UPDATES

ഇന്ത്യ

പഞ്ചാബില്‍ ഇടതിന്റെ ഇടം പിടിക്കുന്ന ആം ആദ്മികള്‍

അകാലിദളിനും കോണ്‍ഗ്രസിനുമെതിരായ ജനവികാരം മുതലെടുക്കാന്‍ ഇടതുപക്ഷം പരാജയപ്പെട്ടപ്പോള്‍ ആം ആദ്മി പാര്‍ട്ടി ഇതില്‍ വിജയിച്ചു.

                       

ഹിന്ദി ഹൃദയഭൂമി ഇന്ന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് ബാലികേറാമലയാണെങ്കില്‍ മുമ്പങ്ങനെ ആയിരുന്നില്ല. 1974-ല്‍ ഉത്തര്‍ പ്രദേശ് നിയമസഭയില്‍ സിപിഐക്ക് 16 എംഎല്‍എമാരുണ്ടായിരുന്നു എന്നു കേട്ടാല്‍ അത്ഭുതപ്പെടരുത്. അതുപോലെ ഇടതുപാര്‍ട്ടികള്‍ക്ക് ശക്തമായ ജനകീയാടിത്തറ പല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലുമുണ്ടായിരുന്നു. യുപിക്ക് പുറമെ ബിഹാറിലും പഞ്ചാബിലും അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ശക്തമായ സ്വാധീനമുണ്ടായിരുന്നു. പാര്‍ട്ടി പിളര്‍പ്പിന് ശേഷം പഞ്ചാബില്‍ സിപിഎമ്മും സിപിഐയും തമ്മില്‍ കടുത്ത മത്സരത്തിലായി. ഇരു പാര്‍ട്ടികള്‍ക്കും ജനപിന്തുണയുമുണ്ടായിരുന്നു. പഞ്ചാബില്‍ ഏതാണ്ട് തുല്യശക്തികള്‍. ബിഹാറില്‍ പക്ഷേ സിപിഐക്കായിരുന്നു മുന്‍തൂക്കം. 90-കള്‍ വരെ സിപിഐ ബിഹാറിലെ ശക്തിയുള്ള പ്രതിപക്ഷ പാര്‍ട്ടിയായിരുന്നു. എന്നാല്‍ ഈ സ്വാധീനം ഒരിക്കലും ഈ സംസ്ഥാനങ്ങളില്‍ അധികാര ശക്തിയായി മാറുന്നതിലേയ്ക്ക് വളര്‍ന്നില്ല.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കും ഇടതുപക്ഷത്തിനും വളരാനും പടര്‍ന്ന് പന്തലിക്കാനും ഏറ്റവും വളക്കൂറുള്ള മണ്ണാണ് ഫ്യൂഡല്‍ ഭൂപ്രഭുക്കളുടേയും ജാതി രാഷ്ട്രീയത്തിന്റേയും ഉത്തരേന്ത്യ. എന്നിട്ടും ഉത്തരേന്ത്യയുടെ രാഷ്ട്രീയം മനസിലാക്കാന്‍ ഇന്ത്യന്‍ ഇടതുപക്ഷത്തിന് കഴിഞ്ഞിട്ടില്ല. അടിയന്തരാവസ്ഥ കഴിഞ്ഞ് വന്ന 77-ലെ തിരഞ്ഞെടുപ്പില്‍ മലയാളികളുടെ കൊട്ടിഘോഷിക്കപ്പെടുന്ന രാഷ്ട്രീയ പ്രബുദ്ധത ഇന്ദിര ഗാന്ധിയുടെ കൃത്യസമയത്തോടുന്ന ട്രെയിനില്‍ കയറി പോയപ്പോള്‍ അവരുടെ ഫാസിസ്റ്റ് തീവണ്ടിയുടെ പാളം തെറ്റിച്ചത് ബിഹാര്‍ അടക്കമുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളാണ്. മറ്റ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളെ പോലെ പഞ്ചാബും കോണ്‍ഗ്രസിനെ കൈവിട്ടു. എന്നാല്‍ ഇതൊന്നും മുതലെടുക്കാന്‍ പഞ്ചാബില്‍ ശക്തമായ പ്രവര്‍ത്തന ചരിത്രവും അടിത്തറയുമുണ്ടായിരുന്ന ഇടതുപക്ഷത്തിന് കഴിഞ്ഞില്ല.

