രഞ്ജിത് ജി കാഞ്ഞിരത്തില്‍
അഞ്ചാം മന്ത്രി വിവാദത്തിനു ശേഷം കേരളീയ സമൂഹത്തെ നെടുകെ കീറി മുറിച്ച കോലാഹലമാണ് യത്തീംഖാന വിവാദം. പാലക്കാട്റയില്‍വേ സ്റ്റേഷനില്‍ സംശയകരമായ സാഹചര്യത്തില്‍ കണ്ട കുട്ടികളെ ബാലവേലക്കോ ഭിക്ഷാടനത്തിനോ കൊണ്ടുവന്നതാകാം എന്ന് കരുതി കേരളം പകച്ചു നിന്നു. എന്നാല്‍ പിന്നീട് മലബാറിലെ പ്രമുഖ യത്തീംഖാനകളിലേക്കുള്ള അന്തേവാസികളാണ് അതെന്നു തെളിഞ്ഞു. മതിയായ രേഖകളില്ലാതെ കുഞ്ഞുങ്ങളെ കൊണ്ടുവന്നതിനു മനുഷ്യക്കടത്ത് നിരോധന നിയമപ്രകാരം പോലീസ് കേസെടുത്തു. അവിടംവരെ കാര്യങ്ങള്‍ വലിയ കുഴപ്പമില്ലാതെ പോയി. പിറ്റേ ദിവസം പത്രസമ്മേളനത്തില്‍ ചോദ്യങ്ങള്‍ക്ക് മറുപടിയായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അനാഥാലയം പോലുള്ള സേവനങ്ങള്‍ അവിടെ പോയി ചെയ്യണം എന്നും കുട്ടികളെ ഇങ്ങോട്ട് കൊണ്ടുവന്നു ബുദ്ധിമുട്ടിക്കരുത് എന്നും പറഞ്ഞു. സമാനമായ നിലപാടുകളുമായി മനുഷ്യാവകാശ കമ്മീഷന്‍ നോഡല്‍ ഓഫീസര്‍ ഡി.ഐ.ജി. എസ് ശ്രീജിത്തും രംഗത്തെത്തി. അതിന്റെ ചുവടു പിടിച്ചു സാമൂഹികാന്തരീക്ഷത്തില്‍ അസഹിഷ്ണുത വിതറുന്ന ഒരുപാട് വാചകമേളകള്‍ നടന്നു.
കേരളീയ സമൂഹം എത്തിച്ചേര്‍ന്ന ദുരന്തത്തിലേക്കാണ് അനാഥാലയ വിവാദം വിരല്‍ ചൂണ്ടുന്നത്. ഇതില്‍ കക്ഷികളായ ഓരോരുത്തരുടെയും നിലപാടുകള്‍ ഒന്ന് പരിശോധിക്കുന്നത് രസകരമാണ്.
കേരളഭരണം അക്ഷരാര്‍ത്ഥത്തില്‍ നിയന്ത്രിക്കുന്ന കക്ഷിയാണ് മുസ്ലീം ലീഗ്. പേരിലുള്ള മതകീയത അഥവാ സാമുദായികത പ്രവര്‍ത്തിയിലില്ല എന്നും തങ്ങള്‍ ഒരു പത്തര മാറ്റ് മതേതര കക്ഷിയാണ് എന്നും കേരളീയ സമൂഹത്തെ ധരിപ്പിച്ചു പോരാന്‍ ഇന്നോളം ലീഗ് ശ്രമിച്ചിട്ടുണ്ട്. മുന്‍കാല നേതാക്കളുടെ തെളിമയുള്ള നിലപാടുകള്‍ ആ ധാരണക്ക് അനുഗുണമായിരുന്നുതാനും. മുഹമ്മദലി ശിഹാബ് തങ്ങളാകട്ടെ ലീഗ് നേതാവ് എന്നുള്ളതില്‍ നിന്നും ഒരു പടി കൂടി കടന്ന് കേരളത്തിന്‍റെ സ്വന്തം നേതാവ് എന്നുള്ള വിശാലതയിലേക്ക് വളരുകയും ചെയ്തു. ബാബറിമസ്ജിദ് തകര്‍ത്ത ശേഷം കേരളം പുലര്‍ത്തിയ സുശാന്തതക്ക് നൂറു ശതമാനവും ലീഗാണ് കാരണക്കാര്‍. എന്നാല്‍ കുട്ടികളെ കൊണ്ടുവന്ന അനാഥാലയങ്ങളുടെ കൂട്ടത്തില്‍ ലീഗിന്‍റെ മനുഷ്യത്വത്തിന്റെ പ്രതീകമായി വാഴ്ത്തിപ്പാടുന്ന മുക്കം യത്തീം ഖാനയും ഉണ്ട് എന്നുള്ള വാര്‍ത്ത വന്നതോടെ കാര്യങ്ങള്‍ മാറി. മുക്കം യത്തീം ഖാനയുടെ അമരക്കാരന്‍ ഹൈദരലി ശിഹാബ് തങ്ങളാണെന്നു കൂടി വാര്‍ത്ത വന്നപ്പോള്‍ വെടി കൊണ്ട കാളക്കൂറ്റന്മാരുടെ പ്രകടനമാണ് ലീഗണികള്‍ കാഴ്ച വെച്ചത്. സ്വതസിദ്ധമായ ശൈലിയില്‍ കെ പി എ മജീദും ഇ.ടി മുഹമ്മദ് ബഷീറും ന്യായീകരണങ്ങള്‍ നിരത്തി. സൈബര്‍ ലോകത്തെ ലീഗണികളാകട്ടെ, രമേശ് ചെന്നിത്തല കേരളത്തിന്‍റെ ആഭ്യന്തരമന്ത്രിയാണെന്നും അദ്ദേഹം കോണ്‍ഗ്രസ്സുകാരനാണെന്നും മറന്നു കൊണ്ട് ആക്രമണം അഴിച്ചു വിട്ടു. അന്നുവരെ കാത്തു സൂക്ഷിച്ച മതേതര പുറംമോടികള്‍ അഴിച്ചു വെച്ച് രമേശന്‍ നായര്‍ക്കെതിരെ ജിഹാദിനിറങ്ങി.
