UPDATES

വിദേശം

സങ്കൽപ്പിക്കാനാവാത്ത നഷ്ടത്തിൻ്റെ നേർചിത്രം

മൊഹമ്മദ് സലേമിന് ‘വേള്‍ഡ് പ്രസ് ഫോട്ടോ ‘ പുരസ്‌കാരം

                       

കണ്ടു നിൽക്കുന്നവരുടെ ഉള്ളിൽ നോവുണർത്തുന്ന ചിത്രമാണ് റോയിട്ടേഴ്‌സ് ഫോട്ടോഗ്രാഫർ മുഹമ്മദ് സലേം പകർത്തിയ കുഞ്ഞിന്റെ മൃതദേഹം കെട്ടിപ്പിച്ച പൊട്ടിക്കരയുന്ന പലസ്തീൻ അമ്മയുടേത്. യഥാർത്ഥത്തിൽ ഗാസ മുനമ്പിൽ തൻ്റെ അഞ്ചുവയസ്സുള്ള മരുമകളുടെ ദേഹത്ത് കെട്ടിപിടിച്ച് കരയുന്ന പലസ്തീൻ വനിതയുടേതായിരുന്നു മുഹമ്മദ് സലേം പകർത്തിയത്. ചിത്രത്തിന് 2024ലെ വേൾഡ് പ്രസ് ഫോട്ടോ ഓഫ് ദ ഇയർ അവാർഡ് ലഭിച്ചിരിക്കുകയാണ്. 2023 ഒക്‌ടോബർ 17-ന് തെക്കൻ ഗാസയിലെ ഖാൻ യൂനിസിലെ നാസർ ഹോസ്പിറ്റലിൽ, ഫലസ്തീൻ എൻക്ലേവിൽ ഇസ്രായേൽ നടത്തിയ ബോംബാക്രമണത്തിനിടെ കൊല്ലപ്പെട്ട ബന്ധുക്കളെ കുടുംബങ്ങൾ തിരയുന്ന സമയമാണ് മുഹമ്മദ് സലേം ചിത്രം പകർത്തിയത്. ചിത്രം എടുക്കുന്നതിന് ദിവസങ്ങൾക്ക് മുൻമ്പാണ് മുഹമ്മദ് സലേം ഒരച്ഛനായത്.

ആശുപത്രി മോർച്ചറിയിൽ സാലിയുടെ ഷീറ്റ് കൊണ്ട് പൊതിഞ്ഞ മൃതദേഹം കൈയ്യിൽ പിടിച്ച് കരയുന്ന 36 വയസ്സ്കാരിയായ ഇനാസ് അബു മാമർ ആണ് മുഹമ്മദ് സലേമിന്റെ ചിത്രത്തിലുള്ളത്.

 

താൻ പകർത്തിയ ചിത്രം ആഘോഷിക്കപ്പെടേണ്ടതല്ലെന്നാണ് അവാർഡ് വാർത്ത അറിഞ്ഞ ശേഷം മൊഹമ്മദ് സലേം പ്രതികരിത് എന്നും മറിച്ച് അംഗീകാരം ലഭിച്ചതിലൂടെ ചിത്രം കൂടുതല്‍ ആളുകളിലേക്ക് എത്തിക്കാന്‍ സാധിക്കും എന്നുമാണ് റോയിട്ടേഴ്‌സ് പിക്ചര്‍ ആൻഡ് വീഡിയോ ഗ്ലോബല്‍ എഡിറ്റര്‍ റിക്കി റോജേഴ്‌സ് ആംസ്റ്റര്‍ഡാമില്‍ പറഞ്ഞത്. കൂടാതെ, ചിത്രത്തിലൂടെ യുദ്ധത്തിന്റെ അനന്തരഫലങ്ങളെ കുറിച്ച് ലോകത്തെ കൂടുതൽ ബോധവാൻമാരാക്കാൻ സാധിക്കുമെന്നും, റിക്കി റോജേഴ്‌സ് തന്റെ പ്രസ്താവനയിൽ കൂട്ടിച്ചേർത്തു. കുട്ടികളിൽ യുദ്ധമുണ്ടാക്കുന്ന മാനുഷിക ആഘാതത്തെക്കുറിച്ചുള്ള അവബോധം ലോകമെമ്പാടും ഉളവാക്കാൻ അവാർഡ് ഉതകുമെന്ന പ്രതീക്ഷയാണ് അദ്ദേഹത്തിന്റെ വാക്കുകളിൽ.

39 വയസ്സുള്ള പലസ്തീനി വംശജനായ മുഹമ്മദ് സലേം 2003 മുതൽ റോയിട്ടേഴ്‌സിൽ ജോലി ചെയ്യുന്നുണ്ട്. ഇപ്പോൾ ലഭിച്ച വേൾഡ് പ്രസ് ഫോട്ടോ ഓഫ് ദ ഇയർ അവാർഡ് കൂടാതെ ഇതിന് മുൻപ് 2010-ലെ വേൾഡ് പ്രസ് ഫോട്ടോ മത്സരത്തിൽ അവാർഡ് കരസ്ഥമാക്കിയിട്ടുണ്ട്.

