Continue reading “പ്രവാസിക്കെന്തിനാണ് ഫേസ് ബുക്ക്?”

" /> Continue reading “പ്രവാസിക്കെന്തിനാണ് ഫേസ് ബുക്ക്?”

"> Continue reading “പ്രവാസിക്കെന്തിനാണ് ഫേസ് ബുക്ക്?”

">

UPDATES

പ്രവാസം

പ്രവാസിക്കെന്തിനാണ് ഫേസ് ബുക്ക്?

                       
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി പ്രവാസികള്‍ക്കിടയില്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന മാറ്റങ്ങളെ കുറിച്ച് ഒരു പഠനം നടത്തിയാല്‍ ആരുടേയും തല പെരുക്കുന്ന വിചിത്രങ്ങളായ ചില ചിത്രങ്ങളാകും നമുക്ക് കിട്ടുക. ഫേസ് ബുക്കിനു മുമ്പുള്ള പ്രവാസി എന്നും ശേഷമുള്ള പ്രവാസി എന്നും ഈ മാറ്റത്തെ നമുക്ക് രണ്ടായി വിഭജിക്കാം. ഒരു പ്രവാസിയുടെ ജീവിതവുമായി ഇന്ന് ഫേസ് ബുക്ക് എന്ന മാധ്യമം അത്രത്തോളം ചേര്‍ന്ന് നില്ക്കുന്നു. ഒരാളുടെ ജീവിത പ്രക്രിയയെ വരെ താളം തെറ്റിക്കുന്ന തരത്തില്‍ ഫേസ് ബുക്ക് അവന്ടെ ജീവിതത്തെ നിയന്ത്രിച്ചു തുടങ്ങിയിരിക്കുന്നു. ഫേസ് ബുക്ക് ഇല്ലാത്ത ഒരു ദിവസത്തെ കുറിച്ച് ചിന്തിക്കാന്‍ പോലും സാധിക്കാത്ത തരത്തില്‍ അവന്‍ അതിനു അടിമപ്പെട്ടു എന്ന് കരുതാവുന്ന തരത്തിലാണ് ഇന്ന് കാര്യങ്ങളുടെ പോക്ക്!
 
മുമ്പൊക്കെ ജോലി കഴിഞ്ഞാല്‍ കൂട്ടുകാര്‍ ഒക്കെ വട്ടംകൂടിയിരുന്നു സൊറ പറയുന്ന ഒരു ഏര്‍പ്പാട് ഉണ്ടായിരുന്നു. ഇന്ന് അതൊക്കെ ഗതകാല സ്മരണകള്‍ മാത്രമാണ്. മിക്കവരും ജോലി കഴിഞ്ഞാല്‍ ഒരൊറ്റ ഓട്ടമാണ്. ഇന്‍ ബോക്‌സില്‍ വന്നു നിറയുന്ന മെസ്സേജും, കുറച്ച് മുമ്പിട്ട പോസ്റ്റും, അതിന്റെ കമെന്റും ലൈക്കുകളും ഒക്കെയായി അവന്റെ ജീവിതം ഇന്ന് മാറിയിരിക്കുന്നു. ഇന്റെര്‍നെറ്റ് ഇല്ലാത്ത റൂമുകള്‍ ഇന്ന് വിരളമാണ്. കുറച്ച് നാള്‍ മുമ്പ് വരെ കേബിള്‍ ടി.വി ആയിരുന്നു സൌഹൃതങ്ങള്‍ക്ക് പാരയായി പ്രവാസികള്‍ക്കിടയില്‍ വിലങ്ങു തടിയായി നിന്നതെങ്കില്‍ ഇന്നത് ഇന്റെര്‍നെറ്റ് ആയിരിക്കുന്നു. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ ഒരു ഫ്ളാറ്റിലെ കുറച്ച് പേരുമായെങ്കിലും അവന്‍ ബന്ധം പുലര്‍ത്തിയിരുന്നു. ഇടയ്ക്കിടെ അവന്‍ മൊബൈല്‍ വഴി നാട്ടുകാരുമായും കൂട്ടുകാരുമായും സൌഹൃതം പുതുക്കാന്‍ സമയം കണ്ടെത്താറുണ്ടായിരുന്നു. ഇന്നത്തെ സ്ഥിതി കൂടുതല്‍ ദയനീയമാണ്. ടി.വികള്‍ മിക്ക റൂമുകളിലും വെറുതെ ശബ്ദം ഉണ്ടാക്കുന്ന ഒരു യന്ത്രം മാത്രമായി മാറിയിരിക്കുന്നു. വൈകാതെ ആ ശബ്ദവും നിലച്ച് പോകും എന്ന് കരുതാന്‍ പാകത്തിന് ഇന്നത്തെ പ്രവാസികള്‍ക്കിടയില്‍ ഇന്റെര്‍നെറ്റ് എന്ന മാധ്യമം ആഴ്ന്നിറങ്ങിയിരിക്കുന്നു. ഓരോ റൂമിലും നാലും അഞ്ചും ലാപ്‌ടോപ്പും മൊബൈലും ഒക്കെയായി ഓരോരുത്തരും ഓരോ മൂലകളില്‍ ഓരോ ലോകങ്ങളിലാണിന്ന്. അവന്‍ ആഗ്രഹിക്കുന്ന വിഭവങ്ങള്‍ ആഗ്രഹിക്കുന്ന നിറങ്ങളോടെ വിരല്‍ത്തുമ്പകലെ ഇന്ന് ലഭ്യമാണ്. 
 

