UPDATES

ട്രെന്‍ഡിങ്ങ്

വിവാഹിതകള്‍ അപ്രത്യക്ഷരാകുന്നു; ദുരൂഹതകള്‍ നിറഞ്ഞ് ബീഹാറിലെ ഈ റെയില്‍പ്പാത

കൊള്ള, പിടിച്ചുപറിയും മോഷണവും തുടങ്ങിയ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ നേരത്തെ തന്നെ കുപ്രസിദ്ധമാണ് തിരക്കേറിയ ഈ റയില്‍വേ പാത

                       

ന്യൂഡല്‍ഹി-ഗുവാഹത്തി പ്രധാന റയില്‍വേ പാതയിലെ ബിഹാര്‍ പ്രദേശത്തുള്ള 225 കിലോമീറ്റര്‍ ദൂരം പുതിയ കുപ്രസിദ്ധിക്ക് കാരണമാകുന്നു. ഈ ഭാഗത്ത് കൂടി യാത്ര ചെയ്യുമ്പോള്‍ വിവാഹിതരായ സ്ത്രീകള്‍ അപ്രത്യക്ഷരാവുന്നതാണ് പുതിയ കുപ്രസിദ്ധിക്ക് കാരണം. കൊള്ളയും പിടിച്ചുപറിയും മോഷണവും തുടങ്ങിയ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ നേരത്തെ തന്നെ കുപ്രസിദ്ധമാണ് തിരക്കേറിയ ഈ റയില്‍വേ പാത.

പാറ്റ്‌ന ജില്ലയിലെ ബാര്‍ഹ് മുതല്‍ കിഴക്കന്‍ ബിഹാറിലെ കത്യാര്‍ റയില്‍വേ സ്റ്റേഷന്‍ വരെ നീണ്ടു കിടക്കുന്ന ഈ 225 കിലോമീറ്റര്‍ ദൂരത്തിനിടയില്‍ വച്ചാണ് വിവാഹിതരായ സ്ത്രീകള്‍ അപ്രത്യക്ഷരാകുന്നത്. പീന്നീട് ഇവര്‍ ഭര്‍ത്താക്കന്മാരെ ‘ഉപേക്ഷിക്കുന്നതായും’ കാണപ്പെടുന്നു.
കഴിഞ്ഞ മാസങ്ങളില്‍ ഈ പാതയില്‍ ഓടുന്ന ട്രെയിനുകളില്‍ നിന്നും ‘വിശദീകരിക്കാനാവാത്ത’ സാഹചര്യങ്ങളില്‍ വിവാഹിതരായ സ്ത്രീകള്‍ അപ്രത്യക്ഷരാവുന്നതിന്റെ അഞ്ച് കേസുകളെങ്കിലും ഉണ്ടെന്ന് പോലീസ് രേഖകള്‍ സൂചിപ്പിക്കുന്നു. തലസ്ഥാനമായ പാറ്റ്‌നയില്‍ നിന്നും അറുപത് കിലോമീറ്റര്‍ കിഴക്കുമാറി സ്ഥിതി ചെയ്യുന്ന ബാര്‍ഹ് പോലീസ് സ്‌റ്റേഷനില്‍ മൂന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കത്യാര്‍ റയില്‍വേ പോലീസ് സ്‌റ്റേഷനില്‍ രണ്ട് കേസുകളാണ് നിലവിലുള്ളതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ദാനാപൂര്‍-സാഹിബ്ഗഞ്ച് ഇന്റര്‍സിറ്റി ട്രെയിനില്‍ വച്ച് പൂനെയില്‍ മോട്ടര്‍ ഗാരേജ് നടത്തുന്ന മുഹമ്മദ് ഹസ്‌നൈന്റെ ഭാര്യ നജ്മിന്‍ ഖാത്തൂണ്‍ കാണാതായതായി ഏപ്രില്‍ 22ന് പുറത്തുവന്നതാണ് ഈ നിരയിലുള്ള അവസാന സംഭവം. ഭര്‍ത്താവിനോടൊപ്പം യാത്ര ചെയ്യുകയായിരുന്നു നജ്മിന്‍. പാറ്റ്‌ന റെയില്‍വേ സ്റ്റേഷനില്‍ നിന്നും ട്രെയിന്‍ കയറിയ ദമ്പതികള്‍, 220 കിലോമീറ്റര്‍ അകലെയുള്ള ഭഗല്‍പൂരിലേക്കുള്ള യാത്രയിലായിരുന്നു. പാറ്റ്‌ന ജംഗ്ഷനില്‍ നിന്നും 48 കിലോമീറ്റര്‍ തെക്ക്-കിഴക്കുള്ള അത്മല്‍ഗോള റയില്‍വേ സ്‌റ്റേഷനില്‍ എത്തിയപ്പോഴാണ് തന്റെ ഭാര്യയെ കാണാനില്ലെന്ന് ഹസ്‌നൈന്‍ തിരിച്ചറിയുന്നത്.