ഇന്ത്യാ വിഭജനത്തിന് മുമ്പുള്ള ഐക്യ പഞ്ചാബിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ശക്തമായ അടിത്തറയുണ്ടായിരുന്നു. 1920ല്‍ സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന താഷ്‌കെന്റില്‍ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് തുടക്കം കുറിക്കുമ്പോള്‍ അതിന്റെ ഭാഗമായിരുന്നവരില്‍ നല്ലൊരു പങ്കും പഞ്ചാബില്‍ നിന്നുള്ളവരായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകം മുതല്‍ക്ക് തന്നെ ഗദ്ദര്‍ പ്രസ്ഥാനവുമായി ബന്ധപ്പെട്ട് ഇടതുപക്ഷ രാഷ്ട്രീയം പഞ്ചാബില്‍ വേര് പിടിച്ചു. ഭഗത് സിംഗിനെ പോലുള്ളവര്‍ ഇടതുപക്ഷ ആശയങ്ങള്‍ക്കും മാര്‍ക്‌സിസ്റ്റ് ചിന്തകള്‍ക്കും പ്രചാരം നല്‍കുന്നതില്‍ പങ്ക് വഹിച്ചു. ഭഗത് സിംഗിനെ പോലുള്ള ധീര വിപ്ലവകാരികള്‍ക്കും രക്തസാക്ഷികള്‍ക്കും ജന്മം നല്‍കിയ പഞ്ചാബില്‍ സ്വാഭാവികമായും പിന്നീട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് സ്വാധീനമുണ്ടായി. കിസാന്‍ സഭയും കര്‍ഷക പ്രസ്ഥാനങ്ങളും വലിയ ശക്തിയായിന്നു. ഇതിനിടയില്‍ എഴുപതുകളില്‍ ഇടതുപക്ഷ തീവ്രവാദത്തിലേക്കും ഖാലിസ്ഥാന്‍ തീവ്രവാദത്തിലേക്കുമൊക്കെ ധാരാളം യുവാക്കള്‍ വഴിമാറി. ഇടതുപക്ഷത്തെ സംബന്ധിച്ച് ദുരന്തമായിരുന്നു ഇതെല്ലാം.

പഞ്ചാബില്‍ ഇടതുപക്ഷത്തിന്റെ ഇടം പിടിച്ചെടുക്കുകയാണ് ആം ആദ്മി പാര്‍ട്ടി എന്ന തരത്തിലുള്ള വിലയിരുത്തലുകള്‍ വരുന്നുണ്ട്. ഡല്‍ഹിയില്‍ കോണ്‍ഗ്രസിനേയും ബിജെപിയേയും അപ്രസക്തരാക്കി ആം ആദ്മി പാര്‍ട്ടി വന്‍ വിജയം നേടിയപ്പോഴും ഇതേ വിലയിരുത്തലുണ്ടായി. പ്രത്യക്ഷത്തില്‍ നോക്കുമ്പോള്‍ ഈ വിലയിരുത്തലുകള്‍ തെറ്റാണ്. കാരണം മേല്‍പ്പറഞ്ഞ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഇടതുപക്ഷം ഒരിക്കലും അധികാര ശക്തിയായിട്ടില്ല. അങ്ങനെയൊരു ഇടം അവര്‍ക്ക് ഉണ്ടായിരുന്നില്ല. യഥാര്‍ത്ഥത്തില്‍ ആം ആ്ദമി പാര്‍ട്ടി കയറിയിരിക്കുന്നത് ഇടതുപക്ഷത്തിന് കയറിയിരിക്കാമായിരുന്ന ഇടങ്ങളിലാണ്. ഒരു കാലത്ത് ഇടതുപക്ഷത്തിന് ശക്തമായ സ്വാധീനമുണ്ടായിരുന്ന ഒരിടം ആം ആദ്മി പാര്‍ട്ടി സ്വന്തമാക്കുന്നതിന് ഏറ്റവും മികച്ച ഉദാഹരണം പഞ്ചാബാണ്. ഹര്‍കിഷന്‍ സിംഗ് സുര്‍ജിത്തിനേയും ജഗ്ജിത് സിംഗ് ലിയാള്‍ പുരിയേയും പോലുള്ള വലിയ നേതാക്കള്‍ സിപിഎമ്മിന് അല്ലെങ്കില്‍ ഇടതുപക്ഷത്തിന് പഞ്ചാബിലുണ്ടായിരുന്നു.

