ഡല്‍ഹി സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം എന്താകുമെന്ന് പ്രവചിക്കാനാവില്ല. എന്നാല്‍, ആം ആദ്മി പാര്‍ട്ടി (ആപ്) ഒരു നിര്‍ണായക ശക്തിയാണെന്ന് ആരും സമ്മതിക്കും. സാധാരണയായി നടക്കാറുള്ള ബി ജെ പി – കോണ്‍ഗ്രസ് ദ്വന്ദ്വയുദ്ധത്തെ അത് ഒരു ത്രികോണമത്സരമാക്കി മാറ്റിയിരിക്കുന്നു. പോരാതെ, പല സര്‍വേകളെയും വിശ്വസിക്കുകയാണെങ്കില്‍ ആപ് വമ്പന്‍ ആട്ടിമറികള്‍ കാഴ്ച്ചവെക്കുകയും ചെയ്യും.
ഒരുദാഹരണം നോക്കാം: ആര്‍ക്കാണ് വോട്ട് ചെയ്യുകയെന്ന് – നിലവിലെ എം എല്‍ എയും ഡല്‍ഹി മുഖ്യമന്ത്രിയുമായ ഷീല ദീക്ഷിത്, എതിരാളികളായ അരവിന്ദ് കേജ്രീവാള്‍, ബി ജെ പിയുടെ വിജേന്ദര്‍ ഗുപ്ത എന്നിവരാണ് മണ്ഡലത്തിലെ മുഖ്യസ്ഥാനാര്‍ത്ഥികള്‍ – ന്യൂഡല്‍ഹി മണ്ഡലത്തിലെ 2001 വോട്ടര്‍മാരോടു ഇക്കണോമിക് ടൈംസ് ചോദിച്ചു. സര്‍ക്കാര്‍ ജീവനക്കാരും ഡല്‍ഹിയിലെ ധനികരും ചേരിനിവാസികളും അടങ്ങുന്ന ഈ മണ്ഡലത്തില്‍, ഉത്തരം നല്കിയ 40% പേരും കേജ്രീവാളിനെ പിന്തുണച്ചു. ദീക്ഷിത് മൂന്നാം സ്ഥാനത്തേക്ക് കിതച്ചുവീണ് കൂറ്റന്‍ തോല്‍വി ഏറ്റുവാങ്ങുമെന്നും ഈ സര്‍വേ പ്രവചിക്കുന്നു.
തെരഞ്ഞെടുപ്പ് വിശകലന വിദഗ്ദ്ധനും, ആപ് നേതാവുമായ യോഗേന്ദ്ര യാദവിന്റെ സര്‍വേ പറയുന്നതു ആപിന് 27% വോട്ട് കിട്ടുമെന്നാണ്. തെരഞ്ഞെടുപ്പിന് മുമ്പ് നടന്ന മിക്ക മാധ്യമസര്‍വേകളും സൂചിപ്പിച്ചത് 15 ശതമാനത്തിലേറെ വോട്ട് നേടുന്ന ആപ്, 70 അംഗ നിയമസഭയില്‍ 8-10 സീറ്റ് വരെ നേടുമെന്നാണ്.
അണ്ണാ ഹസാരെയുടെ മുന്‍ അനുയായികള്‍ക്ക് ഡല്‍ഹിയില്‍ ഇത്രയും പിന്തുണ നേടാന്‍ എളുപ്പമായിരുന്നു. കാരണം അവരുടെ ലോക്പാല്‍ പ്രക്ഷോഭത്തിന്റെ പ്രഭവകേന്ദ്രം ഇവിടമായിരുന്നു. ഇവിടെയുള്ള ദരിദ്രജനവിഭാഗങ്ങള്‍ക്കിടയില്‍ കേജ്രീവാളും കൂട്ടരും പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ടും കുറേ നാളായി. എന്നാല്‍, ആപിന്റെ ഉദയത്തിന്റെ ധ്വനികളെ ഡല്‍ഹിയിലേക്ക് മാത്രമായി ചുരുക്കുന്നത് അബദ്ധമായിരിക്കും. ഇന്ത്യയിലെ രാഷ്ട്രീയ സംവിധാനത്തിലെ വലിയ വിടവുകളെയാണ് പല രീതിയിലും ആപ് പ്രതീകവത്കരിക്കുന്നത്.
