Continue reading “18 തികഞ്ഞാല്‍ ബലാത്സംഗം ചെയ്യാമോ?”

" /> Continue reading “18 തികഞ്ഞാല്‍ ബലാത്സംഗം ചെയ്യാമോ?”

"> Continue reading “18 തികഞ്ഞാല്‍ ബലാത്സംഗം ചെയ്യാമോ?”

">

UPDATES

ന്യൂസ് അപ്ഡേറ്റ്സ്

18 തികഞ്ഞാല്‍ ബലാത്സംഗം ചെയ്യാമോ?

                       
ടീം അഴിമുഖം
 
കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഡല്‍ഹിയില്‍ നടന്ന കൂട്ട ബലാത്സംഗ കേസിലെ പ്രതികളായ നാലു പേരും കുറ്റക്കാരാണെന്ന് സാകേതിലെ അതിവേഗ വിചാരണ കോടതി ഇന്നു വിധി പറഞ്ഞിരിക്കുന്നു. കുറ്റകൃത്യം നടന്ന് ഒമ്പതു മാസങ്ങള്‍ക്കു ശേഷമാണ് സുപ്രധാനമായ ഈ വിധി വന്നിരിക്കുന്നത്. ഇവര്‍ക്ക് വധശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം. ശിക്ഷ ചൊവ്വാഴ്ച പ്രഖ്യാപിക്കും. 
 
എന്നാല്‍ ഈ പ്രതികള്‍ക്കൊപ്പം കുറ്റകൃത്യത്തില്‍ പങ്കാളിയായ 18 തികയാത്ത ഒരു ‘പയ്യ’ന്റ്റെ ശിക്ഷ ഓഗസ്റ്റ് 21-ന് ജുവനൈല്‍ ജസ്റ്റിസ് കോടതി വിധിക്കുകയുണ്ടായി. പെണ്‍കുട്ടിയെ ഏറ്റവൂം ക്രൂരമായി ആക്രമിച്ചത് 18 തികയാത്ത ഈ ‘പയ്യനാ’യിരുന്നു. പതിനേഴര വയസ് മാത്രമുള്ള ഈ പ്രതി പെണ്‍കുട്ടിയുടെ മേല്‍ വിവരിക്കാന്‍ പോലും കഴിയാത്ത ക്രൂരകൃത്യങ്ങളാണ് നടത്തിയത്. ആന്തരാവയവങ്ങള്‍ കൂര്‍ത്ത കമ്പി ഉപയോഗിച്ച് തകര്‍ക്കുക മാത്രമല്ല, പെണ്‍കുട്ടിയുടെ കുടല്‍ വലിച്ചെടുത്ത് പുറത്തിട്ടത് അടക്കമുള്ള ക്രൂരതയായിരുന്നു ഇയാളുടേത്. ഇതിനു ശേഷം കൂട്ടബലാത്സംഗം നടന്ന ബസ് കഴുകി വൃത്തിയതും ഈ പ്രതി തന്നെ. നിലവിലുള്ള ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരം ഈ പ്രതിക്ക് കിട്ടാവുന്ന പരമാവധി ശിക്ഷ മൂന്നു വര്‍ഷത്തെ ജയില്‍ വാസമാണ്. ഡല്‍ഹി ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് ഇയാള്‍ക്ക് 28 മാസത്തെ തടവ് (എട്ടു മാസം ജയിലില്‍ കിടന്നത് ഇളവ് ചെയ്യുന്നതടക്കം) വിധിച്ചു. 
 
