UPDATES

ബ്ലോഗ്

നെഹ്‌റുവിനെ ക്രിമിനൽ ആക്കുന്ന ശിവരാജ് സിംഗ്‌ ചൗഹാൻ അറിയേണ്ട ചരിത്രം

ബിജെപി ഇപ്പോൾ ഹൈജാക്ക് ചെയ്യാൻ ശ്രമിക്കുന്ന മരണം വരെ കോൺഗ്രസുകാരനായ പട്ടേലിന് കാശ്മീർ ഇന്ത്യയോട് കൂട്ടി ചേർക്കുന്നതിലും, അതുവഴിയുള്ള പ്രശ്നങ്ങളിലും വലിയ താൽപര്യമൊന്നും ഇല്ലായിരുന്നു

                       

നെഹ്‌റു ക്രിമിനൽ ആയിരുന്നു എന്ന് മധ്യപ്രദേശ് മുൻ മുഖ്യ മന്ത്രി ശിവരാജ് സിംഗ്‌ ചൗഹാൻ പ്രസ്താവിച്ചിരിക്കുന്നു. ഉന്നാവോ കേസിലെ ബലാത്സംഗ വീരനായ എം എല്‍ എ കുൽദിപ് സിംഗ്‌ സെൻഗറിനെ കയ്യയച്ചു സംരക്ഷിച്ച ഒരു മുഖ്യമന്ത്രി ഉളള പാർട്ടിയുടെ ഭാഗമാണ് ശിവരാജ് സിംഗ്‌ ചൗഹാൻ. എന്നിട്ടാണ് ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിക്കെതിരെ അദ്ദേഹം അൺപാർലമെൻറ്ററി ആയിട്ടുള്ള പദപ്രയോഗം നടത്തുന്നത്.

ഇനി നെഹ്‌റുവിന്‍റെ കാശ്മീർ നയം നോക്കാം. 1947 ഒക്റ്റോബർ 22-ന് പാക്കിസ്ഥാന്‍റെ നോർത്ത് വെസ്റ്റ് ഫ്രണ്ടിയർ പ്രോവിൻസിൽ നിന്നുള്ള ട്രൈബലുകളുടെ ആക്രമണം ഉണ്ടായപ്പോൾ നെഹ്‌റുവിന്‍റെ നേതൃത്വത്തിലാണ് ഇന്ത്യൻ സൈന്യം കാശ്മീരിൽ ഇടപെട്ടത്. കാശ്മീരി പണ്ഡിറ്റായ നെഹ്‌റുവിന്‍റെ കാശ്മീരിനോടുള്ള വൈകാരികമായ ബന്ധം തന്നെയായിരുന്നു അത്തരം ശക്തമായ പ്രതികരണത്തിന് പിന്നിൽ പ്രവർത്തിച്ച ഒരു പ്രധാന ഘടകം. ബിജെപി ഇപ്പോൾ ഹൈജാക്ക് ചെയ്യാൻ ശ്രമിക്കുന്ന മരണം വരെ കോൺഗ്രസുകാരനായ പട്ടേലിന് കാശ്മീർ ഇന്ത്യയോട് കൂട്ടി ചേർക്കുന്നതിലും, അതുവഴിയുള്ള പ്രശ്നങ്ങളിലും വലിയ താൽപര്യമൊന്നും ഇല്ലായിരുന്നു. ഇത് ചരിത്ര സത്യം.

1947 – ൽ എന്തുകൊണ്ട് കാശ്മീർ മുഴുവനും ഇന്ത്യയോട് ചേർക്കപ്പെട്ടില്ല എന്ന ചോദ്യം വരാം. ലോക രാഷ്ട്രങ്ങളുടെ മുന്നിൽ പാക്കിസ്ഥാനെ ആക്രമണകാരിയായി ചിത്രീകരിക്കുക ആയിരുന്നു നെഹ്‌റുവിൻറ്റെ ഉദ്ദേശ്യം. പക്ഷെ പാശ്ചാത്യ സഖ്യ ശക്തിയായി പിന്നീട് മാറിയ പാക്കിസ്ഥാനെ കുറ്റപ്പെടുത്താൻ അമേരിക്കയും യൂറോപ്പും തയാറായില്ല. 1971-ൽ ഒരു കോടി അഭയാർത്ഥികൾ ഇന്ത്യയിലേക്ക് പ്രവഹിച്ചിട്ടും ഇന്ത്യയെ പിന്തുണയ്ക്കാന്‍ തയാറാതിരുന്നവരാണ് ഈ പാശ്ചാത്യ ശക്തികൾ. അമേരിക്കയാവട്ടെ, ‘Seventh Fleet’ എന്നറിയപ്പെട്ടിരുന്ന ഏഴാം കപ്പൽ പടയെ അയച്ച് ബംഗ്ലാദേശ് യുദ്ധസമയത്ത് ഇന്ത്യയെ പേടിപ്പിക്കാൻ വരെ നോക്കിയിരുന്നു. തക്ക സമയത്ത് മുൻ സോവിയറ്റ് യൂണിയന്‍റെ നേവി തുണച്ചതാണ് ഇന്ത്യക്ക് രക്ഷയായത്.

