UPDATES

അപര്‍ണ്ണ

കാഴ്ചപ്പാട്

Off-shots

അപര്‍ണ്ണ

1971 ബിയോണ്ട് ബോർഡേഴ്സ്: ഇതിന്റെ അടുത്ത ഭാഗവും ഇറങ്ങിയേക്കും എന്നതാണ് ഹൈലൈറ്റ്

കേരളത്തിൽ ദേശസ്നേഹത്തിന്റെയും പട്ടാള കഥകളുടെയും പേറ്റന്റ് കുറച്ചു കാലമായി മേജർ രവി എടുത്തിരിക്കുകയാണ്

                       

മേജർ രവിയുടെ മഹാദേവൻ സീരീസിലെ നാലാമത്തെ സിനിമയാണ് 1971 ബിയോണ്ട് ബോർഡേഴ്സ്. പിക്കറ്റ് 43-ക്ക് ശേഷമുള്ള ഈ സംവിധാന സംരംഭം ആ സീരീസിനൊരു പ്രീക്വൽ എന്ന രീതിയിൽ നിർമിച്ചിട്ടുള്ള സിനിമയാണ്. മുന്തിരിവള്ളികൾ തളിർക്കുമ്പോളിന് ശേഷം വരുന്ന മോഹൻലാൽ സിനിമയും ആണിത്. പക്ഷെ മോഹൻലാലും മമ്മൂട്ടിയും തമ്മിലുള്ള കളക്ഷൻ റെക്കോർഡ് മത്സരം ഇവിടെ ഫാൻസിന്റെ അഭിമാന പ്രശ്നമായതിനാൽ ദി ഗ്രേറ്റ് ഫാദർ എന്ന മമ്മൂട്ടി സിനിമക്ക് ശേഷം വരുന്ന മോഹൻലാൽ സിനിമ എന്ന് പറയേണ്ടി വരും. തീയറ്ററുകളുടെ ക്രമപ്പെടുത്തലും ഫാൻസ്‌ ഷോയും ഒക്കെ ആ മത്സരത്തിന് വേണ്ടി ക്രമപ്പെടുത്തിയിട്ടുണ്ട്. റിലീസിനോടനുബന്ധിച്ച് പതിവ് റാലികൾ അടക്കമുള്ള ‘കലാപരിപാടികൾ’ അരങ്ങേറിയിരുന്നു. ഫാൻസ്‌ ഷോകൾക്കനുസരിച്ച് ടേക്ക് ഓഫ്, അങ്കമാലി ഡയറീസ് തുടങ്ങി ഇപ്പോഴും ആള് കേറുന്ന സിനിമകളുടെ ഷോ മൂന്നിലൊന്നായി വെട്ടിക്കുറച്ച് തിയറ്ററുകാരും സഹകരിക്കുന്നുണ്ട്.

മഹാദേവൻ, മേജറിൽ നിന്ന് കേണൽ ആയി മാറുന്ന സൂചനകളോടെയാണ് സിനിമ തുടങ്ങുന്നത്. പഴയകാല വിജയങ്ങൾക്കു ശേഷം എന്തോ മിഷനുമായി ജോർജിയയിൽ ആണ് അദ്ദേഹം. ഈ ‘മിഷൻ ജോർജിയ’ അടുത്ത സിനിമയിലേക്ക് മാറ്റി വച്ചാവണം സിനിമ അയാളുടെ അച്ഛന്റെ ഓർമയിലേക്ക് പോകുന്നു. മേജർ മഹാദേവന്റെ അച്ഛൻ ബ്രിഗേഡിയർ ആയി റിട്ടയർ ചെയ്ത സഹദേവന്റെ 1971 ഇൻഡോ – പാക് യുദ്ധസമയത്തെ ഓർമകളാണ് ഈ സിനിമ. കടുത്ത ദേശസ്നേഹത്തിനപ്പുറം സഹവർത്തിത്വത്തിന്റെ പാഠങ്ങളാണ് മേജർ സഹദേവനെ അന്ന് നയിച്ചിരുന്നത്. അതിർത്തികൾ യുദ്ധമുണ്ടാക്കുന്നു, അധികാരദാഹം യുദ്ധമുണ്ടാക്കുന്നു എന്നൊക്കെയുള്ള തിരിച്ചറിവുകൾ അയാളെ ദുഃഖിതനാക്കുന്നു. പക്ഷെ ഒരു ഇന്ത്യൻ പട്ടാളക്കഥയിലെ നായകനെ പോലെ രാജ്യസ്നേഹം അയാളെ നയിക്കുന്നു. സ്വാഭാവികമായും വില്ലന്മാർ പാകിസ്ഥാൻ പട്ടാളക്കാരാണ്. ഇതിൽ ‘ഹിന്ദുസ്ഥാനി കുത്ത സാലെ ഹറാമി’ എന്നൊക്കെ വിളിച്ചലറുന്ന പതിവ് രൂപത്തിനപ്പുറം ഇന്ത്യയുടെ മഹത്വം അറിയുന്ന, യുദ്ധത്തിന്റെ ദൂഷ്യങ്ങൾ അറിയുന്ന മറ്റൊരു പാകിസ്താനിയും ഉണ്ട്. കേണൽ മുഹമ്മദ് അക്രം രാജയാണ് (അരുൺദോയ് സിംഗ്) പ്രതിപക്ഷ ബഹുമാനമുള്ള ആ വില്ലൻ. അയാൾ യുദ്ധം ചെയുന്നത് രാജ്യത്തിനു വേണ്ടി ആവുമ്പോൾ തന്നെ ഇന്ത്യയിൽ പട്ടാള ഇന്റലിജൻസ് വിഭാഗങ്ങളിലെ  മറ്റെല്ലാവരെയും പോലെ അയാളും സഹദേവന്റെ വീരസ്യങ്ങൾ ഇടക്ക് ഓർക്കാറുണ്ട്. ഇടയ്ക്ക് യുദ്ധക്കെടുതികളെ പറ്റി ഓർക്കുമെങ്കിലും സഹദേവൻ യുദ്ധം തുടങ്ങിയാൽ ‘പുലി’യാണ്. വില്ലൻ പോലും അയാളുടെ ധീരതക്കു മുന്നിൽ സല്യൂട്ട് അടിച്ചാണ് മരിച്ചു വീഴുക. ഇങ്ങനെ പാകിസ്താനെ ഒറ്റയ്ക്ക് തുരത്തിയോടിക്കുന്ന മേജർ സഹദേവന്റെ കഥയാണ് 1971  ബിയോണ്ട് ബോർഡേഴ്സ്. അല്ലെങ്കിൽ ബ്രിഗേഡിയർ സഹദേവന്റെ ‘ലെഗസി’ ആണ് ഇപ്പോൾ കേണൽ ആയ മഹാദേവന് കിട്ടിയത് എന്ന് ഊട്ടിയുറപ്പിക്കുന്ന സിനിമ ആണിത്. ആ ലെഗസിയുടെ പാത പിന്തുടരാൻ മറ്റൊരു പത്തു വയസുകാരനെയും അണിയറയിൽ ഒരുക്കി നിർത്തിയിട്ടുണ്ട്.

