1992 ഡിസംബര്‍ 6ന് അയോധ്യയിലെ ബാബറി മസ്ജിദിന്റെ മൂന്ന് താഴികക്കുടങ്ങള്‍ തകര്‍ത്ത സമയം മുതല്‍ അന്തരീക്ഷത്തില്‍ ഉയര്‍ന്നു കേള്‍ക്കുന്ന ഒരു ആരോപണമാണ് കോണ്‍ഗ്രസിന്റെ മൗനസമ്മതം എന്നത്. ബാബറി മസ്ജിദ് തകര്‍ക്കുന്ന സമയം പ്രധാനമന്ത്രിയായിരുന്നത് കോണ്‍ഗ്രസ് നേതാവായ നരസിംഹ റാവു ആയിരുന്നു. നരസിംഹ റാവു മൗനമായി എല്ലാം കണ്ടിരുന്നു എന്ന ആരോപണം വ്യാപകമായി അന്നുണ്ടായിരുന്നു. ബാബറി മസ്ജിദ് തകര്‍ത്തതില്‍ 1.5 ലക്ഷം പേര്‍ പങ്കെടുത്തിരുന്നു. ബാബറി മസ്ജിദിന്റെ പൊളിക്കലിനെ തുടര്‍ന്നുണ്ടായ വര്‍ഗീയ കലാപത്തില്‍ ഇന്ത്യയിലുടനീളം രണ്ടായിരത്തോളം പേര്‍ കൊല്ലപ്പെട്ടു.
ഇന്ന് സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും അയോധ്യ ക്ഷേത്ര നിര്‍മ്മാണ ആഘോഷങ്ങള്‍ക്ക് പിന്തുണ നല്‍കുന്ന രീതിയില്‍ മൗനമായിരിക്കുന്നു.
ഉത്തര്‍പ്രദേശിലെ വിജയം കോണ്‍ഗ്രസിന്റെ നിലനില്‍പ്പിന്റെ പ്രധാന കണ്ണിയാണ്. ഉത്തര്‍പ്രദേശില്‍ ജയിക്കണമെങ്കില്‍ ഹിന്ദുക്കളുടെ വോട്ട് വേണം എന്ന് കോണ്‍ഗ്രസിന് നന്നായി അറിയാം. ഹിന്ദു വോട്ടുകള്‍ക്കായി കോണ്‍ഗ്രസ് ശ്രീരാമന്റെ ജന്മസ്ഥലമായ അയോധ്യയിലെ സരയൂ നദിക്കരയിലെ രാമ ക്ഷേത്രനിര്‍മ്മാണത്തിന് അനുകൂലമായി നില്‍ക്കുന്നു എന്നുള്ളത് പരസ്യമായ ഒരു രഹസ്യമാണ്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് കഴിയുമ്പോഴും കോണ്‍ഗ്രസിന് വോട്ടിംഗ് ശതമാനം കുറഞ്ഞുവരുന്നു എന്നുള്ള ദയനീയ സ്ഥിതി അവരെ വല്ലാതെ അസ്വസ്ഥരാക്കിയിട്ടുണ്ട്. കോണ്‍ഗ്രസിന് നല്ല വേരോട്ടമുള്ള ഉത്തര്‍പ്രദേശില്‍ പോലും അവര്‍ക്ക് വേണ്ടത്ര പിന്തുണ ലഭിക്കുന്നില്ല എന്നുള്ളത് ഒരു യാഥാര്‍ത്ഥ്യമാണ്. ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന്റെ സ്വന്തം മണ്ഡലങ്ങളില്‍ പോലും മറ്റു പാര്‍ട്ടികള്‍ വിജയിച്ചു വരുന്നു എന്നുള്ളത് ഞെട്ടല്‍ ഉണ്ടാക്കുന്ന കാര്യമാണല്ലോ. സ്വന്തം മണ്ഡലം തിരിച്ചുപിടിക്കുക എന്നുള്ളത് കോണ്‍ഗ്രസിന്റെ നേതാക്കളുടെ ഒരു ആഗ്രഹമാണ്. ഗാന്ധി കുടുംബത്തില്‍ നിന്നുള്ള എല്ലാവരും അവിടെ തോല്‍വിയോട് അടുക്കുമ്പോള്‍ അത് തടയേണ്ടത് കോണ്‍ഗ്രസിന്റെ ഒരു ആവശ്യമാണ്. ഈയൊരു ആവശ്യം സാധിച്ചെടുക്കുന്നതിന് വേണ്ടി എന്തു വിട്ടുവീഴ്ചയ്ക്കും കോണ്‍ഗ്രസ് തയ്യാറാകുന്നു എന്നുള്ളിടത്താണ് വിമര്‍ശനങ്ങള്‍ ഉയരുന്നത്.
1992 ഡിസംബര്‍ ആറിന് എല്‍കെ അദ്വാനിയുടെ നേതൃത്വത്തില്‍ കര്‍സേവകര്‍ അയോധ്യയിലെ ബാബറി മസ്ജിദ് മൂന്ന് താഴികക്കുടങ്ങള്‍ തകര്‍ത്തപ്പോള്‍ മൗനമായിരുന്ന പ്രധാനമന്ത്രി നരസിംഹറാവുവിനെ വിമര്‍ശിച്ചുകൊണ്ട് രജീന്ദ്രപുരി വരച്ച ഒരു കാര്‍ട്ടൂണ്‍ ഉണ്ട്. സമൂഹത്തിനു മുന്നില്‍ കര്‍സേവകര്‍ക്ക് തടസം പറയുന്ന നരസിംഹ റാവുവും അതേസമയം അവര്‍ക്ക് അനുകൂലമായി നിലകൊള്ളുന്നു എന്നുള്ള അര്‍ത്ഥം വരുന്ന കാര്‍ട്ടൂണ്‍ ആയിരുന്നു അത്. എല്‍. കെ. അദ്വാനിയുമായി പ്രധാനമന്ത്രി നരസിംഹ റാവു പഞ്ചസുസ്തിയില്‍ ഏര്‍പ്പെടുന്നു. രണ്ട് പേര്‍ ചേര്‍ന്ന് കൈകളുപയോഗിച്ച് ഏര്‍പ്പെടുന്ന ഒരു കായിക വിനോദമാണ് പഞ്ചഗുസ്തി. നരസിംഹറാവു മേശയ്ക്കിടയിലൂടെ എതിരാളിയായ അദ്വാനിക്ക് കൈ കൊടുക്കുന്നതണ് കാര്‍ട്ടൂണ്‍. പ്രസ്തുത കാര്‍ട്ടൂണ്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും പലയിടങ്ങളിലും കോണ്‍ഗ്രസിനെതിരായി മറ്റു പ്രതിപക്ഷ കക്ഷികള്‍ ശക്തമായി ഉപയോഗിക്കുകയും ചെയ്തിരുന്നു എന്നുള്ളത് ഒരു യാഥാര്‍ത്ഥ്യമാണ്. കോണ്‍ഗ്രസിന്റെ ചരിത്ര വായനയില്‍ കാര്‍ട്ടൂണിലെ വിഷയം ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു.