മാണി കുടുംബാംഗം മത്സരിക്കുമ്പോള്‍ രണ്ടിലയ്ക്ക് പകരം മറ്റൊരു ചിഹ്നം ഉപയോഗിക്കുന്നതിലെ നാണക്കേട് ഒഴിവാക്കുകയാണ് ജോസ് ചെയ്തത്.
കേരള കോണ്‍ഗ്രസിന്റെ അനിഷേധ്യനായ നേതാവ് കെ എം മാണിക്ക് പകരക്കാരനെ കണ്ടെത്താനൊരുങ്ങുകയാണ് പാല നിയമസഭാ മണ്ഡലം. മാണിയുടെ അന്ത്യോപചാര ചടങ്ങുകള്‍ക്ക് മുമ്പ് തന്നെ അതിനെക്കുറിച്ചുള്ള ചര്‍ച്ചകളും രാഷ്ട്രീയ കേരളത്തില്‍ സജീവമായിരുന്നു. പാലാ മണ്ഡലം രൂപീകരിക്കപ്പെട്ടതിന് ശേഷം കഴിഞ്ഞ 54 വര്‍ഷവും മണ്ഡലത്തെ പ്രതിനിധീകരിച്ച കെ എം മാണിയുടെ മരണത്തിന് ശേഷമാണ് പാല മറ്റൊരു നായകനെ തേടുന്നത്. പാര്‍ട്ടിയിലും മാണി സാറിന്റെ പകരക്കാരന്‍ ആരാകുമെന്ന ചര്‍ച്ചകള്‍ സജീവമായതിനാല്‍ തന്നെ പാലായിലെ സ്ഥാനാര്‍ത്ഥിത്വവും സുപ്രധാനമായി.
മാണിയുടെ മകനെന്ന നിലയില്‍ അദ്ദേഹത്തിന്റെ അനന്തരാവകാശിയാകുന്ന ജോസ് കെ മാണിയും പ്രവര്‍ത്തന പരിചയം കൊണ്ട് പാര്‍ട്ടിയില്‍ മാണിക്ക് തൊട്ടുതാഴെ വരുന്ന പി ജെ ജോസഫുമാണ് മാണിയുടെ പകരക്കാരനെന്ന് അവകാശപ്പെടുന്നത്. പാലായില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ണയിക്കുന്നവര്‍ യഥാര്‍ത്ഥ കേരള കോണ്‍ഗ്രസെന്ന അവകാശവാദവും ഉന്നയിക്കുമെന്നതിനാല്‍ ഇരു ഗ്രൂപ്പുകളും വിട്ടുകൊടുക്കാനും തയ്യാറായിരുന്നില്ല.
കെഎം മാണിയുടെ പിന്‍ഗാമിയാകാന്‍ ജോസ് കെ മാണി ചുണ്ണാമ്പ് തൊട്ടുവച്ചിരിക്കുന്ന മണ്ഡലമാണ് പാല. അതിനാല്‍ തന്നെ ജോസ് കെ മാണിയോ അദ്ദേഹവുമായി ഏറ്റവും അടുപ്പമുള്ള ആരെങ്കിലുമോ ആയിരിക്കും ആ ഗ്രൂപ്പില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥിയെന്ന് ഉറപ്പായിരുന്നു. എന്നാല്‍ യുഡിഎഫിന്റെ കൈവശമിരിക്കുന്ന ഒരു രാജ്യസഭാ സീറ്റ് രാജിവച്ച് നിയമസഭാ തെരഞ്ഞെടുപ്പില്‍ ജോസ് മത്സരിക്കുന്നതിനോട് മുന്നണിയിലും പാര്‍ട്ടിയിലും എതിര്‍പ്പുണ്ടായിരുന്നു. ആ സാഹചര്യത്തിലാണ് നിഷ ജോസ് കെ മാണി സ്ഥാനാര്‍ത്ഥിയാകുമെന്ന വാര്‍ത്തകള്‍ പരന്നത്. സമീപകാലത്ത് നിഷ മണ്ഡലത്തില്‍ സജീവമായതും ജനങ്ങള്‍ക്കിടയിലേക്കിറങ്ങി പ്രവര്‍ത്തിക്കുന്നതിന് കൂടുതല്‍ സമയം കണ്ടെത്തിയതും ആ വാര്‍ത്തകള്‍ക്ക് കരുത്ത് പകര്‍ന്നു. പാലയെ പ്രതിനിധീകരിക്കുന്നത് നിഷയാണെങ്കില്‍ രാജ്യസഭാ കാലാവധി കഴിയുമ്പോള്‍ ജോസിന് വേണ്ടി സ്ഥാനമൊഴിഞ്ഞേക്കുമെന്നും മുന്നണികള്‍ മാറിമാറി ഭരിക്കുന്ന കേരളത്തില്‍ അന്നുണ്ടായേക്കാവുന്ന യുഡിഎഫ് സര്‍ക്കാരില്‍ മന്ത്രിയായി സംസ്ഥാന രാഷ്ട്രീയത്തില്‍ അദ്ദേഹം സജീവമാകുമെന്നുമൊക്കെയായിരുന്നു അഭ്യൂഹങ്ങള്‍. മാണിയുടെ പകരക്കാരന്‍ കേന്ദ്രത്തിലല്ല, കേരളത്തിലാണുണ്ടാകേണ്ടത് എന്നതിനാല്‍ അത് വെറും അഭ്യൂഹമായി മാത്രം തള്ളിക്കളയേണ്ട ഒന്നല്ല താനും.
