ചാരവൃത്തിയാരോപിച്ച് ആദ്യം വധശിക്ഷയ്ക്ക് വിധിക്കുകയും പിന്നീടാ വിധി റദ്ദാക്കുകയും ചെയ്ത ദഹ്‌റ ഗ്ലോബല്‍ കേസില്‍ എട്ട് മുന്‍ ഇന്ത്യന്‍ നാവികസേന ഉദ്യോഗസ്ഥരെയും ഖത്തര്‍ ജയില്‍ മോചിതരാക്കി. ഇന്ത്യയുടെ നയന്ത്രവിജയമായിട്ടാണ് ഈ മോചനം കണാനാവുക. 2022-ലാണ് ദഹ്‌റോ ഗ്ലോബല്‍ ചാരവൃത്തിക്കേസില്‍ ഇന്ത്യന്‍ നാവികസേനയിലുണ്ടായിരുന്ന എട്ടു പേര്‍ പിടിയിലാകുന്നതും അവര്‍ക്ക് വധ ശിക്ഷ വിധിക്കുന്നതും. മുന്‍ നാവികരെ വിട്ടയക്കുന്ന തീരുമാനം വിദേശകാര്യ മന്ത്രാലയമാണ് പ്രസ്താവനയിലൂടെ പുറത്തറയിച്ചത്.
ഖത്തറിന്റെ തീരുമാനം ഇന്ത്യ സ്വാഗതം ചെയ്യുന്നുവെന്നും മോചിതരായ എട്ടുപേരില്‍ ഏഴുപേരും ഇന്ത്യയിലേക്ക് മടങ്ങിയെന്ന് പ്രസ്താവനയില്‍ പറയുന്നു.
വധശിക്ഷ ഒഴിവാക്കിക്കൊണ്ട് ഖത്തര്‍ അപ്പീല്‍ കോടതിയുടെ വിധി കഴിഞ്ഞ ഡിസംബറില്‍ ഉണ്ടായെങ്കിലും ഇന്ത്യന്‍ പൗരന്മാര്‍ ദീര്‍ഘകാലം ജയിലില്‍ കഴിയേണ്ടി വരുമെന്ന ആശങ്കയുണ്ടായിരുന്നു. ആ പേടി കൂടിയാണ് ഇപ്പോള്‍ നീങ്ങിയത്. ഇതിനെല്ലമുള്ള നന്ദി ഖത്തര്‍ ആമിന് ഇന്ത്യ ഔദ്യോഗികമായി പ്രകടിപ്പിച്ചിട്ടുണ്ട്.
ഖത്തര്‍ കോടതി വധശിക്ഷ പുറപ്പെടുവിച്ചതിനു പിന്നാലെ തന്നെ ഇന്ത്യന്‍ ഭരണകൂടം വിഷയത്തില്‍ ഇടപെടുകയും തങ്ങളുടെ പൗരന്മാരെ വധശിക്ഷയില്‍ നിന്നും മോചിപ്പിക്കാന്‍ നയതന്ത്രതലത്തിലടക്കം ചര്‍ച്ചകള്‍ക്കു തുടക്കമിടുകയും അപ്പീല്‍ നല്‍കുകയും ചെയ്തിരുന്നു.
ഈ വര്‍ഷം ഒക്ടോബര്‍ 26 ന് ആയിരുന്നു ഇന്ത്യയെ ഞെട്ടിച്ച വിധി ഖത്തര്‍ കോടതിയില്‍ നിന്നുണ്ടാകുന്നത്. ഇന്ത്യന്‍ നാവികസേനയില്‍ ഓഫിസര്‍ റാങ്കിലുണ്ടായിരുന്ന ഏഴ് പേരെയും ഒരു നോണ്‍-കമ്മീഷണ്‍ഡ് ഓഫിസറെയും മരണശിക്ഷയ്ക്ക് വിധിച്ചു കൊണ്ടുള്ളതായിരുന്നു കോടതി ഉത്തരവ്.
