UPDATES

ബ്ലോഗ്

പ്രാദേശിക ഭാഷകൾ പ്രോത്സാഹിപ്പിച്ചു മാത്രമേ തീവ്ര ദേശീയതയേയും തീവ്ര മത ബോധത്തേയും നേരിടാനാവൂ

വൈവിദ്ധ്യപൂർണമായ ഇന്ത്യയാണ് എന്നും ഇന്ത്യൻ ദേശീയതയുടെ കരുത്ത്. നാനാത്വത്തിൽ ഏകത്വം; വൈവിധ്യത്തിൽ ഐക്യം എന്ന മുദ്രാവാക്യം ഈ വൈകിയ വേളയിലെങ്കിലും നാം ഉയർത്തിപ്പിടിക്കേണ്ടിയിരിക്കുന്നു

                       

“ഞാൻ ഉദ്ദേശിച്ചത് അങ്ങനെയൊന്നുമല്ല” എന്ന് പറഞ്ഞു ന്യായീകരണവുമായി ആഭ്യന്തര മന്ത്രി അമിത് ഷാ ഇപ്പോൾ വന്നിരിക്കുന്നു. ഹിന്ദി അടിച്ചേൽപ്പിക്കുന്നതിനെതിരേ രൂക്ഷ പ്രതികരണവുമായി തമിഴ്നാടും ബംഗാളും മറ്റ് ചില സംസ്ഥാനങ്ങളും വന്നപ്പോഴാണ് അമിത് ഷായുടെ ന്യായീകരണവും വരുന്നത് എന്നത് ശ്രദ്ധേയം. മലയാളികൾ എന്തായാലും കാര്യമായി പ്രതികരിച്ചില്ല. കാരണം മിക്ക മലയാളികളും പ്രവാസിയായിട്ടാണല്ലോ ഇന്ന് ജനിച്ചു വീഴുന്നത് തന്നെ! പല പ്രവാസി മലയാളികൾക്കും കേരളത്തെ കുറിച്ച് വലിയ ഗൃഹാതുരത്വമൊന്നുമില്ല. 1970കളിലും, അതിനു മുമ്പും കേരളത്തിൽ നിന്ന് പോയവർക്ക് അല്ലെങ്കിലും ഇപ്പോൾ എന്ത് ഗൃഹാതുരത്വമാണ് ഉള്ളത്? 1970കളിലും, 80കളിലും, 90കളുടെ തുടക്കത്തിലും ഉള്ള കേരളമല്ല ഇപ്പോൾ ഉള്ളത്. കേരളം ഇപ്പോൾ കൺസ്യൂമർ കൾച്ചറിന് വഴിമാറി. പഴയ ഗ്രാമീണ സൗന്ദര്യമോ, നെൽപ്പാടങ്ങളോ ഒന്നും ഇപ്പോൾ കേരളത്തിലില്ല. “കിളിപാടും കാവുകൾ; തുടികൊട്ടും കളരികൾ; അലഞൊറിയും പാടങ്ങൾ; പുളകങ്ങൾ വിതറുന്ന മധ്യ തിരുവിതാംകൂർ” – എന്നൊക്കെ പരസ്യങ്ങളിൽ വേണമെങ്കിൽ പറയാം. യാഥാർഥ കേരളവുമായി അതിന് വലിയ ബന്ധമൊന്നും ഇല്ല.

പക്ഷെ മലയാളികളെ പോലെയല്ല ഇന്ത്യയിലെ പല പ്രാദേശിക ജനതയും. തമിഴർക്കും ബംഗാളികൾക്കുമൊക്കെ കടുത്ത ഭാഷാപ്രേമം തന്നെയുണ്ട്. “മരുമകളെ മരുമകളെ വാ വാ” എന്നു പറഞ്ഞു വധുവിനെ പോലും തമിഴ് കോവിലിലേക്ക് ആനയിക്കുന്ന കണ്ണയ്ദാസന്‍റെ പാട്ടുണ്ട് തമിഴിൽ. പല വിവാഹ ചടങ്ങുകളിലും ആ പാട്ട് വെക്കും എന്നാണ് ഒരു തമിഴ് സുഹൃത്ത് ഇതെഴുതുന്ന ആളോട് പറഞ്ഞിട്ടുള്ളത്.

