UPDATES

ബ്ലോഗ്

ഒരു മഹാപ്രളയത്തിൽ നിന്ന് നമ്മള്‍ എന്ത് പഠിച്ചുവെന്നാണ്? ദുരിതാശ്വാസ പ്രവര്‍ത്തകരുടെ സമയം മിനക്കെടുത്തുന്നവരെ കുറിച്ച്

സത്യത്തില്‍ തൊഴേണ്ടത് അഗ്നിശമന – പോലീസ് സേനാ ഉദ്യോഗസ്ഥരോടാണ്. ഇന്നലെ കാലത്ത് ആറുമണിമുതല്‍ ദുരിതാശ്വാസ പ്രവര്‍ത്തനത്തിനു ഇറങ്ങിയ ഒരു മിനുട്ട് പോലും ഉറങ്ങാതെ നനഞ്ഞു കുതിര്‍ന്ന് പ്രവര്ത്തിക്കുന്നവരായിരുന്നു അവരില്‍ പലരും.

                       

കനത്ത സങ്കടത്തിലാണ്. നമ്മുടെ നാടും മുന്‍പില്ലാത്തവിധം പ്രകൃതിക്ഷോഭങ്ങള്‍ ആവര്‍ത്തിക്കുന്നു. കഴിഞ്ഞ വര്‍ഷം ഇതേ ആഗസ്ത് ഒന്‍പതിനായിരുന്നു പാലക്കാട്‌ നഗര പരിസരങ്ങളിലെ പല ഇടങ്ങളും പ്രളയത്താല്‍ മുങ്ങിയത്. യാതൊരു വിധ ഭീതിയുമില്ലാതെ സാധാരണപോലെ കിടന്നുറങ്ങിയ പലരും പാതിരാവില്‍ ഉയര്‍ന്നു പൊങ്ങിയ മലവെള്ളപ്പാച്ചിലില്‍ എന്തുചെയ്യണമെന്നറിയാതെ കുത്തിയൊഴുകിയ വെള്ളത്തിന്‌ മുന്നില്‍ പകച്ചുനിന്നു. പത്തെഴുപതു വയസു പ്രായമുള്ളവരുടെ പോലും ഓര്‍മ്മയില്‍ ഇല്ലാത്ത തരത്തിലുള്ള മലവെള്ളപ്പാച്ചിലാണ് അന്നുണ്ടായത്. കൃത്യം ഒരു വര്‍ഷം തികയുന്ന ഇതേ ദിവസം സമാന ദുരന്തം ആവര്‍ത്തിക്കുകയാണ് ഇവിടെ. മലബാര്‍ മേഖലയിലെ പല ജില്ലകളിലും ഉണ്ടായിക്കൊണ്ടിരിക്കുന്ന പ്രകൃതി ദുരന്തങ്ങളുടെ അത്രയും തീവ്രതയില്ലെങ്കിലും, കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തിനു സമാനമായ അവസ്ഥയാണ് ഇന്നലെ രാത്രിമുതല്‍ പാലക്കാടിന്റെ പല ഭാഗത്തും ഉള്ളത്.