ഇന്ത്യന്‍ നിയമം അനുസരിച്ച് ഒരാളെ പ്രായപൂര്‍ത്തിയായ വ്യക്തിയെന്ന നിലയില്‍ നിയമത്തിന് മുന്നില്‍ കൊണ്ടു വരണമെങ്കില്‍ 18 വയസ് പൂര്‍ത്തിയായിരിക്കണം. ഡല്‍ഹി സംഭവത്തിനു ശേഷം ഈ പ്രായപരിധി കുറയ്ക്കണം എന്ന ആവശ്യം പലയിടത്തു നിന്നും ഉയര്‍ന്നിരുന്നു. ഇക്കാര്യത്തിലുള്ള എട്ടു ഹര്‍ജികള്‍ സുപ്രീം കോടതി അടുത്തിടെ നിരാകരിച്ചിരുന്നു. ഇതേ ആവശ്യമുയര്‍ത്തി സുബ്രഹ്മണ്യന്‍ സ്വാമി സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണനയിലാണ്. ഒരാള്‍ പ്രായപൂര്‍ത്തി ആയോ ഇല്ലയോ എന്ന് നിര്‍ണയിക്കുന്നതിന് പ്രായം മാത്രം മാനദണ്ഡമാക്കുന്നതിന് പകരം മാനസികവും ബൗദ്ധികവുമായ ശേഷി കൂടി പരിഗണിക്കുന്ന വിധത്തില്‍ നിയമ ഭേദഗതിയാണ് സുബ്രഹ്മണ്യന്‍ സ്വാമി ആവശ്യപ്പെടുന്നത്. 
 
 
വടക്കന്‍ ഡല്‍ഹിയിലെ രോഹിണിയിലുള്ള ഒരു കുടുംബം ഇന്നു ജീവിക്കുന്നത് ഏതു നിമിഷവും തങ്ങളുടെ മകള്‍ ആക്രമിക്കപ്പെട്ടേക്കാമെന്ന ഭീതിയിലാണ്. 2007-ല്‍ ആറു വയസ് മാത്രം പ്രായമുള്ള തങ്ങളുടെ മൂത്ത മകളെ ബലാത്സംഗം ചെയ്യുകയും കൊലപ്പെടുത്തി ശരീരം കക്ഷ്ണങ്ങളാക്കി മുറിച്ച് പബ്ലിക് ടോയ്‌ലറ്റില്‍ ഉപേക്ഷിക്കുകയും ചെയ്തയാള്‍ തന്നെയാണ് ഈ കുടുംബത്തിന് ഇന്നും ഭീഷണിയായി തീര്‍ന്നിരിക്കുന്നത്. വിചാരണ കോടതി ഇയാളെ വധശിക്ഷയ്ക്ക് വിധിച്ചു. എന്നാല്‍ കേസ് ഹൈക്കോടതിയില്‍ എത്തിയപ്പോള്‍ കുറ്റം ചെയ്ത സമയത്ത് ഇയാള്‍ക്ക് പ്രായപൂര്‍ത്തിയായിരുന്നില്ലെന്ന കാര്യം ഉയര്‍ന്നു വരുന്നത്. ആ സമയത്ത് അഞ്ചു വര്‍ഷം ശിക്ഷ പൂര്‍ത്തിയാക്കിയിരുന്ന ഇയാളെ കോടതി അതോടെ വെറുതെ വിട്ടു. കഴിഞ്ഞ ജനുവരിയില്‍ തിരിച്ചു വന്ന് ഇയാള്‍ ആദ്യം ചെയ്തത് ആ കുടുംബത്തെ ഭീഷണിപ്പെടുത്തലായിരുന്നു. ഇളയ മകളെയും താന്‍ ബലാത്സംഗം ചെയ്യുമെന്നാണ് ഭീഷണി. പോലീസില്‍ പരാതിപ്പെട്ടെങ്കിലും അധികം ഫലമുണ്ടായില്ലെന്ന് കുടുംബം പറയുന്നു. (ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുള്ള ഈ റിപ്പോര്‍ട്ട് നോക്കുക.)  
 