മറ്റെല്ലാ സിനിമകളിലെയും പോലെ ഗ്രാമത്തിലെ തറവാടും ഭാര്യയും മകനും കൂട്ടുകാരും ഉത്സവവും വെള്ളമടിയും പൂർവ കാമുകിയും എല്ലാം സഹദേവന്റെ സമ്പാദ്യമാണ്. പൂർവ കാമുകിയുടെ വെടി വഴിപാട് തമാശകൾ കൂടാതെ, ഈയടുത്തല്ലേ കുറി തൊട്ട് അമ്പലത്തിൽ കയറാൻ പറ്റിയത്, വല്ലാതെ സംസാരിക്കണ്ട എന്ന മട്ടിൽ വളരെ കൃത്യമായി തന്റെ സവർണത ഊട്ടിയുറപ്പിക്കുന്നുണ്ട് സഹദേവൻ. മുസ്‌ലിം – ഹിന്ദു ഐക്യം സംബന്ധിച്ച നെടുങ്കൻ ഡയലോഗിന് മുന്നേയാണ് ആ സംഭാഷണം എന്നത് വിരോധാഭാസമാണ്. ഒന്നമർത്തി ഉമ്മ വെച്ചാൽ കത്രിക കൊണ്ട് കീറി മുറിക്കുന്ന, സ്വവര്‍ഗ്ഗ ലൈംഗികത കാണിച്ചാൽ സിനിമയെ നിരോധിക്കുന്ന, ദളിത് ശരികളെ കട്ടുകൾ കൊണ്ട് നിറക്കുന്ന സെൻസർ ബോർഡിന് മുന്നിലൂടെ എത്ര എളുപ്പമായാണ് ഇങ്ങനെ ഒരു ഡയലോഗ് കടന്നു പോയത്. എത്ര നിസംഗമായാണ് നമ്മുടെ ഇളയ തലമുറ ആ പഞ്ച് ഡയലോഗിന് കയ്യടിക്കുന്നത്. എത്ര ധീരമായാണ് ഒരു സംവിധായകനും നടനും ആ ഡയലോഗ് പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. മേജറിനും കേണലിനും ഫാൻസിനും അടുപ്പിലും ആവാം എന്നതുകൊണ്ട് പ്രതിഷേധങ്ങൾ വിലപ്പോവില്ല. ഇതുപോലെയുള്ള, ഇതിലും വലിയ അശ്ലീല തെറികൾ ഇങ്ങനെയൊരു കാര്യം സൂചിപ്പിച്ചതിനു കേൾക്കാം എന്ന് മാത്രം.