എന്താണ് ദഹ്റ ഗ്ലോബല്‍ കേസ്
2022 ഓഗസ്റ്റ് 30 നാണ് ഇന്ത്യന്‍ നാവികോദ്യോഗസ്ഥര്‍ ഖത്തറില്‍ അറസ്റ്റിലാകുന്നത്. അന്നുതൊട്ട് ഇവരെ ഏകാന്ത തടവില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു. ഈ വര്‍ഷം മാര്‍ച്ച് 29 നായിരുന്നു കേസില്‍ വിചാരണ ആരംഭിച്ചത്.
റോയല്‍ ഒമാന്‍ എയര്‍ഫോഴ്‌സില്‍ നിന്നും വിരമിച്ച സ്‌ക്വാഡ്രന്‍ ലീഡര്‍ ഖാമിസ് അല്‍-അജ്മി എന്ന ഒമാന്‍ പൗരന്റെ ഉടമസ്ഥതയിലുള്ള അല്‍ ദഹ്‌റ ഗ്ലോബല്‍ ടെക്‌നോളജീസ് എന്ന സ്ഥാപനത്തിലായിരുന്നു ഇവര്‍ പ്രവര്‍ത്തിച്ചു വന്നിരുന്നത്. കമ്പനി ഉടമയായ അല്‍-അജ്മിയെയും ഇന്ത്യക്കാര്‍ക്കൊപ്പം അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും 2022 നവംബറില്‍ ജയില്‍ മോചിതനാക്കി.
പ്രതിരോധ സേവനങ്ങള്‍ക്കുള്ള കണ്‍സള്‍ട്ടന്‍സി സര്‍വീസ് ആയിരുന്നു ദഹ്‌റ കമ്പനി നല്‍കിയിരുന്നത്. സ്റ്റെല്‍ത്ത് വിഭാഗത്തില്‍പ്പെട്ട ഇറ്റാലിയന്‍ യു212 അന്തര്‍വാഹിനി ഖത്തര്‍ നാവിക സേന(ഖത്തറി എമിറി നേവല്‍ ഫോഴ്‌സ്)യുടെ ഭാഗമാക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തികളുടെ ഉത്തരവാദിത്തവും ഇവര്‍ക്കുണ്ടായിരുന്നുവെന്ന് പറയുന്നു. കമ്പനിയുടെതായി നേരത്തെ പ്രവര്‍ത്തിച്ചിരുന്ന വെബ്‌സൈറ്റിലാണ് ഈ വിവരം കൊടുത്തിരിക്കുന്നത്. പുതിയ വെബ്‌സൈറ്റില്‍ ദഹ്‌റ ഗ്ലോബല്‍ എന്നാണ് കമ്പനിയുടെ പേര് ചേര്‍ത്തിരിക്കുന്നത്. എന്നാല്‍, ഖത്തറി എമിറി നേവല്‍ ഫോഴ്‌സുമായി എന്തെങ്കിലും തരത്തിലുള്ള ബന്ധമുണ്ടെന്ന് സൂചിപ്പിക്കുന്ന യാതൊരു പരാമര്‍ശങ്ങളുമില്ല. മാത്രമല്ല, ഇന്ത്യന്‍ നാവികോദ്യോഗസ്ഥരായിരുന്ന ഏഴ് പേര്‍ക്കും കമ്പനിയുടെ നേതൃത്വത്തില്‍ യാതൊരു പങ്കാളിത്തമുണ്ടായിരുന്നതായും പറയുന്നില്ല.