തങ്ങളുടെ പാര്‍ട്ടി ക്രിയാത്മക പങ്കു വഹിക്കുന്ന ഒരു സര്‍ക്കാരിലെ രണ്ടാമനെ അവര്‍ തെരുവില്‍ ഹൈന്ദവ ഫാസിസ്റ്റാക്കി മുദ്രകുത്തി വിചാരണ ചെയ്തു.
തങ്ങളുടെ നിലപാടുകളുടെയും പ്രസ്ഥാനത്തിന്റെയും വിപണന സാധ്യത കണ്ടറിഞ്ഞ് എസ്.ഡി.പി.ഐ, പോപ്പുലര്‍ ഫ്രണ്ട്, വെല്‍ഫെയര്‍ പാര്‍ട്ടി, ജമാ അത്തെ ഇസ്ലാമി എന്നിവര്‍ ഒട്ടും താമസിയാതെ രംഗത്തെത്തി. പുട്ടിനു പീര വെക്കുന്നതു പോലെ ഇസ്ലാമിക പദാവലികളുടെ അകമ്പടിയോടെയുള്ള പോര്‍വിളികളുമായി അവര്‍ രംഗം കീഴടക്കി. ലീഗുകാരുടെ യഥാര്‍ത്ഥ പ്രതിസന്ധി ഇവിടെ തുടങ്ങി. ആരാണ് ഉമ്മത്തിന്റെ യഥാര്‍ത്ഥ സംരക്ഷകന്‍ എന്നുള്ള ചോദ്യത്തിന് ഉത്തരമായി അവര്‍ ഓരോരുത്തരും രംഗത്ത് വന്നു. രമേശ് ചെന്നിത്തലയെ മാത്രമല്ല എതിര്‍ക്കുന്ന ഓരോരുത്തരെയും ഹൈന്ദവ ഫാസിസ്റ്റ്, സംഘപരിവാര്‍ അനുയായി എന്നിങ്ങനെയുള്ള പദവികളില്‍ അവരോധിച്ചു. ഇസ്ലാമിന്റെ വിഷയം വരുമ്പോള്‍ ഞങ്ങള്‍ എല്ലാവരും ഒന്നാണ് എന്നുള്ള രീതിയിലുള്ള പ്രചാരണങ്ങള്‍, മതത്തിനെതിരെ, വിശ്വാസങ്ങള്‍ക്കെതിരെ ആരോ വാളെടുക്കുന്നു എന്നുള്ള ആക്രോശങ്ങള്‍, ഇവയൊക്കെ ഒരു മുസ്ലീം ഐക്യത്തിന്റെ പ്രതീതിയും സൃഷ്ടിച്ചു.
സമുദായത്തെ മറ്റുള്ളവര്‍ തെരുവിലിട്ട് തട്ടിക്കളിക്കുന്നു എന്നും സമുദായ അംഗങ്ങള്‍ ഇന്ത്യയില്‍ ഇരകളാണെന്നും ഉള്ള വ്യാപക പ്രചാരണത്തിന്റെ അനന്തരഫലമായി കേരള മുസ്ലീം സമൂഹത്തില്‍ ഒരു പ്രത്യേക അരക്ഷിതത്വവികാരം ഉണ്ടായിട്ടുണ്ടായിരുന്നു.
ആ പശ്ചാത്തലത്തില്‍ ഞങ്ങളാണ് സമുദായത്തിന്റെ യഥാര്‍ത്ഥ സംരക്ഷകര്‍ എന്ന് വരുത്തിത്തീര്‍ക്കാന്‍ പോപുലര്‍ ഫ്രണ്ട് /എസ്ഡിപിഐ, ജമാ അത്തെ ഇസ്ലാമി /വെല്‍ഫയര്‍ പാര്‍ട്ടി, മുസ്ലീംലീഗ് എന്നിവര്‍ നടത്തിയ മത്സരത്തിന്റെ തത്സമയ സംപ്രേഷണമാണ് പിന്നെ കണ്ടത്.
