UPDATES

വിദേശം

ദുരൂഹത ബാക്കിവച്ച മരണം

ആരാണ് ബോയിംഗ് അഴിമതി പുറത്തുകൊണ്ടുവന്ന ജോണ്‍ ബാര്‍നെറ്റ്?

                       

കമ്പനിയുടെ ഉല്‍പ്പാദന നിലവാരത്തെക്കുറിച്ച് ആശങ്കകള്‍ ഉന്നയിച്ച മുന്‍ ബോയിംഗ് ജീവനക്കാന്‍ ജോണ്‍ ബാര്‍നെറ്റിനെ യുഎസില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അമേരിക്കയിലെ സിയാറ്റില്‍ ആസ്ഥാനമായ പ്രതിരോധ, വ്യോമയാന വ്യവസായ കമ്പനിയാണ് ബോയിംഗ്. 2017-ല്‍ വിരമിക്കുന്നതുവരെ ജോണ്‍ ബാര്‍നെറ്റ് 32 വര്‍ഷം ബോയിംഗില്‍ ജോലി ചെയ്തിരുന്നു. മാര്‍ച്ച് 9 ന് ആയിരുന്നു ബാര്‍നെറ്റിന്റെ മരണവിവരം പുറത്തു വന്നത്. വിമാന നിര്‍മാണത്തിലെ പിഴവുകള്‍ അവഗണിക്കാനുള്ള ബോയിംഗ് വിമാന കമ്പനിയുടെ നീക്കത്തിനെതിരെ ശക്തമായി രംഗത്ത് വന്നയാളാണ് ജോണ്‍ ബാര്‍നെറ്റ്.മരിക്കുന്നതിന് മുമ്പുള്ള ദിവസങ്ങളില്‍, കമ്പനിക്കെതിരായി അദ്ദേഹം തെളിവുകള്‍ നല്‍കിയിരുന്നു.

ജോണ്‍ ബാര്‍നെറ്റിന്റെ വിയോഗത്തില്‍ അനുശോചനം രേഖപെടുത്തികൊണ്ട് ബോയിംഗ് കമ്പനി രംഗത്തത്തിയിരുന്നു. 62 കാരനായ ജോണ്‍ സ്വയം ഉണ്ടാക്കിയ മുറിവാണ് മരണ കാരണം എന്നും, പൊലീസ് ഊര്‍ജ്ജിതമായി കേസന്വേഷിക്കുകയാണെന്നും ചാള്‍സ്റ്റണ്‍ കൗണ്ടി കൊറോണര്‍ വ്യക്തമാക്കിയിരുന്നു(അക്രമാസക്തമായതോ അല്ലെങ്കില്‍ അസാധാരണമായ രീതിയിലോ നടന്ന മരണങ്ങള്‍ അന്വേഷിക്കാന്‍ ഉത്തരവാദിത്തപെട്ട ഉദ്യോഗസ്ഥനാണ് കൊറോണര്‍). ബോയിംഗ് കമ്പനിക്കെതിരേകേസില്‍ ജോണ്‍ ബാര്‍നെറ്റ് തെളിവ് നല്‍കിയതിന് പിന്നാലെയാണ് അദ്ദേഹം പ്രശസ്തനായത്. 2010 മുതല്‍ ബോയിംഗിന്റെ ചാള്‍സ്റ്റണ്‍ പ്ലാന്റില്‍ ക്വാളിറ്റി മാനേജരായിരുന്നു ജോണ്‍. ദീര്‍ഘദൂര യാത്രയ്ക്കായി ഉപയോഗിക്കുന്ന അത്യാധുനിക വിമാനമായ 787 ഡ്രീംലൈനര്‍ നിര്‍മിക്കുന്നത് ഇതേ പ്ലാന്റിലാണ്. 2019 ല്‍ തൊഴിലാളികള്‍ ഉല്‍പ്പാദന വേളയില്‍ വിമാനത്തില്‍ ഗുണനിലവാരം കുറഞ്ഞ ഭാഗങ്ങള്‍ ബോധപൂര്‍വം ഘടിപ്പിക്കുകയായിരുന്നു. ഇത് കണ്ടെത്തിയ ജോണ്‍ ബാര്‍നെറ്റ് വിവരം പുറം ലോകത്തെത്തിക്കുകയും ചെയ്തു.