മലയാളി ഒഴിച്ചുള്ള ഇന്ത്യയിലെ പ്രാദേശിക ഭാഷകൾ സംസാരിക്കുന്നവരിലെല്ലാം ഭാഷാസ്നേഹം നന്നായി കാണാം. രണ്ടു തമിഴന്മാർ കൂടിയാൽ തമിഴേ സംസാരിക്കുകയുള്ളൂ. രണ്ടു ബംഗാളികൾ കൂടിയാൽ ബംഗാളിയേ സംസാരിക്കുകയുള്ളൂ. പക്ഷെ രണ്ടു മലയാളി കൂടിയാലോ? കൂടുന്നിടത്ത് മാതൃഭാഷ എഴുതാനും സംസാരിക്കാനും മടി കാണിക്കുന്ന ഒരേ ഒരു വിഭാഗം മലയാളികളാണ്. പിന്നെയെങ്ങനെയാണ് കേരളത്തിലും, പ്രവാസി മലയാളികൾക്കിടയിലും മലയാള ഭാഷയെ ഉന്നതസ്ഥാനത്ത് എത്തിക്കുക? സ്വന്തം ഭാഷയോടും, സംസ്കാരത്തോടും പ്രതിപത്തി ഇല്ലാത്ത ലോകത്തിലെ ഒരേയൊരു ഭാഷാ വിഭാഗം ഒരുപക്ഷെ മലയാളികൾ ആയിരിക്കും. കുറ്റം പറഞ്ഞിട്ട് കാര്യമില്ല. രക്ഷപ്പെടണമെങ്കിൽ പുറത്തു പോണം എന്ന ചിന്ത കേരളത്തിൽ വേര് പിടിച്ചു കഴിഞ്ഞു. കേരളത്തിൻറ്റെ വികസന പിന്നോക്കാവസ്ഥ കൊണ്ടും, സ്ഥല പരിമിതി കൊണ്ടും കേരളത്തിൽ നിന്നിട്ട് രക്ഷയില്ല എന്ന ചിന്ത പണ്ട് തൊട്ടേ മലയാളികൾക്കിടയിൽ രൂഢമൂലമായി കഴിഞ്ഞു. പിന്നെ മലയാളിയുടെ മാതൃഭാഷയെ പ്രോത്സാഹിപ്പിക്കേണ്ട കേരളത്തിലെ രാഷ്ട്രീയ നെത്ര്വത്ത്വങ്ങൾ – അവരെ കുറിച്ച് പറയാതിരിക്കുന്നതാകും ഉത്തമം – അത്ര ശോചനീയമാണ് കേരളത്തിലെ രാഷ്ട്രീയക്കാരുടെ മാതൃഭാഷയുടെ വികാസത്തിനോടുള്ള സമീപനം! മാതൃ ഭാഷയെ പ്രോത്സാഹിപ്പിക്കണം എന്നൊരു ചിന്ത പോലും നമ്മുടെ കേരളത്തിലെ രാഷ്ട്രീയ നേതാക്കന്മാർക്കിടയിൽ ഇല്ല! തമിഴരിൽ നിന്ന് ഇക്കാര്യത്തിൽ വൈകിയ വേളയിലെങ്കിലും മലയാളി കുറച്ചു പാഠങ്ങൾ ഉൾക്കൊള്ളേണ്ടതുണ്ട്.