കളി സസൂക്ഷ്മം നിരീക്ഷിച്ചുകൊണ്ടും സംരക്ഷകര്‍ എന്നറോളില്‍ രംഗത്ത് വരാന്‍ തക്ക അവസരം കാത്തുകൊണ്ടും സിപിഎം ബെഞ്ചില്‍ ഇരിപ്പുണ്ട് എന്നതാണ് ഇവരെ മൂവരെയും അലട്ടുന്ന കാതലായ പ്രശ്നം.
അതുവരെ കാര്യമായ പ്രത്യാക്രമണം ഒന്നും നടന്നിരുന്നില്ല. രമേശ് ചെന്നിത്തലക്ക് വേണ്ടി പ്രതിരോധിക്കാന്‍ ആരുമുണ്ടായിരുന്നില്ല. എന്നാല്‍ ബി ജെ പി നേതാവ് വി മുരളീധരന്‍ കടുത്ത ആരോപണങ്ങളുമായി രംഗത്ത് വന്നതോടെ കാര്യങ്ങള്‍ കൂടുതല്‍ കുഴഞ്ഞു. ജസ്റ്റീസ് ശ്രീദേവിയുടെ അങ്ങേയറ്റം ഉത്തരവാദിത്തമില്ലാത്ത പ്രസ്താവന കൂടിയായപ്പോള്‍ മുറിവില്‍ മുളകരച്ചു പുരട്ടിയ പോലെയായി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാകട്ടെ തന്നെക്കുറിച്ചുള്ള പ്രതീക്ഷക്ക് കടുകിടെ വ്യത്യാസം വരുത്താതെ ലീഗിന് മുന്നില്‍ ഏത്തമിട്ടു. നിയമം നിയമത്തിന്‍റെ വഴിക്ക് പോകും എന്നുള്ള ആഭ്യന്തര മന്ത്രിയുടെ പ്രസ്താവന തള്ളി ആ വഴിക്ക് സര്‍ക്കാര്‍ പോകില്ല എന്ന് കട്ടായം പറഞ്ഞു. ഫലത്തില്‍ ആഭ്യന്തരമന്ത്രിയുടെ ധീരമായ നിലപാടിനെ ലീഗും മുഖ്യമന്ത്രിയും കൂടി തുരങ്കം വെച്ചു എന്നുള്ള ധാരണ പരന്നു.
കേരളത്തിലെ സാംസ്കാരിക മാധ്യമ രംഗത്തുള്ളവരുടെ കൃത്യമായ പക്ഷപാതിത്വം തുറന്നു കാണിക്കാനും ഈ വിവാദം കൊണ്ട് കഴിഞ്ഞു. തൊട്ടുമുന്‍പ് അമൃത ആശ്രമം വിവാദത്തില്‍ മഠത്തിനെതിരെ നിലയുറപ്പിച്ചവര്‍ ഒന്നുകില്‍ തലയില്‍ മുണ്ടിടുകയോ അല്ലെങ്കില്‍ ഇസ്ലാമിക ഐക്യമുന്നണിയുടെ പ്രതിധ്വനിയാവുകയോ ചെയ്തു. പ്രതീക്ഷ ഒട്ടും തെറ്റിക്കാതെ കെ ഇ എന്‍ കുഞ്ഞഹമ്മദ് രംഗത്തെത്തി. അമൃതാനന്ദമയിയെ സുധാമണി എന്ന് വിളിച്ച് അരങ്ങു തകര്‍ത്ത സൈബര്‍ മതേതര ലോകമപ്പാടെ കെ ഇ എനിന്റെ വചനം ഏറ്റു ചൊല്ലി. മുന്‍പ് സുധാമണി എന്ന് വിളിച്ചും അവര്‍ മക്കളെ എന്ന് വിളിക്കുന്നതിനെ ആക്ഷേപിക്കുകയും ചെയ്തവരുടെ വാക്കുകളില്‍ യത്തീം മക്കള്‍ എന്നുള്ള മധുര മൊഴികള്‍ മാത്രം.
മാധ്യമലോകത്തെ കാഴ്ചകള്‍ അതീവ രസകരമായിരുന്നു. മാധ്യമം, തേജസ്, ചന്ദ്രിക എന്നീ പത്രങ്ങള്‍ തങ്ങളുടെ അക്ഷൌഹിണികളെ ന്യായീകരണ സമിതികളാക്കി മാറ്റി. മനുഷ്യക്കടത്ത് എന്ന് പ്രയോഗിച്ച എല്ലാ മാധ്യമങ്ങളും ഹിന്ദു ഫാസിസ്റ്റ് എന്ന് മുദ്ര കുത്തപ്പെട്ടു. ദേശാഭിമാനിയാകട്ടെ തുടക്കത്തില്‍ താരതമ്യേന കൃത്യമായ നിലപാട് എടുക്കുകയും പിന്നീട് അഴകൊഴമ്പന്‍ നിലപാടിലേക്ക് കൂപ്പു കുത്തുകയും ചെയ്തു.