ജുവനൈലിനെ സംരക്ഷിക്കുന്നതിനുള്ള താത്പര്യം പ്രത്യേകിച്ച്, പ്രായപൂര്‍ത്തിയാകാത്തവര്‍ ചെയ്യുന്ന കുറ്റങ്ങളില്‍ നിന്ന് സ്ത്രീകളെ സംരക്ഷിക്കുന്നതിനുള്ള താത്പര്യവുമായി ചേര്‍ന്നു പോകേണ്ടതാണ്. മുകളില്‍ പറഞ്ഞിരിക്കുന്ന സംഭവം അത്ര ഒറ്റപ്പെട്ടതൊന്നുമല്ല താനും. നമ്മുടെ സാമൂഹിക സാഹചര്യങ്ങളില്‍ മാറ്റം വരുന്നതിന് അനുസരിച്ച് നിയമങ്ങളില്‍ മാറ്റങ്ങള്‍ കൊണ്ടു വരേണ്ടതും ഇതിനൊപ്പം പരിഗണിക്കേണ്ടതാണ്. കാരണം വളര്‍ന്നു വരുന്നത് ‘യുവ ഇന്ത്യ’യാണ്. അതായത്, ജനസംഖ്യയുടെ പകുതിയിലധികവും 25 വയസില്‍ താഴെയുള്ളവരാണ് എന്ന യാഥാര്‍ഥ്യവും കണക്കിലെടുക്കേണ്ടതുണ്ട്. ദേശീയ ക്രൈം റിക്കോര്‍ഡ്‌സ് ബ്യൂറോ (എന്‍.സി.ആര്‍.ബി)യുടെ ‘ഇന്ത്യയിലെ കുറ്റകൃത്യങ്ങള്‍ – 2001’, ‘ഇന്ത്യയിലെ കുറ്റകൃത്യങ്ങള്‍ – 2012’ എന്നിവ പരിശോധിച്ചാല്‍ ഈ കാലയളവില്‍ രാജ്യത്ത് ജുവനൈലുകള്‍ ചെയ്യുന്ന കുറ്റങ്ങളുടെ കണക്കില്‍ വലിയ വ്യത്യാസം ഉണ്ടായിട്ടില്ലെന്നു കാണാം. ഈ കണക്കുകള്‍ അനുസരിച്ച് ജുവനൈലുകള്‍ വലിയ ഭീകരാന്തരീക്ഷമൊന്നും ഇന്ത്യയില്‍ സൃഷ്ടിക്കുന്നില്ലെന്നു പറയാം. എന്നാല്‍ സ്ത്രീകള്‍ക്കെതിരെ ജുവനൈലുകള്‍ നടത്തുന്ന കൊടും ക്രൂരതകള്‍ അസ്വസ്ഥാജനകമാണ്. എന്‍.സി.ആര്‍.ബിയുടെ 2011-ലെ കണക്കുകള്‍ പ്രകാരം ജുവനൈലുകള്‍ പ്രതിസ്ഥാനത്ത് വരുന്ന ബലാത്സംഗങ്ങളുടെ എണ്ണം കഴിഞ്ഞ ഒരു ദശകത്തിനിടെ ഇരട്ടിയായതായി കാണാം. 2001-ല്‍ ജുവനൈലുകള്‍ പ്രതിയായി 399 ബലാത്സംഗ കേസുകള്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ 2010-ല്‍ 858 കേസുകളായി വര്‍ധിച്ചു. 2012-ലെ രേഖകള്‍ പ്രകാരം ജുവനൈലുകള്‍ പ്രതിയായ ബലാത്സംഗങ്ങള്‍ 2002-ല്‍ 485 ആയിരുന്നത് 2011-ല്‍ 1,149 ആയി വര്‍ധിച്ചു. 
 
 
ഈ രേഖകള്‍ പ്രകാരം 2011-നും 2012നും ഇടയിലെ കാലയളവില്‍ മാത്രം ജുവനൈലുകള്‍ ചെയ്ത ബലാത്സംഗങ്ങളുടെ എണ്ണം 300-ലധികം വര്‍ധിച്ചു എന്നു കാണാം. അതായത്, കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ ജുവനൈലുകള്‍ ഉള്‍പ്പെട്ട ബലാത്സംഗ കേസുകളുടെ വര്‍ധനവിന് തുല്യമാണ് ഈയൊരു വര്‍ഷത്തിനിടയില്‍ ഉണ്ടായ കേസുകളുടെ വര്‍ധനവ്. ജുവനൈല്‍ ജസ്റ്റിസ് നിയമത്തില്‍ ഒരു ഭേദഗതി അനിവാര്യമാണെന്നതിന് ഈ കണക്ക് തന്നെ ധാരാളമാണ്. 
 