കാര്യക്ഷമതയില്ലാത്ത രാഷ്ട്രീയം
ആദ്യമായി, താരതമ്യേന പ്രായം കുറഞ്ഞ ഒരു രാഷ്ട്രമാണെങ്കിലും, നിലവിലുള്ള രാഷ്ട്രീയം പഴയതും പിടിപ്പുകെട്ടതും ഏറെ അഴിമതിനിറഞ്ഞതുമാണ്. രണ്ട്, മിക്ക രാഷ്ട്രീയ കക്ഷികളും പുതുതലമുറ നേതൃത്വത്തിനെ തെരഞ്ഞെടുക്കുന്നത് വിധേയത്വവും, കുടുംബ മഹിമയും, പണവും, എന്തിന് കുറ്റകൃത്യ ശേഷിയും വരെ കണക്കിലെടുത്താണ്. യഥാര്‍ത്ഥ യുവനേതൃത്വത്തിന് ഉയര്‍ന്നുവരാനുള്ള സാധ്യതകളാകട്ടെ വിരളവും.
മൂന്ന്, രാഷ്ട്രീയം ഭീമമായ തരത്തില്‍ പണച്ചെലവുള്ള ഒരു ഏര്‍പ്പാടായി മാറിയിരിക്കുന്നു. വമ്പന്‍ കോര്‍പ്പറേറ്റുകളുടെ പിന്തുണയില്ലാതെ ആര്‍ക്കും ഏറെക്കാലം ഈ മത്സരത്തില്‍ പിടിച്ചുനില്‍ക്കാന്‍ ആവില്ലെന്നാണ് ഇപ്പോള്‍ അവസ്ഥ. അതുകൊണ്ടുതന്നെ, രാഹുല്‍ ഗാന്ധിയും നരേന്ദ്ര മോദിയും ഒരുപോലെ കോര്‍പ്പറേറ്റുകളുടെ കാശിന്റെ പുറത്താണ് പറക്കുന്നത്. അതും, കണക്കില്‍പ്പെടാത്ത, കൂടുതല്‍ തെളിച്ചുപറഞ്ഞാല്‍ കള്ളപ്പണത്തിന്റെ ബലത്തില്‍.
നാലാമതായി, ഇത്രയയും വിശാലവും വൈവിധ്യം നിറഞ്ഞതുമായ ഒരു രാജ്യത്ത്, ദേശീയാടിസ്ഥാനത്തില്‍ കോണ്‍ഗ്രസ്സിനെ വെല്ലുവിളിക്കാവുന്ന ബദല്‍ കക്ഷി ഉയര്‍ന്നുവന്നില്ല എന്നുതന്നെ പറയാം. രാഷ്ട്രീയ നേട്ടങ്ങള്‍ ചുരുങ്ങിക്കൊണ്ടിരിക്കുന്ന, പരിമിത ഭൂമേഖലകളില്‍ മാത്രം സ്വാധീനമുള്ള ഒരു പാര്‍ട്ടിയാണ് ബി ജെ പി. അതിലും പ്രധാനപ്പെട്ട കാര്യം, ക്ഷുദ്രമായ മത സങ്കുചിതവാദത്തിനപ്പുറത്തേക്ക് വളരാന്‍ അവരുടെ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിനായില്ല എന്നതാണ്. കോണ്‍ഗ്രസ്സാകട്ടെ ചുരുക്കം പേരുടെ കുടുംബവാഴ്ച്ചയിലേക്ക് രാഷ്ട്രീയത്തെ പരിമിതപ്പെടുത്തിക്കളഞ്ഞു.