കേരള കോണ്‍ഗ്രസില്‍ ഇനിയൊരു ധനമന്ത്രിയുണ്ടെങ്കില്‍ അത് ജോസായാല്‍ മാത്രമേ മാണിയുടെ പിന്‍ഗാമിയെന്ന പദവി പൂര്‍ത്തിയാകുകയുള്ളൂ. എന്നാല്‍ ഇന്നലെ വൈകുന്നേരം വരെയും നിഷയുടെ പേര് ഉയര്‍ന്നുകേട്ട പാലാ സ്ഥാനാര്‍ത്ഥിത്വത്തിന് പ്രഖ്യാപനത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് മാത്രം തെന്നിമാറുകയായിരുന്നു. നിഷയ്ക്ക് പകരം മാണികുടുംബത്തിന്റെ വിശ്വസ്ഥന്‍ ജോസ് ടോം പുലിക്കുന്നേല്‍ കേരള കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയായി. നിഷയെ വെട്ടിയത് പി ജെ ജോസഫാണെന്നതിന് യാതൊരു സംശയവും വേണ്ട. നിഷ മത്സരിച്ചാല്‍ ജയിക്കില്ലെന്ന് ഇന്നലെ വൈകുന്നേരവും അദ്ദേഹം പരസ്യമായി പറഞ്ഞതുമാണ്. ജോസഫ് ഒരു സ്ഥാനാര്‍ത്ഥിയുടെയും പേര് നിര്‍ദ്ദേശിച്ചില്ലെങ്കിലും വിജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമെന്നാണ് പറഞ്ഞുകൊണ്ടിരുന്നത്. നിഷ വിജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥിയല്ലെന്ന് പറഞ്ഞാണ് തന്റെ എതിര്‍പ്പ് അദ്ദേഹം വ്യക്തമാക്കിയത്.
പാലാ മണ്ഡലം രൂപീകരിച്ചതിന് ശേഷം ഇത് ആദ്യമായാണ് മാണി കുടുംബത്തിന് പുറത്ത് ഒരാള്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയാകുന്നത്. ഇത് ജോസ് കെ മാണിക്ക് ഏറ്റ വലിയൊരു തിരിച്ചടിയായി തന്നെ കാണണം. മാണിയുടെ പിന്‍ഗാമിയാകാനുള്ള പടയൊരുക്കത്തിന് തുടക്കത്തിലേ ഏറ്റ തിരിച്ചടി. കഴിഞ്ഞ തവണ ബാര്‍ കോഴക്കേസില്‍ മുങ്ങിനിന്നപ്പോള്‍ കെ എം മാണി മത്സരിക്കേണ്ടെന്ന അഭിപ്രായം പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ആ എതിര്‍പ്പിനെ വെട്ടിമാറ്റാനുള്ള കരുത്ത് മാണി സാറിന് ഉണ്ടായിരുന്നു. നേരെ തിരിച്ച് തന്റെ തീരുമാനത്തെ ജോസഫ് വിഭാഗം വെട്ടുമ്പോള്‍ നിഷയോ കുടുംബാംഗങ്ങളാരും തന്നെയോ മത്സരിക്കേണ്ടെന്നത് തന്റെ തീരുമാനമാണെന്ന് തോമസ് ചാഴിക്കാടനെക്കൊണ്ട് പറയിച്ച് ന്യായീകരിക്കാന്‍ മാത്രമാണ് ജോസിന് സാധിച്ചത്.