രാഷ്ട്രീയക്കാരെ കുറ്റപ്പെടുത്തുന്നതിലും വലിയ യുക്തിയില്ല. കാരണം കേരളത്തിൽ ജീവിക്കുന്നവരിൽ തന്നെ അഭ്യസ്തവിദ്യരായ മലയാളികൾ രണ്ട് പേർ കൂടിയാൽ ആംഗലേയ ഭാഷയേ ഉപയോഗിക്കുകയുള്ളൂ. പിന്നെ പുറത്ത് പോയവരുടെ കാര്യം പറയാനുണ്ടോ? മലയാളം പറഞ്ഞാൽ അവരുടെ യോഗ്യതയ്ക്ക് എന്തെങ്കിലും കുറവ് മറ്റുള്ളവർ കാണുമോ എന്ന ഒരു അബദ്ധ ധാരണ മലയാളിയുടെ ഉള്ളിൽ രൂഢമൂലമായി ഒളിഞ്ഞിരുപ്പുണ്ട്. ഭാഷാ പ്രേമമുണ്ടാകണമെങ്കിൽ അത്തരം ചിന്താഗതി ആദ്യം മാറണം. ഇംഗ്ലീഷ് ഭാഷയിലോ അല്ലെങ്കിൽ ലോകത്തെ ഏതു തന്നെ ഏതെങ്കിലും ഭാഷയിലോ മലയാളി പ്രാവീണ്യം നേടിക്കോട്ടെ. പക്ഷെ അതോടൊപ്പം തന്റെ മാതൃഭാഷയായ മലയാളത്തെ നെഞ്ചോടു ചേർത്ത് ആത്മാർത്ഥമായി സ്നേഹിക്കാനുള്ള ഒരു മനസ്സ് കൂടി മലയാളിയ്ക്ക് ഉണ്ടാകേണ്ടതുണ്ട്. അത് മറ്റുള്ളവരുടെ നിർബന്ധത്തോടെയല്ലാതെ സ്വന്തം പെറ്റമ്മയെ സ്നേഹിക്കുന്ന തരത്തിലുള്ള ഒരു സ്നേഹമായിരിക്കണം.

കേരളത്തിന്റെ പുറത്ത് പോകാതെ തന്നെ മലയാളത്തെ അവഗണിച്ച് സംസാരിക്കുന്നവരെ നമ്മുടെ ഇട്ടാവട്ടത്തിൽ തന്നെ ഒരുപാട് കാണാൻ സാധിക്കും. രഞ്ജിനി ഹരിദാസിനെ പോലെ നമ്മുടെ മലയാളം ചാനലുകളിലെ പല റിയാലിറ്റി ഷോകളിലും മറ്റും അസ്ഥാനത്ത് വരെ ഇംഗ്ലീഷ് ഉപയോഗിക്കുന്നവരെ കാണാം. മലയാളികള്‍ക്ക് പൊങ്ങച്ചം കൂടുതലാണ് എന്നതിന്റെ ഒരു തെളിവാണ് സ്ഥാനത്തും, അസ്ഥാനത്തും ഉള്ള ആംഗലേയ ഭാഷാ പദ പ്രയോഗം. മലയാളി വിദ്യാഭ്യാസത്തിൽ ഒരുപാട് മുന്നിലാണ് എന്ന അഹങ്കാരത്തിൻറ്റെ ധ്വനി കൂടി ഇതിൽ പ്രകടമാക്കുന്നു. നമ്മൾ മലയാളികൾക്ക് ഒരുപാട് അഭിമാനിക്കാവുന്ന ഒന്ന് തന്നെയാണ് എന്തും അറിയാനും, എല്ലാ അറിവുകളും നേടാനുള്ള ത്വര എന്നുള്ളത്. അതിനെയെല്ലാം മാനിക്കുന്നു. പക്ഷെ ഭാഷയെ മാത്രം ചേർത്ത് പിടിക്കുന്നതിൽ മലയാളി ഒരു വലിയ പരാജയമാണ്.

