ടാന്‍സാനിയയിലെ ഈ സുരക്ഷിത ബോധത്തില്‍ നിന്നുകൊണ്ടാണ് വളരെ വേദനയോടെ, ദേഷ്യത്തോടെ, അപമാനത്തോടെ ഇന്ത്യയില്‍ ആഫ്രിക്കന്‍ വിദ്യാര്‍ഥികള്‍ കടന്നു പോകുന്ന അരക്ഷിതാവസ്ഥയെ കുറിച്ച് എഴുതുന്നത്.
ഉത്തര്‍ പ്രദേശിലെ നോയ്ഡയില്‍ ആഫ്രിക്കന്‍ വംശജര്‍ക്കെതിരായ അതിക്രമം ഇപ്പൊഴും തുടരുന്നു. ഗ്രേറ്റര്‍ നോയ്ഡയില്‍ 19-കാരന്‍ അമിതമായ അളവില്‍ മയക്കുമരുന്ന് കഴിച്ചതിനെ തുടര്‍ന്ന് മരിച്ചതിന് പിന്നില്‍ എന്‍.എസ്.ജി കോളനിയില്‍ താമസിക്കുന്ന നൈജീരിയന്‍ വംശജരാണ് എന്നാരോപിച്ചായിരുന്നു ആക്രമണം. കഴിഞ്ഞ ദിവസം കാറില്‍ സഞ്ചരിക്കുകയായിരുന്ന കെനിയന്‍ വംശജയായ യുവതിയെ ഒരു സംഘം കാറിനു പുറത്തേക്ക് വലിച്ചിറക്കി മര്‍ദ്ദിച്ചിരുന്നു. 2014ല്‍ ബൂര്‍ക്കിനോ ഫാസോയില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥികളെയും തൊട്ടടുത്ത വര്‍ഷം ഡല്‍ഹി ആപ് മന്ത്രിയുടെ നേതൃത്വത്തില്‍ നൈജീരിയയില്‍ നിന്നും ഉഗാണ്ടയില്‍ നിന്നും എത്തിയ സ്ത്രീകളെയും ആക്രമിക്കുകയും വംശീയ അധിക്ഷേപം നടത്തുകയും ചെയ്തിരുന്നു. 2016ല്‍ ടാന്‍സാനിയയില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ ബംഗളൂരുവിലും ആക്രമിക്കപ്പെട്ടു. ഇന്ത്യക്കാരുടെ അസഹിഷ്ണുതയും വംശീയതയും എത്ര ഭയാനകമാണ് എന്ന് ആശങ്കപ്പെട്ടുകൊണ്ട് നിരവധി വര്‍ഷങ്ങളായി ടാന്‍സാനിയയില്‍ ജീവിക്കുന്ന സോമി സോളമന്‍ 2016 ഫെബ്രുവരി 4ന് അഴിമുഖത്തില്‍ എഴുതിയതാണ് ഈ ലേഖനം. പുതിയ സാഹചര്യത്തില്‍ ഞങ്ങള്‍ ഈ ലേഖനം പുനഃപ്രസിദ്ധീകരിക്കുകയാണ് ഇവിടെ.
ബംഗളൂരുവിലെ ഒരുപാട് സ്‌നേഹം നിറഞ്ഞ ടാന്‍സാനിയന്‍, മറ്റ് ആഫ്രിക്കന്‍ സുഹൃത്തുക്കള്‍ക്ക്, ടാന്‍സാനിയയിലെ കിച്ചങ്കനിയില്‍ നിന്നും കുറ്റബോധത്തോടെ, അപമാനഭാരത്തോടെ, അപകര്‍ഷതയോടെ എഴുതുന്നത്.