ഒരു വിവരവും ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് ബാര്‍ഹിലെ റയില്‍വേ പോലീസ് സ്‌റ്റേഷനില്‍ ഹസ്‌നൈന്‍ പരാതി നല്‍കി. ഹസ്‌നൈന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ബാര്‍ഹ് ഗവണ്‍മെന്റ് റയില്‍ പോലീസ് സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ സുരേഷ് റാം സ്ഥിതീകരിച്ചു. വ്യാഴാഴ്ച വരെ കാണാതായ സ്ത്രീയെ കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ല. എന്നാല്‍, തന്റ പോലീസ് സ്‌റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഇത്തരത്തിലുള്ള ആദ്യ കേസല്ല ഇതെന്ന് എസ്എച്ച്ഒ വെളിപ്പെടുത്തുന്നു.

മാര്‍ച്ച് 15ന്, ഭഗല്‍പൂര്‍-ആനന്ദ് വിഹാര്‍ വിക്രംശില എക്‌സ്പ്രസ് ബാര്‍ഹ് റെയില്‍വേ സ്റ്റേഷനിലെ മൂന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ നിറുത്തിയപ്പോള്‍ ശബ്‌നം യാദവ് എന്ന മറ്റൊരു വിവാഹിതയായ സ്ത്രീയെ കാണാനില്ലെന്ന് കണ്ടെത്തി. താനും ഭാര്യയും ഏസി ത്രീടയര്‍ കോച്ചായ എസ്-7ല്‍ യാത്ര ചെയ്യുകയായിരുന്നുവെന്നാണ് ഹോട്ടല്‍ മാനേജ്‌മെന്റ് ബിരുദധാരിയായ ഭര്‍ത്താവ് ആദിത്യ നല്‍കിയ പരാതിയില്‍ പറയുന്നു. പാറ്റ്‌നയില്‍ നിന്നും 168 കിലോമീറ്റര്‍ കിഴക്കുള്ള ജമാല്‍പൂരില്‍ നിന്നാണ് ഇരുവരും ട്രെയിനില്‍ കയറിയത്. പാറ്റ്‌നയില്‍ നിന്നും 100 കിലോമീറ്റര്‍ കിഴക്കുള്ള മൊകാമയില്‍ എത്തിയപ്പോള്‍ ഭാര്യയെ കാണാതായി.

‘കാണാതായി മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം ബാരഹ് റയില്‍വേ പോലീസ് സ്‌റ്റേഷനില്‍ ശബ്‌നം പ്രത്യക്ഷപ്പെടുകയും സ്വന്തം താല്‍പര്യപ്രകാരം ചില സുഹൃത്തുക്കളെ കാണാന്‍ ഭാഗല്‍പൂരിലേക്ക് പോവുകയായിരുന്നു എന്ന് സമ്മതിക്കുകയും ചെയ്തു,’ എന്ന് സുരേഷ് റാം പറഞ്ഞു. ‘പിന്നീട് നടന്ന അന്വേഷണത്തില്‍ അവര്‍ ഒരു പുരുഷ സുഹൃത്തിനെ കാണാനാണ് പോയതെന്ന് കണ്ടെത്തി,’ എന്ന് എസ്എച്ച്ഒ കൂട്ടിച്ചേര്‍ത്തു.

