യതയാണ് എന്നാണ് മേരി പറയുന്നത്.

എന്നാല്‍ കുടുംബം ഒരു ബാധ്യതയായിട്ടാണ് മേരിയുടെ ശരീരം അടയാളപ്പെടുത്തുന്നത്. കരിയറും തന്റേതായ ജീവിതസങ്കല്പങ്ങളുമുള്ളവര്‍ക്ക് കുടുംബം എന്ന സങ്കല്പം അവരുടെ വഴികളെ തടയുന്ന ഒന്നുതന്നെയാണ്. ഇവിടെ കുടുംബത്തെ നേരിടുകയെന്ന പ്രക്രിയയാണ് സാധ്യമാക്കേണ്ടത്. അഥവാ പുതിയരൂപത്തില്‍ കുടുംബത്തെ നിര്‍വചിക്കുക. ആണിന്റെ ജീവിതവും ജോലിയും മറ്റ് പ്രകടനങ്ങളും സ്വാഭാവികമായിട്ടാണ് സിനിമകളില്‍ കാണുക. എന്നാല്‍ സ്ത്രീക്കത് പോരാടി നേടിയെടുക്കേണ്ട ഒന്നാണ്. അതിന്റെ ശത്രുസ്ഥാനത്ത് വരിക കുടുംബമായിരിക്കുകയും ചെയ്യും. ഐയില്‍ കാണുന്നത് ആണിന്റെ സ്വാഭാവികമായ ശരീരത്തിന്റെ പ്രകടനമാണ്. അതിന് ബാധ്യതകളോ പരിധി നിശ്ചയിക്കുന്ന ഘടകങ്ങളോ ഇല്ല. മറിച്ച് നിലവിലെ വ്യവഹാരങ്ങളെല്ലാം ആണുങ്ങളോടു പറയുന്നത് കരുത്തുറ്റ ശരീരം നേടുകയെന്നാണ്. എന്നാല്‍ അതിരുകളും വഴക്കങ്ങളുമെല്ലാം സ്ത്രീയുടെ കരുത്തുറ്റ ശരീരത്തിനു വിഘാതമാണ്. ഓരോ ഘട്ടത്തിലും പോരാട്ടം ആവശ്യമാകുന്നു.  വിലക്കുകളില്ലാതെ സ്ത്രീക്കും പുരുഷനും കരുത്തുറ്റ ശരീരവും സ്വതന്ത്രജീവിതവും സാധ്യമാക്കുന്ന സാമൂഹ്യസംവിധാനങ്ങളെക്കുറിച്ച് ചിന്തിക്കുക എന്നതാണ്, അതിന്റെ കാഴ്ചകളെ തുറന്നുവിടുക എന്നതുമാണ് ഇന്നേറെ ഉണ്ടാകേണ്ടത്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

യാക്കോബ് തോമസ്

യാക്കോബ് തോമസ്

പത്തനംതിട്ട സ്വദേശി, ഇപ്പോള്‍ കൊടുങ്ങല്ലൂർ കെ കെ ടി എം കോളേജില്‍ അദ്ധ്യാപകന്‍, എഴുത്തുകാരന്‍

More Posts

Follow Author:
Facebook

Share on

മറ്റുവാര്‍ത്തകള്‍