എല്ലാ അറിവുകളും നേടുന്നതോടൊപ്പം, മറ്റു ഭാഷകളിലും പ്രാവീണ്യം നേടുന്നതോടൊപ്പം നമ്മുടെ സ്വന്തം ഭാഷയെ നെഞ്ചോടു ചേർത്ത് പിടിക്കാൻ കൂടി മലയാളി ആത്മാർത്ഥമായി ശ്രമിക്കണം. അതെല്ലാം നമ്മുടെ ഉള്ളിന്റെ ഉള്ളിൽ നിന്നും തോന്നേണ്ട ഒരു വികാരമാണ്; പറഞ്ഞു കൊടുത്ത് ചെയ്യിപ്പിക്കാൻ പറ്റിയ ഒന്നല്ലത്. ഒരുപക്ഷെ മാതൃഭാഷ സംസാരിക്കുന്നത് അപമാനമായി കരുതുന്ന ലോകത്തിലെ ഏക ജനത എന്ന ബഹുമതി കേരളീയർക്ക് മാത്രം സ്വന്തമാക്കാവുന്ന ഒന്നാണ്. “പൂത്തുമ്പി പൂവൻ തുമ്പി നീയെന്തേ തുള്ളാത്തൂ തുള്ളത്തൂ” – എന്നൊക്കയുള്ള പാട്ടുകളിൽ ഒളിഞ്ഞിരുക്കുന്ന ഒരു പ്രത്യേക ഭാവമുണ്ട്. മലയാളി ഇനിയെങ്കിലും അത്തരം സൂക്ഷ്മവും ലോലവുമായുള്ള ഭാവങ്ങളോട് മമത കാണിച്ചാൽ മാത്രമേ സ്വന്തം ഭാഷയോടുള്ള വികാരം മനസ്സിലെങ്കിലും അങ്കുരിക്കൂ.