                                                                                                                                                                                 @Carl Parow
 
ഇന്നവന്റെ ജീവിതം ആകെ മാറിയിരിക്കുന്നു. ഒരു മുറിയില്‍ തന്നെ പരസ്പരം നന്നായി പരിചയമുള്ള അപരിചിതര്‍ ആണിന്നവര്‍! ഇടക്കെപ്പോഴോ അവര്‍ ചിലത് സംസാരിക്കുന്നുണ്ട്. പക്ഷെ പാതി മയക്കത്തില്‍ എന്ന പോലെ അത് പുറത്ത് വരികയും ഭിത്തികളില്‍ തട്ടി അതെങ്ങോട്ടോ അപ്രത്യക്ഷമാകുകയും ചെയ്യുന്നു. വട്ടം കൂടി നിന്ന് കൊണ്ടുള്ള പാചകവും ഒരുമിച്ചിരുന്നുള്ള ഭക്ഷണം കഴിക്കലും ഒക്കെ വര്‍ഷങ്ങള്‍ പഴക്കമുള്ള ഓര്‍മകള്‍ മാത്രമായി മാറിയിരിക്കുന്നു. ഒരു റിയാലിന് കിട്ടുന്ന പെറോട്ടയും കുബ്ബൂസും ഒക്കെയാണ് ഇന്നവന്റെ ആമാശയത്തിന് അമൃതാകുന്നത്. തലേന്നത്തെ കറിയോ രണ്ടു മുട്ടയോ കിട്ടുമെങ്കില്‍ അവന്റെ കാര്യം കുശാല്‍. എളുപ്പത്തില്‍ കിട്ടുന്ന റെഡിമേഡ് ഭക്ഷണങ്ങളോടാണ് അവനിന്നു പ്രിയം! ആറിത്തണുത്ത ആഹാരമാണ് ഇന്നത്തെ അവന്റെ അത്താഴം. ഒരു കയ്യില്‍ കുബ്ബൂസും മറു കയ്യില്‍ കീ ബോര്‍ഡുമായി അവന്റെ ജീവിതം അധ:പതിച്ചിരിക്കുന്നു. കൃത്യമായ ഉറക്കം പോലും കിട്ടാത്ത നിത്യ രോഗിയായി അവന്‍ മാറിക്കൊണ്ടിരിക്കുന്നു. അടച്ചു മൂടിയ ജീവിതം അവന്റെ് ആരോഗ്യത്തെയും ആമാശയത്തെയും ഒരുപോലെ രോഗാതുരമാക്കിയിരിക്കുന്നു. ഇതൊക്കെയും ഒരു തമാശ പോലെ തോന്നാമെങ്കിലും പ്രവാസികള്‍ക്കിടയില്‍ വൈറസ് പോലെ പടര്‍ന്ന് പിടിക്കുന്ന ഫേസ് ബുക്ക് രോഗത്തിന്റെ ലക്ഷണങ്ങള്‍ ആണ് ഇതൊക്കെ.
 
