UPDATES

അഴിമുഖം ക്ലാസിക്സ്

പട്ടിണിയിലൂടെ തുടരുന്ന വംശഹത്യകള്‍; ഉത്തരവാദികള്‍ ഇവിടെത്തന്നെയുണ്ട്

പട്ടിണിമരണങ്ങള്‍ അടയാളപ്പെടുത്തുന്നത് ചരിത്രപരമായ അസമത്വങ്ങളിലാണ്

                       

ദാരിദ്ര്യം ആണോ അനാരോഗ്യത്തിന് കാരണം അതോ അനാരോഗ്യം സൃഷ്ടിക്കുന്നതാണോ ദാരിദ്ര്യം എന്ന ചോദ്യം വ്യവസായവത്കണത്തിന്റെ കാലം തൊട്ടുള്ള പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട ചര്‍ച്ചകളുടെ കാതലാണ്. ഇംഗ്ളണ്ടിലെ തൊഴിലാളി വര്‍ഗ്ഗത്തിന്റെ അവസ്ഥകളെ പ്രതിപാദിക്കുന്ന ഫ്രെഡറിക് ഏംഗല്‍സിന്റെ പുസ്തകത്തിലെ പ്രധാന ചോദ്യവും ഇതാണ്.(1)ദാരിദ്ര്യത്തെ ഫലപ്രദമായി നേരിടുന്നതിലൂടെ മിക്ക ആരോഗ്യപ്രശ്‌നവും പരിഹരിക്കാനാകുമെന്നും വരുമാനത്തിലുണ്ടാകുന്ന നേരിയ തോതിലുള്ള വര്‍ദ്ധന പോലും ഒരു ജനതയുടെ ആയുര്‍ദൈര്‍ഘ്യത്തെ മെച്ചപ്പെടുത്തുന്നതിനും അവിടങ്ങളിലെ രോഗാതുരതയും മരണനിരക്കും നാടകീയമാം വിധം കുറയ്ക്കാന്‍ സാധിക്കുമെന്നും ലോകമെമ്പാടും നടന്നിട്ടുള്ള വിവിധ തരം പഠനങ്ങള്‍ സൂചിപ്പിക്കുന്നു (വില്‍ക്കിന്‍സണ്‍, മര്‍മോട്ട്).(2) എന്തുകൊണ്ടാണ് സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നില്‍ക്കുന്ന ഒരു ജനത രോഗാതുരരും ആയുര്‍ദൈര്‍ഘ്യം കുറഞ്ഞവരും ആകുന്നതും അവിടത്തെ കുഞ്ഞുങ്ങള്‍ പോഷകാഹാരകുറവിനാല്‍ മരിക്കുന്നതും എന്നുചോദിക്കുന്നതിതിലൂടെ മാത്രമേ നമുക്ക് അട്ടപ്പാടിയിലെ വംശഹത്യയെ ആഴത്തില്‍ മനസിലാക്കാന്‍ സാധിക്കൂ.

