UPDATES

ഒടുവിൽ കെജ്‌രിവാളിന് ഇൻസുലിൻ; ഹനുമാൻ സ്വാമിക്ക് നന്ദി പറഞ്ഞ് ആം ആദ്മി

ഏപ്രിൽ 1 മുതൽ അരവിന്ദ് കെജ്‌രിവാൾ തിഹാർ ജയിലിൽ കഴിയുകയാണ്

                       

അരവിന്ദ് കെജ്‌രിവാളിന് ഒടുവിൽ ഇൻസുലിൻ നൽകി ജയിൽ അധികൃതർ. തിങ്കളാഴ്ച വൈകുന്നേരമാണ് അരവിന്ദ് കെജ്‌രിവാളിന് ഇൻസുലിൻ കുറഞ്ഞ അളവിൽ നൽകി. തന്റെ ഡോക്ടറുമായി ദിവസേന 15 മിനിറ്റ് വീഡിയോകോൾ വഴി വൈദ്യപരിശോധന വേണമെന്ന് ആവശ്യപ്പെട്ട് ഡൽഹി കോടതിയിൽ സമർപ്പിച്ച ഹരജി തള്ളി, ദിവസങ്ങൾക്ക് ശേഷമാണ് കെജ്‌രിവാളിന് ഇൻസുലിൻ നൽകിയത്.

ദിവസേനയുള്ള വൈദ്യ പരിശോധ എന്ന അഭ്യർത്ഥന കോടതി നിരസിക്കുകയും, അരവിന്ദ് കെജ്‌രിവാളിന്റെ ആരോഗ്യ നില നിരീക്ഷിക്കാൻ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) ഡയറക്ടറിന്റെ നേതൃത്വത്തിൽ മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ തിഹാർ ജയിൽ അധികൃതരോട് നിർദേശിക്കുകയുമായിരുന്നു. പക്ഷെ, ഏപ്രിൽ 22 തിങ്കളാഴ്ച വൈകീട്ടുവരെ മെഡിക്കൽ ബോർഡ് രൂപീകരികരിക്കാതിരുന്നതിനാൽ ഡോക്ടറുടെ നിർദേശപ്രകാരം അരവിന്ദ് കെജ്‌രിവാളിന് ഇൻസുലിൻ നൽകുകയായിരുന്നു.

തുടർന്ന്, വിഷയത്തിൽ ഹനുമാൻ സ്വാമി നടത്തിയ ഇടപെടലിന് ആം ആദ്മി പാർട്ടി (എഎപി) നേതാക്കൾ നന്ദി പറയുകയും ചെയ്തു. 23 ദിവസത്തോളമായി തിഹാർ ജയിലിൽ കിടക്കുന്ന അരവിന്ദ് കെജ്‌രിവാളിന് ഇൻസുലിൻ നൽകിയത് ഹനുമാൻ്റെ അനുഗ്രഹം കൊണ്ടാണെന്ന് എഎപി രാജ്യസഭാ എംപി സഞ്ജയ് സിംഗ് പറയുകയായിരുന്നു.

‘ഹനുമാൻ സ്വാമിയുടെ അനുഗ്രഹം കൊണ്ടാണ് 23 ദിവസത്തിന് ശേഷം അരവിന്ദ് കെജ്‌രിവാളിന് ഇൻസുലിൻ നൽകിയത്. അദ്ദേഹത്തിന് ഇൻസുലിൻ നൽകണമെന്ന് ഞങ്ങൾ ആവശ്യപ്പെട്ടിട്ട് ദിവസങ്ങൾ ഏറെയായി, പക്ഷേ ഇപ്പോൾ മാത്രമാണ് ഇൻസുലിൻ നൽകിയത്. ഡൽഹിയിലെ ജനങ്ങൾ അദ്ദേഹത്തിന്റെ ആരോഗ്യാവസ്ഥയെ കുറിച്ച് ആശങ്കാകുലരായിരുന്നു, പക്ഷേ അവരുടെ പോരാട്ടം ഫലം കണ്ടു, ‘ എന്നാണ് സഞ്ജയ് സിംഗ് പറഞ്ഞത്. കൂടാതെ, പ്രധാനമന്ത്രിയുടെ ഓഫീസിൻ്റെയും ഗവർണറുടെ ഓഫീസിൻ്റെയും നിരന്തര നിരീക്ഷണത്തിലാണ് അരവിന്ദ് കെജ്‌രിവാൾ എന്നും സഞ്ജയ് സിംഗ് ആരോപിക്കുകയും ചെയ്തു.