ഇപ്പോൾ ഹിന്ദി അടിച്ചേൽപ്പിക്കുന്ന വിഷയം വന്നപ്പോൾ ഗാന്ധിജിയെ ചില സംഘ പരിവാറുകാർ ഹിന്ദി ഭാഷയുടെ പ്രചാരകനായും, ഗോവധത്തിനെതിരേ നിലകൊണ്ട ആളുമായുമൊക്ക ചിത്രീകരിക്കാൻ നോക്കുകയാണ്. സര്‍ദാര്‍ പട്ടേലിനെ ഹൈജാക്ക് ചെയ്തത് പോലെ ഗാന്ധിയേയും ഹൈജാക്ക് ചെയ്യാനുള്ള ശ്രമങ്ങളുടെ ഭാഗമായി വേണം ഇത്തരം പ്രചാരണങ്ങളെ കാണുവാൻ. ദക്ഷിണാഫ്രിക്കയിൽ ഐതിഹാസികമായ സമരം നടത്തി തിരിച്ചു വന്ന ഗാന്ധിയോട് തിലക് പറഞ്ഞത് ഇന്ത്യയിൽ നേതൃത്വം ഏറ്റെടുക്കുന്നതിന് മുമ്പ് ഇന്ത്യയെ കാണാനും, പഠിക്കാനുമാണ്. മഹാത്മാ ഗാന്ധി ഇന്ത്യ മുഴുവൻ ചുറ്റി സഞ്ചരിച്ചു. പിന്നീട് കോൺഗ്രസ് നേതൃത്വം ഏറ്റെടുക്കാൻ പറഞ്ഞപ്പോൾ അദ്ദേഹം ആദ്യം പറഞ്ഞത് കോൺഗ്രസ് ഭാഷാടിസ്ഥാനത്തിൽ വിഭജിക്കണം എന്നായിരുന്നു. അത് കൊണ്ടാണ് കേരള സംസ്ഥാനം ഉണ്ടാകുന്നതിനു മുൻപ് കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി നിലവിൽ വന്നത്. ഇന്ത്യയുടെ വൈവിധ്യം അല്ലെങ്കിൽ ഭാഷയിൽ അധിസ്ഥിതമായ പ്രാദേശികമായ വൈജാത്യങ്ങൾ സൂക്ഷ്മമായി കണ്ടറിഞ്ഞ വ്യക്തി ആയിരുന്നു മഹാത്മാ ഗാന്ധി. തീവ്ര ദേശീയതയുടെ വക്താക്കളായ ബി.ജെ.പി തീർത്തും പരാജയപ്പെടുന്നത് ആ പ്രാദേശികമായ വൈജാത്യങ്ങൾ മനസിലാക്കുന്നതിലാണ്. അതുകൊണ്ടാണ് ഭക്ഷണ കാര്യത്തിലും, ഭാഷയുടെ കാര്യത്തിലും, ഇന്ത്യയിലെ വൈവിധ്യങ്ങളായ മതങ്ങളുടെ കാര്യത്തിലും അവർക്ക് ഒരു അഭിപ്രായ രൂപീകരണം നടത്തുവാൻ കഴിയാതെ പോകുന്നത്. ഇൻഡ്യാ മഹാരാജ്യത്തിലുള്ള ഭക്ഷണകാര്യത്തിലുള്ള വൈവിധ്യം ബി.ജെ.പി ഇനിയും ഉൾക്കൊണ്ടിട്ടില്ല. അത് ഉൾക്കൊള്ളാതിരിക്കാൻ ഗാന്ധിജിയെ കൂട്ട് പിടിക്കുന്നത് തീർത്തും കഷ്ടമാണ്. ഗാന്ധിജി ഗോവധ നിരോധനം ഭരണകൂടത്തിൻറ്റെ നയമാക്കി മാറ്റണമെന്ന് ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ല. ഗ്രാമ സ്വരാജ്, സാഹോദര്യം, മത സൗഹാർദം, എല്ലാ മതങ്ങളോടും, സ്ത്രീകളോടും, പ്രകൃതിയോടും ഉള്ള ബഹുമാനം – ഇതൊക്കെ ആയിരുന്നു ഗാന്ധിജിയുടെ പ്രിയപ്പെട്ട വിഷയങ്ങൾ; അല്ലാതെ ഗോവധ നിരോധനമൊന്നുമായിരുന്നില്ല. ഗാന്ധിജി ഒരു സസ്യാഹാരി എന്ന നിലയിലും കാർഷിക വൃത്തിയിൽ പശുക്കളുടെ ഉപയോഗം കണക്കിലെടുത്തും ഗോവധ നിരോധനത്തോട് വ്യക്തിപരമായി ആഭിമുഖ്യം കാണിച്ചിരുന്നു എന്നേയുള്ളൂ. അതേ സമയം ഇന്ത്യയുടെ വൈവിധ്യവും ഗാന്ധി അംഗീകരിച്ചു. അനേകം മതങ്ങളും, ജാതികളും, പ്രാദേശിക സംസ്കാരങ്ങളും ഉള്ള ഇന്ത്യയിലെ ഭക്ഷണ രീതി കണക്കിലെടുത്ത് ഗാന്ധി ഗോവധ നിരോധനം കൊണ്ടുവരുന്നതിനെ എതിർക്കുകയും ചെയ്തു.