മുഹമ്മദ് സലേമിൻ്റെ ചിത്രം ‘ശ്രദ്ധയോടെയും ആദരവോടെയും പകർത്തിയിരിക്കുന്നതും, സങ്കൽപ്പിക്കാനാവാത്ത നഷ്ടത്തിൻ്റെ നേർചിത്രവുമാണെന്നാണ് ‘ ജൂറി പറഞ്ഞത്.

‘ഗാസയിൽ യഥാർത്ഥത്തിൽ എന്താണ് സംഭവിക്കുന്നത് എന്നതിൻ്റെ വിശാലമായ അർത്ഥം ചിത്രം ഉൾകൊള്ളുന്നുണ്ടെന്ന് എനിക്ക് അനുഭവപ്പെട്ടു എന്നാണ് ,’ നവംബറിൽ ചിത്രം ആദ്യമായി പ്രസിദ്ധീകരിച്ചപ്പോൾ മുഹമ്മദ് സേലം പറഞ്ഞത്.

അദ്ദേഹം പകർത്തിയ ചിത്രം കണ്ടമാത്രയിൽ തന്നെ അഗാധമായി ബാധിച്ചുവെന്ന്, ജൂറി അംഗവും, ഗാർഡിയൻ ന്യൂസ് & മീഡിയയിലെ ഫോട്ടോഗ്രാഫി മേധാവിയുമായ ഫിയോണ ഷീൽഡ്സ് പറഞ്ഞു. 130 രാജ്യങ്ങളിൽ നിന്നുള്ള 3,851 ഫോട്ടോഗ്രാഫർമാരുടെ 61,062 എൻട്രികളിൽ നിന്നാണ് ജൂറി മുഹമ്മദിന്റെ ചിത്രം തെരഞ്ഞെടുത്തത്.

സംഘർഷ മേഖലകളിൽ പത്രപ്രവർത്തകർ നേരിടുന്ന അപകടസാധ്യതകൾ തിരിച്ചറിയേണ്ടതിൻ്റെ പ്രാധാന്യം കൂടി അദ്ദേഹം ചടങ്ങിൽ ഊന്നിപ്പറഞ്ഞു. ഒക്‌ടോബർ 7 ന് തീവ്രവാദി സംഘമായ ഹമാസും ഇസ്രായേലും തമ്മിലുള്ള യുദ്ധം ആരംഭിച്ചതിന് ശേഷം യുദ്ധ മുഖത്ത് പ്രവർത്തിക്കുന്ന 99 ലധികം പത്രപ്രവർത്തകരും മാധ്യമ പ്രവർത്തകരും കൊല്ലപ്പെട്ടതായി ആംസ്റ്റർഡാം ആസ്ഥാനമായുള്ള വേൾഡ് പ്രസ് ഫോട്ടോ ഫൗണ്ടേഷൻ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

‘ലോകമെമ്പാടുമുള്ള പ്രസ്സ്, ഡോക്യുമെൻ്ററി ഫോട്ടോഗ്രാഫർമാർ പലപ്പോഴും ജീവൻ തന്നെ പണയപ്പെടുത്തിയാണ് ഉയർന്ന അപകട മേഖലകളിൽ ജോലി ചെയ്യുന്നത്. ഗാസയിലെ കൊല്ലപ്പെട്ട മാധ്യമപ്രവർത്തകരുടെ മരണസംഖ്യ റെക്കോർഡ് ഉയരത്തിലാണ് എത്തി നിൽക്കുന്നത്. യുദ്ധത്തിൻ്റെ മാനുഷിക ആഘാതം ലോകത്തെ കാണിക്കാൻ അവർ അനുഭവിച്ച ദുരിതങ്ങൾ കൂടി ലോകം തിരിച്ചറിയേണ്ടത് പ്രധാനമാണ് എന്ന് സംഘടനയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ ജൗമാന എൽ സെയിൻ ഖൗറി പറഞ്ഞു.

ദക്ഷിണാഫ്രിക്കയിലെ ജിയോ ഫോട്ടോഗ്രാഫർ ലീ-ആൻ ഓൾവേജ്, മഡഗാസ്‌കറിലെ ഡിമെൻഷ്യയെ രേഖപ്പെടുത്തുന്ന ചിത്രങ്ങളുള്ള സ്റ്റോറി ഓഫ് ദ ഇയർ വിഭാഗം പുരസ്‌കാരം നേടി. ഡോക്യുമെൻ്ററി ശൈലിയിൽ ചിത്രങ്ങളും കവിതകളും ഓഡിയോയും സംഗീതവും ഇഴചേർത്ത് തൻ്റെ രാജ്യത്തെ യുദ്ധം രേഖപ്പെടുത്തിയ “വാർ ഈസ് പേഴ്‌സണൽ” എന്ന ഓപ്പൺ ഫോർമാറ്റ് അവാർഡ് ഉക്രേനിയൻ ഫോട്ടോഗ്രാഫർ ജൂലിയ കൊച്ചെറ്റോവയും സ്വന്തമാക്കി.

English Summary:
2024 World Press Photo of the Year Award for Reuters photographer Muhammad Salem

Share on

മറ്റുവാര്‍ത്തകള്‍