2012 ഫെബ്രുവരിയിലാണ് ടാന്‍സാനിയയില്‍ വന്നത്. അന്ന് മുതല്‍ ഈ നിമിഷം വരെ ടാന്‍സാനിയ എന്റെ വീടാണ്. നാട്ടിലേക്കു തിരിച്ചു പോകണം എന്ന ആഗ്രഹം പോലും തോന്നാത്ത വിധം അത്രമേല്‍ അടുപ്പമുള്ള വീട്. നൈറ്റ് ഡ്യൂട്ടി മാനേജരായിരുന്ന ജീവിതപങ്കാളിയുടെ ജോലിയുടെ സ്വഭാവം മൂലം തികച്ചും അപരിചിതമായിരുന്ന ടാന്‍സാനിയില്‍ രാത്രികളില്‍ ഒറ്റയ്ക്കിരുന്നപ്പോള്‍ ഒരിക്കല്‍ പോലും ഭയമോ അരക്ഷിതാവസ്ഥയോ തോന്നിയിട്ടില്ല. സ്വാഹിലി തൊഴിലാളികള്‍ താമസിക്കുന്ന നമങ്ങയിലെ വീട്ടില്‍ പാച്ചുവും ഞാനും മാത്രമുള്ള രാത്രികളില്‍ തോന്നിയ സുരക്ഷിതത്വബോധം നല്കാന്‍ കേരളത്തിനൊട്ട് കഴിഞ്ഞിട്ടുമില്ല.
മൊട്ടുസൂചി പോലും വീഴാന്‍ ഇടമില്ലാത്ത സാബ സാബയുടെ തിരക്കുകളിലോ ഫെറിയിലോ ഡാല ഡാലയിലോ എന്റെ ശരീരത്തെ തേടി കൈകളോ കാലുകളോ ഒന്നും വന്നിട്ടില്ല. ആളൊഴിഞ്ഞ കൃഷിഭൂമികളില്‍ക്കൂടെയുള്ള, മണ്‍വഴികളിലൂടെയുള്ള യാത്രകളില്‍ ഒരിക്കല്‍ പോലും ഭയം തോന്നിയിട്ടില്ല. അത്രയ്ക്കും സുരക്ഷിതത്വം ഞാന്‍ ഇവിടെ അനുഭവിക്കുന്നു.
ടാന്‍സാനിയയിലെ ഈ സുരക്ഷിത ബോധത്തില്‍ നിന്നുകൊണ്ടാണ് വളരെ വേദനയോടെ, ദേഷ്യത്തോടെ, അപമാനത്തോടെ ഇന്ത്യയില്‍ ആഫ്രിക്കന്‍ വിദ്യാര്‍ഥികള്‍ കടന്നു പോകുന്ന അരക്ഷിതാവസ്ഥയെ കുറിച്ച് എഴുതുന്നത്.
ഞാന്‍ ജനിച്ചു വളര്‍ന്ന നാടാണ് ഇന്ത്യ. ആ ദേശം ഇതുവരെ ആഫ്രിക്കന്‍ വംശജരോട് കാണിച്ചു കൊണ്ടിരുന്ന/കൊണ്ടിരിക്കുന്ന മനുഷ്യത്വരഹിതമായ വിവേചനത്തിന്റെ ഏറ്റവും ക്രൂരമായ മുഖമാണ് ബാംഗ്ലൂരില്‍ ടാന്‍സാനിയന്‍ സുഹൃത്തുക്കള്‍ക്ക് അനുഭവിക്കേണ്ടി വന്നത്. ഇന്ത്യക്കാരി എന്ന നിലയില്‍ കുറ്റബോധത്തോടെ, നിങ്ങള്‍ അനുഭവിച്ച മാനസിക, ശാരീരിക പീഡനങ്ങള്‍ക്ക്, അവഹേളനങ്ങള്‍ക്ക് ക്ഷമ ചോദിക്കുകയാണ്.
ഇന്ത്യയില്‍ ദളിതനായി ജനിച്ചു എന്ന കാരണം കൊണ്ട്, ഹൈദരാബാദിലെ കേന്ദ്ര സര്‍വകലാശാലയില്‍ ആത്മഹത്യ ചെയ്യേണ്ടി വന്ന രോഹിത് വെമുലയ്ക്ക് നീതി ലഭിക്കാനുള്ള പ്രക്ഷോഭം രാജ്യം മുഴുവന്‍ നടക്കുമ്പോഴാണ് ആഫ്രിക്കന്‍ സുഹൃത്തുക്കള്‍ അക്രമങ്ങള്‍ക്ക് ഇരയാകുന്നത് എന്നത് യാദൃശ്ചികമല്ല.