ഇപ്പോൾ ബി. ജെ. പിയും സംഘ പരിവാറും ഉയർത്തുന്ന തീവ്ര ദേശീയതയേയും, തീവ്ര മത ബോധത്തേയും എങ്ങനെ നേരിടണം? പ്രാദേശിക വികസന പ്രശ്നങ്ങള്‍ ഉയർത്തിയും പ്രാദേശിക ഭാഷകളെ പ്രോത്സാഹിപ്പിച്ചും തന്നെയാണ് ഈ വെല്ലുവിളി നേരിടേണ്ടത്. തമിഴർക്കും, ബംഗാളികൾക്കും, മറാഠികൾക്കും ഒക്കെ അവരുടെ ഭാഷയും സംസ്കാരവും ജീവനാണ്. അടിസ്ഥാനപരമായി പ്രവാസിയായതുകൊണ്ട് മലയാളിക്ക് മാതൃഭാഷയോട് വൈകാരിക ബന്ധമില്ല. അതുപോലെയല്ല ഇന്ത്യയിലെ മറ്റു പ്രദേശങ്ങളിൽ. ഹിന്ദിയിൽ തന്നെ ഭോജ്പൂരിയും മൈഥിലിയുമൊക്കെയുണ്ട്. ആധുനിക ഡിജിറ്റൽ യുഗത്തിൽ ഹരിയാൻവി നാടൻ പാട്ടുകളും, ഡാൻസുകളുമൊക്കെ ഇൻറ്റെർനെറ്റിൽ വൻ ഹിറ്റാണ്. പണ്ട് പെരിയാറിന്‍റെ പ്രതിമക്ക് കേടുപാടുകൾ വരുത്തിയപ്പോൾ ബി. ജെ. പി തന്നെ തമിഴരുടെ ഭാഷാ സ്നേഹത്തിന്‍റെയും, പ്രാദേശിക വികാരത്തിൻറ്റേയും ചൂടറിഞ്ഞിരുന്നു. ബംഗാളിൽ ഈശ്വർ ചന്ദ്ര വിദ്യാ സാഗറിൻറ്റെ പ്രതിമ തകർത്തപ്പോഴും ഇതുതന്നെ സംഭവിച്ചു. മമതാ ബാനർജി ആ സംഭവം ബി.ജെ.പിക്കെതിരെ വലിയ രാഷ്ട്രീയ ആയുധമാക്കി മാറ്റി.

പ്രാദേശിക ഭാഷാ വിഷയം പോലെ തന്നെ പ്രാദേശിക വികസന പ്രശ്നങ്ങൾ ഇന്ത്യയിലെല്ലായിടത്തും ഉണ്ട്. കേരളത്തിന്റെ കാര്യം തന്നെ നോക്കൂ: മഴക്കാലമായാൽ കേരളത്തിൽ ജലജന്യ രോഗങ്ങൾ പെരുകും. കൊതുകാണിവിടുത്തെ പ്രധാന വില്ലൻ. പണ്ട് കൊതുകിനെതിരേ മീനും തവളയുമൊക്കെയായി പ്രകൃതി തന്നെ പ്രതിരോധം തീർത്തിരുന്നു. മരുന്നടിയും കയ്യേറ്റവുമൊക്കെ വന്നപ്പോൾ ആ പ്രതിരോധമൊക്കെ തകർന്നു വീണു. ആ ജല സംസ്കാരത്തെ നാം തിരിച്ചു പിടിക്കേണ്ടതുണ്ട്. ഉത്തരേന്ത്യയിലും സമാനമായ പ്രശ്നങ്ങളുണ്ട്. പണ്ട് ചൂടിൽ അവിടെയൊക്കെ ആളുകൾ ടെറസിലോ വീടിന് പുറത്ത് കയറ്റു കട്ടിലിലോ ആയിരുന്നു കിടന്നു കൊണ്ടിരുന്നത്. ഇന്നങ്ങനെ കിടന്നാൽ കൊതുക് രക്തം മുഴുവനും ഊറ്റിയെടുക്കില്ലേ? ഉത്തരേന്ത്യയിലെ മിക്ക ഗ്രാമങ്ങളിലും മലിന ജലം പോകുന്ന ഓടകൾ പൊട്ടുന്നതും വലിയ പ്രശ്നമാണ്. ഏതാനും വർഷങ്ങൾക്ക് മുമ്പ് മധ്യ പ്രദേശിലും, തമിഴ്‌നാട്ടിലും, മഹാരാഷ്ട്രയിലും കർഷകർ വൻ പ്രക്ഷോഭങ്ങൾ നടത്തി. ഇത്തരത്തിലുള്ള ജനങ്ങളുടെ പ്രാദേശികമായ വികസന പ്രശ്നങ്ങൾ ഉയർത്തി കാട്ടി വേണം എപ്പോഴും മതത്തിൻറ്റേയും, രാഷ്ട്രത്തിൻറ്റേയും പേരു പറഞ്ഞു മനുഷ്യരെ തമ്മിൽ തല്ലിക്കാൻ നോക്കുന്നവരെ എതിരിടാൻ.