രാജ്യത്തെങ്ങും പൊട്ടിമുളച്ച പ്രാദേശിക കക്ഷികളും കുടുംബ വാഴ്ച്ചയോ, അഴിമതി പ്രസ്ഥാനങ്ങളോ ആയി മാറുകയാണുണ്ടായത്. ഇനിയും യൌവ്വനം പിന്നിടാത്ത ഈ രാജ്യത്ത് ഒരു ‘ആധുനിക’ രാഷ്ട്രീയ കക്ഷിയില്ല എന്നതാണ് അടിസ്ഥാന വസ്തുത. ഒരുപക്ഷേ, ദേശീയാടിസ്ഥാനത്തില്‍ ബദലായി വളര്‍ന്നുവരാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ള കമ്മ്യൂണിസ്റ്റുകാര്‍, ഇന്ത്യന്‍ യാഥാര്‍ത്ഥ്യങ്ങളെ മനസ്സിലാക്കാതെ, മാര്‍ക്സിന്റെയും, സ്റ്റാലിന്റെയും, മാവോയുടെയും പ്രേതഭാഷണങ്ങളില്‍ ഏര്‍പ്പെടുന്ന വെറും രാഷ്ട്രീയക്കുള്ളന്‍മാരായി മാറിയിരിക്കുന്നു.
ആപ് – വരുംകാലത്തിന്റെ സൂചന?
ഈ രാഷ്ട്രീയ പശ്ചാത്തലത്തിലാണ് ആപ് മികച്ചൊരു രംഗപ്രവേശം സാധ്യമാക്കുന്നത്. അതുകൊണ്ടുതന്നെ ഡല്‍ഹിയില്‍ അവര്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ചാല്‍ അത് ദേശീയതലത്തില്‍ത്തന്നെ പ്രതിഫലനങ്ങളുണ്ടാക്കും. ഇന്നിപ്പോള്‍, ഡല്‍ഹിയില്‍ ഏറ്റവും കൂടുതല്‍ പ്രത്യക്ഷത്തില്‍ കാണാന്‍ കഴിയുന്ന പാര്‍ടി ആപാണ്. കഴിഞ്ഞ ഞായറാഴ്ച്ച ദ്വാരകയിലെ ഒരു നാലുംകൂടിയ മൂക്കില്‍ പള്ളിയിലേക്കൊ അമ്പലത്തിലേക്കൊ പോകുന്ന വിശ്വാസികളുടെ അടുത്ത് രാഷ്ട്രീയ പ്രചാരണത്തിനായി തങ്ങളുടെ പതിവ് തൊപ്പിയുമായി എത്തിയ – നിരവധി വിദ്യാസമ്പന്നരായ മധ്യവര്‍ഗ്ഗക്കാര്‍ ഉള്‍പ്പെടുന്ന – ആപ് സംഘം ഇതിന് മുമ്പ് രണ്ട് ദശാബ്ദമായി ഡല്‍ഹിയിലെ നിരവധി തെരഞ്ഞെടുപ്പുകള്‍ റിപ്പോര്‍ട് ചെയ്തിട്ടുള്ള അഴിമുഖം ലേഖകനെ സംബന്ധിച്ചു അത്ഭുതപ്പെടുത്തുന്ന കാഴ്ച്ചയായിരുന്നു.
കേജ്രീവാളിനെ അടുത്ത് പരിചയമുള്ള ഒരു മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ പറഞ്ഞത് അദ്ദേഹത്തിന് ഇന്ത്യയിലെമ്പാടും പങ്കാളികളും, സഹായികളും ഉണ്ടെന്നാണ്. “തുല്യരായ മറ്റ് നേതാക്കളെ ഉള്‍ക്കൊള്ളാനും, കൂടുതല്‍ കൂട്ടായ തീരുമാനങ്ങളെടുക്കാനും കേജ്രീവാള്‍ പഠിക്കേണ്ടതുണ്ട്” എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മറ്റ് പല രാഷ്ട്രീയ നിരീക്ഷകരെയും പോലെ ഇന്ത്യയിലെമ്പാടും സ്വാധീനം ചെലുത്താന്‍ കഴിയുന്ന ദരിദ്രര്‍ക്കനുകൂലമായ ഒരു നിലപാട് ആപിനുണ്ട് എന്നും അദ്ദേഹം കരുതുന്നു. അതൊരു പക്ഷേ ആപ് മാത്രമായിരിക്കില്ല. പ്രത്യയശാശാസ്ത്ര വരട്ടുവാദങ്ങളും ജാതി, സമുദായ സങ്കുചിതത്വങ്ങളും കയ്യൊഴിഞ്ഞ പുതിയ രാഷ്ട്രീയ ബദലുകള്‍ ഇന്ത്യയുടെ പല ഭാഗങ്ങളിലും ഉയര്‍ന്നുവരാനുള്ള സാധ്യത തളിക്കളഞ്ഞുകൂടാ.