ഖത്തര്‍-ഇന്ത്യ ബന്ധം വളര്‍ത്തുന്നതില്‍ വഹിച്ച പങ്കിന് പ്രവാസി ഭാരതീയ സമ്മാന്‍ ലഭിച്ച കമാന്‍ഡര്‍ പൂര്‍ണേന്ദു തിവാരിയായിരുന്നു കമ്പനിയുടെ മാനേജിംഗ് ഡയറക്ടര്‍ സ്ഥാനത്തുണ്ടായിരുന്നത്. ദോഹയിലും തിവാരി ആദരിക്കപ്പെട്ടിരുന്നു. അന്നത്തെ ഖത്തര്‍ അംബാസഡര്‍ പി കുമാരനും ഖത്തര്‍ പ്രതിരോധ സേനയുടെ അന്താരാഷ്ട്ര സൈനിക സഹകരണ വിഭാഗത്തിന്റെ തലവനും ചേര്‍ന്നായിരുന്നു ആദരിച്ചത്. ഇന്ത്യന്‍ കള്‍ച്ചറല്‍ കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ എംബസിയിലെ ഡിഫന്‍സ് അറ്റാഷെ ആയിരുന്ന ക്യാപ്റ്റന്‍ കപില്‍ കൗശികും പങ്കെടുത്തിരുന്നു.
മുന്‍ അംബാസഡര്‍ പി കുമാരന്‍ നല്‍കിയ സര്‍ട്ടിഫിക്കറ്റ് ദഹ്‌റയുടെ വെബ്‌സൈറ്റില്‍ ഉണ്ടായിരുന്നു. കുമാരന്റെ പിന്‍ഗാമിയായിരുന്ന ദീപക് മിത്തലും ദഹ്‌റയുടെ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ചിരുന്നു. ഇന്ത്യക്കും ഖത്തറിനുമിടയിലെ ബന്ധം ദൃഢമാക്കുന്നതില്‍ കമ്പനി വഹിക്കുന്ന പങ്കായിരുന്നു അംബാസഡര്‍ എടുത്തു പറഞ്ഞത്.
ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ അറസ്റ്റിലാകുന്ന സമയത്ത് ദഹ്‌റയില്‍ അവരില്‍ പലരും നാല് മുതല്‍ ആറ് വര്‍ഷം വരെയുള്ള സേവന കാലയളവ് പൂര്‍ത്തിയാക്കിയിരുന്നു.
ഖത്തര്‍ ഇന്റലിജന്‍സിന്റെ ഭാഗമായ സ്‌റേറ്റ് സെക്യൂരിറ്റി ബ്യൂറോയാണ് ഇന്ത്യന്‍ നാവികോദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യുന്നത്. സെപ്തംബര്‍ പകുതിയോടെയാണ് ഇന്ത്യന്‍ എംബസി അറസ്റ്റിന്റെ വിവരം അറിയുന്നത്.
സെപ്തംബര്‍ 30 ന് അറസ്റ്റിലായവര്‍ക്ക് അവരുടെ കുടുംബവുമായി ടെലഫോണില്‍ ബന്ധപ്പെടുന്നതിന് ഭാഗികമായ അനുമതി കിട്ടി. ഒക്ടോബര്‍ മൂന്നിനാണ് ഇന്ത്യന്‍ എംബസിക്ക് തടവിലാക്കപ്പെട്ടവരെ നേരില്‍ കാണാനുള്ള അവസരം കിട്ടുന്നത്. അപ്പോഴേക്കും അവര്‍ അറസ്റ്റ് ചെയ്യപ്പെട്ടിട്ട് ഒരു മാസം കഴിഞ്ഞിരുന്നു.