ചാനലുകളില്‍ ഇന്ത്യാ വിഷന്‍, റിപ്പോര്‍ട്ടര്‍ എന്നിവ കൃത്യമായി ലീഗിന്റെ പക്ഷം പിടിച്ചു. ഏറ്റവും വലിയ തമാശ അമൃത വിഷയം കത്തി നിന്നപ്പോള്‍ മതേതര മിശിഹാ ആയി കളം നിറഞ്ഞാടിയ റിപ്പോര്‍ട്ടര്‍ ചാനലിലെ അടയാളം എന്ന പ്രോഗ്രാമിന്റെ നിറം മാറ്റമാണ്. നിയമപരമായ പ്രശനങ്ങളെ പാര്‍ശ്വവല്ക്കരിച്ചുകൊണ്ട് അനീഷ് ബര്‍സോം ആരെയും ആര്‍ദ്രമാക്കുന്ന വിശദീകരണങ്ങളോടെ ഒരുതരം ഇമോഷണല്‍ ബ്ലാക്ക് മെയിലിംഗ് തന്നെ നടത്തി.
അനീഷിന്റെ വാക്കുകളില്‍: “സംസ്ഥാനത്തെ മുസ്ലീം അനാഥാലയങ്ങളിലേക്ക് അന്യസംസ്ഥാനങ്ങളില്‍ നിന്ന് കുട്ടികളെ കൊണ്ടുവന്നത് വിവാദമായിരിക്കുന്നു. യത്തീംഖാനകളിലേക്ക് മനുഷ്യക്കടത്ത് എന്ന തലക്കെട്ടില്‍ വാര്‍ത്താ പരമ്പര ചെയ്‌താല്‍ സര്‍ക്കുലേഷന്‍ ബൂം ഉണ്ടായേക്കാം. പക്ഷേ സാമൂഹിക യഥാര്‍ഥ്യങ്ങളോട് നാം അന്ധരാകാന്‍ പാടില്ല. ഇപ്പോഴത്തെ അനാഥാലയ വിവാദത്തിന്റെ പിന്നാമ്പുറസത്യങ്ങളിലേക്കാണ് അടയാളം പോകുന്നത്. അന്യസംസ്ഥാനങ്ങളില്‍ നിന്ന് കുട്ടികളെ കൊണ്ടുവന്നപ്പോള്‍ പൂര്‍ണ രേഖകള്‍ കൈവശം വെച്ചില്ലായിരിക്കും; പക്ഷേഇവിടേക്ക് കുട്ടികളെ അയക്കേണ്ടി വരുന്ന ഉത്തരേന്ത്യന്‍ മുസ്ലീങ്ങളുടെ അതിദാരുണമായ ജീവിതാവസ്ഥ കാണാതിരുന്നുകൂടാ. മതപരിവര്‍ത്തനം, ഭീകരവാദം, ബംഗ്ലാദേശി കുടിയേറ്റം തുടങ്ങിയ വിഷയങ്ങളിലേക്ക് ഈ വിഷയത്തെ വലിച്ചിഴക്കുന്ന അപായകരമായ അവസ്ഥയും ഇന്നുണ്ട്. അതിനൊപ്പം തന്നെ കാണണം സമുദായത്തെ ആരും ഉപദേശിക്കണ്ട എന്ന നേതാക്കളുടെ ധാര്‍ഷ്ട്യവും. 1921-ലെ മലബാര്‍ കലാപം, സവര്‍ണരുടെ ജന്മിത്വ വാഴ്ചക്കും ബ്രിട്ടീഷുകാരുടെ കൊളോണിയല്‍ ആധിപത്യത്തിനുമെതിരെ മലബാറിലെ മാപ്പിളമാര്‍ നടത്തിയ ധീരമായ മുന്നേറ്റമാണ്. എന്നാല്‍ ആധിപത്യശക്തികള്‍ കലാപം ക്രൂരമായി അടിച്ചമര്‍ത്തിയപ്പോള്‍ പുരകളില്‍ ബാക്കിയായത് കുറേ അനാഥക്കുട്ടികളാണ്. ഇവരെ സംരക്ഷിക്കാനാണ് ഇവിടെ യത്തീംഖാനകള്‍ തുടങ്ങുന്നത്. എന്നാല്‍ 80 വര്‍ഷങ്ങള്‍ക്ക് ശേഷം രണ്ടായിരത്തോടെ കേരളത്തിലെ യത്തീംഖാനകളുടെ സ്ഥിതി നേര്‍വിപരീതമായി. ഗള്‍ഫ് പ്രവാസവും വ്യാപാരത്തിലെ പ്രാതിനിധ്യവും നിമിത്തം കേരള മുസ്ലീങ്ങള്‍ കൈവരിച്ച സാമൂഹ്യമുന്നേറ്റം നിമിത്തം യത്തീംഖാനകളിലേക്ക് കുട്ടികളെ കിട്ടാതായി. ഈസാഹചര്യത്തിലാണ് ഉത്തരേന്ത്യയില്‍ നിന്ന് കുട്ടികളെ ഇവിടേക്ക് എത്തിക്കുന്നത്.”
എന്നാല്‍ ഇതേ വിഷയത്തില്‍ അമൃതാനന്ദമയി ആശ്രമമായിരുന്നുവെങ്കില്‍ എന്താകുമായിരുന്നു അനീഷിന്റെ നിലപാട് എന്നുള്ളത് ചിന്തനീയമാണ്.