ഈ ചരിത്ര വസ്തുതകളൊക്കെ ശിവരാജ് സിംഗ്‌ ചൗഹാൻ നെഹ്‌റുവിനെ കുറ്റം പറയുന്നതിന് മുമ്പ് വായിക്കണം. ചില മുസ്‌ലീം ഭൂരിപക്ഷ പ്രദേശങ്ങളൊക്കെ പാക്കിസ്ഥാന് വിട്ടുകൊടുത്ത് കാശ്മീർ പ്രശ്നം എന്നന്നേക്കുമായി പരിഹരിക്കാൻ ലാൽ ബഹദൂർ ശാസ്ത്രിയുടെ കാലത്ത് വരെ ആലോചന ഉണ്ടായിരുന്നു. 1965-ൽ പ്രകോപനം ഒന്നും കൂടാതെ ഇന്ത്യയെ ആക്രമിച്ചതാണ് അത്തരം നടപടികളിൽ നിന്നെല്ലാം പിന്നീട് ഇന്ത്യ പിൻമാറാൻ കാരണം. ശാസ്ത്രി ഇനി പാക്കിസ്ഥാനുമായി കാശ്മീരിന്‍റെ കാര്യത്തിൽ ചർച്ചകൾ സാധ്യമല്ല എന്ന് ഷെയ്ക്ക് അബ്ദുള്ളയോട് പറയുന്നുമുണ്ട്. ‘ഇന്ത്യ ആഫ്റ്റർ ഗാന്ധി’ എന്ന പുസ്തകത്തിൽ ചരിത്രകാരൻ രാമചന്ദ്ര ഗുഹ ആ സംഭാഷണത്തെ പറ്റി നല്ലപോലെ വിവരിക്കുന്നുമുണ്ട്. പിന്നീട് പാക്കിസ്ഥാനിൽ നിന്ന് തീവ്രവാദി ആക്രമണങ്ങൾ തുടർച്ചയായി ഉണ്ടായപ്പോൾ കാശ്മീരിന്‍റെ കാര്യത്തിലും ഇന്ത്യ നിലപാട് കടുപ്പിച്ചു. അതാണ് കാശ്മീർ പ്രശ്നം പരിഹരിക്കപ്പെടാതെ പോയത്. കാശ്മീർ പാക്കിസ്ഥാൻ മാത്രവുമല്ല കൈവശപെടുത്തിയിരിക്കുന്നത്. പഴയ കാശ്മീരിന്‍റെ ഭാഗമായിരുന്ന അക്‌സായ് ചിന്നും, ഷഡ്ജം താഴ്‌വരയും ഇപ്പോൾ ചൈനയുടെ കൈവശമാണ്. ചുരുക്കം പറഞ്ഞാൽ 1947-ൽ മുഴുവൻ കാശ്മീരും ഇന്ത്യയോട് കൂട്ടിച്ചേര്‍ക്കാത്തതല്ല യഥാർത്ഥ പ്രശ്നം. അല്ലെങ്കിൽ തന്നെ ഇന്ത്യയുടെ ഭാഗമായ കാശ്മീരിൽ ഇത്രയും നാളായിട്ട് സമാധാനം ഉണ്ടാക്കാൻ ഇന്ത്യക്ക് സാധിക്കുന്നില്ല. പിന്നെ പാക്കിസ്ഥാൻ അധിനിവേശ കാശ്മീരിനെ കുറിച്ച് കണ്ണീർ പൊഴിക്കുന്നതിൻറ്റെ യുക്തി എന്താണ്?

