UPDATES

ഓട്ടോമൊബൈല്‍

ടയര്‍ അടയാളത്തില്‍ വലിയൊരിന്ത്യ; രാജ്യത്തിന് ആദരം അര്‍പ്പിച്ച് നിസ്സാന്‍

14.7 കിലോമീറ്റര്‍ ചുറ്റളവിലും മൂന്നു മീറ്റര്‍ നീളത്തിലും 2.8 കിലോമീറ്റര്‍ വീതിയിലും ഉള്ള ഇന്ത്യന്‍ ഭൂപടം വരച്ചാണ് നിസ്സാന്‍ ജിടിആര്‍ ചരിത്രം കുറിച്ചത്

                       

68 ആം റിപ്പബ്ലിക് ദിനത്തില്‍ രാജ്യത്തോടുള്ള ബഹുമാനം പ്രകടിപ്പിക്കാന്‍ റെക്കോര്‍ഡ് സൃഷ്ടിച്ച് വാഹന നിര്‍മ്മാതാക്കളായ നിസ്സാന്‍.  14.7 കിലോമീറ്റര്‍ ചുറ്റളവിലും മൂന്നു മീറ്റര്‍ നീളത്തിലും 2.8 കിലോമീറ്റര്‍ വീതിയിലും ഉള്ള ഇന്ത്യന്‍ ഭൂപടം വരച്ചാണ് അവര്‍ ചരിത്രം കുറിച്ചത്. അതിനായി കമ്പനി ഉപയോഗപ്പെടുത്തിയത് ഡിസംബറില്‍ രാജ്യത്ത് എത്തിച്ച ജിടിആര്‍ എന്ന സ്‌പോര്‍ട്‌സ് കാറും. ഇവിടെ കാറിന് എന്താണ് കാര്യം എന്ന് ചിന്തിക്കണ്ട. നിശ്ചിത സ്ഥലത്തു കൂടി കാര്‍ ഡ്രൈവ് ചെയ്താണ് ഈ നേട്ടം സാധ്യമാക്കിയത്. ലോകത്ത് ആദ്യമായാണ് ഇത്തരത്തില്‍ ഒരു രാജ്യത്തിന്റെ ഭൂപടത്തിന്റെ രൂപരേഖ വരയ്ക്കപ്പെടുന്നത്. വ്യക്തമായ കണക്കുകൂട്ടലും സമര്‍ത്ഥമായ ഡ്രൈവിംഗും കൂടിയായപ്പോള്‍ നിസ്സാന്‍ ജിടി ആര്‍ മണല്‍ത്തരികളില്‍ ടയര്‍ അടയാളങ്ങളാല്‍ ഇന്ത്യന്‍ ഭൂപടം തീര്‍ത്തു. കമ്പനി പുറത്തിറക്കിയ വീഡിയോയിലാണ് ഇതേക്കുറിച്ചുള്ള വിവരങ്ങള്‍ ചേര്‍ത്തിരിക്കുന്നത്.

രാജസ്ഥാനിലെ സംഭാര്‍ തടാകമാണ് കമ്പനി ഇതിനായി തെരഞ്ഞെടുത്തത്. അവിടത്തെ വരണ്ട പ്രതലം താരതമ്യേന മൃദുലമായതിനാല്‍ ടയര്‍ അടയാളങ്ങള്‍ പെട്ടന്നു മായുകയില്ല എന്ന് അവര്‍ കണ്ടെത്തി.തുടര്‍ന്ന് പ്രൊഫഷനല്‍ റാലി ഡ്രൈവര്‍ ആയ രാഹുല്‍ കന്ദരാജിനെ ഈ ദൗത്യം ഏല്‍പ്പിക്കുകയും ആവശ്യമായ തയ്യാറെടുപ്പുകള്‍ നടത്തുകയും ചെയ്തു. കൃത്യതയ്ക്കായി ജിപിഎസ് ഉപകരണത്തില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തുകയും പാതയെക്കുറിച്ചുള്ള വിവരങ്ങള്‍ ചേര്‍ക്കുകയുമുണ്ടായി. അതോടെ കണക്കുകൂട്ടലുകള്‍ തെറ്റാതെ തന്നെ വളവുകളും തിരിവുകളും മറികടക്കാന്‍ നിസ്സാന്‍ ജിടിആറിനും അതിന്റെ ഡ്രൈവറിനും കഴിഞ്ഞു. ഡ്രോണുകള്‍ അടക്കമുള്ള ക്യാമറകള്‍ ഉപയോഗിച്ച് ഓരോ ഘട്ടങ്ങളും കമ്പനി പകര്‍ത്തുകയും ചെയ്തു. ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് അധികൃതര്‍ സ്ഥലത്ത് വരികയുംപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയുമുണ്ടായി. സര്‍ട്ടിഫിക്കേഷന്‍ പൂര്‍ത്തിയാവുന്നതോടെ 2018-ലെ ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇതേക്കുറിച്ചു രേഖപ്പെടുത്തും. കഴിഞ്ഞ ദിവസങ്ങളില്‍ കമ്പനി യൂട്യൂബില്‍ അപ്ലോഡ് ചെയ്ത വീഡിയോ ഇതിനകം തന്നെ നാലു ലക്ഷത്തോളം ആള്‍ക്കാര്‍ കണ്ടുകഴിഞ്ഞു.

സ്‌പോര്‍ട്‌സ് കാര്‍ പ്രേമികളുടെ സ്വപ്നവാഹനമായ നിസ്സാന്‍ ജിടിആര്‍ നേരത്തെ തന്നെ കരുത്തിനും ഹാന്‍ഡ്‌ലിംഗിനും പേരുകേട്ട വാഹനമാണ്. ഒരിക്കല്‍ക്കൂടി ആ കഴിവുകള്‍ ഊട്ടിയുറപ്പിക്കാന്‍ നടത്തിയ കടുത്ത പരീക്ഷണം കൂടിയായിരുന്നു ഇതെന്ന് കമ്പനി പറയുന്നു. 2016 ഡിസംബറില്‍ ആണ് ജിടിആര്‍ എന്ന സ്‌പോര്‍ട്‌സ് മോഡല്‍ നിസ്സാന്‍ ഇന്ത്യയിലെത്തിച്ചത്. ആദ്യത്തെ പ്രീമിയം മോഡല്‍ കൈമാറിയത് ബ്രാന്‍ഡ് അംബാസഡര്‍ കൂടിയായ ബോളിവുഡ് മസില്‍മാന്‍ ജോണ്‍ എബ്രഹാമിനാണ്.

Related news


Share on

മറ്റുവാര്‍ത്തകള്‍