ആരൊക്കെയാണ് ആ എട്ട് മുന്‍ നാവികോദ്യോഗസ്ഥര്‍
റിട്ട. ക്യാപ്റ്റന്‍ നവജീത് ഗില്‍
ഛണ്ഡിഗഡ് സ്വദേശിയാണ് ക്യാപ്റ്റന്‍ നവജീത് ഗില്‍. ഒരു ഇന്ത്യന്‍ മുന്‍ ആര്‍മി ഉദ്യോഗസ്ഥന്റെ മകനായ ഗില്‍ വെല്ലിംഗ്ടണിലെ ഡിഫന്‍സ് സര്‍വീസ് സ്റ്റാഫ് കോളേജില്‍(ഡിഎസ്എസ്സി) പഠിക്കുന്ന കാലത്ത് മികച്ച കേഡറ്റിനുള്ള രാഷ്ട്രപതിയുടെ സ്വര്‍ണമെഡലിന് അര്‍ഹനായിട്ടുണ്ട്. ഇന്ത്യയുടെ രണ്ടാമത്തെ വിമാനവാഹിനി കപ്പലായ ഐഎന്‍എസ് വിരാടില്‍ നാവിഗേഷന്‍ ഓഫിസര്‍ ആയിട്ടായിരുന്നു ഗില്ലിന്റെ ആദ്യനിയമനം. 1971-ലെ ഇന്ത്യ-പാകിസ്താന്‍ യുദ്ധത്തില്‍ ശത്രുരാജ്യത്തിന്റെ കീഴടങ്ങലിന് കാരണമായി തീര്‍ന്ന കറാച്ചി തുറമുഖത്ത് ഇന്ത്യ നടത്തിയ സ്‌ഫോടനമായിരുന്നു. അന്ന് ശത്രുവിനെ തുരത്തിയ ഐതിഹാസിക കില്ലര്‍ സ്‌ക്വാഡ്രന്‍ ആയി ചരിത്രത്തില്‍ സ്ഥാനം നേടിയ മിസൈല്‍വേധ യുദ്ധ കപ്പലായ ഐഎന്‍എസ് പ്രബലിനെ നയിച്ചവരില്‍ ഒരാളുമായിരുന്നു ക്യാപ്റ്റന്‍ ഗില്‍.
റിട്ട; കമാന്‍ഡര്‍ സുഗുണാകര്‍ പകാല
വിദ്യാഭ്യാസ രംഗത്ത് പ്രവര്‍ത്തിച്ചിരുന്ന മതാപിതാക്കളുടെ മകനായ സുഗുണാകര്‍ കൊറുകോണ്ട സൈനിക് സ്‌കൂളില്‍ വിദ്യാര്‍ത്ഥിയായിരുന്നു. ഇന്ത്യന്‍ നേവിയില്‍ എന്‍ജിനീയറിംഗ് വിഭാഗത്തില്‍ സേവനം ചെയ്തിരുന്ന അദ്ദേഹം 500 ടണ്‍ ഭാരം വഹിക്കുന്ന ഐഎന്‍എസ് തരംഗണിയുമായി രണ്ടു തവണ ഭൂമധ്യരേഖ താണ്ടിയതിന്റെ റെക്കോര്‍ഡ് സ്വന്തമാക്കിയിട്ടുണ്ട്. തന്റെ സേവനവൃത്തിയിലെ മികവിന് കമാന്‍ഡര്‍-ഇന്‍-ചീഫിന്റെ അഭിനന്ദനം ഏറ്റുവാങ്ങിയിട്ടുള്ള സുഗുണാകര്‍ പകാല, നാവിക സേനയില്‍ നിന്നും വിരമിച്ച ശേഷം കുറച്ചു കാലം വിശാഖപട്ടണത്ത് ഹിന്ദുസ്ഥാന്‍ ഷിപ്പിയാര്‍ഡ് ലിമിറ്റഡില്‍ ജോലി നോക്കിയിരുന്നു.
