UPDATES

എജ്യുക്കേഷന്‍ ഫീച്ചേഴ്‌സ്

ഉന്നത വിദ്യാഭ്യാസത്തിന് കോഴ്സ് തെരഞ്ഞെടുക്കുമ്പോള്‍ ; ഇവ ശ്രദ്ധിക്കാം

എപ്രകാരം നിങ്ങള്‍ക്കൊരു തൊഴില്‍/ജീവിത മാര്‍ഗം, നിര്‍ദ്ദിഷ്ട പഠനം വഴി നേടിയെടുക്കാമെന്നതില്‍ ഒരു റൂട്ട്മാപ്പ് ഉണ്ടാക്കുന്നത് ഉചിതമായിരിക്കും.

                       

ഉന്നത വിദ്യാഭ്യാസത്തിന് പഠനവിഷയം തെരഞ്ഞെടുക്കുക ഏറെ വെല്ലുവിളികള്‍ നിറഞ്ഞകാര്യമാണ്. തികഞ്ഞ അവധാനതയോടെയും ശ്രദ്ധാപൂര്‍വവുമായിരിക്കണം തെരഞ്ഞെടുപ്പ്. രക്ഷിതാക്കളുടേയും ചുറ്റും നില്‍ക്കുന്നവരേടും അടക്കം പല തരത്തിലുള്ള പിയര്‍ പ്രഷേഴ്സ് ഇക്കാര്യത്തില്‍ കേരളത്തിലേയും ഇന്ത്യയിലേയും പഠിതാക്കള്‍ അനുഭവിക്കുന്നുണ്ട്.

ഏത് കാലത്തും പഠിയ്ക്കുകയെന്നതാണ് പടിഞ്ഞാറന്‍ നാടുകളിലും യൂറോപ്പിലും ഒക്കെ കണ്ടുവരുന്നത്. നമ്മുടെ നാട്ടിലെ രീതി വ്യത്യസ്തമാണ്. എല്ലാത്തിനും കൃത്യമായ കാലഗണന വച്ചു പുലര്‍ത്തുന്നവരാണ് സാബ്രദായികമായി ചിന്തിക്കുന്ന ഇന്ത്യന്‍ സമൂഹം. കരിയറുകള്‍ മാറിമാറി ചെയ്യുന്ന ശീലമൊന്നും ഇവിടെ അത്രയ്ക്കങ്ങ് വേരോടിയിട്ടില്ല. ഇതടക്കമുള്ള ഇന്ത്യന്‍ സവിശേഷതകള്‍ കണക്കിലെടുത്ത് കൃത്യമായ ലക്ഷ്യബോധത്തോടെ വേണം ഉന്നത വിദ്യാഭ്യാസത്തിനുള്ള വിഷയം തെരഞ്ഞെടുക്കാന്‍. പഠനത്തിനൊരു പ്ലാനിംഗ് നേരത്തെ തന്നെ നടത്തുന്നത് നന്നായിരിക്കും.

1.പ്രധമ പരിഗണന അഭിരുചിക്ക്
പന്ത്രണ്ടാം ക്ലാസിലേക്ക് എത്തുന്നതിനു മുന്‍പ് തന്നെ ഓരോരുത്തര്‍ക്കും തങ്ങളുടെ അഭിരുചികള്‍ മനസ്സിലാക്കുന്നതിന് സാധിച്ചിട്ടുണ്ടാകണം. അതില്‍ വ്യക്തതയില്ലെങ്കില്‍ അധ്യാപകരുടേയോ മനശാസ്ത്രജ്ഞന്മാരുടേയോ രക്ഷിതാക്കളുടേയോ സഹായത്തോടെ തിരിച്ചറിയണം.
അഭിരുചി മനസ്സിലാക്കുതിനുള്ള പരീക്ഷകള്‍ ഒക്കെ ഏത് മുക്കിലും മൂലയിലും ഇന്നുണ്ട്. ഇന്റര്‍നെറ്റിലും ഇവ സുലഭം. ആവശ്യമെങ്കില്‍ ഇത്തരം സഹായങ്ങള്‍ കൂടി തേടികൊണ്ടുവേണം ഐഛിക വിഷയവും അനുബന്ധ വിഷയങ്ങളും തെരഞ്ഞെടുക്കാന്‍.

2. തൊഴില്‍ സാധ്യത
നിങ്ങളുടെ അഭിരുചിയ്ക്കൊത്ത വിഷയം പഠിച്ചിറങ്ങിയതിനുശേഷം ജീവിതായോധനത്തിന് അത് എങ്ങനെ പ്രയോജനപ്പെടുത്തണമെന്ന കാര്യത്തില്‍ വ്യക്തത വേണം. എപ്രകാരം നിങ്ങള്‍ക്കൊരു തൊഴില്‍/ജീവിത മാര്‍ഗം, നിര്‍ദ്ദിഷ്ട പഠനം വഴി നേടിയെടുക്കാമെന്നതില്‍ ഒരു റൂട്ട്മാപ്പ് ഉണ്ടാക്കുന്നത് ഉചിതമായിരിക്കും.