2014-ലാണ് ഗബാനില്‍ നിന്നും ബുര്‍കിന ഫസോയില്‍ നിന്നുമുള്ള വിദ്യാര്‍ഥികളെ ഡല്‍ഹിയിലെ മെട്രോ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് ഭാരത് മാത കി ജയ് എന്ന് വിളിച്ചുകൊണ്ട് അക്രമികള്‍ ഇരുമ്പ് വടികള്‍ കൊണ്ട് ആക്രമിച്ചത്. എന്ത് ചെയ്യണമെന്നറിയതെ നിസ്സഹായരായ വിദ്യാര്‍ഥികളെ ചുറ്റിലും നിന്ന് ആക്രമിക്കുകയായിരുന്നു. നിയമപാലകര്‍ നോക്കി നിന്നു.
ഒരു വര്‍ഷം മുന്‍പ് ഡല്‍ഹിയിലെ നിയമമന്ത്രിയുടെ നേതൃത്വത്തിലാണ് യൂണിഫോം പോലുമില്ലാത്ത പോലീസുകാരുടെ സഹായത്തോടെ നൈജീരിയയിലെയും ഉഗാണ്ടയിലെയും വിദ്യാര്‍ഥികളെ, സ്ത്രീകളടക്കം, തടഞ്ഞു നിര്‍ത്തുകയും വംശീയമായി അധിക്ഷേപിക്കുകയും ചെയ്തത്. കറുത്ത വര്‍ഗക്കാരായ മനുഷ്യര്‍ ഇന്ത്യയില്‍ അനുഭവിക്കുന്ന വിവേചനത്തെക്കുറിച്ച് മുഖ്യധാരാ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ മാത്രമാണിവ.
ആഫ്രിക്കന്‍ വിദ്യാര്‍ഥികള്‍ ഇന്ത്യയില്‍ ദിവസവും കടന്നു പോകുന്ന വംശീയവെറിയുടെയും അവഹേളനങ്ങളുടെയും തീവ്രത ഇന്ത്യന്‍ സമൂഹത്തിന്റെ എല്ലാ പൊള്ളത്തരങ്ങളും വെളിവാക്കുന്നതാണ്. സഹജീവികള്‍ പോലും തൊട്ടു കൂടാത്തവരും തീണ്ടിക്കൂടാത്തവരുമായി കഴിയേണ്ടി വരുന്ന സാമുഹ്യ വ്യവസ്ഥിതിയുള്ള നാടാണ് ഇന്ത്യ.
അതിഥികളുടെ നിറവും ജാതിയും നോക്കുന്ന നാടാണ് ഇന്ത്യ. വീട്ടില്‍ വരുന്നവര്‍ക്ക് ജാതി അനുസരിച്ച് പാത്രങ്ങളും ഭക്ഷണവും സ്ഥാനങ്ങളും നല്‍കുന്ന മനുഷ്യര്‍ താമസിക്കുന്ന നാടാണ് ഇന്ത്യ.
പെണ്‍കുട്ടികളെ/സ്ത്രീകളെ ബാലാത്സംഘം ചെയ്യാന്‍ വിധി കല്‍പ്പിക്കുന്ന ഖാപ് പഞ്ചായത്തുകളുടെ നാടാണ് ഇന്ത്യ. ആദിവാസികളെയും ദളിതരെയും നഗ്‌നരാക്കി, ചാപ്പകുത്തി നടത്തുന്ന ഗ്രാമസഭകളുടെ നാടാണ് ഇന്ത്യ. ആ ഖാപ് പഞ്ചായത്തുകളെ ന്യായീകരിക്കുന്ന ഭരണകര്‍ത്താക്കളാണ് ഇന്ത്യ ഭരിക്കുന്നത്.
പ്രതികരിക്കുന്ന ആദിവാസി/ദളിത് സ്ത്രീകളെ നഗ്നരാക്കി യോനിയില്‍ കല്ലും മണ്ണും കുത്തിക്കയറ്റുന്ന നിയമപാലകര്‍ ഉള്ള നാടാണ് ഇന്ത്യ.
അക്രമിക്കാന്‍ എത്തിയ ആള്‍ക്കൂട്ടത്തില്‍ നിന്നും രക്ഷപെടാന്‍ ഓടിക്കയറിയ ബസ്സില്‍ നിന്നും വീണ്ടും അക്രമികളുടെ ഇടയിലേക്ക് തള്ളിയിട്ട പൊതുബോധമുള്ള നാടാണ് ഇന്ത്യ.