പിന്നെയുള്ളത് ഇടതുപക്ഷമാണ്, ആദ്യം പിണറായി വിജയനും പിന്നീട് എം.വി ഗോവിന്ദന്‍ മാസ്റ്റരും ലോജിക്കല്‍ ആയ നിരീക്ഷണങ്ങളുമായി എത്തി. എന്നാല്‍ പിന്നീട് കാര്യങ്ങള്‍ തലകുത്തി മറിഞ്ഞു. ഐക്യ ഇസ്ലാമിക മുന്നണിയുടെ വാദങ്ങള്‍ ശരിവെക്കുന്ന രീതിയിലായി ഇടതു പ്രതികരണങ്ങള്‍. ലീഗ് അണികള്‍ ആകട്ടെ വ്യത്യസ്ത സ്വരം പ്രകടിപ്പിച്ച വി എസ്സ് അച്യുതാനന്ദന് പതിവ് പോലെ സ്വയം സേവകത്വം കല്പിച്ചു നല്‍കി.
എല്ലാത്തിനുമൊടുവില്‍ ജമാ അത്തെ ഇസ്ലാമിയുടെ ചുവടുമാറ്റവും കണ്ടു. ഇതില്‍ വളരെ ഭംഗിയായി ഉമ്മത്തിന്റെ സംരക്ഷകന്റെ റോള്‍ കൈകാര്യം ചെയ്ത മീഡിയാവണ്‍ -ജമാഅത്തെ-ഇസ്ലാമി, പൊടുന്നനെ ഒരേ മാനേജ്മെന്റിന് കീഴിലുള്ള മുക്കം, മണാശേരി അനാഥാലയങ്ങള്‍ സമര്‍പ്പിച്ച ഡെപ്യൂട്ടേഷന്‍ സര്‍ട്ടിഫിക്കറ്റുകളില്‍ ക്രമക്കേടുകള്‍ വ്യക്തമാക്കുന്ന തെളിവുകള്‍ കൊണ്ടുവന്ന്‍ കൃത്യസമയത്ത് ലീഗിന്റെ കുതികാല്‍ വെട്ടി.
രംഗമൊഴിയുമ്പോള്‍ സ്വന്തം ഇമേജ് വല്ലാതെ ഉയര്‍ന്ന രമേശ് ചെന്നിത്തലയുടെ ചിത്രമാണ് കാണുവാന്‍ കഴിയുന്നത്. രമേശ് ചെന്നിത്തലയെ രമേശന്‍ നായര്‍ എന്ന് വിളിച്ചു. അതില്‍ രമേശന്‍ നായ… എന്ന് കഴിഞ്ഞു ഒരു കിലോമീറ്റര്‍ കഴിഞ്ഞ്… “ര്‍ ” എന്ന അക്ഷരം ടൈപ്പ് ചെയ്തു. സംസ്ഥാന ആഭ്യന്തര മന്ത്രി മുസ്ലിം ഐക്യത്തിന് മുന്‍പില്‍ മുട്ട് മടക്കി എന്നുള്ള രീതിയിലുള്ള പ്രാചരണം നടന്നു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുന്‍പ് കടുത്ത മോദി വിരുദ്ധ പ്രസ്താവനകള്‍ നടത്തുകയും അതില്‍ ഉറച്ചു നില്കുകയും ചെയ്തിരുന്നു രമേശ് ചെന്നിത്തല ഓപറേഷന്‍ കുബേര എന്ന പോലീസ് നടപടി തുടങ്ങിയപ്പോള്‍ കുബേരന്റെ പേര്‍ ഉപയോഗിച്ചതിനെതിരെ വന്ന വിമര്‍ശനങ്ങളെയും അദ്ദേഹം തൃണവല്‍ഗണിച്ചു. എന്നാല്‍ ഒരൊറ്റ ദിവസം കൊണ്ട് ഒരു സ്വാഭാവിക നടപടിയുടെ പേരില്‍ മുസ്ലീം ലീഗ് അദ്ദേഹത്തെ സ്വയം സേവകനാക്കി മാറ്റി. സമുദായത്തിന്റെ സംഘടിതശക്തി കൊണ്ടും ലീഗിന്റെ രാഷ്ട്രീയശക്തി കൊണ്ടും ഒരു കൊടുംകുറ്റകൃത്യം തേച്ചുമാച്ചു കളഞ്ഞു എന്ന് പലരും വിശ്വസിച്ചിട്ടില്ല.
അവരെ സംബന്ധിച്ച് ഹൈന്ദവ തീവ്രവാദികളായ പോലീസ് ഉദ്യോഗസ്ഥര്‍, ഹിന്ദു ഫാസിസ്റ്റ് മാധ്യമങ്ങള്‍, ഹിന്ദു ഫാസിസ്റ്റ് ആഭ്യന്തര മന്ത്രി ഇവര്‍ ഒത്തു ചേര്‍ന്ന് സമുദായത്തിനെതിരെ നടത്തിയ ആക്രമണത്തെ പ്രതിരോധിക്കുകയാണ് ചെയ്തിരിക്കുന്നത്.
