UPDATES

വിപണി/സാമ്പത്തികം

ടെക്‌നോളജി വമ്പന്‍മാരില്‍ മൈക്രോസോഫ്റ്റ് ഒന്നാമത്

ഇന്ത്യയില്‍ നിന്നുള്ള അഞ്ച് ടെക് കമ്പനികളും പട്ടികയില്‍

                       

ടെക്‌നോളജി വ്യവസായത്തില്‍ സാമ്പത്തികമായും പ്രവര്‍ത്തനപരമായും വിജയം കൈവരിച്ച കമ്പനികളെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് തോംസണ്‍ റോയിട്ടേഴ്‌സ് കോര്‍പ്പ് പുറത്തിറക്കിയ 100 ആഗോള ടെക്‌നോളജി ലീഡര്‍മാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനം മൈക്രോസോഫ്റ്റിന്. ഇന്റല്‍ കോര്‍പ്പ് ആണ് രണ്ടാം സ്ഥാനത്ത്. നെറ്റ്‌വര്‍ക്ക് ഗിയര്‍ നിര്‍മാതാക്കളായ സിസ്‌കോ സിസ്റ്റംസ് മൂന്നാം സ്ഥാനത്തും ഇടം നേടി.

യുഎസ് ടെക് ഭീമന്മാരായ ആപ്പിള്‍, ഗൂഗിള്‍ മാതൃകമ്പനിയായ ആല്‍ഫബെറ്റ്, ഇന്റര്‍നാഷണല്‍ ബിസിനസ് മെഷീന്‍സ് കോര്‍പ്പ്, ടെക്‌സാസ് ഇന്റ്ട്രുമെന്റ്‌സ് തുടങ്ങിയ കമ്പനികളും മൈക്രോ ചിപ് നിര്‍മാതാക്കളായ തായ്‌വാന്‍ സെമികണ്ടക്റ്റര്‍ മാനുഫാക്ച്ചറിംഗ്, സാപ്, ആക്‌സെഞ്ചര്‍ തുടങ്ങിയവയും പട്ടികയിലെ ആദ്യ പത്തില്‍ ഇടം പിടിച്ചിട്ടുണ്ട്. പട്ടികയിലുള്‍പ്പെട്ട ബാക്കി 90 കമ്പനികളുടെ റാങ്ക് നിശ്ചയിച്ചിട്ടില്ല. ലോകത്തിലെ ഏറ്റവും വലിയ ഇ-കൊമേഴ്‌സ് കമ്പനിയായ ആമസോണും സോഷ്യല്‍ മീഡിയ ഭീമന്‍ ഫേസ്ബുക്കും പട്ടികയിലുണ്ട്. സാമ്പത്തികം, മാനേജ്‌മെന്റും നിക്ഷേപകരുടെ വിശ്വാസവും, റിസ്‌ക്, മാന്ദ്യത്തില്‍ നിന്നുള്ള തിരിച്ചുവരവ്, ലീഗല്‍ കംപ്ലൈന്‍സ്, ഇന്നോവേഷന്‍, സാമൂഹിക ഉത്തരവാദിത്തം, പാരിസ്ഥിതിക പ്രത്യാഘാതം, ബഹുമതി തുടങ്ങിയവയിലെ പ്രകടനം വിലയിരുത്തി 28 മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ് കമ്പനികളുടെ പട്ടികയിലെ ഇടം നിശ്ചയിച്ചത്.

തെരഞ്ഞെടുത്ത 100 കമ്പനികളില്‍ യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനികളാണ് അധികവും. പട്ടികയിലെ 45 ശതമാനത്തോളം കമ്പനികളും യുഎസില്‍ നിന്നുള്ളതാണ്. കമ്പനികളുടെ എണ്ണത്തില്‍ യുഎസ് കഴിഞ്ഞാല്‍ യഥാക്രമം തായ്വാന്‍, ജപ്പാന്‍, ഇന്ത്യ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള കമ്പനികളാണ് പട്ടികയിലുള്‍പ്പെട്ടിട്ടുള്ളത്. ഇന്ത്യയില്‍ നിന്നുള്ള അഞ്ച് ടെക് കമ്പനികള്‍ പട്ടികയിലുണ്ട്.

Share on

മറ്റുവാര്‍ത്തകള്‍