ഇന്നലെ ഉച്ച മുതല്‍ പെരുമഴയത്ത് റസ്ക്യൂ പ്രവര്‍ത്തനങ്ങളുമായി ഇറങ്ങിയതാണ്. നിലക്കാതെ പെയ്യുന്ന പെരുമഴ മുഴുവന്‍ നനഞ്ഞ്, കഴുത്തറ്റം വെള്ളത്തില്‍ ഇറങ്ങിയും നീന്തിയും, ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് ആരുടെയൊക്കെയോ കൂടെ കയ്യിലുള്ള ഫോര്‍ വീല്‍ വണ്ടിയുമായും ചെന്ന് കേറി. ഒരു മണിക്കൂര്‍ മുന്നേയാണ്‌ എല്ലാം ഏകദേശം ഒന്നടങ്ങിയ അവസ്ഥയില്‍ തിരികെ എത്തിയത്. ഇന്നലെ രാത്രി ഞാന്‍ താമസിക്കുന്ന സ്ഥലത്തിനടുത്ത ഹൌസിംഗ് കോളനിയിലെ ആളുകള്‍ പ്രളയഭീതിയില്‍ സ്ഥലം മാറിയിരുന്നു. രാത്രി ഒരുമണി ആയപ്പോഴേക്കും ഇവിടെ അടുത്തുള്ള സ്കൂളില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. ഇതേ ഹൌസിംഗ് കോളനിയുടെ മുന്നിലെ, പുഴ പോലെ കുത്തിയൊലിച്ച് പരന്നൊഴുകിയ തോടിന് അക്കരെ ഉള്ളവര്‍ പുറത്തിറങ്ങാന്‍ വയ്യാത്ത വിധം പ്രളയത്തില്‍ പെട്ടുപോയി. രാത്രി രണ്ടു മണിയോടെ പോലീസും ഫയര്‍ / റസ്ക്യൂ ടീമും ഒക്കെ ചേര്‍ന്ന് മൂന്നോളം വീട്ടുകാരെ റബ്ബര്‍ ബോട്ടില്‍ കരയിലെത്തിച്ചു. മഴയും വെളിച്ചക്കുറവും ശക്തമായ ഒഴുക്കും കാരണം രക്ഷാപ്രവര്‍ത്തനം നിര്‍ത്തി. കാലത്ത് മഴ അല്‍പ്പം തോര്‍ന്നതോടെ വെള്ളം ഇറങ്ങിത്തുടങ്ങി. പക്ഷെ ഇപ്പോഴും അപകടകരമായ നിലയില്‍ വെള്ളം ഉയര്‍ന്നു നില്‍ക്കുകയാണ് പലയിടത്തും. കല്‍പ്പാത്തിയുടെ പരിസരത്തെ പല ഹൌസിംഗ് കോളനികളും വെള്ളത്തിലായി. ഒലവക്കോട് ഭാഗത്തും പുതുപ്പള്ളി തെരുവ് ഭാഗത്തും ഉള്ള പല വീടുകളിലും – ഹൌസിംഗ് കോളനികളിലും ഇത്തവണ രാവിലെ ആയപ്പോള്‍ വെള്ളം കയറി. മിക്കവാറും ആളുകള്‍ വീടുകള്‍ പൂട്ടി സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറി. ഞങ്ങള്‍ക്ക് ഏറ്റവും തലവേദനയായ ഒരു കൂട്ടരേക്കുറിച്ച് പറയാതെ വയ്യ. രണ്ടോ മൂന്നോ പേരെ കയറ്റാനുള്ള റബ്ബര്‍ ബോട്ടുമായി നെഞ്ചൊപ്പം മലവെള്ളപ്പാച്ചിലില്‍ നൂറും ഇരുനൂറും മീറ്റര്‍ പ്രയാസപ്പെട്ടു പോയി അവരെ ബോട്ടില്‍ കയറ്റാന്‍ എത്രയേറെ നിര്‍ബന്ധിച്ചു നോക്കിയാലും ഞങ്ങള്‍ മുകള്‍ നിലയില്‍ നിന്നോളാം എന്ന് പറയുന്നത്രയും നിഷേധ സ്വഭാവത്തോടെ പെരുമാറുന്നവര്‍. സഹജീവി സ്നേഹംകൊണ്ട് മാത്രം, മനുഷ്യത്വം ഓര്‍ത്ത്‌ മാത്രം ദുരിതാശ്വാസ പ്രവര്‍ത്തനത്തിനിറങ്ങിയ, തമ്മില്‍ ഒരു പരിചയവും ഇല്ലെങ്കിലും കണ്ടുമുട്ടിയിടത്തുവച്ചു ഒരേ മനസോടെ മറ്റുള്ളവരുടെ ജീവന്‍ രക്ഷിക്കാന്‍ മുന്നിട്ടിറങ്ങുന്ന പത്തും ഇരുപതും മനുഷ്യരുടെ അധ്വാനത്തിനെ അവരുടെ സമയത്തെ കളിയാക്കുന്ന തരത്തില്‍ പ്രതികരിക്കുന്ന ഒരു കൂട്ടം. ഉച്ച കഴിഞ്ഞതോടെ വെള്ളം പിന്നെയും ഉയരുന്നു എന്ന് കണ്ടതോടെ അതില്‍ പലരും ഞങ്ങളെക്കൂടി ഒന്ന് പുറത്തു എത്തിക്കൂ എന്നാവശ്യപ്പെടുന്ന, ദുരിതാശ്വാസ പ്രവര്‍ത്തകരെ മിനക്കെടുത്തുന്ന കാഴ്ച. ഒരു മഹാ പ്രളയത്തിന്റെ കാഴ്ച്ചയില്‍നിന്നു കേള്‍വിയില്‍ നിന്ന് അനുഭവത്തില്‍ നിന്ന് നമ്മള്‍ എന്ത് പഠിച്ചുവെന്നാണ്?