ഓ രാജഗോപാല്‍ തിരുവനന്തപുരത്ത് ജയിക്കാതിരുന്നതിന്റെ പ്രധാന കാരണം അഥവാ ശശി തരൂര്‍ വിജയിച്ചതിന്റെ പ്രധാനകാരണം രമേശ് ചെന്നിത്തലയുടെ മന്ത്രിസ്ഥാനമാണ്. അല്ലാതെ മലയാളി, ഫാസിസത്തെ പ്രതിരോധിച്ചതോ അല്ലെങ്കില്‍ ഇടതുസ്വഭാവം കാണിച്ചതോ ഒന്നുമല്ല.
രമേശ് ചെന്നിത്തല സാധാരണ മലയാളിയുടെ ഹിന്ദുബോധത്തിന്റെ പ്രതീകമായി മാറിയിരുന്നു (അതായത് മൃദുഹിന്ദുത്വം എന്ന് പറയുന്ന ചതിവാക്കില്ലേ, അതന്നേ). ഹൈന്ദവ ബോധമുള്ള മലയാളികളുടെ കണ്ണില്‍ സോണിയയും ഉമ്മന്‍ചാണ്ടിയും കൂടി ഇട്ടപൊടിയാണ് രമേശ് ചെന്നിത്തലയുടെ ആഭ്യന്തരമന്ത്രി സ്ഥാനം.
വീണ്ടും അങ്ങനെ ഒരു ചതിക്കാണ് അരങ്ങൊരുങ്ങുന്നത്. ശ്രീമാന്‍ രമേശ് ചെന്നിത്തലയെ സര്‍സംഘചാലകിന്റെ രൂപത്തില്‍ സന്നിവേശിപ്പിച്ചു കൊണ്ടുള്ള പ്രചാരണം ആടിനില്ക്കുന്നഹിന്ദു (മൃദുഹിന്ദു?) വോട്ടുകള്‍ യുഡിഎഫ് പെട്ടിയില്‍ വീഴ്ത്താനാണ്. കെഎം ഷാജിയെ ഗണവേഷം ധരിപ്പിച്ചു സാമുദായിക, പാര്‍ട്ടി വ്യത്യാസമില്ലാതെ നടത്തിയ പ്രചണ്ടപ്രചാരണം ഓര്‍ക്കുക. അവസാനം പെട്ടിപൊട്ടിച്ചപ്പോള്‍ പ്രകാശന്‍ മാസ്‌റര്‍ ക്ലീന്‍ ആയി തോറ്റു. ആ കളിയുടെ ഒരു വികസിത രൂപമാണ് നടക്കാന്‍ പോകുന്നത്.
ഇങ്ങിനെയെങ്കില്‍ രണ്ട് ടേം അടുപ്പിച്ചു യുഡിഎഫ് സര്‍ക്കാര്‍ വരാന്‍ പോകുകയാണ് എന്ന് കരുതേണ്ടിവരും. അടുത്ത സര്‍ക്കാരിന്റെ നേതൃത്വം രമേശ് ചെന്നിത്തലയ്ക്ക് ആയിരിക്കുകയും ചെയ്യും. ലീഗിലൂടെ മുസ്ലീം വോട്ടുകളും രമേശ് ചെന്നിത്തലയിലൂടെ ഹിന്ദു വോട്ടുകളും ഉമ്മന്‍ ചാണ്ടിയിലൂടെ ക്രിസ്ത്യന്‍ വോട്ടുകളും നിക്ഷ്പക്ഷരെ സ്വാധീനിക്കാന്‍ സുധീരനും.
ഇടതുപക്ഷമാകട്ടെ മതേതരത്വം എന്നാല്‍ ഒരു വിഭാഗം വര്‍ഗീയതയുടെ ഭാഗം ചേര്‍ന്ന് സംസാരിക്കുക എന്നാണെന്ന രീതിയിലാണ് കാര്യങ്ങള്‍ കൊണ്ട് പോകുന്നത്. ന്യായം പറയുന്നവര്‍ ആരായാലും അവരെ മൃദുഹിന്ദുവായി ചിത്രീകരിക്കുന്ന രീതിയില്‍ വ്യാഖ്യാന വിദ്വാന്മാര്‍ അരങ്ങു തകര്‍ത്തു. ഈ വിവാദം സംഘപരിവാരത്തിനു മാത്രമാണ് ഗുണം ചെയ്യുകയെന്നുള്ള ഒരുവാദം നിലനില്‍ക്കുന്നത് കൊണ്ടുമാത്രം മുസ്ലീം സമുദായത്തിലെ ‘ചിലര്‍’ നടത്തുന്ന അനധികൃത ചെയ്തികളെ പ്രതിരോധിച്ച് സംസാരിക്കും എന്ന നിലപാട് ഇടതുപക്ഷത്ത് നില്‍ക്കുന്നവര്‍ വ്യാപകമായി സ്വീകരിച്ചു. സുധാമണിയുടെ ആശ്രമത്തില്‍ നടക്കുന്ന നിയമലംഘനങ്ങളെ എതിര്‍ക്കാന്‍ കാട്ടിയ ആര്‍ജ്ജവം മുസ്ലീം സംഘടനകളുടെ കാര്യത്തില്‍ വരുമ്പോള്‍ ഇല്ലാതാകുന്ന വിപ്ലവകരമായ കാഴ്ച.