ഇന്ത്യയിലെ പോഷകാഹാര കുറവ്, പട്ടിണിമരണങ്ങള്‍ എന്നിവയുടെ കണക്കുകള്‍ ലഭ്യമാകുന്നത് ദേശീയ പോഷകാഹാര കുറവ് വിലയിരുത്തല്‍ സംവിധാനമായ നാഷണല്‍ ന്യൂട്രീഷ്യന്‍ മോണിറ്ററിങ് ബ്യൂറോ (എന്‍.എന്‍.എം.ബി) വില്‍ നിന്നുമാണ്. മറ്റ് വിവരശേഖരണ സംവിധാനങ്ങളായ നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വേ (എന്‍. എഫ്. എച്ച്. എസ്). നാഷണല്‍ സാമ്പിള്‍ സര്‍വേ ഓര്‍ഗനൈസേഷന്‍ (എന്‍.എസ് എസ്..ഒ), ആന്വല്‍ ഹെല്‍ത്ത് സര്‍വേ (എ.എച്ച്.എസ്). സംയോജിത ശിശുവികസന പദ്ധതി (ഐ.സി.ഡി.എസ്) തുടങ്ങിയയൊന്നും പ്രത്യേക പരിഗണന അര്‍ഹിക്കുന്ന വിഭാഗങ്ങളെ കണ്ടെത്താനും അവരുടെ ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്താനും ശ്രമങ്ങള്‍ നടത്തുന്നില്ല. ഭക്ഷ്യ അപര്യപ്തതയിലൂടെയും സാമ്പത്തിക തകര്‍ച്ചയിലൂടെയും ഉണ്ടാകുന്ന പട്ടിണി മരണങ്ങള്‍ മുന്‍കൂട്ടി കണ്ടെത്താനുള്ള പദ്ധതികളും സംവിധാനങ്ങളും ഉണ്ടായിട്ടും ഇതിന് കഴിയാതെ പോകുന്നത് എന്തുകൊണ്ടാണ്? സാമൂഹികാരോഗ്യത്തിന്റെ രീതിശാസ്ത്രങ്ങള്‍ ഉപയോഗിച്ച് പട്ടിണിമരണങ്ങള്‍ അന്വേഷിക്കുകയും പോഷകാഹാര കുറവ് അളക്കാനുള്ള മാനദണ്ഡങ്ങള്‍ വികസിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയും ചെയ്യുന്നത് ഇന്ത്യയില്‍ അത്ര സജീവമല്ലെങ്കിലും ആരംഭിച്ച് കഴിഞ്ഞു. 1970-കളില്‍ ഇന്ത്യയിലെ 19 ഗ്രാമങ്ങളിലെ ആരോഗ്യ സംസ്‌കാരത്തെ കുറിച്ച് പ്രൊഫ. ദെബാബര്‍ ബാനര്‍ജി നടത്തിയ പഠനങ്ങളില്‍(3) ആണ് സാമൂഹ്യഘടനയും ആരോഗ്യനിലവാരവും തമ്മിലുള്ള ബന്ധം ആഴത്തില്‍ വിലയിരുത്തപ്പെടുന്നത്. ആ പഠനത്തിന്റെ ഭാഗമായി അദ്ദേഹം വികസിപ്പിച്ചെടുത്ത ‘സ്വയം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പട്ടിണി’ എന്തുകൊണ്ട് ഒരു സൂചികയായി നമുക്കെടുത്തുകൂടാ? ‘രണ്ട് നേരം വയര്‍ നിറയെ ആഹാരം കഴിക്കാന്‍ കഴിയുന്നുണ്ടോ?’ എന്ന ലളിതമായ ചോദ്യത്തിന്റെ ഉത്തരം മതി വിദഗ്ദ്ധര്‍ ഒരുപാട് കാലം കൊണ്ട് ചര്‍ച്ച ചെയ്ത് കുറേ പണം ചെലവ് ചെയ്ത് വികസിപ്പിച്ചെടുത്ത അളവ് കോലുകള്‍ക്ക് ബദലായി. 20 കോടി ജനങ്ങള്‍ അത്താഴപട്ടിണിക്കാരായ രാജ്യത്ത് ബോഡി മാസ് ഇന്‍ഡെക്‌സോ (ഉയരവും ശരീരഭാരവും തമ്മിലുള്ള അനുപാതം-ബി.എം.ഐ) മിഡ് അപ്പര്‍ ആം സര്‍ക്കംഫ്രന്‍സോ (കൈമുട്ടിന് മുകളിലുള്ള ചുറ്റളവ്), ഏതാണ് പട്ടിണി അളക്കാനുള്ള മെച്ചപ്പെട്ട ഉപാധിയെന്ന ചര്‍ച്ച അപ്രസക്തമാണ്.