പ്രാഥമികകാര്യങ്ങള്‍ നിര്‍വഹിക്കാന്‍ നിവര്‍ത്തിയില്ലാതെ രാത്രി വരെ കാത്തു പുറത്തിറങ്ങുമ്പോള്‍ അവിടെയും പെണ്‍ശരീരങ്ങളെ തേടിയെത്തി മൃഗീയമായി പീഡിപ്പിച്ച് മാവിന്‍ കൊമ്പില്‍ കെട്ടിത്തൂക്കുന്ന നാടാണ് ഇന്ത്യ.
സവര്‍ണ സഹപാഠിയുടെ ഭക്ഷണം അറിയാതെ കഴിച്ചതിന് ഛര്‍ദ്ദിക്കുവോളം അടിച്ചുചതച്ചു നീതി വരുത്തുന്ന അധ്യാപകരുള്ള നാടാണ് ഇന്ത്യ.
സ്‌നേഹിക്കുന്നതിനു പോലും ദുരഭിമാന കൊലകള്‍ പകരം നല്‍കുന്ന, ഉയര്‍ന്ന ജാതിയിലെ പെണ്‍കുട്ടിയെ സ്‌നേഹിച്ചതിന് അവര്‍ണ്ണന്റെ ഗ്രാമങ്ങള്‍ കത്തിച്ചു ചാമ്പലാക്കുന്ന മനുഷ്യരുടെയും നാടാണ് ഇന്ത്യ.
കറുത്ത നിറമുള്ള സ്വന്തം ജനങ്ങളോട് നീതി കാണിക്കാന്‍ കഴിയാത്ത എന്റെ ദേശത്തിന്, കറുത്ത നിറമുള്ള ഒരു അതിഥിയോട് നീതി കാണിക്കാന്‍ കഴിയുമെന്നുള്ള ഒരു പ്രതീക്ഷ പോലും പുലര്‍ത്താന്‍ എനിക്ക് കഴിയുന്നില്ല എന്നതാണ് സത്യം.
പ്രിയപ്പെട്ട ആഫ്രിക്കന്‍ സുഹൃത്തുക്കള്‍ ഓരോ നിമിഷവും ഇന്ത്യയില്‍ കടന്നു പോകേണ്ടി വരുന്ന അവഹേളനത്തിന്റെ, തിരസ്‌കരണത്തിന്റെ, പീഡനങ്ങളുടെ തീവ്രത മനസിലാക്കുന്നു. ഒപ്പം ഒപ്പം നില്‍ക്കുന്നു.
കുറച്ചു നാളുകള്‍ക്ക് മുന്‍പാണ് ഡല്‍ഹിയില്‍ എല്ലാ ആഫ്രിക്കന്‍ ഭരണാധികാരികളും പങ്കെടുത്ത ആഫ്രിക്കന്‍ ഉച്ചകോടി നടന്നത്. വികസനത്തിന്റെയും വളര്‍ച്ചയുടെയും ഒരുമിച്ചുള്ള യാത്ര എന്ന ആ സമ്മേളനത്തിന് നേതൃത്വം വഹിച്ച ഇന്ത്യക്ക് ഈ രാജ്യത്തുള്ള ആഫ്രിക്കന്‍ വിദ്യാര്‍ഥികളുടെ മേല്‍ ഉത്തരവാദിത്തമുണ്ട്; ഇന്ത്യയെ വിശ്വസിച്ചു വന്നവരാണ് അവര്‍. രാജ്യത്തു പലയിടത്തും അവര്‍ അനുഭവിക്കുന്ന മനുഷ്യത്വഹീനമായ വിവേചനങ്ങള്‍ക്കെതിരെ ഭരണസംവിധാനം ഇനിയെങ്കിലും നടപടിയെടുക്കും എന്ന് പ്രതീക്ഷിക്കുന്നു.
(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)
എഴുത്തുകാരി, വിദ്യാഭ്യാസ പ്രവര്‍ത്തക, ഇപ്പോള്‍ ടാന്‍സാനിയയിലെ ദാര്‍-എസ്-സലാമില്‍ താമസം. അഴിമുഖത്തില്‍ My Africa എന്ന കോളം ചെയ്യുന്നു.