കുറച്ചു മാസങ്ങളുടെ പരിശ്രമം കൊണ്ടാണ് തന്റെ ആദ്യ ഐഫോണ്‍ 6s അമേരിക്കക്കാരനായ സ്‌കോട്ടി അലന്‍ നിര്‍മ്മിച്ചത്
നമ്മളില്‍ പലര്‍ക്കും സ്മാര്‍ട്ട്‌ഫോണ്‍ എന്നത് പൊതിഞ്ഞു കെട്ടിയ മനോഹരമായ ബോക്സില്‍ വരുന്ന ഡിവൈസ് മാത്രമാണ്. ചാര്‍ജ് ചെയ്യുക, ഉപയോഗിക്കുക. തീരുമ്പോള്‍ വീണ്ടും ചാര്‍ജ് ചെയ്യുക. കേടാകുമ്പോള്‍ കുപ്പത്തൊട്ടിയിലോ റിപ്പയര്‍ കടയിലോ കൊണ്ട് കൊടുക്കുക. ഇത്രയുമല്ലാതെ സ്മാര്‍ട്ട്‌ഫോണിന്റെ ഉള്‍വശം തുറന്നു നോക്കിയിട്ടുള്ളവര്‍ വളരെ വിരളമായിരിക്കും. ഇവിടെയാണ് അമേരിക്കക്കാരനായ സ്‌കോട്ടി അലന്‍ എന്ന യുവാവ് വ്യത്യസ്തനാകുന്നത്. ചുമ്മാ തുറന്നു നോക്കുക മാത്രമല്ല, സ്വന്തമായി ഐഫോണ്‍ വരെ നിര്‍മ്മിച്ച് കളഞ്ഞു ഇയാള്‍!
ചൈനയില്‍ തന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും ചെലവഴിച്ച സ്‌കോട്ടി അലന്‍ മാര്‍ക്കറ്റുകളില്‍ ധാരാളമായി ലഭ്യമായ സ്മാര്‍ട്ട്‌ഫോണ്‍ ഭാഗങ്ങള്‍ ശ്രദ്ധിച്ചു. ഉപയോഗശൂന്യമായ സ്മാര്‍ട്ട്‌ഫോണുകളിലെ ഉപയോഗപ്പെടുത്താന്‍ പറ്റുന്ന ഭാഗങ്ങള്‍ ഇവിടത്തെ മാര്‍ക്കറ്റുകളില്‍ സുലഭമായി ലഭിക്കും. അങ്ങനെ ഒരു ദിവസം ഹക്കയാന്‍ബേ മാര്‍ക്കറ്റിലൂടെ ചുമ്മാ നടക്കുമ്പോഴാണ് സ്‌കോട്ടി അലന് തലയില്‍ ഒരു ബള്‍ബ് മിന്നിയത്! ഐഫോണിന്റെ ഒരുവിധം എല്ലാ ഭാഗങ്ങളും ഈ മാര്‍ക്കറ്റില്‍ തന്നെ കിട്ടും. എന്നാല്‍പ്പിന്നെ ഒരു ഐഫോണ്‍ നിര്‍മ്മിച്ചുകളഞ്ഞാലെന്താ?
ഇലക്ട്രോണിക് ഡിവൈസുകള്‍ നിര്‍മ്മിക്കാന്‍ വേണ്ട ക്ഷമയും അറിവുമെല്ലാം ആദ്യമേ തന്നെ ഉണ്ടായിരുന്ന സ്‌കോട്ടി അലന്‍ പിന്നീട് മടിച്ചു നിന്നില്ല. മുന്‍പ് ഗൂഗിളിലായിരുന്നു ജോലി എന്നതുകൊണ്ട് അനുഭവസമ്പത്തിനു കുറവൊന്നുമില്ല. കിട്ടാവുന്ന സ്പെയര്‍പാര്‍ട്സ് എല്ലാം വാങ്ങിച്ചു. ആദ്യമൊക്കെ കുറച്ചു ബുദ്ധിമുട്ടിയെങ്കിലും തന്റെ ലക്ഷ്യം സാധിക്കുക തന്നെ ചെയ്തു. കുറച്ചു മാസങ്ങളുടെ പരിശ്രമം കൊണ്ട് തന്റെ ആദ്യ ഐഫോണ്‍ 6s നിര്‍മ്മിച്ചു.
ഐഫോണ്‍ സ്വന്തമായി നിര്‍മ്മിച്ചു എന്നതല്ല ഇവിടത്തെ ഏറ്റവും ശ്രദ്ധേയമായ കാര്യം. ഈ ഇലക്ട്രോണിക് യുഗത്തില്‍ ഫോണുകള്‍ ഉപയോഗിക്കാത്ത ആരും ഇല്ല. പുതിയ പുതിയ മോഡലുകള്‍ വിപണിയിലിറങ്ങുമ്പോഴോ കേടാവുമ്പോഴോ ഒക്കെ ഇവ നേരെ ഇലക്ട്രോണിക് മാലിന്യങ്ങളായി മാറുകയാണ് ചെയ്യുന്നത്. ഇത്തരം ഭാഗങ്ങള്‍ ഉപയോഗിച്ച് വീണ്ടും ഫോണുകള്‍ നിര്‍മ്മിക്കാന്‍ പറ്റുമെങ്കില്‍ മാലിന്യപ്രശ്നം ഒരുപരിധിവരെ പരിഹരിക്കാനാകും. ഐഫോണിനാണെങ്കില്‍ ഫോണ്‍ കേടായാലും അതിന്റെ ഭാഗങ്ങള്‍ ഒന്നും അത്രപെട്ടെന്നു കേടാവുകയുമില്ല. ഇങ്ങനെയുള്ള ഭാഗങ്ങള്‍ ഉപയോഗിച്ച് വീണ്ടും ഫോണ്‍ നിര്‍മ്മിക്കാം.
ഏതായാലും ഐഫോണ്‍ സ്വന്തമായി ഉണ്ടാക്കുകയല്ലേ. എന്നാല്‍ പിന്നെ എന്തുകൊണ്ട് ഐഫോണ്‍ 7 ഉണ്ടാക്കിയില്ല എന്നല്ലേ സംശയം? ആളുകള്‍ ഉപയോഗിച്ച് പഴകുമ്പോള്‍ ഇതിന്റെ ഭാഗങ്ങള്‍ മാര്‍ക്കറ്റിലെത്തും. അപ്പോള്‍ സ്വന്തമായി ഐഫോണ്‍ 7ഉം നിര്‍മ്മിക്കാം എന്ന് സ്‌കോട്ടി അലന്‍. തന്റെ ഐഫോണ്‍ നിര്‍മ്മാണത്തെക്കുറിച്ച് സ്‌കോട്ടി യുട്യൂബില്‍ ഇട്ട വീഡിയോ വൈറലായി. 3,952,524 പേരാണ് 23 മിനിറ്റുള്ള ഈ വീഡിയോ ഇതുവരെ കണ്ടത്.