അത്തരത്തിലൊരു സാധ്യത കോണ്‍ഗ്രസിനെക്കാളേറെ ബി ജെ പിയെ ആയിരിയ്ക്കും ഭയപ്പെടുത്തുന്നത്. കാരണം ആപും സമാന കക്ഷികളും കീശയിലാക്കുന്നത് ഏറെയും കോണ്‍ഗ്രസ് വിരുദ്ധ വോട്ടുകളായിരിക്കും. തങ്ങളുടെ അടിത്തറ വിപുലമാക്കി അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിന് ആപ് തയ്യാറാവുകയാണ് എന്നാണ് സൂചനകള്‍.
നെഹ്രു കുടുംബത്തിന്റെ തറവാടിത്ത ഘോഷണത്തിനും, നരേന്ദ്ര മോദിയുടെ വെറുപ്പിന്റെ രാഷ്ട്രീയത്തിനും അപ്പുറത്തേക്ക് ഇന്ത്യയുടെ രാഷ്ട്രീയ കാലാവസ്ഥ വളരേണ്ടതിനുള്ള കാലം അതിക്രമിച്ചിരിക്കുന്നു. അതുകൊണ്ട് ഡല്‍ഹിയിലേക്ക് കണ്ണു നട്ടിരിക്കുക. ആത്യന്തികമായി അധികാരത്തിന്റെ സിംഹാസനങ്ങള്‍ ഇവിടെയാണുറച്ചിരിക്കുന്നത്.
കേരളത്തിനുള്ള ചോദ്യം
ആപോ, സമാനമായ ഒരു മൂന്നാം ബദലോ കേരളത്തില്‍ ഉയര്‍ന്നുവരാനുള്ള സാധ്യതയുണ്ടോ? അതോ, പരസ്പരം ഏറെയൊന്നും വ്യത്യാസമില്ലാത്ത കോണ്‍ഗ്രസ് – കമ്മ്യൂണിസ്റ്റ് ചക്കളത്തിപ്പോരാട്ടത്തില്‍ത്തന്നെ കേരളം ഇനിയും കുടുങ്ങിക്കിടക്കുമോ? എന്തുകൊണ്ടാണ് കേരളത്തിലെ കലാലയങ്ങള്‍ പുതിയ, പുരോഗമനാത്മകമായ, രാഷ്ട്രീയ മുന്നേറ്റങ്ങളെ സൃഷ്ടിക്കാത്തത്? നിലവിലുള്ള രാഷ്ട്രീയ ഘടനയോടുള്ള ശക്തമായ വെല്ലുവിളികള്‍പ്പോലും ഇല്ലാത്തത്?
ഈ വിഷയത്തില്‍ നിങ്ങള്‍ക്കുള്ള അഭിപ്രായങ്ങള്‍ [email protected] ലേക്ക് ഞങ്ങള്‍ക്കയക്കുക. തെരഞ്ഞെടുത്ത അഭിപ്രായങ്ങള്‍ ഇവിടെ പ്രസിദ്ധീകരിക്കുന്നതാണ്. അങ്ങനെ കേരള രാഷ്ട്രീയത്തെക്കുറിച്ചുള്ള വിശാലവും, വ്യത്യസ്തവുമായ ഒരു ചര്‍ച്ചയില്‍ നമുക്ക് പങ്കാളികളാകാം.