ഇതുവരെ ചെയ്തതില്‍ ഏറ്റവും ബുദ്ധിമുട്ട് നിറഞ്ഞ കഥാപാത്രം ‘ഓള്’ എന്ന ചിത്രത്തിലെ മായ എന്ന കഥാപാത്രമായിരുന്നുവെന്ന് എസ്തര്‍ അനില്‍. ഏഷ്യാനെറ്റ് ന്യൂസിനു നല്‍കിയ അഭിമുഖത്തിലാണ് ഓള് സിനിമയെക്കുറിച്ച് എസ്തര്‍ പറയുന്നത്.
പല ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ടെങ്കിലും ഒരു നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ആദ്യമായാണെന്നും അതിന്റെ ആകാംഷ തനിക്കുണ്ടായിരുന്നെന്നും എസ്തര്‍ പറയുന്നു. ഷാജി എന്‍ കരുണിന്റെ എല്ലാ സിനിമകളും ടീയറ്റര്‍ റിലീസ് ഇല്ലാത്തകതിനാല്‍ തന്നെ ഈ സിനിമയും ടീയറ്റര്‍ റിലീസ് താന്‍ പ്രതീക്ഷിച്ചിരുന്നില്ല എന്നും ഇപ്പോള്‍ റിലീസായതില്‍ സന്തോഷവും ഒപ്പം തന്നെ ആശങ്കയുമുണ്ടെന്ന് എസ്തര്‍.
ഓള് സിനിമയുടെ സ്‌ക്രിപ്റ്റ് വായിച്ച് തനിക്ക് ഒന്നും തന്നെ മനസിലായിരുന്നില്ല എന്നും, ഇതുവരെ ചെയ്തതില്‍ വച്ച് ഏറ്റവും ബുദ്ധിമുട്ടുള്ള കഥാപാത്രം മായയാണെന്നും എസ്തര്‍ കൂട്ടിച്ചേര്‍ത്തു.
മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് ഓള്. പ്രായപൂര്‍ത്തിയെത്തും മുമ്പ് കൂട്ട ബലാത്സംഗത്തിന് ഇരയാകേണ്ടി വരുന്ന പെണ്‍കുട്ടിയുടെ ജീവിതവും അവളുടെ പ്രണയവുമാണ് കഥയുടെ ഇതിവൃത്തം. ഷെയ്ന്‍ നിഗമാണ് ചിത്രത്തിലെ നായകന്‍.