2013 എന്ന വര്‍ഷം അവസാനിക്കുകയാണ്. എന്നാല്‍ ഇന്‍ഡ്യന്‍ രാഷ്ട്രീയം അടക്കമുള്ള മേഖലകളില്‍ ഈ വര്‍ഷത്തിന്റെ സ്വാധീനം, 2014 ലേക്കു കൂടി വ്യാപിക്കുന്ന തരത്തില്‍ പ്രാധാന്യമുള്ളതാണ്. അഞ്ചു സംസ്ഥാനങ്ങളിലെ അസംബ്ലി തെരഞ്ഞെടുപ്പ് ഫലങ്ങള്‍, വരുന്ന പൊതു തെരഞ്ഞെടുപ്പിന്റെ ഫലം രൂപപ്പെടുത്തുന്നതിലും ഭാവി നേതൃനിരയെ നിശ്ചയിക്കുന്നതിലും നിര്‍ണായകമായിരിക്കും. 2013ന്റെ ‘ദുശ്ശകുനം’ ചില നേതാക്കളുടെയും പാര്‍ട്ടികളുടെയും സ്വപ്നങ്ങള്‍ തകര്‍ത്തേക്കുമോ എന്നതും പ്രസക്തമാണ്. ഈ അസ്സംബ്ലി തെരഞ്ഞെടുപ്പുകളില്‍ തിളക്കമുള്ള ഒരു വിജയം ബി. ജെ. പി യ്ക്കു നേടാനായാല്‍, കയ്യാലപ്പുറത്തെ തേങ്ങ പോലെ എങ്ങോട്ടും വീണേക്കാവുന്ന ഘടക കക്ഷികളില്‍ പലരും അണികളെ ഉണര്‍ത്തിക്കൊണ്ടും മോദിയുടെ നേതൃത്വത്തിന് ശക്തി പകര്‍ന്നുകൊണ്ടും ബി. ജെ. പി യിലേക്ക് ചേക്കേറാന്‍ തയ്യാറായേക്കും. ഇതിന്റെ എതിര്‍ സാധ്യത ഒരു വന്‍തകര്‍ച്ചയിലേക്കും നയിച്ചേക്കാം.
ഈ വര്‍ഷത്തെ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന ഈയവസരത്തില്‍, 2013 എന്ന വര്‍ഷവുമായി ബന്ധപ്പെട്ട് ലോകമൊട്ടാകെയും ഇന്‍ഡ്യന്‍ രാഷ്ട്രീയത്തില്‍ പ്രത്യേകിച്ചും നിലനില്‍ക്കുന്ന ചില ‘പേടി’കളെക്കുറിച്ച് മനസ്സിലാക്കുന്നത് രസകരമായിരിക്കും. 13 എന്ന അക്കത്തോടുള്ള ഭയത്തെ ‘ട്രിസ്കാഡെകാഫോബിയ’ എന്നാണ് വിളിക്കുന്നത്. ഈ അന്ധവിശ്വാസത്തിന്റെ ശക്തി മനസ്സിലാക്കാന്‍ വിചിത്രമായ ഒരു ഉദാഹരണം മതിയാകും. സാധാരണയായി, അയര്‍ലണ്ടിലെ വാഹനങ്ങളുടെ നമ്പര്‍ പ്ളേറ്റില്‍ അത് വാങ്ങുന്ന വര്‍ഷങ്ങളിലെ അവസാന രണ്ടക്കം ഉണ്ടായിരിക്കും. എന്നാല്‍, 2013-ലെ 13 എന്ന അക്കം വാഹനത്തില്‍ ഉണ്ടാവുമെന്ന പേടി, വണ്ടി വില്‍പനയില്‍ കുറവ് വരുത്തിയെങ്കിലോ എന്നു ഭയന്ന വാഹന വ്യവസായികളുടെ സമ്മര്‍ദം നിമിത്തം ഈ വര്‍ഷം ആ നിയമം അവിടത്തെ സര്‍ക്കാരിന് പിന്‍വലിക്കേണ്ടി വന്നു.