എയിംസിലെ ഡോക്ടറുടെ നിർദേശപ്രകാരം തിങ്കളാഴ്ച വൈകുന്നേരം കെജ്‌രിവാളിന് രണ്ട് യൂണിറ്റ് ഇൻസുലിൻ നൽകിയതായി അടുത്ത വൃത്തങ്ങൾ അറിയിച്ചു. അന്നേദിവസം രാത്രി 7 മണിയോടെ കെജ്‌രിവാളിൻ്റെ രക്തത്തിലെ പഞ്ചസാരയുടെ അളവ് 217 ആയി ഉയർന്നുവെന്നും തുടർന്ന് തിഹാർ ജയിലിലെ ഡോക്ടർമാർ അദ്ദേഹത്തിന് ഇൻസുലിൻ നൽകിയെന്നുമാണ് ഉദ്യോഗസ്ഥർ പറഞ്ഞത്.

‘ ഹനുമാൻ ജയന്തി ശോഭാ യാത്രയിൽ, ദേവൻ്റെ വേഷം ധരിച്ച ഒരാൾ ഇൻസുലിൻ കുപ്പികളുമായി നിൽക്കുന്നത് കണ്ടുവെന്നും പറഞ്ഞിരുന്നു. ‘ അരവിന്ദ് കെജ്‌രിവാളിന് ഇൻസുലിൻ ലഭിക്കുന്നതിന് വേണ്ടി ഒരു പാട് പോരാടേണ്ടി വന്നു പക്ഷേ ഹനുമാൻ ജയന്തി ദിനത്തിൽ തന്നെ ബജ്റംഗ് ബലിയുടെ അനുഗ്രഹത്താൽ അദ്ദേഹത്തിന് ഇൻസുലിൻ ലഭിച്ചു. എല്ലാ വർഷവും ഹനുമാൻ ജയന്തി ദിനത്തിൽ ഞങ്ങൾ ശോഭായാത്ര നടത്താറുണ്ട്. അരവിന്ദ് കെജ്‌രിവാളിന് നല്ല ആരോഗ്യവും ദീർഘായുസ്സുമുണ്ടെന്നും അദ്ദേഹം ഉടൻ മടങ്ങി വരും. അതിന് വേണ്ടിയുള്ള നിരന്തര പ്രാർത്ഥനയിലാണ്’ എന്നാണ് ആം ആദ്മി മന്ത്രി സൗരഭ് ഭരദ്വാജ് പറഞ്ഞത്.

 AAP minister Saurabh Bharadwaj, a man dressed as the deity was seen carrying bottles marked as vials of insulin.
സൗരഭ് ഭരദ്വാജ്

ടൈപ്പ്-2 പ്രമേഹരോഗിയായ കെജ്‌രിവാളിന് ഇൻസുലിൻ നൽകാൻ ജയിൽ അധികൃതർ വിസ്സമ്മതിച്ചതായി മന്ത്രി സൗരഭ് ഭരദ്വാജ് നേരത്തെ ആരോപിച്ചിരുന്നു. അരവിന്ദ് കെജ്‌രിവാളിനെ സാവധാനം മരണത്തിലേക്ക് തള്ളിവിടാനുള്ള ഗൂഢാലോചനകൾ നടക്കുന്നുണ്ടെന്ന് അദ്ദേഹത്തിന്റെ പ്രമേഹപരിശോധനാഫലം ചൂണ്ടിക്കാട്ടികൊണ്ടാണ് സൗരഭ് ഭരദ്വാജ് ആരോപണം ഉന്നയിച്ചത്. കൂടാതെ, രണ്ടോ നാലോ മാസങ്ങൾക്ക് ശേഷം അരവിന്ദ് കെജ്‌രിവാൾ ജയിലിൽ നിന്ന് മോചിതനാകുമ്പോൾ അദ്ദേഹം വൃക്ക, ഹൃദയം, മറ്റവയവങ്ങൾ എന്നിവയ്ക്കുള്ള ചികിത്സ തേടേണ്ടിവരുമെന്നും ഭരദ്വാജ് വിമർശിക്കുകയും ചെയ്തിരുന്നു.

നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ അരവിന്ദ് കെജ്‌രിവാളിന്റെ ആരോഗ്യസ്ഥിതി ഉപയോഗിച്ച സഹതാപ വോട്ട് നേടിയെടുക്കാനാണ് എഎപി ശ്രമിക്കുന്നതെന്ന് ഡൽഹി ബിജെപി അധ്യക്ഷൻ വിരേന്ദ്ര സച്ച്‌ദേവ തിരിച്ചടിക്കുകയും ചെയ്തിരുന്നു.

ഡൽഹി മദ്യ നയ അഴിമതി കേസുമായി ബന്ധപ്പെട്ട് മാർച്ച് 21 ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് അരവിന്ദ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഏപ്രിൽ 1 മുതൽ അരവിന്ദ് കെജ്‌രിവാൾ തിഹാർ ജയിലിൽ കഴിയുകയാണ്.

 

content summary : AAP credits Lord Hanuman’s intervention for Arvind Kejriwal receiving insulin.

Share on

മറ്റുവാര്‍ത്തകള്‍