ജോസഫിന്റെ കൈവശമിരിക്കുന്നത് തുരുപ്പ് ചീട്ടാണ്. രണ്ടില ചിഹ്നമുള്ള തുരുപ്പ് ചീട്ട്. പാര്‍ട്ടിയുടെ ഔദ്യോഗിക തെരഞ്ഞെടുപ്പ് ചിഹ്നം ആര്‍ക്ക് അനുവദിക്കണമെന്ന് തീരുമാനിക്കാനുള്ള അധികാരം പാര്‍ട്ടിയുടെ താല്‍ക്കാലിക ചെയര്‍മാനായ പി ജെ ജോസഫിനാണ്. നിഷ സ്ഥാനാര്‍ത്ഥിയായാല്‍ രണ്ടില ചിഹ്നം അനുവദിക്കില്ലെന്ന് ജോസഫ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇതിന്റെ പേരില്‍ കോടതിയില്‍ നിലനില്‍ക്കുന്ന കേസ് അടുത്തകാലത്തൊന്നും തീരുമാനമാകാനും സാധ്യതയില്ല. ജോസ് ടോമിന്റെ സ്ഥാനാര്‍ത്ഥിത്വത്തെയും എതിര്‍ക്കുന്ന ജോസഫ് ചിഹ്നം നല്‍കുന്ന കാര്യത്തില്‍ കൃത്യമായ ഒരുറപ്പും നല്‍കിയിട്ടില്ല. പിജെ ജോസഫ് ജോസ് ടോമിനെതിരെ നേരത്തെ അച്ചടക്ക നടപടിയെടുത്തിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്. ചിഹ്നത്തിന് വേണ്ടി ആരുടെയും ഔദാര്യം കാത്തിരിക്കേണ്ട ആവശ്യം ജോസ് കെ മാണി വിഭാഗത്തിനില്ലെന്ന് ജോസ് ടോമും വ്യക്തമാക്കി കഴിഞ്ഞു.
ഇതില്‍ നിന്നു തന്നെ രണ്ടില വേണ്ടെന്ന് അല്ല ജോസ് കെ മാണി വച്ചതെന്ന് വ്യക്തം. മാണി കുടുംബാംഗം മത്സരിക്കുമ്പോള്‍ രണ്ടിലയ്ക്ക് പകരം മറ്റൊരു ചിഹ്നം ഉപയോഗിക്കുന്നതിലെ നാണക്കേട് ഒഴിവാക്കുകയാണ് ജോസ് ചെയ്തത്. അതായത് കേരള കോണ്‍ഗ്രസ് എം വിഭാഗത്തിന് രണ്ടില നഷ്ടമായാലും മാണി കുടുംബത്തിന് ആ ചിഹ്നം നഷ്ടമാകരുത്. ഭാവിയില്‍ നിഷ ചെയ്യുമെന്ന് പ്രതീക്ഷിച്ചിരുന്ന രാജി ജോസ് ടോമില്‍ നിന്നും പ്രതീക്ഷിക്കുന്നുണ്ടെന്നതിനാല്‍ കൂടുതല്‍ നഷ്ടങ്ങളില്ലാതെ തല്‍ക്കാലം മണ്ഡലം കുടുംബത്തിന് പുറത്തേക്ക് വിട്ട് ഉടന്‍ തിരിച്ചുപിടിക്കാമെന്നാകും മാണിയുടെ പിന്‍ഗാമിയുടെ കണക്കു കൂട്ടല്‍. എന്നാല്‍ മണ്ഡലം നിലനിര്‍ത്താന്‍ മാണിക്കുണ്ടായിരുന്ന കരുത്ത് ജോസ് കെ മാണിക്കുണ്ടോയെന്ന് സംശയം ഉയര്‍ത്തുന്നതാണ് ഇപ്പോഴത്തെ ഈ പിന്‍വാങ്ങല്‍.