റഷ്യൻ അടിച്ചേൽപ്പിക്കുന്ന ‘റസിഫിക്കേഷൻ’ ആയിരുന്നു സോവിയറ്റ് യൂണിയൻ തകരാനുള്ള ഒരു പ്രധാന കാരണം. അതോടൊപ്പം തന്നെ പ്രാദേശിക വിഷയങ്ങളും, വികാരങ്ങളും അവഗണിച്ച അങ്ങേയറ്റം കേന്ദ്രീകൃതമായ കമ്യുണിസ്റ്റ് പാർട്ടിയായിരുന്നു മുൻ സോവിയറ്റ് യൂണിയൻ തകരാനുള്ള പ്രധാന കാരണം. മറ്റുള്ളവരുടെ തെറ്റുകൾ ഇന്ത്യയിൽ നാം ആവർത്തിക്കേണ്ടതുണ്ടോ? ഇന്ത്യയെ മുഴുവൻ പ്രതിനിധീകരിക്കേണ്ടതിന് നന്നായി ഇംഗ്ലീഷ് അറിയാവുന്ന ഒരു പ്രധാനമന്ത്രിയേയും, ആഭ്യന്തര മന്ത്രിയേയും ബി.ജെ.പിക്ക് തിരഞ്ഞെടുക്കാമായിരുന്നു. അവരത് ചെയ്തില്ല. അതിലൂടെ തന്നെ പ്രാദേശിക വ്യത്യസ്തകൾ അനേകം ഉളള ഭാരതീയ ജനതക്ക് തെറ്റായ സന്ദേശമാണ് നൽകിയത്. “ഹിന്ദി, ഹിന്ദു, ഹിന്ദുസ്ഥാൻ” – എന്നുള്ള മുദ്രാവാക്യം പണ്ടു മുതലേ ജനസംഘിനെ കുറിച്ചും, ബി.ജെ.പി യെ കുറിച്ചും പറഞ്ഞു കേൾക്കുന്നതാണ്. ഇനിയെങ്കിലും ബി.ജെ.പി അത്തരം സങ്കുചിത ഭാഷാ വീക്ഷണങ്ങൾ ഒക്കെ മാറ്റി കൂടുതൽ ദേശീയമാകാൻ ശ്രദ്ധിക്കണം.

പ്രാദേശിക വിഷയങ്ങൾ ഉയർത്തുന്നതും, മാതൃഭാഷയിൽ അധിഷ്ഠിതമായ ഐഡന്‍റിറ്റി ഉയർത്തിപ്പിടിക്കുന്നതും ഇന്നത്തെ ഇന്ത്യൻ പ്രതിപക്ഷത്തിന് കരുത്തേകും. വൈവിദ്ധ്യപൂർണമായ ഇന്ത്യയാണ് എന്നും ഇന്ത്യൻ ദേശീയതയുടെ കരുത്ത്. നാനാത്വത്തിൽ ഏകത്വം; വൈവിധ്യത്തിൽ ഐക്യം എന്ന മുദ്രാവാക്യം ഈ വൈകിയ വേളയിലെങ്കിലും നാം ഉയർത്തിപ്പിടിക്കേണ്ടിയിരിക്കുന്നു.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

Share on

മറ്റുവാര്‍ത്തകള്‍