ദേശീയ ഗ്രാമീണ ആരോഗ്യപദ്ധതിക്ക് (എന്‍.ആര്‍.എച്ച്.എം) കീഴിലുള്ള ന്യൂട്രീഷ്യന്‍ റീഹാബിലിറ്റേഷന്‍ സെന്ററുകള്‍ (എന്‍.ആര്‍.സി) വഴി കഠിനവും തീവ്രവുമായ പോഷകാഹാര കുറവിനെ (സിവിയര്‍, അക്യൂട്ട് മാല്‍ന്യൂട്രീഷ്യന്‍) നിയന്ത്രിക്കാന്‍ ആവശ്യമായ പദ്ധതികള്‍ സര്‍ക്കാര്‍ നടത്തുന്നുണ്ടെങ്കിലും 18 കുട്ടികളുടെ പട്ടിണി മരണത്തിന് ശേഷമാണ് അട്ടപ്പാടിയില്‍ 20 കിടക്കകളുള്ള എന്‍.ആര്‍.സി ആരംഭിക്കുന്നത്. ദേശീയ തലത്തില്‍ ആരോഗ്യ സംവിധാനങ്ങള്‍ക്ക് കോടാനുകോടികള്‍ ചെലവഴിച്ചിട്ടും എന്തുകൊണ്ടാണ് അട്ടപ്പാടിപോലുള്ള ഒരിടത്തെ പട്ടിണി മരണങ്ങള്‍ തടയാനാവാത്തത്? ഡല്‍ഹി ആസ്ഥാനമായുള്ള സെന്റര്‍ ഫോര്‍ ഇക്വിറ്റി സ്റ്റഡീസ് ഇന്ത്യയിലെ പട്ടിണിബാധിതമായ മൂന്ന് സംസ്ഥാനങ്ങളില്‍ നടത്തിയ പഠനങ്ങളിലെ പ്രധാനപ്പെട്ട ചോദ്യങ്ങളും കണ്ടെത്തലുകളും അട്ടപ്പാടിയുടെ കാര്യത്തിലും പ്രസക്തമാണ്. ഈ പഠനം ഉയര്‍ത്തുന്ന പ്രധാന ചോദ്യങ്ങള്‍ ഇതാണ്-  എന്തുകൊണ്ട് കുടുംബങ്ങള്‍ക്ക് പട്ടിണിമരണങ്ങള്‍ തടയാന്‍ സാധിച്ചില്ല? എന്തുകൊണ്ടാണ് സര്‍ക്കാര്‍ പദ്ധതികള്‍ക്ക് ഇക്കാര്യത്തില്‍ ഒന്നും ചെയ്യാന്‍ സാധിക്കാത്തത്? പട്ടിണിമരണബാധിതമായ സമൂഹത്തിലെ ഭക്ഷ്യസുരക്ഷയ്ക്ക് എന്താണ് സംഭവിച്ചത്? സര്‍ക്കാര്‍ എങ്ങനെയാണ് ഇതിനോട് പ്രതികരിച്ച്ത്? ഗ്രാമീണജനതയുടെ തൊഴിലവസരങ്ങള്‍ ഉറപ്പുവരുത്തുന്ന നിയമം (എം.ജി.എന്‍.ആര്‍.ഇ.ജി.എ) അട്ടപ്പാടിയില്‍ എന്തുമാത്രം ഫലപ്രദമാണെന്ന് എന്നയന്വേഷണം ഇതിനാല്‍ പ്രസക്തമാണ്. അഹാര്‍ഡ്‌സ് അടച്ചുപൂട്ടിയതോടുകൂടി തീര്‍ത്തും പ്രവര്‍ത്തനരഹിതമായ തൊഴിലുറപ്പ് പദ്ധതി 187 ഊരുകളിലെ ജനജീവിതത്തെ സാരമായി ബാധിച്ചു. ഇത്രയേറെ പട്ടിണിമരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പെട്ടതിന് ശേഷമാണ് ഈ പ്രദേശത്തെ 2066 എ.പി.എല്‍ കാര്‍ഡുകള്‍ ബി.പി.എല്‍ ആക്കാന്‍ തീരുമാനിച്ചത് എന്നത് ദാരിദ്ര്യരേഖയക്ക് താഴെയുള്ള ജനവിഭാഗങ്ങളെ കണ്ടെത്തുന്നതിനുള്ള മാനദണ്ഡങ്ങളുടെ അലംഭാവത്തിന്റേയും ഉത്തരവാദിത്തരാഹിത്യത്തിന്റേയും കാഠിന്യത്തേയാണ് സൂചിപ്പിക്കുന്നത്. 172 അംഗന്‍വാടികളിലൂടെയുള്ള പാല്‍, മുട്ട, പഴ വിതരണം നിര്‍ത്തിവച്ചിട്ട് മാസങ്ങളായി. ഈ പ്രദേശത്തെ റേഷന്‍ വിതരണം പൂര്‍ണ്ണമായും അവതാളത്തിലാണ്.