മുസ്ലീം ലീഗ് അകപ്പെട്ടിരിക്കുന്ന കെണിയുടെ ആഴം കൂടി ഈ സംഭവം നമ്മെ ബോധ്യപ്പെടുത്തുന്നു. മുന്‍പ് കേരളത്തിലെ ഇസ്ലാമിക രാഷ്ട്രീയത്തിന്റെ കുത്തക ലീഗിനായിരുന്നു. എന്നാല്‍ ഇപ്പോള്‍ തങ്ങളുടെ സ്ഥാനം കൃത്യമായി ഉറപ്പിച്ചു കൊണ്ട് പോപുലര്‍ ഫ്രണ്ടും വെല്‍ഫയര്‍ പാര്‍ട്ടിയും രംഗത്തുണ്ട്. അവര്‍ ഉയര്‍ത്തുന്ന തീവ്ര മുദ്രാവാക്യങ്ങള്‍ പലതും ഏറ്റെടുക്കേണ്ട ബാധ്യത ലീഗിന് വന്നു ചേരുന്നു.
ഒരു പ്രത്യേക മതം, അല്ലെങ്കില്‍ ജാതി ആയതുകൊണ്ട് തീര്‍ച്ചയായും സംഘപരിവാര്‍ ആയിരിക്കും, അല്ലെങ്കില്‍ ആവണം എന്ന രീതിയിലുള്ള ഒരു സമീപനത്തിന് വേരോട്ടം കിട്ടിയിരിക്കുന്നു. വസ്തുതകള്‍ക്ക് നേരേകണ്ണടക്കുകയും വസ്തുനിഷ്ഠമായി ചിന്തിക്കുന്നവരെ വര്‍ഗീയവല്ക്കരിക്കുകയും അതിനു മതമെന്ന പരിച ഉപയോഗിക്കുകയുമാണ് സമസ്ത പോലെയുള്ള സാത്വിക സംഘടനകള്‍ പോലും ചെയ്തത്. മുസ്ലീം ഐക്യത്തിന്റെ വിജയ കാഹളം പോലെ ഈ സംഭവം ഉയര്‍ത്തി കാണിക്കപ്പെട്ടു.
വരുംകാലത്ത് എസ് ഡി പി ഐ ഉയര്‍ത്തുന്ന മുദ്രാവക്യങ്ങള്‍ ലീഗിന് ഏറ്റെടുക്കേണ്ടി വരുന്ന സാഹചര്യം ഇനിയുമുണ്ടായാല്‍ നാം ഇന്നേ വരെ കാണാത്ത വര്‍ഗീയ ധ്രുവീകരണത്തിന് കേരളം സാക്ഷിയാകും. ഈ കച്ചവടത്തില്‍ എസ് ഡി പി ഐക്കോ വെല്‍ഫയര്‍ പാര്‍ട്ടിക്കോ ഒന്നും നഷ്ടപ്പെടാനില്ല. മുസ്ലീം – പിന്നോക്ക ഐക്യം എന്ന രീതിയില്‍ ഹൈന്ദവരെ പിളര്‍ത്തുന്ന മുദ്രാവാക്യങ്ങള്‍ അവര്‍ മുന്നോട്ടു വെച്ചു കഴിഞ്ഞു. എന്നാല്‍ നഷ്ടമെല്ലാം മറ്റുള്ളവര്‍ക്കായിരിക്കും.
വാല്‍ക്കഷണം:
ഇന്ദിരാ തരംഗം ഉണ്ടാക്കിയ ഓളങ്ങളെ മറികടന്ന്‍ പാര്‍ലമെന്റില്‍ പ്രധാന പ്രതിപക്ഷമായത് തെലുങ്ക് ദേശമായിരുന്നു. അതിനവരെ സഹായിച്ചത് രാജീവ് ഗാന്ധിയായിരുന്നു എന്ന് പറയണം. 1982-ല്‍ ആന്ധ്രാ പ്രദേശ് സന്ദര്‍ശനത്തിനെത്തിയ രാജീവിനെ എയര്‍പോര്‍ട്ടില്‍ സ്വീകരിക്കുവാന്‍ അന്നത്തെ കോണ്‍ഗ്രസ്സ് മുഖ്യമന്ത്രിയായിരുന്ന ആന്ജയ്യ നല്ലൊരു ജനക്കൂട്ടത്തെ തയ്യാറാക്കി നിര്‍ത്തി. വിമാനത്താവളത്തില്‍ ജനക്കൂട്ടത്തെ കണ്ടു ക്ഷുഭിതനായ രാജീവ് ഗാന്ധി ആന്ജയ്യയെ ശകാരിച്ചു. തന്റെ ഓക്സ്ഫോര്‍ഡ് ശൈലിയില്‍ ഷിറ്റും ഫക്കുമൊക്കെ ചേരുംപടി ചേര്‍ത്തിട്ടുണ്ടാകണം. എന്തായാലും ബഫൂണ്‍ എന്ന് വിളിച്ചത് കേട്ടവരുണ്ട്; പരമ സാത്വികനായ ആന്ജയ്യ തന്റെ ആത്മാര്‍ഥതയെക്കുറിച്ചു വിലപിച്ചെങ്കിലും അതൊന്നും ആ പുത്തന്‍കൂറ്റുകാരന്‍ ചെവിക്കൊണ്ടില്ല. ഒരുപക്ഷേ തന്റെ മുന്നില്‍ നില്‍ക്കുന്നത് ഭരണഘടനാപരമായി ഉന്നത പദവിയുള്ള സംസ്ഥാന മുഖ്യമന്ത്രിയാണ് എന്നുള്ളത് മറന്ന്‍ തീന്‍മൂര്‍ത്തി ഭവനിലെ ഒരു ശിപായിയാണെന്ന് രാജീവിന് തോന്നിക്കാണണം.