ഇന്‍ഡ്യന്‍ രാഷ്ട്രീയത്തില്‍, 13 എന്ന അക്കത്തിന്റെ നന്മ – തിന്മകള്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടത് ബി.ജെ.പിയുമായി ബന്ധപ്പെടുത്തിയാണ്. വാജ്പേയിയുമായി ഒന്നിലേറെ രീതികളില്‍ ഈ ഭയം ബന്ധപ്പെട്ടിരുന്നു. അദേഹത്തിന്റെ ആദ്യ സര്‍ക്കാര്‍ പതിമൂന്ന് ദിവസവും രണ്ടാം സര്‍ക്കാര്‍ പതിമൂന്നു മാസവും ആണ് അധികാരത്തില്‍ ഇരുന്നത്. 1999 ഒക്ടോബര്‍ മാസം പതിമൂന്നാം തീയതി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയ പതിമൂന്നാം ലോകസഭയില്‍ മാത്രമാണു വാജ്പേയി സര്‍ക്കാരിന് അഞ്ചു വര്‍ഷം തികയ്ക്കാന്‍ സാധിച്ചത്. കാലാവധി തീരും മുന്‍പെ തന്നെ തെരഞ്ഞെടുപ്പിനെ നേരിടാന്‍ തയ്യാറായ എന്‍.ഡി.എ സര്‍ക്കാരിന്റെ അമിത ആത്മവിശ്വാസവും അടുത്ത വാജ്പേയി സര്‍ക്കാര്‍ പതിമൂന്നു വര്‍ഷം തികയ്ക്കും എന്ന ബി.ജെ.പി വക്താവിന്റെ അത്യാഗ്രഹവും തകര്‍ത്തുകൊണ്ട് 2004 മെയ് 13-ന് നടന്ന വോട്ടെണ്ണലില്‍ യു.പി.എ. അധികാരത്തില്‍ ഏറിയത് ചരിത്രമാണ്.
വാജ്പേയീ സര്‍ക്കാരിന്റെ ഭരണകാലത്തു സംഭവിച്ച ഏറ്റവും വലിയ ദുരന്തങ്ങളില്‍ ഒന്ന് 2001 ഡിസംബര്‍ പതിമൂന്നിന് സംഭവിച്ച പാര്‍ലമെന്‍റ് ആക്രമണം ആയിരുന്നു. അതിലെ മുഖ്യ പ്രതിയെന്ന് സംശയിക്കപ്പെട്ടിരുന്ന അഫ്സല്‍ ഗുരുവിനെ തൂക്കിലേറ്റിയത് 2013-ല്‍ ആയിരുന്നു. 2001ല്‍ വാജ്പേയിയുടെ ജന്മദിനത്തില്‍ തീവ്രവാദികള്‍ റാഞ്ചിയ ഇന്‍ഡ്യന്‍ വിമാനത്തിന്റെ നമ്പര്‍ IC 814 ആയിരുന്നു. അതിലെ അക്കങ്ങളുടെ തുകയും പതിമൂന്നു തന്നെ.
13 എന്ന സംഖ്യയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ കേരളത്തിലും തീരെ കുറവല്ല. ആദ്യമായി തിരുവനന്തപുരത്തെ എം.എല്‍.എ ഹോസ്റ്റലിലെ പതിമൂന്നാം നമ്പര്‍ മുറിയില്‍ ആള്‍ താമസം ഉണ്ടായത് ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് സൈമണ്‍ ബ്രിട്ടോ MLA അത് സ്വന്തമാക്കിയപ്പോള്‍ മാത്രമാണ്. അതുപോലെ പതിമൂന്നാം നമ്പര്‍ സ്റ്റേറ്റ് കാര്‍ തെരഞ്ഞെടുത്ത് കൊണ്ട് മുന്‍ വിദ്യാഭാസ മന്ത്രി എം.എ ബേബിയും നീണ്ടകാലത്തെ അന്ധവിശ്വാസത്തെ തിരുത്തി. കേരള ഹൈക്കോടതിയിലെ പതിമൂന്നാം നമ്പര്‍ ചേംബര്‍ ആര്‍ക്കെങ്കിലും നല്കാന്‍ ഹൈക്കോടതി വിസമ്മതിച്ചപ്പോള്‍ സുപ്രീം കോടതിക്ക് അതില്‍ ഇടപെടേണ്ടി വന്നു.