2016ന്റ തുടക്കത്തില്‍, രാജേന്ദ്ര നഗര്‍-കാമാക്യ ക്യാപിറ്റല്‍ എക്‌സ്പ്രസിലെ ഏസി ഫസ്റ്റ് ക്ലാസ് കമ്പാര്‍ട്ടുമെന്റില്‍ ഭര്‍ത്താവ് താഥാഗതിനോടൊപ്പം യാത്ര ചെയ്യുകയായിരുന്ന പറ്റ്‌ന പത്രകാര്‍ നഗര്‍ സ്വദേശി സ്മിത എന്ന 26കാരിയായ നവവധു മൊകാമ റയില്‍വേ സ്റ്റേഷനില്‍ വച്ച് അപ്രത്യക്ഷയായിരുന്നു. ഉത്തര്‍പ്രദേശില്‍ ബാങ്ക് മാനേജരായ തഥാഗത്, തങ്ങളുടെ മധുവിധു യാത്രയ്ക്കായി ന്യൂ ജല്‍പായ്ഗുരി വഴി ഡാര്‍ജിലിംഗിലേക്ക് പോകുന്നതിനായി പറ്റ്‌നയിലെ രാജേന്ദ്ര നഗര്‍ റെയില്‍വേ ടെര്‍മിനലില്‍ നിന്നും രാത്രി 11.20 ഓടെയാണ് ഭാര്യയോടൊപ്പം ട്രെയിനില്‍ കയറിയതെന്ന് പോലീസ് പറയുന്നു.

മൊകാമയിലെത്തിയപ്പോള്‍ തഥാഗത് ഉണരുകയും ഭാര്യയെ കാണാനില്ലെന്ന് തിരിച്ചറിയുകയും ചെയ്തു. അവരെ തിരഞ്ഞിട്ടും ഫലമൊന്നും ഉണ്ടാവാത്തതിനെ തുടര്‍ന്ന് അദ്ദേഹം കത്യാര്‍ റയില്‍വെ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. സംഭവം നടന്ന 24 മണിക്കൂറുകള്‍ക്ക് ശേഷം, കത്യാര്‍ റയില്‍വേ എസ്പി ഉമാശങ്കര്‍ പ്രസാദിനെ ബന്ധപ്പെട്ട സ്മിത, ഭര്‍ത്താവുമായി ജീവിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും മടങ്ങി വരില്ലെന്നും വ്യക്തമാക്കി.

2016 നവംബറില്‍ മൊകാമയിലും 2017 ഫെബ്രുവരിയില്‍ ബറൗണിയിലും രണ്ട് നവവധുമാര്‍ അപ്രത്യക്ഷരായതായി പോലീസ് വൃത്തങ്ങള്‍ പറയുന്നു. ‘സംഭവത്തില്‍പ്പെടുന്ന വ്യക്തികളും കുടുംബങ്ങളും ഉന്നതരായതിനാല്‍, സ്റ്റേഷന്‍ രേഖകളില്‍ മാത്രമായി കേസ് ഒതുങ്ങുന്നു. എഫ്‌ഐആര്‍ പോലും രജിസ്റ്റര്‍ ചെയ്യപ്പെടുന്നില്ല,’ എന്നും പോലീസ് വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നു.

‘സമീപകാലത്തായി ട്രെയിനുകളില്‍ നിന്നും കാണാതാവുന്ന മിക്കവാറും കേസുകള്‍ വെളിച്ചത്തുവന്നു എന്നത് സത്യമാണ്. ഇവരില്‍ ഏതൊക്കെ സ്ത്രീകളാണ് സ്വന്തം താല്‍പര്യപ്രകാരം തങ്ങളുടെ ഭര്‍ത്താക്കന്മാരെ ഉപേക്ഷിച്ചതെന്നും ആരൊക്കെയാണ് കുറ്റകൃത്യങ്ങള്‍ക്ക് ഇരയായതെന്നും ഞങ്ങള്‍ പരിശോധിച്ചുകൊണ്ടിരിക്കുകയാണ്,’ എന്ന് പാറ്റ്‌ന റയില്‍വേ പോലീസ് സുപ്രണ്ട് ജിതേന്ദ്ര മിശ്ര പറഞ്ഞു.

2007 ഓഗസ്റ്റില്‍, അന്നത്തെ ബങ്ക ജില്ല അഡീഷണല്‍ ജഡ്ജിയുടെ പുത്രിയും നവവധുവുമായ റാണി അര്‍ച്ചന സിംഗ് മൊകാമയ്ക്ക് സമീപം വച്ച് ക്യാപിറ്റല്‍ എക്‌സ്പ്രസില്‍ നിന്നും ദുരൂഹ സാഹചര്യത്തില്‍ അപ്രത്യക്ഷയായിരുന്നു. പിന്നീട് അവരുടെ മൃതശരീരം കണ്ടെടുക്കുകയും റയില്‍വേ എഞ്ചിനീയറായിരുന്ന അവരുടെ ഭര്‍ത്താവിനെ കൊലപാതകത്തിന് ശിക്ഷിക്കുകയും ചെയ്തിരുന്നു.

Share on

മറ്റുവാര്‍ത്തകള്‍