എന്തായാലും ഹാവായി അദ്ദയില്‍ നിന്ന് ആന്ജയ്യജി കണ്ണുനീര്‍ തൂവി. എന്നാല്‍ അത് തുടക്കാന്‍ ആരും പോയില്ല. പിറ്റേ ദിവസത്തെ പത്രങ്ങളില്‍ ആന്ജയ്യ കരഞ്ഞ വാര്‍ത്തയും രാജീവിന്റെ മുരത്ത മുഖവും ഒരുമിച്ചു പ്രത്യക്ഷപ്പെട്ടു. ഭാഷാ പത്രങ്ങളില്‍ പലതും വികാരാധീനരായി.(കണ്ണീര്‍ വറ്റിയ ആന്ജയ്യയെ തൊട്ടു പിന്നാലെ ഇന്ദിരാജി പുറത്താക്കുകയും ചെയ്തു).
നന്ദാമൂരി താരക രാമറാവു തന്റെ വിജയരഥം ഉരുട്ടി തുടങ്ങുന്ന കാലമായിരുന്നു അത്. തമിഴ് നാട്ടില്‍ തന്തൈ പെരിയോര്‍ ഇ വി രാമസ്വാമി നായ്ക്കര്‍ നടത്തിയ സ്വാഭിമാന പ്രസ്ഥാനത്തിന്റെ മാതൃകയില്‍ ഒരു തെലുങ്ക് ആത്മഗൌരവ പ്രസ്ഥാനം ആ വിജയ രഥത്തിനോപ്പം ഉരുണ്ടു. ആന്ജയ്യയുടെ കണ്ണുനീര്‍ രാമറാവുവിന്റെ രഥത്തിനു ഇന്ധനമായി. അടിച്ചമര്‍ത്താന്‍ വന്ന വിദേശി ബാബുവിന്‍റെ ഉദ്ദണ്ടതക്ക് മുന്നില്‍ തെലുങ്കന്റെ തല കുനിക്കണോ എന്നുള്ള ചോദ്യം ഓരോരോ മനസ്സുകളിലും മുഴങ്ങി. തിരഞ്ഞെടുപ്പില്‍ ബാലറ്റിലൂടെ നിങ്ങള്‍ ഈ അടിച്ചമര്‍ത്തലിനു പ്രതികാരം ചെയ്യണം എന്ന് തന്റെ വാഹനത്തിനു മുകളില്‍ നിന്നും രാമറാവു വികാരാധീനനായി പറഞ്ഞു.
ഫലമോ, തൊട്ടടുത്ത അസംബ്ലി തിരഞ്ഞെടുപ്പില്‍ രാമറാവു ആന്ധ്ര കീഴടക്കി. തെലുങ്കന്റെ ആത്മഗൌരവത്തില്‍ ആന്ധ്രയിലെ കോണ്‍ഗ്രസ് കടപുഴകി വീണു; 205 സീറ്റില്‍ നിന്ന് 60 സീറ്റായി ചുരുങ്ങി. ഇന്ത്യ മുഴുവന്‍ ഇന്ദിരാ സഹതാപതരംഗം അലയടിച്ചപ്പോള്‍ മുപ്പത് സീറ്റുകള്‍ നേടി ടി ഡി പി ലോകസഭയില്‍ പ്രധാന പ്രതിപക്ഷ കക്ഷിയായി.
പറഞ്ഞു വന്നത് യത്തീംഖാന വിഷയത്തില്‍ സാങ്കേതികമായി തോറ്റു പോയ രമേശ് ചെന്നിത്തലയെ വെച്ച് ബി ജെപിക്ക് വേണമെങ്കില്‍ അങ്ങനെ ഒരു ഹിന്ദു സ്വാഭിമാനപ്രസ്ഥാനം തുടങ്ങാവുന്നതാണ്. അതിനുള്ള ആമ്പിയര്‍, ഇച്ഛാശക്തി എന്നിവ ഉണ്ടോ എന്നുള്ള ചോദ്യം മാത്രമാണ് ബാക്കി.
മുതുകുളം സ്വദേശിയായ പ്രവാസിയാണ് ലേഖകന്‍.
(ലേഖനത്തിന്റെ ഉള്ളടക്കത്തിന് അഴിമുഖവുമായി ബന്ധമില്ല. ലേഖനത്തില്‍ ചേര്‍ത്തിരിക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ചിട്ടുള്ളവയുമാണ്)