സത്യത്തില്‍ തൊഴേണ്ടത് അഗ്നിശമന – പോലീസ് സേനാ ഉദ്യോഗസ്ഥരോടാണ്. ഇന്നലെ കാലത്ത് ആറുമണിമുതല്‍ ദുരിതാശ്വാസ പ്രവര്‍ത്തനത്തിനു ഇറങ്ങിയ ഒരു മിനുട്ട് പോലും ഉറങ്ങാതെ നനഞ്ഞു കുതിര്‍ന്ന് പ്രവര്ത്തിക്കുന്നവരായിരുന്നു അവരില്‍ പലരും. കുത്തിയൊഴുക്കിലും ഞങ്ങളില്‍ ആരുടെയെങ്കിലും ഒരു കൈപ്പിടിയുടെ വിശ്വാസത്തില്‍പ്പോലും മുന്നും പിന്നും നോക്കാതെ വെള്ളത്തിലേക്ക്‌ ഇറങ്ങി മനുഷ്യരെ കരയിലെത്തിക്കാന്‍ പാടുപെടുന്നവര്‍. ഒരിടത്തുനിന്നും മറ്റൊരിടത്തേക്കുള്ള ഓട്ടപ്പാച്ചിലില്‍ മര്യാദക്ക് ഭക്ഷണം പോലും കഴിച്ചിട്ടില്ല പലരും. പാലക്കാട്‌ ടൌണ്‍ എസ് ഐയും കൂടെ ഉള്ള പോലീസുകാരും അതില്‍ എടുത്തു പറയേണ്ടവരാണ്. അത്രയേറെ നല്ലൊരു ടീം വര്‍ക്കാണ് അവരില്‍നിന്നും ഉണ്ടായത്. ഇപ്പോഴും അവര്‍ കര്‍മ്മനിരതരാണ്. ഉച്ചക്ക് ശേഷം മഴ കുറവാണ് എന്നതാണ് ഏക ആശ്വാസം. മലമ്പുഴ ഡാമിലെ വെള്ളം ഇതുവരെയും ഷട്ടര്‍ തുറക്കേണ്ട പരിധിക്ക് അഞ്ച് മീറ്ററില്‍ താഴെയാണ്. നിലവില്‍ വെള്ളം മിക്കയിടത് നിന്നും വെള്ളം ഇറങ്ങിത്തുടങ്ങിയെങ്കിലും ഇന്നലത്തെപോലെ ഇന്നും രാത്രി കനത്ത മഴ പെയ്താല്‍ അവസ്ഥ പിന്നെയും മോശമാകും. അങ്ങിനെയൊന്നും ഉണ്ടാകില്ല എന്ന് ആശ്വസിക്കുന്നു. വേറെ ഒന്നും സംഭവിക്കില്ല എന്നാ ധൈര്യത്തില്‍ ഉറങ്ങാന്‍ പോണു. ഇല്ലേല്‍ പണിയാകും.

മൊബൈലില്‍ – വാട്സപ്പില്‍ – മെസഞ്ചറില്‍ അന്വേഷണം നടത്തിയവര്‍ക്ക് നന്ദി. ദുരിതാശ്വാസ പ്രവര്‍ത്തനത്തിന്റെ ഇടയില്‍ മൊബൈല്‍ ഉപയോഗിക്കാന്‍ കഴിയാഞ്ഞതിനാല്‍ വൈകിട്ടാണ് ഒക്കേം കണ്ടത്. ഞങ്ങള്‍ ഇരിക്കുന്നിടം സേഫ് ആണ്.

*ഫേസ്ബുക്ക് പോസ്റ്റ്

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

Share on

മറ്റുവാര്‍ത്തകള്‍