1957ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പഞ്ചാബില്‍ 14 ശതമാനം വോട്ട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് കിട്ടിയിരുന്നു. 1977-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന് എട്ട് സീറ്റും സിപിഐയ്ക്ക് ഏഴ് സീറ്റും ലഭിച്ചു. 2002-ലാണ് ഇടതുപക്ഷ പാര്‍ട്ടികള്‍ക്ക് പഞ്ചാബില്‍ അവസാനമായി സീറ്റ് കിട്ടിയത്. സിപിഐക്ക് അന്ന്‍ കിട്ടിയത് രണ്ട് സീറ്റ്. സിപിഎമ്മിന് അവസാനമായി സീറ്റ് കിട്ടിയത് 1992-ലെ നിയമസഭാ തിരഞ്ഞെടുപ്പിലാണ്; സിപിഎം-1, സിപിഐ-4. ഇത്തവണ ആകെയുള്ള 117 സീറ്റില്‍ 52-ല്‍ മാത്രമാണ് സിപിഎമ്മും സിപിഐയും ആര്‍എംപിഐയുമെല്ലാം ചേര്‍ന്ന ഇടതുമുന്നണി മത്സരിക്കുന്നത്. സിപിഐ 25 സീറ്റിലും സിപിഎം 14 സീറ്റിലും ആര്‍എംപിഐ 13 സീറ്റിലും മത്സരിക്കുന്നു. ഒരിടത്ത് പോലും വലിയ വിജയ പ്രതീക്ഷകളില്ല. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പിന്തുണക്കില്ലെന്ന നിലപാട് സിപിഐ എടുത്തിരുന്നു. എന്നാല്‍ ഭട്ടിന്‍ഡ മണ്ഡലത്തില്‍ പീപ്പിള്‍സ് പാര്‍ട്ടി ഓഫ് പഞ്ചാബിന്റെ (പിപിപി) മന്‍പ്രീത് സിംഗ് ബാദലിനെ സിപിഐ പിന്തുണച്ചു. മന്‍പ്രീത് സിംഗ് ബാദല്‍ കോണ്‍ഗ്രസിന്റെ ചിഹ്നത്തിലാണ് മത്സരിച്ചത്. പിന്നീട് പാര്‍ട്ടി അംഗത്വമെടുക്കുകയും ചെയ്തു. എഎപി ഇടതുപക്ഷ വോട്ടുകള്‍ വലിയ തോതില്‍ വിഴുങ്ങാന്‍ പോവുകയാണെന്ന് അന്ന് സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗം ജോഗീന്ദര്‍ ദയാല്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഇന്ത്യയിലെ ജാതി രാഷ്ട്രീയം മനസിലാക്കുന്നില്ല, നേതാക്കളുടെ സവര്‍ണ മനോഭാവം തുടങ്ങി നിരവധി ആരോപണങ്ങള്‍ സിപിഎം അടക്കമുള്ള ഇടതുപക്ഷ പാര്‍ട്ടികള്‍ക്ക് നേരെ ഏറെ കാലമായി ഉയര്‍ന്നുവരുന്നതാണ്. പഞ്ചാബില്‍ സിപിഐ (എംഎല്‍) പ്രവര്‍ത്തകനും ദളിത് കവിയുമായ ബാന്ദ് സിംഗ് പാര്‍ട്ടി വിട്ട് എഎപിയില്‍ ചേര്‍ന്നിരുന്നു. ജാതി രാഷ്ട്രീയത്തോട് മുഖം തിരിച്ച് നില്‍ക്കുന്ന പാര്‍ട്ടി നേതാക്കളുടെ സവര്‍ണ മനോഭാവത്തെക്കുറിച്ചാണ് ബാന്ദിന് പറയാനുണ്ടത്. ഇതൊരു ഒറ്റപ്പെട്ട സംഭവമമായിരിക്കാന്‍ സാധ്യതയില്ല. ഉത്തര്‍പ്രദേശ് കഴിഞ്ഞാല്‍ ഇന്ത്യയില്‍ ഏറ്റവുമധികം ദളിതരുള്ളതും ശതമാനക്കണക്ക് വച്ച് നോക്കുമ്പോള്‍ ദളിത് പ്രാതിനിധ്യം കൂടിയ സംസ്ഥാനവും പഞ്ചാബാണ്. ജനസംഖ്യയില്‍ 32 ശതമാനം ദളിതരാണ്.