മുമ്പൊക്കെ പ്രവാസം ഒരു നീറുന്ന വേദനയായിരുന്നു. വിരഹം ആയിരുന്നു അതിന്റെ സ്ഥായിയായ ഭാവം. മിക്ക കണ്ണുകളില്‍ നമുക്കത് വായിച്ചെടുക്കാമായിരുന്നു. ഇന്ന് പക്ഷെ ആരും അകലങ്ങളിലല്ല. ഒരു വിരല്‍ത്തുമ്പകലെ വേണ്ടപ്പെട്ടവര്‍ എപ്പോഴുമുണ്ട്. ഇടയ്ക്കിടെ അവന്റെ മൊബൈല്‍ ഫോണുകളില്‍ ബീപ് ബീപ് ശബ്ദങ്ങളില്‍ അവന്റെ പ്രിയപ്പെട്ടവര്‍ മിന്നി മായുന്നു. ഇന്ന്, ഇവര്‍ പരസ്പരം സംസാരിച്ച് മടുത്തു തുടങ്ങി എന്നതാണ് വിരോധാഭാസം. പ്രവാസിയുടെ ടെലിഫോണ്‍ കാളുകള്‍ വെറുപ്പിക്കുന്ന നിമിഷങ്ങള്‍ ആയി മാറിക്കഴിഞ്ഞിരിക്കുന്നു. കാലം നമ്മെ ഇതെങ്ങോട്ടാണ് കൊണ്ട് പോകുന്നത് എന്നറിയാതെ മൂക്കത്ത് വിരല്‍ വെക്കുകയാണ് ചിന്തിക്കുന്ന പ്രവാസികള്‍!
 

                                                                                                                                                                                                     @Nicolas Tosi
 
പത്ത് പേര്‍ കൂടുമ്പോള്‍ ഇന്നത്തെ സംസാരം, തലേന്ന് അവര്‍ ഇട്ട പോസ്റ്റും അതിനു വന്ന കമെന്റും, കിട്ടാതെ പോയ ലൈക്കും ഒക്കെയാണ്. ഗൂഗിളും യൂ ടൂബും ഒക്കെ ആണ് ഇന്നവരുടെ ഉറ്റ ബന്ധുക്കള്‍. പരസ്പരം കുടുംബ വിശേഷം പങ്കു വക്കാന്‍ ഇന്നവന് നേരമില്ല. ഇന്നവന്റെ ചിന്തകളെ ഭരിക്കുന്നത് തലേന്ന് തുടങ്ങി വച്ച ഫേസ് ബുക് ചര്‍ച്ചകളും, നാളെ ഇടാനുള്ള ഫേസ് ബുക്ക് സ്റ്റാറ്റസുമാണ്. അര്‍ദ്ധരാത്രി മൂത്രമൊഴിക്കാന്‍ ചാടി എഴുന്നേല്ക്കുമ്പോഴും മനസ്സാദ്യം പായുന്നത് താനിട്ട പോസ്റ്റില്‍ എന്ത് മാത്രം കമെന്റുകള്‍ വന്നു എന്ന ആക്ഷംക്ഷയാണ്. ഇതിനിടയില്‍ അവന്‍ വിരഹം മറക്കുന്നു, കുട്ടികളെ മറക്കുന്നു, കുടുംബം മറക്കുന്നു, തന്നെ തന്നെ മറക്കുന്നു! 
 
ഫേസ് ബുക്ക് സൃഷ്ടിച്ച ഏറ്റവും വലിയ ന്യൂനത അവന്റെ അധ്വാന ശേഷിയെ നേര്‍ പകുതിയായി കുറച്ചു എന്നതാണ്. നിര്‍ബന്ധമായി ചെയ്തു തീര്‍ക്കേണ്ട ഉത്തരവാദിത്വങ്ങള്‍ എത്ര നിസ്സാരമായാണ് അവന്‍ പിന്നത്തേക്ക് മാറ്റി വക്കുന്നത്! പത്ത് റിയാല്‍ സമ്പാദിക്കാനുള്ള എത്ര എത്ര അവസരങ്ങള്‍ ആണ് നിഷ്പ്രയാസം അവന്‍ അവഗണിക്കുന്നത്. ചര്‍ച്ചകള്‍ക്കിടയില്‍ കടന്നു വരുന്ന ഉപഭോക്താവിനെ ക്രൂരമായ കണ്ണുകളോടെ അവന്‍ മടക്കി അയക്കുന്നു. പ്രധാനപ്പെട്ട മീറ്റിംഗുകളിലും ജോലി സംബന്ധമായ ചര്‍ച്ചകള്‍ക്കിടയിലും സ്ഥിരം വില്ലനായി ടാസ്‌ക് ബാറില്‍ ഒളിഞ്ഞു കിടക്കുന്ന ഫേസ് ബുക്ക് വിന്‍ഡോ ഉണ്ടായിരിക്കും! ഒരു മനുഷ്യന്‍റെ ജീവിതത്തെ ഇതില്‍ കൂടുതല്‍ പ്രതികൂലമായി സ്വാധീനിക്കുന്ന മറ്റൊരു മാധ്യമം ഉണ്ടോ എന്ന് കണ്ടു പിടിക്കേണ്ടിയിരിക്കുന്നു!!!

Share on

മറ്റുവാര്‍ത്തകള്‍