UPDATES

കായികം

ഐസിസിയുടെ ഭരണഘടനയെ സംബന്ധിച്ച വോട്ടെടുപ്പില്‍ ബിസിസിഐ ഒറ്റപ്പെട്ടു

സാമ്പത്തിക മേല്‍ക്കോയ്മ കൊണ്ട് ഐസിസി-യെ വരുതിയില്‍ നിര്‍ത്തിയിരുന്ന ബിസിസിഐയുടെ കാലം കഴിയുന്നു

                       

അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ ഭരണഘടന, സാമ്പത്തിക മാതൃക പരിഷ്‌കരണങ്ങളുടെ വോട്ടെടുപ്പില്‍ ഇന്ത്യ പൂര്‍ണമായും ഒറ്റപ്പെടുകയായിരുന്നു. സാമ്പത്തിക പരിഷ്‌കരണത്തിനെതിരെ വോട്ട് ചെയ്ത ഏക പൂര്‍ണ അംഗം ബിസിസിഐ ആയിരുന്നു. ഭരണപരിഷ്‌കരണത്തിന്റെ കാര്യത്തില്‍ ശ്രീലങ്കന്‍ ബോര്‍ഡ് ബിസിസിഐയോടൊപ്പം നിന്നു. പത്ത് പൂര്‍ണ അംഗങ്ങളുള്ള ബോര്‍ഡിലെ മറ്റ് അംഗങ്ങളെല്ലാം ഐസിസിയിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായ ബിസിസിഐയെ ഒറ്റപ്പെടുത്താന്‍ യോജിച്ചു നിന്നു എന്നതും ശ്രദ്ധേയമാണ്.

ബിസിസിഐയ്ക്ക് താല്‍പര്യമുള്ള ഒരു സാമ്പത്തിക മാതൃക നടപ്പില്‍ വരുത്താന്‍ അവര്‍ക്ക് സാധിച്ചില്ല എന്ന് മാത്രമല്ല ഐസിസിയുടെ വരുമാനത്തില്‍ നിന്നും 570 ദശലക്ഷം ഡോളര്‍ വിഹിതം ഇന്ത്യന്‍ ബോര്‍ഡിന് ലഭിക്കണം എന്ന ആവശ്യം നേടിയെടുക്കുന്നതിലും അവര്‍ പരാജയപ്പെട്ടു. മാത്രമല്ല ഒരു ഒത്തുതീര്‍പ്പ് എന്ന നിലയില്‍ ഐസിസി അദ്ധ്യക്ഷന്‍ ശശാങ്ക് മനോഹര്‍ മുന്നോട്ട് വച്ച് നിര്‍ദ്ദേശം പാലിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ വോട്ടെടുപ്പിന് ശേഷം നിശ്ചയിക്കപ്പെട്ടതിനേക്കാള്‍ കൂടുതല്‍ വിഹിതം ബിസിസിഐയ്ക്ക് ലഭിക്കുകയും ചെയ്യുമായിരുന്നു. എന്നാല്‍ മനോഹറിന്റെ നിര്‍ദ്ദേശത്തോട് ക്രിയാത്മകമായി പ്രതികരിക്കുന്നതിലും ബിസിസിഐ പ്രതിനിധികള്‍ പരാജയപ്പെട്ടു.

വോട്ടെടുപ്പിന് ശേഷം ഇന്ത്യയ്ക്ക് ലഭിക്കുന്ന ഐസിസി വിഹിതം 293 ദശലക്ഷം മാത്രമാണ്. ഇന്ത്യന്‍ ബോര്‍ഡ് ആവശ്യപ്പെട്ടതിന്റെ പകുതിയിലും അല്‍പം അധികം മാത്രം. കഴിഞ്ഞ ആഴ്ച ദുബായിലെത്തിയ മനോഹര്‍ ഇന്ത്യന്‍ പ്രതിനിധി ബിസിസിഐ ചീഫ് എക്‌സിക്യൂട്ടീവ് രാഹുല്‍ ജോഹ്രിയുമായി ദീര്‍ഘ ചര്‍ച്ചകള്‍ നടത്തിയിരുന്നു എന്നാണ് അറിയാന്‍ കഴിയുന്നത്. മനോഹറിന്റെ ഒത്തുതീര്‍പ്പ് അംഗീകരിച്ചിരുന്നെങ്കില്‍ ബിസിസിഐയ്ക്ക് അന്താരാഷ്ട്ര വിഹിതമായി 400 ദശലക്ഷം ഡോളര്‍ ലഭിക്കുമായിരുന്നു. കഴിഞ്ഞ മാര്‍ച്ചില്‍ മനോഹര്‍ ഈ നിര്‍ദ്ദേശം ബിസിസിഐയുടെ അഡ്മിനിസ്‌ട്രേറ്റര്‍മാരുടെ കമ്മിറ്റിക്ക് മുന്നില്‍ വച്ചപ്പോള്‍ അവര്‍ അത് അംഗീരിച്ചിരുന്നതുമാണ്.

