UPDATES

അവളെ ജീവനോടെ സൂക്ഷിച്ച ആ രാജ്യത്തോട് തീരാത്ത നന്ദി; കൂപ്പുകൈയുമായി നിമിഷപ്രിയയുടെ അമ്മ യമനിലേക്ക്

നിമിഷയെ കണ്ടിട്ടും സംസാരിച്ചിട്ടും 12 വര്‍ഷത്തിലേറെയായി

                       

അവരോട് മാപ്പിരക്കണം, നിമിഷയെ കണ്ട് കൂട്ടികൊണ്ട് വരാന്‍ കഴിയുമെന്ന പ്രതീക്ഷയില്‍ പോവുകയാണ്. അവളെ ഇതുവരെ ഒരു പോറലുപോലുമേല്‍പ്പിക്കാതെ കാത്ത് സൂക്ഷിച്ച ആ രാജ്യത്തിനോടും അവിടുത്തെ ജനങ്ങളോടും തീരാത്ത നന്ദിയാണുള്ളത്. അതിന് നന്ദി പറയാന്‍ എന്റെ ഈ ജീവിതം പോര, നിയമകാര്യങ്ങളും മറ്റും എങ്ങനെയാണെന്ന് അറിയില്ല. എന്തെങ്കിലും നിയമവശങ്ങള്‍ മോചനത്തിന് ഉണ്ടാവുമെന്ന പ്രതീക്ഷയിലാണ്. ഇതുവരെ കണ്ടത് തടസങ്ങള്‍ മാത്രമാണ്. മാസങ്ങളായി ഓരോ വാതിലുകള്‍ മുട്ടുന്നു. ഓരോ വാതിലും അടയുമ്പോഴും ഞങ്ങള്‍ തകര്‍ച്ചയിലേക്ക് പോവുകയായിരുന്നു. അപ്പോഴും ഒരുപാട് പേര്‍ സഹായത്തിനായി എത്തി. നിമിഷയെ കണ്ടിട്ടും സംസാരിച്ചിട്ടും 12 വര്‍ഷത്തിലേറെയായി. അവസാന കടമ്പ യെമനിലേക്ക് പോവാനുള്ള അനുമതി ലഭിക്കലായിരുന്നു. ഇപ്പോ ശനിയാഴ്ച പോവാന്‍ സാധിക്കുമെന്നാണ് അറിഞ്ഞത്. ഇന്ന് പോവാന്‍ പറഞ്ഞാല്‍ അതിനും തയ്യാറായാണ് ഞാന്‍ ഇരിക്കുന്നത്. അവളെ കാണണം. യെമന്‍ പൗരന്റെ കുടുംബത്തോട് മാപ്പിരക്കണം– തൂക്കുയര്‍ വിധിക്കപ്പെട്ട് യെമനില്‍ കഴിയുന്ന നിമിഷപ്രിയയുടെ അമ്മ പ്രേമ കൂമാരിയുടെ വാക്കുകളാണിത്. ശനിയാഴ്ചയാണ് അവര്‍ യെമനിലേക്ക് പോവുന്നത്. നിമിഷ തടവടവിലായതോടെ നിയമനടത്തിപ്പിനായി ഓട്ടത്തിലായിരുന്നു. വധശിക്ഷ വിധിക്കപ്പെട്ടതോടെ വീട് ഉള്‍പ്പെടെയുള്ള സ്വത്തുക്കള്‍ വിറ്റാണ് പണം കെട്ടിവച്ചത്. ആറ് വര്‍ഷമായി വീട്ട് ജോലിക്കാരിയായി ജീവീതമാര്‍ഗം കണ്ടെത്തി കൊണ്ടാണ് മകള്‍ക്കായുള്ള ആ അമ്മയുടെ പോരാട്ടം.