മികച്ചതും പ്രവര്‍ത്തനക്ഷമവുമായ ആരോഗ്യകേന്ദ്രങ്ങളുടെ അഭാവം സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കുന്നു. ഒരു ട്രെബല്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആസ്പത്രിയും ഒരു കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററും മൂന്ന് പ്രൈമറി ഹെല്‍ത്ത് സെന്ററുകളും 25 സബ്‌സെന്ററുകളും അടങ്ങിയ പൊതുജനാരോഗ്യസംവിധാനം 30,000-ത്തിനടത്തു വരുന്ന ഇരുള, മുറുക, കുറുമ്പ വിഭാഗങ്ങളുടെ ആരോഗ്യആവശ്യങ്ങളെ നേരിടാന്‍ അപര്യാപ്തമാണ്. പോഷകാഹാര കുറവ് സ്ത്രീകളുടെ പൊതു ആരോഗ്യനിലയെ ബാധിക്കുന്നതിന്റെ ഭാഗമായി ഗര്‍ഭമലസലുകളും മാസം തികയാതുള്ള പ്രസവവും സര്‍വ്വസാധാരണമായ ഈ പ്രദേശത്ത് കഴിഞ്ഞ 25 വര്‍ഷമായി ഒരു ഗൈനക്കോളജിസ്റ്റ് പോലും സര്‍ക്കാര്‍ സംവിധാനങ്ങളുടെ ഭാഗമായി ഇല്ല. രണ്ട് ശിശുരോഗവിദഗ്ദ്ധരുടെ സേവനം ഈ മേഖലയ്ക്ക് ലഭ്യമായി തുടങ്ങിയിട്ട് രണ്ടുവര്‍ഷമാകുന്നതേയുള്ളൂ.

നാല് രീതിയിലാണ് പട്ടിണി എന്ന അവസ്ഥയുമായി ഈ വിഭാഗം ജനത പൊരുത്തപ്പെടുന്നത് എന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. 1. ശരീരത്തിന് ആവശ്യമായ ഭക്ഷണത്തിന്റെ അളവ് നിരന്തരം കുറച്ചുകൊണ്ട്. 2. ശാരീരികമായ പ്രവര്‍ത്തനങ്ങള്‍ കുറച്ച് ശരീര ഊര്‍ജ്ജം ലാഭിച്ചുകൊണ്ട്, 3. വയര്‍നിറയ്ക്കുന്നതും പോഷകാംശം കുറഞ്ഞതോ ഇല്ലാത്തതോ ആയ പ്രകൃതിയില്‍ നിന്ന് ലഭിക്കുന്ന വിഷാംശം കലര്‍ന്ന വേരുകളോ കായകളോ (സ്യൂഡോ ഫുഡ്) കഴിച്ചുകൊണ്ട. 4. മരുന്നിനും മറ്റ് അവശ്യസാധനങ്ങള്‍ക്കും ഉള്ള ചെലവ് പൂര്‍ണ്ണമായും ഒഴിവാക്കിക്കൊണ്ട്.

ഇന്ത്യയിലെ പട്ടിണിയെ ജനാധിപത്യപ്രക്രിയയിലൂടെ ഫലപ്രദമായി നേരിടാനാകുമെന്ന അമര്‍ത്യസെന്നിന്റെ നിഗമനം(4) പരാജയപ്പെടുന്നത് ഇവിടെയാണ്. പട്ടിണി മരണങ്ങളുടെ കാരണം തേടിക്കൊണ്ടുള്ള ചര്‍ച്ചകള്‍ ക്ഷേമ പദ്ധതികളിലും അതിന്റെ നടത്തിപ്പിലും ചുറ്റിത്തിരിയുമ്പോള്‍ നാം യഥാര്‍ത്ഥ്യങ്ങളില്‍ നിന്ന് വ്യതിചലിക്കുകയാണ് ചെയ്യുന്നത്. പട്ടിണിമരണങ്ങള്‍ അടയാളപ്പെടുത്തുന്നത് ചരിത്രപരമായ അസമത്വങ്ങളിലാണ്. അതുകൊണ്ടാണ് കേരളത്തില്‍ നിന്ന് അപ്രത്യക്ഷമായി എന്ന് നാം കരുതിയ പട്ടിണിമരണങ്ങള്‍ അട്ടപ്പാടിയിലും ഇനിയും അറിയപ്പെടാത്ത ആദിവാസി ഊരുകളിലും അടയാളപ്പെടുത്തുന്നത്. ഭൂരഹിതരായും സമൂഹത്തിന്റെ വിവിധ ശ്രേണികളില്‍ തിരസ്‌കരിക്കപ്പെട്ടവരായും ജീവിക്കുന്നവരെ പട്ടിണിമരണങ്ങള്‍ നിരന്തരമായി വേട്ടയാടുന്നത് ഘടനപരമായ അസമത്വം കൊണ്ടാണ്. ഈ ഘടനാപരമായ അസമത്വത്തെ ഇതിനകുത്തുനിന്നുകൊണ്ട് പരിഹരിക്കാനുള്ള ഏതുശ്രമവും പരിമിതമാണ്. അഥവാ ചരിത്രപരമായ അസമത്വത്തോട് സമവായം നടത്തുന്ന സാംസ്‌കാരികമായ സുരക്ഷിതത്വബോധമാണ് ഏറെ അപകടകരം. അതുകൊണ്ടാണ് അട്ടപ്പാടിപോലുള്ള ഊരുകളിലെ കുഞ്ഞുങ്ങളുടെ മരണം കേരളത്തിന്റെ പൊതുസമൂഹത്തിന് പ്രശ്‌നമാകാത്തത്.