നെഹ്രുവിനെ വിമർശിക്കുന്ന ശിവരാജ് സിംഗ്‌ ചൗഹാനടക്കം പലർക്കും വസ്തുതകൾ അറിയില്ല. നെഹ്രുവിന്‍റെ കശ്മീരിനെ കുറിച്ചും, ചൈനയെ കുറിച്ചുമുള്ള തീരുമാനങ്ങളെല്ലാം കേന്ദ്ര മന്ത്രിസഭയുടെ കൂട്ടായ തീരുമാനങ്ങളായിരുന്നു. ഈയിടെ വി.പി. മേനോന്‍റെ ബന്ധു പോലും അത് പറഞ്ഞു. പിന്നെ സമ്പദ് വ്യവസ്ഥയുടെ കാര്യം. ശക്തമായ വ്യവസായിക അടിത്തറ സൃഷ്ടിച്ചത് നെഹ്രുവായിരുന്നു. നമ്മുടെ സാമ്പത്തിക വ്യവസ്ഥയുടെ ഏറ്റവും വലിയ വിമർശകർ പോലും ആദ്യ കാലത്ത് പൊതു മേഖലയ്ക്ക് ഊന്നൽ നൽകി അതിലൂടെ ‘ഹെവി ഇന്‍ഡസ്ട്രീസ്’ വളർന്നതിന് ശേഷം സ്വകാര്യ മേഖലയേയും പ്രോത്സാഹിപ്പിക്കാനാണ് നിർദേശം വെച്ചിട്ടുള്ളത്. നെഹ്റുവിൻറ്റെ വിമർശകർ രാമചന്ദ്ര ഗുഹയുടെ പുസ്തകവും- ‘India after Gandhi – The History of the World’s Largest Democracy’, മുൻ CDS ഡയറക്റ്ററായിരുന്ന പുലപ്രെ ബാലകൃഷ്ണന്‍റെ – ‘Economic Growth in India – History & Prospect’ എന്ന പുസ്തകവും വായിക്കുന്നത് നന്നായിരിക്കും. പുലപ്രെ ബാലകൃഷ്ണൻ കണക്കുകൾ വ്യക്തമായി ഉദ്ധരിച്ച് തന്നെ നെഹ്രുവിന്‍റെ സമയത്ത് ഇന്ത്യ ചൈനയേക്കാൾ വ്യവസായിക വളർച്ച നേടിയിരുന്ന കാര്യം അനുസ്മരിപ്പിക്കുന്നു. സ്വാതന്ത്ര്യം കിട്ടിയ 1947 ഓഗസ്റ്റ് 15 അർധരാത്രി മുതൽ 1964 മെയ് 27 വരെ 17 വർഷമാണ് നെഹ്റു ഇന്ത്യ ഭരിച്ചത്. നമുക്ക് ശക്തമായ ജുഡീഷ്യൽ സംവിധാനവും, സ്വതന്ത്ര മാധ്യമങ്ങളും, ജനാധിപത്യ സംവിധാനവും ഉണ്ടായത് നെഹ്രുവിന്‍റെ ആ 17 വർഷത്തെ ഭരണത്തിലൂടെയായിരുന്നു. അത് കൂടാതെയാണ് രാജ്യത്തിന്‍റെ ശക്തമായ അടിത്തറയ്ക്കു വേണ്ടി ഐ. ഐ. ടി., ഐ.ഐ. എം., ഐ. എസ്. ആർ. ഒ., സാഹിത്യ അക്കാഡമി, ആസൂത്രണ കമ്മീഷൻ – ഇവയെല്ലാം ഉണ്ടായത്. വ്യവസായിക അടിത്തറയ്ക്കു വേണ്ടി ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ മാറ്റി മറിച്ച ഭീലായ് സ്റ്റീൽ പ്ലാൻറ്റ്, ഭക്രാ നൻഗൽ ഡാം – എന്നീ ബൃഹത് പദ്ധതികളും നെഹ്രുവിന്‍റെ കാലത്ത് ഉണ്ടായി. ഒന്നുമില്ലായ്മയിൽ നിന്നാണ് നെഹ്റു ഇതെല്ലാം പടുത്തുയർത്തിയതെന്ന് ഓർക്കണം. ബ്രട്ടീഷുകാർ ഇന്ത്യ വിട്ടപ്പോൾ അഭയാർത്ഥികളും, കടക്കെണിയും, വർഗീയവൽക്കരണത്തിലൂടെ വ്രണിതമായ ഒരു മനസുമായിരുന്നു രാജ്യത്തിന്റെ ആകെ കൈമുതൽ. ഇന്നിപ്പോൾ സോഷ്യൽ മീഡിയയിലൂടെ നെഹ്റുവിനെ വിമർശിക്കുന്നവരിൽ പലരും ഇത്തരം വിമർശന സ്വാതന്ത്ര്യം ഒന്നും നമ്മുടെ അയൽ രാജ്യങ്ങളിൽ പോലും ഇല്ല എന്ന വസ്തുത മനസിലാക്കുന്നില്ല. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി പ്രോത്സാഹിപ്പിച്ച ആ ‘Freedom of Speech’-ന്റെ ഫലമാണ് ഈ വിമർശന സ്വാതന്ത്ര്യം എന്ന വസ്തുത പലരും മനസിലാക്കുന്നില്ല. ഇന്ത്യയുടെ പ്രഥമ പ്രധാന മന്ത്രി ഉയർത്തി പിടിച്ച ആ പുരോഗമന മൂല്യങ്ങളാണ് ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും ഇന്ത്യയുടെ കരുത്ത്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

Share on

മറ്റുവാര്‍ത്തകള്‍