സഹദേവന്റെ ടീമിലെയും ശത്രുപക്ഷത്തെയും ഭൂരിഭാഗം ആൾക്കാരും മരിച്ചു പോകുന്നുണ്ട്. അവസാനം ഏതാണ്ട് നായകനും ഇടതും വലതും നില്ക്കാൻ കഷ്ടിച്ച് രണ്ടു പേരും മാത്രം ബാക്കിയാവുന്നു. തെലുങ്ക് യുവനടൻ അല്ലു സിരിഷ് ആണ് ഈക്കൂട്ടത്തിൽ പ്രമുഖൻ. പിന്നെ ഓരോ രംഗത്തിലും ഓരോരുത്തർ. സിനിമയിൽ മോഹൻലാൽ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ സ്ക്രീൻ സ്പേസ് ഉള്ളത് മേജർ രവിയുടെ അനിയൻ കണ്ണനാണ്. ഒരു പാട്ടിലും ഒന്നോ രണ്ടോ രംഗങ്ങളിലും ഒഴിച്ചാൽ മൊത്തം മേജറിന്റെ തല, ഫുൾ ഫിഗർ, സ്ലോ മോഷന്‍, പിന്നിലെ വർണനാ ഡയലോഗുകൾ എന്നിവ കൊണ്ട് സമ്പന്നമാണ് സിനിമ. യുദ്ധം പോലും അതിനു താഴയേ  വരുന്നുള്ളു. പുലിയുമായി കൂടെയുള്ളവരും അവസാനം സ്വയം തന്നെയും മേജർ സഹദേവൻ താരതമ്യപ്പെടുത്തുന്നുണ്ട്.

വെടിയുണ്ടകൾ നിറഞ്ഞ രണ്ടാം പകുതിയിൽ അന്തരീക്ഷത്തിൽ മുഴുവൻ പുകയാണ്. മേജർ സഹദേവൻ കാര്യമായ പരിക്കുകൾ കൂടാതെ രക്ഷപ്പെടും എന്നതൊഴിച്ചാൽ മറ്റൊന്നും നമുക്കു പ്രവചിക്കാനാവില്ല. വെടിയുണ്ട അങ്ങോട്ട് പോകാം, പാറ്റൺ ടാങ്ക് ഇങ്ങോട്ട് വരാം… ഇതിനിടയിൽ സഹദേവന്റെ സ്വയം വർണനാ ഡയലോഗുകൾ കേട്ട് പാകിസ്ഥാനികൾ ഞെട്ടി വിറക്കുന്നുണ്ട്. ഇത് കണ്ട് ഉൾപ്പുളകം വരുന്നവർക്ക് വേണ്ടി ആവശ്യത്തിലേറെ രംഗങ്ങൾ സിനിമയിലുണ്ട്. രണ്ടാം പകുതി ഏതാണ്ട് മുഴുവനായും അവർക്കാണ് എന്ന് പറയാം. പിന്നെ മുണ്ട് മടക്കുന്നുണ്ട്, പൂർവ കാമുകി വെക്കുന്ന വെടി ചെറുതാണോ എന്ന് തുടങ്ങിയ ആശങ്ക ഉണ്ട്, മകനെ ധീരനാക്കുന്നുണ്ട്, വലിയ തറവാട്ടിൽ ഇരുന്നു വാഴയിലയിൽ എല്ലാം കൂട്ടി സദ്യ കഴിക്കുന്നുണ്ട്, രാജ്യസ്നേഹ, യുദ്ധ വിരുദ്ധ സംഭാഷണങ്ങൾ കൃത്യമായ ഇടവേളയിൽ പറഞ്ഞു തരുന്നുണ്ട്. ഇടയ്ക്ക് ചിട്ടി ആയേഗാ മട്ടിലെ ഗൃഹാതുരതയും ഉണ്ട്. അത്തരത്തിൽ ഒരു ടോട്ടൽ പാക്കേജ് എന്ന് തന്നെ ആരാധകർക്ക് വേണമെങ്കിൽ പറയാം.

എന്തായാലും കേരളത്തിൽ ദേശസ്നേഹത്തിന്റെയും പട്ടാള കഥകളുടെയും പേറ്റന്റ് കുറച്ചു കാലമായി മേജർ രവി എടുത്തിരിക്കുകയാണ്. രണ്ടോ മൂന്നോ സിനിമയിൽ അഭിനയിച്ചതിന് മോഹൻലാൽ ലെഫ്റ്റനന്റ് കേണൽ വരെ ആകുകയും ചെയ്തു. താര സിനിമകളുടെ കളക്ഷൻ റെക്കോർഡുകൾ ഇവിടെ വലിയ വിഷയമാണ്. ആ നിലയ്ക്ക് ഈ സിനിമയും ‘വിജയമാകാം’. പക്ഷെ അതല്ലാത്തവർക്ക് ആ സവർണതയും സ്ഥൈര്യവും ആകെപ്പാടെ ഒരു വെടിയും പുകയും മാത്രമായേ തോന്നൂ.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

 

അപര്‍ണ്ണ

അപര്‍ണ്ണ

ഗവേഷക വിദ്യാര്‍ഥിയാണ് അപര്‍ണ്ണ. സമകാലിക സിനിമയെ വിശകലനം ചെയ്യുന്ന ഓഫ്-ഷോട്സ് എന്ന കോളം അഴിമുഖത്തില്‍ കൈകാര്യം ചെയ്യുന്നു.

More Posts - Website

Follow Author:
TwitterFacebookLinkedInPinterestGoogle Plus

Share on

മറ്റുവാര്‍ത്തകള്‍