ജുവനൈല്‍ നിയമത്തിന്റെ ചരിത്രവും രാജ്യാന്തര നിയമങ്ങളും 
 
1850-ലാണ് പ്രായപൂര്‍ത്തിയാകാത്തവര്‍ക്കായി പ്രത്യേക നിയമം ഇന്ത്യയില്‍ സ്ഥാപിതമായത്. കോടതി ശിക്ഷിക്കുന്ന 10-നും 18-നുമിടയില്‍ പ്രായമുള്ളവര്‍ക്ക് അവരുടെ പുനരധിവാസത്തിനായി തൊഴിലധിഷ്ഠിത പരിശീലനം നല്‍കണമെന്ന് വ്യവസ്ഥ ചെയ്യുന്നതായിരുന്നു നിയമം.1986-ല്‍ ആദ്യ ജുവനൈല്‍ ജസ്റ്റിസ് നിയമം നിലവില്‍ വരുന്നതുവരെ യുവജനങ്ങളെ ബന്ധപ്പെടുത്തിയുള്ള നിയമം ഒട്ടനവധി മാറ്റങ്ങളിലൂടെ കടന്നു പോയി. 16 വയസില്‍ താഴെയുള്ള ആണ്‍കുട്ടികളെയും 18 വയസില്‍ താഴെയുള്ള പെണ്‍കുട്ടികളെയും ജുവനൈലുകളായി നിര്‍വചിച്ചുള്ളതായിരുന്നു 1986-ലെ നിയമം. കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന കുട്ടികളെയും മറ്റ് അനാഥ കുട്ടികളെയും ഒരേ പോലെ ദുര്‍ഗുണ പരിഹാരപാഠശാലയില്‍ പാര്‍പ്പിക്കുന്നതിനാല്‍ ഈ നിയമത്തെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ നിശിതമായി വിമര്‍ശിച്ചു. 2000-ത്തില്‍ ജുവനൈല്‍ പ്രായപരിധി ആണ്‍കുട്ടികളുടെ കാര്യത്തില്‍ 16-ല്‍ നിന്ന് 18 ആക്കി ഉയര്‍ത്തി. 1992-ല്‍ ഇന്ത്യ ഒപ്പുവച്ച കുട്ടികളുടെ അവകാശങ്ങള്‍ക്കായുള്ള യു.എന്‍ ചട്ടം അനുശാസിക്കുന്നത് അനുസരിച്ചായിരുന്നു ഈ മാറ്റം. 
 
അമേരിക്കയും ബ്രിട്ടനും ഉള്‍പ്പെടെ യു.എന്‍ ചട്ടത്തില്‍ ഒപ്പു വച്ച മറ്റു രാജ്യങ്ങളും ജുവനൈലുകളുടെ ഉയര്‍ന്ന പ്രായപരിധി 18 ആയി നിശ്ചയിച്ചു. എന്നാല്‍ ഇന്ത്യയില്‍ നിന്ന് വ്യത്യസ്തമായി അമേരിക്കയിലേയും ബ്രിട്ടനിലേയും ക്രിമിനല്‍ നിയമം ജുവനൈലുകളെയും മുതിര്‍ന്നവരായി കണക്കാക്കി വിചാരണ ചെയ്യാന്‍ അവസരമൊരുക്കുന്നുണ്ട്. അമേരിക്കയില്‍ യു.എസ് നിയമകാര്യ വകുപ്പിന്റെ റിപ്പോര്‍ട്ട് പ്രകാരം ജുവനൈലുകള്‍ ഉള്‍പ്പെട്ട കേസ് ജുവനൈല്‍ കോടതിയില്‍ നിന്ന് സാധാരണ കോടതിയിലേക്ക് മാറ്റാന്‍ പ്രോസിക്യൂട്ടര്‍മാര്‍ക്ക് അപേക്ഷ നല്‍കാം. ജുവനൈലുകളെ മുതിര്‍ന്നവരായി കണക്കാക്കി വിചാരണ ചെയ്യണമെന്ന് വിധിക്കാന്‍ ജുവനൈല്‍ കോടതി ജഡ്ജിമാര്‍ക്കും അധികാരമുണ്ട്. ബലാത്സംഗമോ കൊലപാതകമോ പോലെ ഗുരുതരമായ കുറ്റമാണെങ്കില്‍ ജുവനൈല്‍ ഉള്‍പ്പെട്ട കേസുകള്‍ സ്വയമേവ ഏറ്റെടുക്കാന്‍ ക്രിമിനല്‍ കോടതികള്‍ക്ക് അധികാരം നല്‍കുന്നു. 
 