എഎപിക്ക് പഞ്ചാബിന്റെ പ്രശ്‌നങ്ങള്‍ മനസിലാകുന്നുണ്ട്. അതുകൊണ്ടാണ് ഒരു ദളിത് മാനിഫെസ്റ്റോ തന്നെ അവര്‍ പുറത്തിറക്കിയത്. ഇന്ത്യയില്‍ ഏറ്റവുമധികം യുവാക്കള്‍ ലഹരിമരുന്നിന് അടിമകളാകുന്ന സംസ്ഥാനം പഞ്ചാബാണ്. ഭരണകക്ഷിയായ അകാലി ദളിന് സംസ്ഥാനത്തെ ലഹരി മരുന്ന് മാഫിയയുമായുള്ള ബന്ധം കുപ്രസിദ്ധവുമാണ്. എഎപിയും കോണ്‍ഗ്രസും തിരഞ്ഞെടുപ്പില്‍ പ്രധാനമായി ഉന്നയിക്കുന്ന പ്രശ്‌നവും ലഹരി മരുന്ന് വിഷയം തന്നെ. ഒപ്പം പ്രകാശ് സിംഗ് ബാദല്‍ സര്‍ക്കാരിനെതിരായ അഴിമതി ആരോപണങ്ങളുമുണ്ട്. ദളിത് പ്രശ്‌നം, പഞ്ചാബിലെ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍, ലഹരിമരുന്ന് മാഫിയയുടെ ഭരണകൂട ബന്ധങ്ങള്‍ ഈ വിഷയങ്ങള്‍ അടക്കമുള്ള ജനകീയ പ്രശ്‌നങ്ങളെ വളരെ ശക്തമായി ഉപയോഗപ്പെടുത്താന്‍ എഎപിക്ക് കഴിഞ്ഞിട്ടുണ്ട്. ഇതാണ് അവര്‍ക്ക് പ്രതീക്ഷകള്‍ നല്‍കുന്നത്.

പഞ്ചാബിലെ മധ്യവര്‍ഗത്തെ കയ്യിലെടുക്കാന്‍ എഎപിക്ക് കഴിഞ്ഞിട്ടുണ്ട്. തീവ്ര ഇടതുപക്ഷ ഗ്രൂപ്പുകളുടെയടക്കം പിന്തുണ നേടാനും അവര്‍ക്കായി. സംഗ്രൂര്‍ – ബര്‍ണാല മേഖലകളിലെല്ലാം കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഈ ഗ്രൂപ്പുകള്‍ എഎപിക്ക് പിന്തുണയുമായി എത്തിയിരുന്നു. ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ ശൂന്യത നികത്തുകയാണ് ലിബറല്‍ എന്നോ മധ്യ ഇടതുപക്ഷമെന്നോ വിളിക്കാന്‍ കഴിയുന്ന ആം ആദ്മി പാര്‍ട്ടിയെന്നാണ് ഇത്തരം സംഘടനകളുടെ നിലപാട്.

അതേസമയം ഹര്‍കിഷന്‍ സിംഗ് സുര്‍ജിത്തിന്റെ അപ്രമാദിത്വത്തിനെതിരെ കലാപമുയര്‍ത്തിയാണ് സിപിഎം കേന്ദ്രകമ്മിറ്റി അംഗമായിരുന്ന മംഗത് റാം പസ്ല പാര്‍ട്ടി വിട്ടതും സംസ്ഥാനത്തെ സിപിഎമ്മിനെ പിളര്‍ത്തി സിപിഎം (പഞ്ചാബ്) എന്ന പാര്‍ട്ടി രൂപീകരിക്കുന്നതും. ജനപിന്തുണയില്‍ സിപിഎമ്മിനൊപ്പമോ ഒരുപിടി മുന്നിലോ എത്താന്‍ അവര്‍ക്ക് കഴിഞ്ഞു. അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വിഭജത്തിന് ശേഷം സിപിഎം രൂപീകരിച്ച സ്ഥാപകാംഗങ്ങളില്‍ ഒരാളായ ജഗ്ജിത് സിംഗ് ലിയാള്‍പുരി, 1992ല്‍ കോണ്‍ഗ്രസിനോടുള്ള പാര്‍ട്ടിയുടെ സമീപനത്തിലും സുര്‍ജിത്തിനെതിരെ പ്രതിഷേധമുയര്‍ത്തിയും പാര്‍ട്ടി വിട്ടു. പിന്നീട് എംസിപിഐ (മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ) രൂപീകരിച്ചു. എന്നാല്‍ സിപിഎം (പഞ്ചാബ്) പോലെ അതിന് ജനപിന്തുണ നേടാന്‍ കഴിഞ്ഞില്ല.