ps: ഗോത്രഭൂമി പത്രാധിപര്‍ രാജേന്ദ്ര പ്രസാദുമായുള്ള സംഭാഷണവും ജെ.എന്‍.യുവിലെ സെന്റര്‍ ഓഫ് സോഷ്യല്‍ മെഡിസിന്‍ ആന്റ് കമ്മ്യൂണിറ്റി ഹെല്‍ത്ത് സംഘടിപ്പിച്ച tracking hunger and malnutrition for food and national security in India എന്ന പോളിസി കണ്‍സള്‍ട്ടേഷനും ആണ് ഈ കുറിപ്പിന് ആധാരം.

1.F.Engles (2009) The Condition of the Working Class in England, Oxford: Oxford Univedrsity Press.
2.R,G,Wilkinson &M,G,Marmot (2003) Social Determinants of Health, Copenhagen:WHO
3.D,Banerji (1982) Poverty, Class and Health Culture in India, New Delhi: Prachi Prakashan
4. Dreze, J &A.Sen (1989) Hunger and Public Action, Oxford: Oxford University Press.

 

ഡോ. ആരതി പിഎം

ഡോ. ആരതി പിഎം

പ്രാഥമികാരോഗ്യം സംബന്ധിച്ചുള്ള പൊതുസമൂഹത്തിന്റെ കാഴ്ചപ്പാടിനെ വിലയിരുത്തുന്ന ലേഖനങ്ങളാണ് 'Reviewing Public Health'. ഇന്ത്യ അടക്കമുള്ള മൂന്നാം ലോക- വികസ്വര രാജ്യങ്ങളില്‍ സാമൂഹിക അസമത്വം പൊതുജനാരോഗ്യ വ്യവസ്ഥിതിയെ എങ്ങനെ സ്വാധീനിക്കുന്നു എന്ന്‍ ഇവിടെ പരിശോധിക്കുന്നു; ഇന്ത്യന്‍ സാഹചര്യത്തില്‍ ജാതി എങ്ങനെ നിര്‍ണായകമാകുന്നു എന്നതും പ്രധാനമാണ്. ആയുര്‍ദൈര്‍ഘ്യം, പോഷകാഹാരം, ശുചിത്വം, കുടിവെള്ളം, ഭൂമി, വരുമാനം, വൈദ്യസഹായ ലഭ്യത തുടങ്ങിയ കാര്യങ്ങള്‍ സാമൂഹിക സാഹചര്യങ്ങളുമായി ബന്ധപ്പെടുന്നത് എങ്ങനെയെന്നും ഇവിടെ പരിശോധിക്കുന്നു. ഈ മേഖലയുമായി ബന്ധപ്പെട്ടരുടെ അഭിപ്രായങ്ങള്‍, ഇതുമായി ബന്ധപ്പെട്ട പഠനങ്ങള്‍ എന്നിവയും ഈ പഠനത്തില്‍ ഉള്‍പ്പെടും. ഇതിനൊപ്പം, Organ transplantation, Assisted Reproductive Technology regulation, Medical termination of pregnancy തുടങ്ങിയ പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട നിയമങ്ങളും ഇതുമായി ബന്ധപ്പെട്ട കോടതി വിധികളും ഇവിടെ പഠനത്തിന് വിധേയമാക്കുന്നു. ഡല്‍ഹി ജവഹര്‍ലാല്‍ സര്‍വകലാശാലയില്‍ നിന്ന് സോഷ്യല്‍ മെഡിസിന്‍ ആന്‍ഡ് കമ്യൂണിറ്റി ഹെല്‍ത്തില്‍ പി.എച്ച്.ഡി. ഇപ്പോള്‍ ഡല്‍ഹിയില്‍, കൗണ്‍സില്‍ ഫോര്‍ സോഷ്യല്‍ ഡവലപ്‌മെന്റി (CSD)ല്‍ സീനിയര്‍ റിസര്‍ച്ച് അസോസിയേറ്റ് ആണ് ആരതി.

More Posts

Follow Author:
Facebook

Share on

മറ്റുവാര്‍ത്തകള്‍