ബ്രിട്ടനില്‍ 10-നും 17-നും ഇടയില്‍ പ്രായമുള്ളവര്‍ ഉള്‍പ്പെടുന്ന കുറ്റങ്ങള്‍ ജുവനൈല്‍ കോടതികളിലാണ് വിചാരണ ചെയ്യപ്പെടുന്നത്. 18-നു മുകളില്‍ പ്രായമുള്ളവരെ മുതിര്‍ന്നവരായി കണക്കാക്കുമെങ്കിലും 25 വയസാകുന്നതുവരെ 18 – 25 പ്രായപരിധിക്കാര്‍ കഴിയുന്ന ഇടങ്ങളിലാകും ശിക്ഷ അനുഭവിക്കേണ്ടത്. ജുവനൈല്‍ നിയമ സംവിധാനത്തിന് അപ്പുറമായി ഗൗരവമായി കൈകാര്യം ചെയ്യേണ്ട കുറ്റങ്ങള്‍ ഉള്‍പ്പെട്ട കേസുകളില്‍ വിചാരണ മുതിര്‍ന്നവര്‍ക്കായുള്ള കോടതികളിലേക്ക് ബ്രിട്ടനില്‍ മാറ്റപ്പെടും. മുതിര്‍ന്നവര്‍ക്കൊപ്പം ജുവനൈലുകള്‍ പ്രതികളായ കേസുകളിലും ഇത് ബാധകമാണ്. 
 
 
ഇന്ത്യന്‍ സാഹചര്യം
 
35,000 പേര്‍ക്കു മാത്രം കഴിയാവുന്ന 815 ദുര്‍ഗുണപരിഹാര പാഠശാലകള്‍ മാത്രമാണ് രാജ്യത്തുള്ളത്. എന്നാല്‍ 17 ലക്ഷത്തോളം ജുവനൈല്‍ കുറ്റവാളികള്‍ രാജ്യത്തുണ്ട്. അന്താരാഷ്ട്ര നിയമം അനുശാസിക്കുന്ന തത്വങ്ങള്‍ക്ക് അനുസൃതമായി ജുവനൈലുകളുടെ പരിഷ്‌കാരവും പുനരധിവാസവും സാധ്യമാകുന്ന സാഹചര്യമല്ല ഇന്ത്യയിലെ ദുര്‍ഗുണപരിഹാര പാഠശാലകളിലുള്ളത്. പുനരധിവാസമെന്നത് നിശ്ചയമായും ഒരു സുപ്രധാന നിയമ – സാമൂഹിക ലക്ഷ്യം തന്നെയാണ്. എന്നാല്‍ ഇതോടൊപ്പം, ജുവനൈല്‍ കുറ്റക്കാരില്‍ നിന്ന് സ്ത്രീകളെയും പെണ്‍കുട്ടികളെയും സംരക്ഷിക്കുന്നതിന് നിയമപരമായ വ്യവസ്ഥകള്‍ ഉറപ്പാക്കേണ്ടതുമുണ്ട്. പ്രത്യേകിച്ച് ജുവനൈല്‍ നിയമം നിലവില്‍ വന്ന ശേഷവും രാജ്യത്ത് ജുവനൈലുകള്‍ പ്രതിസ്ഥാനത്തു വരുന്ന ബലാത്സംഗങ്ങളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവ് വന്ന പശ്ചാത്തലത്തില്‍. കൊലപാതകം, ബലാത്സംഗം തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങളില്‍  ഒരുനിശ്ചിത പ്രായത്തിനു ശേഷമുള്ള ജുവനൈലുകള്‍ പ്രതിസ്ഥാനത്തുള്ള കേസുകള്‍ മുതിര്‍ന്നവരുടെ നിയമ സംവിധാനത്തിലേക്ക് വിട്ടുകൊണ്ടുള്ള ഭേദഗതി ഇന്ത്യ പരിഗണിക്കേണ്ടതു തന്നെയാണ്. 
 
 

Share on

മറ്റുവാര്‍ത്തകള്‍