പ്രതീക്ഷ ആ എക പോം വഴിയില്‍

യെമനില്‍ ചെന്നിട്ട് കൊല്ലപ്പെട്ട യെമന്‍ പൗരന്റെ കുടുംബാംഗങ്ങളെ കാണാനാണ് പ്രേമകുമാരി പോവുന്നത്. ബ്ലെഡ് മണി എന്നറിയപ്പെടുന്ന മോചനദ്രവ്യം സ്വീകരിക്കാന്‍ കൊല്ലപ്പെട്ട തലാല്‍ മുഹമ്മദിന്റെ കുടുംബത്തോട് അപേക്ഷിക്കും. പ്രേമകുമാരിയ്‌ക്കൊപ്പം നിമിഷയുടെ മകള്‍ മിഷേലും ഉണ്ടായേക്കുമെന്നാണ് വിവരം. തലാലിന്റെ കുടുംബം പണം വാങ്ങാന്‍ തയ്യാറായാല്‍ വേണ്ടി വരിക അഞ്ചുകോടി യെമെനി റിയാലാണ്. അതായയ് ഏകദേശം ഒന്നരക്കോടി രൂപ. തലാലിന്റെ കുടുംബം അതിന് മുകളില്‍ ചോദിച്ചാലും കൊടുക്കേണ്ടി വരും. പ്രേമകുമാരിയുടെ സഹായത്തിനായി അഭിഭാഷകരും നിമിഷപ്രിയയുടെ മോചനത്തിനായ പ്രവര്‍ത്തിക്കുന്ന ഇന്ത്യയില്‍ സേവ് നിമിഷ പ്രിയ ആക്ഷന്‍ കൗണ്‍സില്‍ അംഗങ്ങളുമുണ്ടാവും.ജസ്റ്റിസ് കുര്യന്‍ ജോസഫിന്റെ നേതൃതത്തില്‍ 2021 ഓഗസ്റ്റില്‍ ആരംഭിച്ച ആക്ഷന്‍ കൗണ്‍സിലാണിത്.സുപ്രീം കോടതിയില്‍ നിന്ന് വിരമിച്ചതിന് ശേഷം രാജ്യാന്തരതലത്തിലെ തന്നെ അറിയപ്പെടുന്ന മധ്യസ്ഥനാണ് ജസ്റ്റിസ് കുര്യന്‍ ജോസഫ്. അഭിഭാഷകര്‍, മുന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍, വിദേശത്തുള്ള ഇന്ത്യന്‍പ്രതിനിധികളടക്കമുള്ളവരാണ് ഈ സംഘത്തില്‍ ഉണ്ടായിരുന്നത്. സര്‍ക്കാര്‍ – സര്‍ക്കാരിതര സന്നദ്ധ സംഘടനകള്‍, അന്താരാഷ്ട എജന്‍സികള്‍ തുടങ്ങിയവരുടെ സഹകരണത്തോടെ മോചനദൗത്യം ഏകോപിപ്പിക്കലാണ് സംഘത്തിന്റെ ദൗത്യം. 2016 മുതല്‍ യെമനില്‍ പോകാന്‍ ഇന്ത്യക്കാര്‍ക്ക് വിലക്കുണ്ട്. യെമനിലേക്ക് ഇന്ത്യയില്‍ നിന്ന് പണമയക്കാനും സാധിക്കില്ല. അതുകൊണ്ടുതന്നെ പണം സ്വീകരിക്കാന്‍ യെമന്‍ പൗരന്റെ കുടുംബം അറിയിച്ചാലും അത് കൈമാറാന്‍ സാധിക്കാത്ത അവസ്ഥയായിരുന്നു ഉണ്ടായിരുന്നത്.

ആരാണ് നിമിഷ പ്രിയ, എന്തിനാണ് തൂക്കുകയര്‍?

പാലക്കാട് കൊല്ലങ്കോട് നിന്ന് 2012ല്‍ യെമനില്‍ നഴ്‌സായി എത്തിയതായിരുന്നു നിമിഷപ്രിയ. തൊടുപുഴ സ്വദേശിയായി ടോമിയാണ് ഭര്‍ത്താവ്. നിമിഷയ്‌ക്കൊപ്പം യെമനിലെത്തിയ ടോമി അവിടെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്ത് വരികയായിരുന്നു. ഇതിനിടെ യെമന്‍ പൗരനായ തലാല്‍ അബ്ദുള്‍ മഹ്ദിയെ പരിചയപ്പെട്ട ഇരുവരും അദ്ദേഹത്തോടൊപ്പം ചേര്‍ന്ന് യെമനില്‍ ക്ലിനിക് ആരംഭിക്കുകയും ചെയ്തു. ഇതിനായി യെമനില്‍ സമ്പാദിച്ച പണം മുഴുവന്‍ ഇറക്കി. ഇടയ്ക്ക് നാട്ടിലേക്ക് മടങ്ങിയ ദമ്പതികളില്‍ നിമിഷ മാത്രമാണ് തിരികെ പോയത്. പിന്നാലെ പോവാനിരുന്ന ടോമിയ്ക്ക് യെമന്‍-സൗദി യുദ്ധം കാരണം അതിന് സാധിച്ചില്ല. ഇതിനിടെ തലാലിന്റെ പെരുമാറ്റത്തില്‍ മാറ്റം വന്നു. നിമിഷയെ ഭീഷണിപ്പെടുത്തി മതാചാര പ്രകാരം വിവാഹം ചെയ്ത ഇദ്ദേഹം ക്ലിനിക്കിന്റെ അവകാശവും സ്വര്‍ണവും തട്ടിയെടുത്തു. തലാലുമായുള്ള പ്രശ്‌നത്തില്‍ നിന്ന് രക്ഷപ്പെടാന്‍ അനസ്‌തേഷ്യ മരുന്ന് നല്‍കി അയാളെ കൊലപ്പെടുത്തിയെന്നാണ് കേസ്. ഇയാളുടെ ശരീരം പിന്നീട് പല കഷ്ണങ്ങളായാണ് കണ്ടെത്തിയത്. എന്നാല്‍ അനസ്‌തേഷ്യ മരുന്ന് നല്‍കിയ ശേഷം എന്ത് സംഭവിച്ചെന്ന് അറിയില്ലെന്നാണ് നിമിഷ പ്രിയ കോടതിയില്‍ പറഞ്ഞിരിക്കുന്നത്. എന്നാല്‍ ഇത്തരം വാദങ്ങളൊന്നും കോടതി അംഗീകരിച്ചില്ല. തൂക്കുകയര്‍ വിധിച്ചു. അന്ന് മുതല്‍ പ്രേമ കുമാരി മകളെ രക്ഷിക്കാനുള്ള ഓട്ടം ആരംഭിച്ചതാണ്. ഇനി പ്രതീക്ഷ തലാലിന്റെ കുടുംബത്തിന്റെ കനിവിലാണ്.

 

Share on

മറ്റുവാര്‍ത്തകള്‍