UPDATES

ഓട്ടോമൊബൈല്‍

മാരുതി മനെസർ പ്ലാന്റിൽ ഇന്നും അവധി: ഓട്ടോവിപണിയെ വിഴുങ്ങുന്ന മാന്ദ്യം

മാരുതി സുസൂക്കിക്കു മാത്രം വിൽപ്പനയിൽ 34 ശതമാനം ഇടിവാണ് ഓഗസ്റ്റ് മാസത്തിൽ സംഭവിച്ചത്.

                       

മാരുതി മനെസർ പ്ലാന്റില്‍ കമ്പനി പ്രഖ്യാപിച്ച രണ്ട് ദിവസത്തെ അവധി ഇന്നത്തോടെ അവസാനിക്കും. സെപ്തംബർ 7, 9 എന്നീ തിയ്യതികളിലാണ് പ്ലാന്റിലെ ജീവനക്കാർക്ക് മാരുതി അവധി നൽകിയത്. ഇത്തവണത്തെ ഈ അപ്രതീക്ഷിത അവധികൾ കമ്പനിയുടെ ജീവനക്കാരെ ആഹ്ലാദിപ്പിക്കുന്നില്ല എന്നതാണ് വസ്തുത. രാജ്യത്ത് അതിരൂക്ഷമായിക്കൊണ്ടിരിക്കുന്ന മാന്ദ്യമാണ് ഈ അവധികളിൽ പ്രതിഫലിക്കുന്നതെന്ന് തൊഴിലാളികൾക്കറിയാം. വൻതോതിലുള്ള തൊഴിൽനഷ്ടമാണ് ഓട്ടോമൊബൈൽ മേഖലയിൽ സംഭവിക്കുന്നത്. എല്ലാ കാർനിർമാതാക്കളെയും മാന്ദ്യം ബാധിച്ചിട്ടുണ്ട്. വിൽപ്പന നടക്കാത്തതിനാൽ പ്ലാന്റ് പ്രവർത്തിക്കുന്നത് ലാഭകരമല്ലാത്ത അവസ്ഥയിലാണ് കാര്യങ്ങൾ.

സാധാരണ ഗതിയില്‍ അറ്റകുറ്റപ്പണികള്‍ക്കും മറ്റുമായി വാഹന നിര്‍മാതാക്കള്‍ വര്‍ഷത്തില്‍ രണ്ടു തവണയെങ്കിലും തങ്ങളുടെ പ്ലാന്റുകള്‍ അടച്ചിടാറുണ്ട്. എന്നാല്‍ മിക്ക നിര്‍മാതാക്കളും, മാരുതി സുസുക്കി, ടാറ്റ മോട്ടോഴ്‌സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഉള്‍പ്പെടെയുള്ളവ കഴിഞ്ഞ ആറു മാസത്തിനിടയില്‍ രണ്ടു മുതല്‍ 10 ദിവസം വരെ അടച്ചിട്ടിരുന്നു.

മാരുതി സുസൂക്കിക്കു മാത്രം വിൽപ്പനയിൽ 34 ശതമാനം ഇടിവാണ് ഓഗസ്റ്റ് മാസത്തിൽ സംഭവിച്ചത്.

ടാറ്റ മോട്ടോഴ്‌സ്, ഹോണ്ട കാര്‍സ് ഇന്ത്യ, റെനോ-നിസാന്‍ എന്നിവ നാലു മുതല്‍ 10 ദിവസം വരെ മെയ്-ജൂണ്‍ സമയത്ത് തങ്ങളുടെ പ്ലാന്റുകള്‍ അടച്ചിട്ടിരുന്നു. ടൊയോട്ടയും ഹുണ്ടായ് ഇന്ത്യയും രണ്ടു ദിവസം ഉത്പാദനം നിര്‍ത്തി വയ്ക്കാന്‍ ഈയിടെ തീരുമാനിച്ചിരുന്നു. 2019 ഏപ്രില്‍ മാസം മുതല്‍ 15,000 താത്കാലിക ജീവനക്കാരെ വാഹന നിര്‍മാണ മേഖലയില്‍ നിന്നു പിരിച്ചു വിട്ടിട്ടുണ്ടെന്നാണ് വാഹന നിര്‍മാതാക്കളുടെ സംഘടനയായ SIAM പറയുന്നത്.

Share on

മറ്റുവാര്‍ത്തകള്‍