പതിമൂന്നിന്റെ ദുശ്ശകുനവുമായി ബന്ധപ്പെട്ട ഈ ആഗോള മിത്തിന്റെ ഉറവിടം ഒരുപക്ഷേ, തങ്ങളുടെ പതിമൂന്നാം ദേവനെ തിന്മയുടെ ദേവനായി കണ്ടിരുന്ന ഗ്രീക്ക് പുരാണങ്ങളില്‍ നിന്നാവാം. ലോകത്തില്‍ പല ആശുപത്രികള്‍ക്കും ഹോട്ടലുകള്‍ക്കും പതിമൂന്ന് എന്ന മുറിയേ ഉണ്ടാകാറില്ല. അനവധി വിമാനത്താവളങ്ങളില്‍ പതിമൂന്നാം നമ്പര്‍ എക്സിറ്റ് ഗെയ്റ്റിന് പകരം 12A എന്ന ഗേറ്റാണുണ്ടാവുക. എല്ലാ മാസങ്ങളിലും ഏറ്റവും കുറവ് വാഹന കച്ചവടം നടക്കുന്നത് പതിമൂന്നാം തീയതി ആണെന്ന്‍ വാഹന വ്യാപാരികള്‍ സാക്ഷ്യപ്പെടുത്തുന്നു. ഒരു മാസത്തില്‍ പതിമൂന്നാം തീയതി വെള്ളിയാഴ്ചയാണെങ്കില്‍ അതിനെ ഏറെ പേടിയോടെ ‘കറുത്ത വെള്ളി’ എന്നാണ് വിളിക്കുന്നത്. പതിമൂന്നിനെ പേടിക്കാന്‍ യാതൊരു യുക്തിപരമായ കാരണങ്ങളും ഇല്ലെങ്കിലും പുരാണങ്ങള്‍ അതിനെ ഒരു ദുശ്ശകുനമായി മുദ്രകുത്തിയിട്ടുണ്ട്.
ഇന്ത്യയില്‍ സംഭവിച്ചിട്ടുള്ള ഒട്ടുമിക്ക വന്‍സ്ഫോടനങ്ങളും നടന്നത് പതിമൂന്നാം തീയതികളില്‍ ആണെന്നത് ആ ദിവസത്തെ സുരക്ഷയുടെ കാര്യത്തില്‍ ഒരു പേടിസ്വപ്നമാക്കുന്നു. 2008-ലെ ദല്‍ഹി, ജയ്പൂര്‍ സ്ഫോടനങ്ങള്‍, 2010-ലെ ജര്‍മന്‍ ബേക്കറി സ്ഫോടനം, 2011-ലെ മുംബൈയിലെ ഝവെരി ബസാര്‍ സ്ഫോടനം എന്നിവയെല്ലാം ഉണ്ടായത് പതിമൂന്നാം തീയതികളില്‍ ആണ്. 1997-ല്‍ ദല്‍ഹിയിലെ ഉപഹാര്‍ തിയേറ്ററില്‍ ഉണ്ടായ തീപ്പിടിത്തം ഒരു വെള്ളിയാഴ്ച കൂടിയായിരുന്ന ജൂണ്‍ പതിമൂന്നാം തീയതി ആയിരുന്നു. മുന്‍ ഇറാഖ് പ്രസിഡണ്ട് സദ്ദാം ഹുസൈന്റെ പേരില്‍ പതിമൂന്നു അക്ഷരങ്ങള്‍ ഉണ്ടായിരുന്നല്ലോ. അദേഹത്തെ അമേരിക്കന്‍ സൈന്യം തടവിലാക്കിയത് ഒരു ജൂലൈ പതിമൂന്നിനായിരുന്നു.
ഈ വര്‍ഷം സെപ്തംബര്‍ 13-നു, അതും ഒരു വെള്ളിയാഴ്ച കൂടിയായ പതിമൂന്നാം തീയതി തന്നെ, തന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കാന്‍ നരേന്ദ്ര മോദി തിരഞ്ഞെടുത്തു എന്നത് ആശ്ചര്യമായി തോന്നിയേക്കാം. അത് അദേഹത്തിനൊരു ‘കറുത്ത വെള്ളി’ ആവുമോ എന്നത് ഇനിയും വ്യക്തമല്ല. അദ്ദേഹം ലക്ഷ്യം വെക്കുന്ന പദത്തിലും പതിമൂന്നു അക്ഷരങ്ങള്‍ ആണുള്ളത്. ഒരു പക്ഷേ, തന്റെ സ്വകാര്യ മാതൃകയായ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റ്റെ പ്രവൃത്തി പിന്‍പറ്റിആയിരിക്കണം മോദിയുടെ ഈ തീരുമാനം. 1948-ല്‍ ഇതേ ദിവസമായിരുന്നു പട്ടേല്‍ ഹൈദരാബാദ് പിടിച്ചടക്കാനായി സൈന്യത്തെ അയച്ചത്.
(മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായ സന്തോഷ് കെ. ജോയ് ഇപ്പോള്‍ ഡല്‍ഹിയില്‍ കോന്‍സ്റ്റിറ്റ്യൂഷന്‍ ക്ളബ് ഓഫ് ഇന്ത്യയില്‍ പ്രോഗ്രാം ആന്‍ഡ് റിസര്‍ച്ച് ഓഫീസര്‍ ആണ്)