April 20, 2025 |
Share on

പ്രളയമുണ്ടാക്കിയ നോവുകള്‍ മറക്കാം; കുട്ടികള്‍ക്ക് വേണ്ടി കലാ ക്യാമ്പുകളുമായി കമൂറ ആര്‍ട് കമ്യൂണിറ്റി

കോഴിക്കോടുള്ള സിനിമാ, നാടകം, നാടന്‍പാട്ട്, കല എന്നീ മേഖലകളിലുള്ളവരുടെ ചെറിയ കൂട്ടമാണ് കമൂറ ആര്‍ട്ട് കമ്യൂണിറ്റി.

കഴിഞ്ഞു പോയ പ്രളയം ഒരുപാട് നോവുകള്‍ കൂടി നല്‍കിയാണ് കടന്നുപോയത്. പ്രളയം നേരിട്ട് അനുഭവിച്ചവര്‍ക്കും ദൂരെ നിന്ന് കണ്ടറിഞ്ഞവര്‍ക്കുമെല്ലാം മാനസികാഘാതങ്ങള്‍ നല്‍കിയിട്ടുണ്ട്. ഇതില്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതും തിരിച്ച് പിടിക്കേണ്ടതും കുട്ടികളുടെ മാനസികാരോഗ്യമാണ്. മറക്കാനാകാത്ത ഓര്‍മകളാായി പേടിസ്വപ്‌നങ്ങളായി പ്രളയം മാറുന്നതിനു മുന്നെ മാനസികമായ ആശ്വാസവും പോസിറ്റീവ് എനര്‍ജിയും കുട്ടികള്‍ക്ക് നല്‍കി അവരുടെ നിറമുളള ബാല്യം തിരികെ നല്‍കാനായുള്ള ആശയമാണ് കമൂറ ആര്‍ട് കമ്യൂണിറ്റി മുന്നോട്ട് കൊണ്ട് വന്നിരിക്കുന്നത്.

കോഴിക്കോടുള്ള സിനിമാ, നാടകം, നാടന്‍പാട്ട്, കല എന്നീ മേഖലകളിലുള്ളവരുടെ ചെറിയ കൂട്ടമാണ് കമൂറ ആര്‍ട്ട് കമ്യൂണിറ്റി. തങ്ങളുടെ പ്രവര്‍ത്തനമണ്ഡലങ്ങളില്‍ നിന്നുകൊണ്ടുള്ള ചെറിയ അനുഭവങ്ങള്‍ പങ്കുവെക്കുക, പുതിയ അറിവുകള്‍ പരീക്ഷിക്കുക തുടങ്ങിയവയാണ് കമൂറ ആര്‍ട് കമ്യൂണിറ്റിയിലൂടെ നടപ്പാക്കുന്നത്.

‘സംഗീതത്തിലൂടെയുള്ള തെറാപ്പി ഒരുപക്ഷേ ഏവര്‍ക്കും സുപരിചിതമായിരിക്കും. എന്നാല്‍ സംഗീതത്തിലൂടെ മാത്രമല്ല നാടകത്തിലൂടെയും, സിനിമയിലൂടെയും, ചിത്രംവരയിലൂടെയുമെല്ലാം തെറാപ്പികള്‍ ചെയ്യാവുന്നതാണ്.’ കമ്യൂറയുടെ കോഫൗണ്ടര്‍ ആയ നൗഷാദ് പറയുന്നു. സര്‍ഗാത്മക രചനകളും, കലയും എങ്ങനെ ഹീലിങിന് ഉപയോഗിക്കാമെന്നും കമ്യൂറ ആര്‍ട് കമ്യൂണിറ്റിയില്‍ പഠിക്കുന്നുണ്ട്. കൂടാതെ കേരളത്തില്‍ നടക്കുന്ന ചില സമരങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് തെരുവുനാടകങ്ങളും സംഘടിപ്പിക്കാറുണ്ട്. നില്‍പ്‌സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു കൊണ്ട് കുരങ്ങുകളി എന്ന തെരുവുനാടകം ചെയ്തിരുന്നു. കഴിഞ്ഞ വേനല്‍ അവധിക്ക് ‘ടോക്കിങ് ട്രീസ്’ എന്നൊരു പ്രോഗ്രാം രാമനാട്ടുകരയില്‍ സംഘടിപ്പിച്ചിരുന്നു.

കുട്ടികള്‍ക്ക് വേണ്ടി അത്തരത്തില്‍ വര്‍ക്ക്‌ഷോപ്പുകളും ക്ലാസുകളും സംഘടിപ്പിച്ചതിന്റ ആത്മവിശ്വാസത്തിന്റെ പുറത്താണ് ‘സൈക്കോളജിക്കല്‍ റിലീഫ് ത്രൂ ആര്‍ട് ആന്റ് തീയേറ്റര്‍’ എന്ന ഒരു ആശയം മുന്നോട്ട് വെച്ചത്. നേപ്പാളില്‍ കാറ്റിയ വെറോള്‍ട് നടത്തിയ ഡാന്‍സ് മൂവ്‌മെന്റ് തെറാപ്പിയാണ് ഇതിന്റെ പ്രചോദനം. മലപ്പുറം, കോഴിക്കോട് ഭാഗങ്ങളിലാണ് ക്യാംപ് ഒരുക്കാന്‍ ഉദ്ദേശം. പക്ഷേ കേരളത്തിന്റെ എവിടെയും ആവശ്യം അറിയിച്ചാല്‍ ക്യാംപ് സംഘടിപ്പിക്കാന്‍ ഞങ്ങള്‍ തയാറാണ്. മൂന്ന് മണിക്കൂറുള്ള ഒരു ക്യാംപാണ് ഇപ്പോള്‍ പ്രളയബാധിത പ്രദേശത്തെ കുട്ടികള്‍ക്കായി ഞങ്ങള്‍ തീരുമാനിച്ചിരിക്കുന്നത്. ക്യാംപില്‍ പ്രവര്‍ത്തിക്കാന്‍ തയാറാണെന്ന് അറിയിച്ച് കൊണ്ട് കുറെ ആളുകള്‍ വിളിക്കുന്നുണ്ട്. ദുരിതാശ്വാസക്യാംപുകളില്‍ നിന്ന് എല്ലാവരും സാധാരണ ജീവിതത്തിലേക്ക് എത്തുമ്പോഴാകും ക്യാംപ് ഒരുക്കുക.

കമ്യൂറ ആര്‍ട് കമ്യൂണിറ്റിക്ക് ഒരു സംഘടനാക്രമങ്ങള്‍ ഒന്നും ഇല്ല. സമാന്തര വിദ്യാഭ്യാസ സമ്പ്രദായങ്ങളായ ലേര്‍ണിങ് ത്രൂ അണ്‍ലേര്‍ണിങ് രീതികളാണ് ഇതില്‍ ഉപയോഗിക്കുക.

ആരതി എം ആര്‍

ആരതി എം ആര്‍

സ്വതന്ത്ര മാധ്യമപ്രവര്‍ത്തക

More Posts

Leave a Reply

Your email address will not be published. Required fields are marked *

×