UPDATES

യാത്ര

ഒഴിഞ്ഞ പ്ലാസ്റ്റിക് കുപ്പികള്‍ മെഷീനിലിടൂ, റോമില്‍ മെട്രോയ്ക്ക് ടിക്കറ്റ് കിട്ടും

റോമിലെ പ്രധാന മൂന്ന് സ്റ്റേഷനുകളായ എ ലൈനിലെ സിപ്രോ, ബി ലൈനിലെ പിരാമൈഡ്, സി ലൈനിലെ സാൻ ജിയോവന്നി എന്നിവിടങ്ങളില്‍ ഇത്തരം വെന്‍ഡിംഗ് മെഷീനുകള്‍ സ്ഥാപിച്ചിട്ടുണ്ട്.

                       

റോമിലെ യാത്രക്കാർക്ക് മികച്ചൊരു ഓഫറുമായി എത്തിയിരിക്കുകയാണ് സര്‍ക്കാര്‍. റോഡരികുകളില്‍ സ്ഥാപിച്ചിരിക്കുന്ന വെന്‍ഡിംഗ് മെഷീനുകളില്‍ ഒഴിഞ്ഞ പ്ലാസ്റ്റിക് കുപ്പികൾ നിക്ഷേപിച്ചാല്‍ അതിന് പ്രതിഫലമായി പൊതുഗതാഗത സംവിധാനങ്ങളില്‍ ഉപയോഗിക്കാന്‍ കഴിയുന്ന ക്രെഡിറ്റ് നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം.

നേരത്തെ ഇസ്താംബൂളിലും സമാനമായ കാമ്പെയ്ൻ ആരംഭിച്ചിരുന്നു. അല്‍പ്പം പണം ലാഭിക്കുക എന്നതിലുപരി പരിസ്ഥിതിയോട് അൽപ്പം ദയ കാണിക്കുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. റോമിലെ പ്രധാന മൂന്ന് സ്റ്റേഷനുകളായ എ ലൈനിലെ സിപ്രോ, ബി ലൈനിലെ പിരാമൈഡ്, സി ലൈനിലെ സാൻ ജിയോവന്നി എന്നിവിടങ്ങളില്‍ ഇത്തരം വെന്‍ഡിംഗ് മെഷീനുകള്‍ സ്ഥാപിച്ചിട്ടുണ്ട്. അതിലൂടെ പ്ലാസ്റ്റിക് കുപ്പികൾ റീസൈക്കിൾ ചെയ്യാം. ഓരോ കുപ്പി റീസൈക്കിൾ ചെയ്യുമ്പോഴും അഞ്ച് സെൻറ് ക്രെഡിറ്റ് ലഭിക്കും. അതായത് 30 കുപ്പികൾ റീസൈക്കിൾ ചെയ്താൽ അവർക്ക് 1.50 യൂറോയാണ് ലഭിക്കുക. 2 ലിറ്റർ വരെ വലിപ്പമുള്ള എത്ര കുപ്പികള്‍ വേണമെങ്കിലും റീസൈക്കിള്‍ ചെയ്യാം. മൈ സിസറോ, ടാബ്നെറ്റ് എന്നീ ആപ്ലിക്കേഷനുകൾ വഴിയാണ് ക്രെഡിറ്റ് ലഭിക്കുക.

റോമിലെ ഗതാഗത ശൃംഖലയായ അറ്റാക്കിനെ പ്രതിനിധീകരിച്ച് റോമിലെ മേയറാണ് പദ്ധതി പ്രഖ്യാപിച്ചത്. റിക്ലി + വിയാഗി (റീസൈക്കിൾ + ട്രാവൽ) എന്ന പേരിലാണ് ഈ പരിസ്ഥിതി സൗഹൃദ പദ്ധതി അറിയപ്പെടുക. പരീക്ഷണാടിസ്ഥാനത്തില്‍ 12 മാസത്തെക്കാണ് ഇപ്പോള്‍ യന്ത്രങ്ങൾ സ്ഥാപിച്ചിരിക്കുന്നത്. വിജയിക്കുമെന്ന് കണ്ടാല്‍ കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കും.

കൺസൾട്ടൻസി ഗ്രൂപ്പായ എക്സ്പെർട്ട് മാർക്കറ്റിന്റെ 2017 ലെ റിപ്പോർട്ട് അനുസരിച്ച് യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ മാലിന്യം ഉല്‍പ്പാദിപ്പിക്കുന്ന രാജ്യമാണ് ഇറ്റലി. കൊളോസിയം 12 തവണ നിറയ്ക്കാൻ ആവശ്യമയ അത്രയും മാലിന്യങ്ങൾ അവിടെ ഉൽ‌പാദിപ്പിക്കുന്നുണ്ടത്രെ. കഴിഞ്ഞ കുറേ വർഷങ്ങളായി റോം ഒരു മാലിന്യ പ്രതിസന്ധി തരണംചെയ്യാന്‍ പാടുപെടുകയാണ്. കവിഞ്ഞൊഴുകുന്ന ചവറ്റുകുട്ടകൾ ഇവിടത്തെ ഒരു സാധാരണ കാഴ്ചയാണ്. ചൂട് കനത്ത ഈ കാലത്ത് അത് കൂടുതല്‍ ആപല്‍ക്കരമാണെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു. ഒരു പരിധിവരെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കുറക്കാനുള്ള ചെറിയ ശ്രമത്തിന്‍റെ ഭാഗമാണ് റിക്ലി + വിയാഗി പദ്ധതി.

Share on

മറ്റുവാര്‍ത്തകള്‍