എന്തുകൊണ്ടാണ് ജനങ്ങളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താനും അവരുടെ വിശ്വാസം നേടിയെടുക്കാനും ആം ആദ്മി പാര്‍ട്ടിക്ക് ഉത്തരേന്ത്യയില്‍ കഴിയുന്നതും ഇടതുപക്ഷ പാര്‍ട്ടികള്‍ക്ക് കഴിയാത്തതും? ഇടതുപക്ഷ പാര്‍ട്ടികള്‍ ഉന്നയിക്കുന്ന പ്രശ്‌നങ്ങള്‍ ഉത്തരേന്ത്യയില്‍ ഇല്ലാത്തതുകൊണ്ടാണോ? അല്ല, അവര്‍ ഉന്നയിക്കുന്ന പ്രശ്‌നങ്ങളെല്ലാം യഥാര്‍ത്ഥം തന്നെ. മറ്റേതൊരു ബൂര്‍ഷ്വാ പാര്‍ട്ടിയേയും പോലെ പിന്തിരിപ്പന്‍ അവസരവാദ നിലപാടുകള്‍ എഎപിക്കുമുണ്ട്. എന്നാല്‍ ജനകീയ പ്രശ്‌നങ്ങള്‍ ഉന്നയിച്ച് വിശ്വാസ്യത നേടിയെടുക്കാന്‍ അവര്‍ക്ക് കഴിയുന്നു.

ദേശീയ – അന്തര്‍ദേശീയ വിഷയങ്ങള്‍, ബദല്‍ വികസന മാതൃകകള്‍, ഇന്ത്യയിലെ ഭൂബന്ധങ്ങള്‍, കാര്‍ഷിക, വ്യാവസായിക പ്രശ്‌നങ്ങള്‍, സാമ്പത്തിക നയങ്ങള്‍ തുടങ്ങിയവയിലെല്ലാം ആം ആദ്മി പാര്‍ട്ടിക്കില്ലാത്ത ആശയ വ്യക്തതയും നിലപാടുകളും സിപിഎം അടക്കമുള്ള പാര്‍ട്ടികള്‍ക്കുണ്ട്. എന്നാല്‍ പ്രായോഗിക തലത്തില്‍ അവര്‍ തികഞ്ഞ പരാജയമാവുന്നു. ഇതെങ്ങനെ സംഭവിക്കുന്നു. ജാതിയെ സംബന്ധിച്ച് വളരെ വൈകിയാണെങ്കിലും സിപിഎം ചര്‍ച്ച ചെയ്ത് തുടങ്ങിയിട്ടുണ്ട്. എഎപി അതിനെ കുറിച്ച് താത്വിക അവലോകനങ്ങള്‍ നടത്തുന്നില്ല എന്നത് ശരി തന്നെ. പക്ഷെ ഇത്തരം പ്രശ്‌നങ്ങളെ സംബന്ധിച്ച് അവര്‍ അന്വേഷിക്കുന്നുണ്ട്. പ്രായോഗികമായി ഇടപെടാന്‍ ശ്രമിക്കുന്നുണ്ട്. അതുകൊണ്ടാണ് സോണി സോറിയെ പോലുള്ളവരും ബാന്ദ് സിംഗിനെ പോലുള്ളവരും എഎപിയുടെ ഭാഗമാകുന്നത്.

സിപിഎം പഞ്ചാബും കേരളത്തിലെ ആര്‍എംപിയും മറ്റ് സിപിഎം വിമത ഗ്രൂപ്പുകളുമെല്ലാം ചേര്‍ന്നാണ് ഇപ്പോള്‍ റെവലൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (ആര്‍എംപിഐ) രൂപീകരിച്ചിരിക്കുന്നത്. പഞ്ചാബില്‍ ഇത്തവണ സിപിഎമ്മും ആര്‍എംപിഐയും ഒറ്റ മുന്നണിയായാണ് മത്സരിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. കേരളത്തില്‍ നിന്ന് വന്ന മാധ്യമപ്രവര്‍ത്തകരോട് സിപിഎം സംസ്ഥാന സെക്രട്ടറി ചരണ്‍ സിംഗ് വിര്‍ദി ഉള്ള കാര്യം തുറന്ന് പറഞ്ഞു. വലിയ പ്രതീക്ഷയൊന്നും ഇല്ല. സംസ്ഥാനത്ത് അകാലിദളിനും കോണ്‍ഗ്രസിനുമെതിരായ ജനവികാരം മുതലെടുക്കാന്‍ ഇടതുപക്ഷം പരാജയപ്പെട്ടപ്പോള്‍ ആം ആദ്മി പാര്‍ട്ടി ഇതില്‍ വിജയിച്ചതായി വിര്‍ദി സമ്മതിക്കുന്നു. കേജ്രിവാളിന്റേയും എഎപിയുടേയും വരവോടെ ഇടത് പാര്‍ട്ടികള്‍ പഞ്ചാബില്‍ ഒന്ന് കൂടി ക്ഷീണിക്കുകയാണ് ചെയ്തത്.

Share on

മറ്റുവാര്‍ത്തകള്‍