3. ഇഷ്ടവിഷയങ്ങളുടെ പട്ടിക
പലപ്പോഴും നിങ്ങള്‍ ഏറ്റവും ആഗ്രഹിച്ചിരിയ്ക്കുന്ന കോഴ്സോ വിഷയമോ പഠിയ്ക്കുന്നതിന് അവസരം ലഭിച്ചില്ലെന്നുവരാം. ചില കോഴ്സുകള്‍ക്ക് അനവധി അപേക്ഷകര്‍ ഉണ്ടെന്നതിനാല്‍ നിങ്ങള്‍ പിന്തള്ളപ്പെട്ടുപോയി എന്നും വന്നേയ്ക്കാം. ഈ പ്രതിസന്ധി പരിഹരിക്കുന്നതിനായിട്ടാണ് ഏറ്റവും കുറഞ്ഞത് അഞ്ചു വിഷയങ്ങളോ കോഴ്സുകളോ നിങ്ങള്‍ കണ്ടെത്തണമെന്ന് പറയുന്നത്. ഇവയില്‍ നിങ്ങള്‍ ഒരു മുന്‍ഗണന പട്ടിക സ്വയം രൂപപ്പെടുത്തുകയും വേണം.

4. വിഷയം തെരഞ്ഞെടുത്തു ഇനി?
നിങ്ങള്‍ തെരഞ്ഞെടുത്ത വിഷയത്തില്‍ പരശതം കോഴ്സുകള്‍ ഉണ്ടാവും. സാധാരണ ബിരുദ കോഴ്സുമുതല്‍ ഓണേഴ്സും മാസ്റ്റേഴ്സും പിച്ച്്ഡി വരെയുള്ള തുടര്‍ച്ച ഉറപ്പാക്കുന്ന ഇന്റഗ്രേറ്റഡ് കോഴ്സുകള്‍ വരെ. സര്‍വകലാശാലകളില്‍ നിന്നും ഇത് സംബന്ധിച്ച ലഭിക്കുന്ന വിശദാംശങ്ങള്‍ നിങ്ങളെ പലപ്പോഴും ഏത് വേണമെന്ന കാര്യത്തില്‍ ശങ്കാലുവാക്കുകയും ചെയ്തേക്കാം.
ഏത് കോഴ്സ് വേണമെന്ന് തീരുമാനിക്കുന്നത് നിങ്ങള്‍ ആ വിഷയത്തില്‍ ഏത് തരത്തിലെ കരിയര്‍ സമ്പാദിക്കാന്‍ ആഗ്രഹിക്കുന്നുവെന്നത് അനുസരിച്ച് ഇരിക്കും. അക്കാദമിക് രംഗത്തേയ്ക്ക് പോകുന്നതിനാണ് അഗ്രഹിക്കുന്നത് എങ്കില്‍ തീര്‍ശ്ഛയായും ഗവേഷണ പഠനം വരെയുള്ള പ്ലാനിംഗ് വിദ്യാര്‍ഥിയ്ക്ക് അനിവാര്യമാണ്. വിദേശത്ത് തുടര്‍ പഠനം ആഗ്രഹിക്കുന്നുവെങ്കില്‍ അത്തരത്തില്‍ അംഗീകൃതമായ ഇന്ത്യന്‍ കലാലയം തന്നെ തെരഞ്ഞെടുക്കുന്നതാവും ഉത്തമം. ഇത്തരം കാര്യങ്ങളില്‍ മതിയായ അനുഭവ പരിചയമുള്ള കരിയര്‍ കൗണ്‍സിലറുടെ സഹായം തേടാവുന്നതാണ്.

5. എങ്ങനെ പഠിയ്ക്കണം
പഠനം എങ്ങനെയാവണം. മുഴു സമയ പഠനത്തിനുള്ള സാഹചര്യം നിങ്ങള്‍ക്കുണ്ടോ? അതോ ഏതെങ്കിലും തരത്തിലുള്ള ജോലി ചെയ്തുകൊണ്ടുകൊണ്ടു പാര്‍ട് ടൈമായിട്ടാണോ പഠനം മുന്നോട്ട് കൊണ്ടുപോകുന്നതിന് ഉദ്ദേശിക്കുന്നത്? ഇത്തരം കാര്യങ്ങളും മനസ്സില്‍ വെയ്ക്കണം. സ്‌കോളര്‍ഷിപ്പുകളുടെ സഹായം ആവശ്യമാണെങ്കില്‍ അത് ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ എന്തൊക്കെ? ആരുടെയൊക്കെ സഹായം ഇതിനായി തേടണം. വിവിധ തരത്തിലുള്ള സ്‌കോളര്‍ഷിപ്പുകള്‍ സര്‍ക്കാര്‍ തലത്തിലും വിവിധ ഏജന്‍സികള്‍ മുഖാന്തരവും അല്ലാതേയും ലഭ്യമാകുന്നുണ്ട്. പഠന വായ്പകള്‍ ആവശ്യമാണെങ്കില്‍ അവയുടെ നടപടിക്രമങ്ങളും മനസ്സിലാക്കണം. ഇത്തരത്തില്‍ തികഞ്ഞ ശ്രദ്ധയോടെ ആയിരിക്കണം കോഴ്സുകളുടെ തെരഞ്ഞെടുപ്പ്.

Share on

മറ്റുവാര്‍ത്തകള്‍