എന്നാല്‍ തിങ്കളാഴ്ചയ്ക്ക് മുമ്പ് മനോഹറിന്റ നിര്‍ദ്ദേശത്തില്‍ മറുപടി പറയാന്‍ ബിസിസിഐയ്ക്ക് സാവകാശം ലഭിച്ചിരുന്നെങ്കിലും അവര്‍ അത് ചെയ്തില്ല. അസോസിയേറ്റ് അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവരുടെ അഭിപ്രായങ്ങളുടെ അടിസ്ഥാനത്തില്‍ രണ്ട് പ്രമേയങ്ങളും അംഗീകരിക്കുന്നതിനായി ഐസിസി യോഗം തിങ്കളാഴ്ച ചേര്‍ന്നു. എന്നാല്‍ പുതിയ ഒരു ഫോര്‍മുലയുമായി മറ്റ് പുര്‍ണാംഗങ്ങളെ സമീപിക്കാനാണ് ബിസിസിഐ തയ്യാറായത്. തങ്ങള്‍ക്ക് 570 ദശലക്ഷം ഡോളര്‍ വേണമെന്നും മറ്റു രാജ്യങ്ങള്‍ക്ക് ശശാങ്കര്‍ മാതൃക നിശ്ചിയിച്ച തുകയില്‍ നിന്നും ഒട്ടും കുറയാതിരിക്കാന്‍ ശ്രദ്ധിക്കാം എന്നുമായിരുന്നു ബിസിസിഐ മുന്നോട്ട് വച്ച നിര്‍ദ്ദേശം. എന്നാല്‍ യോഗത്തില്‍ മറ്റ് രാജ്യങ്ങളിലെ ബോര്‍ഡുകളെല്ലാം ഒറ്റക്കെട്ടായി എതിര്‍ത്തതോടെ ബിസിസിഐയുടെ നീക്കം പൊളിഞ്ഞു.

ശശാങ്ക് മനോഹര്‍ ബിസിസിഐയെ സഹായിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നും എന്നാല്‍ അവര്‍ക്ക് അത് ഉള്‍ക്കൊള്ളാന്‍ സാധിച്ചില്ലെന്നും വിഷയവുമായി ബന്ധമുള്ള ചില വൃത്തങ്ങള്‍ പറയുന്നു. എതായാലും ദുബായിലെ സംഭവവികാസങ്ങളോട് പ്രതികരിക്കാന്‍ ബിസിസിഐ തയ്യാറായിട്ടില്ല. അടുത്ത നീക്കം ആലോചിക്കുന്നതിനായി ബിസിസിഐ പ്രത്യേക ജനറല്‍ ബോഡി യോഗം വിളിച്ചേക്കുമെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

സാമ്പത്തിക പരിഷ്‌കരണങ്ങള്‍ക്ക് അപ്പുറം ഭരണതലത്തിലും വലിയ മാറ്റങ്ങള്‍ക്കാണ് ഐസിസി തയ്യാറെടുക്കുന്നത്. ശ്രീലങ്കന്‍ ക്രിക്കറ്റ് (എസ്്എല്‍സി) ഒഴികെ മറ്റാരും ഇക്കാര്യത്തിലും ബിസിസിഐയുടെ വീക്ഷണങ്ങളെ പിന്തുണയ്ക്കാന്‍ ഉണ്ടായിരുന്നില്ല. ഒരോ ക്രിക്കറ്റ് ബോര്‍ഡിനെയും വിലയിരുത്തുമ്പോള്‍ ഐസിസി മാനദണ്ഡങ്ങള്‍ പാലിച്ചില്ലെങ്കില്‍ അവരെ പൂര്‍ണാംഗങ്ങളില്‍ നിന്നും അസോസിയേറ്റ് അംഗങ്ങളായി തരംതാഴ്ത്താനുള്ള നിര്‍ദ്ദേശം നീക്കം ചെയ്യിക്കാന്‍ പക്ഷെ അവര്‍ക്ക് സാധിച്ചു. ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്, സിംബാവെ ക്രിക്കറ്റ്, എസ്എല്‍സി തുടങ്ങിയ പൂര്‍ണാംഗങ്ങള്‍ ഇക്കാര്യത്തില്‍ ബിസിസിഐയോടൊപ്പം നിന്നു.

ഐഐസിയിലെ വോട്ടിംഗ് അവകാശം പത്തില്‍ നിന്നും പതിനഞ്ച് ആയി ഉയര്‍ത്തിയതാണ് പരിഷ്‌കരണങ്ങളില്‍ ഏറ്റവും നിര്‍ണായകം. പത്ത് പൂര്‍ണാംഗങ്ങളെ കൂടാതെ മൂന്ന് അസോസിയേറ്റ് അംഗങ്ങള്‍ക്കും ഒരു സ്വതന്ത്ര വനിത ഡയറക്ടര്‍ക്കും അദ്ധ്യക്ഷനും ഇനിമുതല്‍ വോട്ടിംഗ് അധികാരം ലഭിക്കും. അതായത് ഭാവിയില്‍ ഒന്നോ രണ്ടോ ശക്തരായ ബോര്‍ഡുകള്‍ക്ക് ഐഐസിയില്‍ ആധിപത്യം ചെലുത്താന്‍ സാധിക്കില്ലെന്ന് സാരം. ഇത് ബിസിസിഐയ്ക്ക് കനത്ത തിരിച്ചടിയാവുമെന്നാണ് സൂചന. ഇതുവരെ സാമ്പത്തിക മേല്‍ക്കോയ്മ അനുവദിച്ച ശക്തിയുപയോഗിച്ച് സമ്മര്‍ദ തന്ത്രങ്ങളിലൂടെ തങ്ങളുടെ താല്‍പര്യങ്ങള്‍ ലോകക്രിക്കറ്റില്‍ അടിച്ചേല്‍പ്പിക്കാന്‍ ബിസിസിഐയ്ക്ക് സാധിച്ചിരുന്നു. അക്കാലം മാറുന്നു എന്ന ശക്തമായ സന്ദേശം കൂടി ദുബായിലെ യോഗം നല്‍കുന്നു.

Share on

മറ്റുവാര്‍ത്തകള്‍