റിട്ട: ക്യാപ്റ്റന്‍ സൗരഭ് വസിഷ്ഠ്
രണ്ടു തവണ കമാന്‍ഡര്‍-ഇന്‍-ചീഫിന്റെ പ്രശസ്തിപത്രം ലഭിച്ച എന്‍ജിനീയറിംഗ് ഓഫിസറായിരുന്നു ഡെറാഡൂണ്‍ സ്വദേശിയായ ക്യാപ്റ്റന്‍ സൗരഭ് വസിഷ്ഠ്. വെല്ലിഗ്ടണ്‍ ഡിഎസ്എസ്സിയില്‍ നിന്നും സെക്കന്തരാബാദിലെ ഡിഫന്‍സ് മാനേജ്‌മെന്റ് കോളേജില്‍ നിന്നും പഠനം പൂര്‍ത്തിയാക്കി. ദക്ഷിണ നാവികസേന ആസ്ഥാനത്ത് റെഫിറ്റ് ഓഫിസറായിരുന്ന ക്യാപ്റ്റന്‍ വസിഷ്ഠ് ഐഎന്‍എസ് മഗര്‍, ഐഎന്‍എസ് കുലിഷ്, ഐഎന്‍എസ് ഖന്‍ജാര്‍, ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് ഷിപ്പായ സംഗ്രാം എന്നിവയിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
റിട്ട: കമാന്‍ഡര്‍ പൂര്‍ണേന്ദു തിവാരി
നാവികസേനയുടെ എക്‌സിക്യൂട്ടീവ് വിഭാഗത്തിലെ നാവിഗേഷന്‍ വിദഗ്ദനായിരുന്നു കമാന്‍ഡര്‍ തിവാരി. എഎന്‍എസ് മഗറില്‍ സേവനം അനുഷ്ഠിച്ചിട്ടുള്ള തിവാരി കിഴക്കന്‍ നാവികപ്പടയുടെ ഫ്‌ളീറ്റ് ഓഫിസറായും ജോലി നോക്കിയിട്ടുണ്ട്. രജപുത് ക്ലാസ് ഡിസ്‌ട്രോയറുകളുടെയും ഭാഗമായിരുന്ന തിവാരി സേനയില്‍ നിന്നും വിരമിച്ച ശേഷം സിംഗപൂര്‍ നാവികസേനാംഗങ്ങളെ പരിശീലിപ്പിച്ചിരുന്നു. അതിനുശേഷമായിരുന്നു ഖത്തറിലേക്ക് പോകുന്നത്. പ്രവാസി ഭാരതീയ സമ്മാന്‍ ലഭിക്കുന്ന ആദ്യത്തെ വിമുക്തഭടനാണ് പൂര്‍ണേന്ദു തിവാരി. 2019-ല്‍ അന്നത്തെ രാഷ്ട്രപതി രാംനാഥ് കോവിന്ദായിരുന്നു തിവാരിക്ക് പുരസ്‌കാരം സമ്മാനിച്ചത്. ഖത്തര്‍ നാവികസേന അംഗങ്ങള്‍ക്ക് പരിശീലനം നല്‍കി വരുന്നതിനിടയിലാണ് കഴിഞ്ഞ വര്‍ഷം തിവാരി അറസ്റ്റിലാകുന്നത്.
റിട്ട: ക്യാപ്റ്റന്‍ ബി കെ വര്‍മ
ഗോദാവരി ക്ലാസ് ഷിപ്പിലെ നാവിഗേഷന്‍ വിദഗ്ധനായിരുന്നു ക്യാപ്റ്റന്‍ ബി കെ വര്‍മ. സ്റ്റാഫ് കോളേജില്‍ നിന്നും ഉന്നത വിജയം നേടിയ വര്‍മയുടെ ഭാര്യയും ഇന്ത്യന്‍ സേനയുടെ ഭാഗമായിരുന്നു.
റിട്ട: കമാന്‍ഡര്‍ അമിത് നാഗ്പാല്‍
ഇന്ത്യന്‍ നാവിക സേനയിലെ കമ്യൂണിക്കേഷന്‍ വിദഗ്ധനായ ഉദ്യോഗസ്ഥനായിരുന്നു കമാന്‍ഡര്‍ അമിത് നാഗ്പാല്‍.
റിട്ട: കമാന്‍ഡര്‍ എസ് കെ ഗുപ്ത
നാവിക സേനയിലെ ഗണ്ണറി വിഭാഗത്തില്‍(പീരങ്കിപ്പട)യിലെ ഉദ്യോഗസ്ഥന്‍.
രാഗേഷ്
നാവിക സേനയിലെ സെയ്‌ലര്‍ ആയിരുന്നു രാഗേഷ്. ഇപ്പോള്‍ ശിക്ഷിക്കപ്പെട്ട ഇന്ത്യന്‍ നാവികസേനയിലെ ഉദ്യോഗസ്ഥര്‍ക്കിടയില്‍ നോണ്‍-കമ്മീഷന്‍ഡ് ഓഫിസര്‍ ആയ ഒരേയൊരാള്‍ രാഗേഷ് ആണ്.