ഓക്സിജന്‍ സംവിധാനങ്ങളിലെ ഗുരുതരമായ പ്രശ്നങ്ങള്‍ താന്‍ കണ്ടെത്തിയിട്ടുണ്ടെന്നും വിമാനത്തിലെ നാലില്‍ ഒന്ന് ഓക്‌സിജന്‍ മാസ്‌ക്കുകള്‍ അടിയന്തര സാഹചര്യങ്ങളില്‍ പ്രവര്‍ത്തിക്കില്ലെന്നും ജോണ്‍ വെളിപ്പെടുത്തി. എന്നാല്‍, ബോയിംഗ് ഈ ആരോപണം തള്ളിക്കളയുകയായിരുന്നു. 787-ല്‍ ഘടിപ്പിക്കേണ്ട എമര്‍ജന്‍സി ഓക്സിജന്‍ സംവിധാനങ്ങള്‍ പരിശോധനയില്‍ 25 ശതമാനവും പരാജയപ്പെട്ടെന്നും ഗുണനിലവാരം കുറഞ്ഞ വസ്തുക്കള്‍ സമ്മര്‍ദ്ദം മൂലവും നിര്‍മാണത്തിലെ കാലതാമസം ഒഴിവാക്കുന്നതിനായും ഉപയോഗിച്ചുവെന്നും അദ്ദേഹം ബി ബി സിക്ക് നല്‍കിയ അഭിമുഖത്തിലൂടെ അവകാശപ്പെട്ടു.

തന്റെ ആശങ്കകളെക്കുറിച്ച് ബോയിംഗ് അധികൃതരെ അറിയിച്ചെങ്കിലും നടപടിയൊന്നും എടുത്തില്ലെന്ന് മാത്രമല്ല, ബോയിംഗ് ജോണ്‍ ബാര്‍നെറ്റിന്റെ വാദങ്ങള്‍ നിഷേധിക്കുകയും ചെയ്തു. 2017 ല്‍ യുഎസ് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ നടത്തിയ പരിശോധനയില്‍ ജോണിന്റെ വാദങ്ങള്‍ ആശങ്ക ഉയര്‍ത്തുന്നതാണെന്ന് വ്യക്തമാക്കിയിരുന്നു.

ഫാക്ടറിയില്‍ ഏറ്റവും കുറഞ്ഞത് 53 അനുയോജ്യമല്ലാത്ത ഭാഗങ്ങള്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന്, പരിഹാര നടപടികള്‍ സ്വീകരിക്കാന്‍ ബോയിംഗ് ഉത്തരവിടുകയും ചെയ്തിരുന്നു. ബോയിംഗില്‍ നിന്ന് വിരമിച്ച ശേഷം ജോണ്‍ കമ്പനിക്കെതിരേ ദീര്‍ഘകാല നിയമനടപടികള്‍ക്ക് ഒരുങ്ങുകയായിരുന്നു. കമ്പനിയുടെ ഗുരുതര ഗുണനിലവാര കുറ്റങ്ങള്‍ ചൂണ്ടിക്കാണിച്ചതിനാല്‍ തന്നെ വ്യക്തപരമായി അപകീര്‍ത്തിപ്പെടുത്താനും ജോലി തടസപ്പെടുത്താനും ബോയിംഗ് ശ്രമിച്ചെന്ന് ജോണ്‍ നിരന്തരം ആരോപണം ഉന്നയിച്ചിരുന്നു.

കേസുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി അദ്ദേഹം തന്റെ അഭിഭാഷകനുമായി കൂടിക്കാഴ്ച്ചയ്ക്ക് ഒരുങ്ങവേയാണ് ജോണിന്റെ അപ്രതീക്ഷിത മരണം. ജോണ്‍ ബാര്‍നെറ്റിന്റെ വിയോഗത്തില്‍ ബോയിംഗിന് അഗാധമായ ദുഃഖമുണ്ടെന്നും അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ഒപ്പമാണ് തങ്ങള്‍ എന്നും ബോയിംഗ് തങ്ങളുടെ പ്രസ്താവനയില്‍ പറഞ്ഞിരുന്നു.

യുഎസ് നാഷണല്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡിന്റെ പ്രാഥമിക റിപ്പോര്‍ട്ടില്‍, വാതില്‍ സുരക്ഷിതമായി പിടിക്കാന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്ന നാല് കീ ബോള്‍ട്ടുകള്‍ വിമാനത്തില്‍ ഘടിപ്പിച്ചിട്ടില്ലെന്ന് കണ്ടെത്തിയിരുന്നു. കൂടാതെ നിര്‍മാണ ഗുണനിലവാര നിയന്ത്രണ ആവശ്യകതകള്‍ പാലിക്കുന്നതില്‍ കമ്പനി പരാജയപ്പെട്ടതായി തെളിയിക്കുന്ന ഒന്നിലധികം സംഭവങ്ങള്‍ കണ്ടെത്തിയതായും ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

ജനുവരി അഞ്ചിനാണ് 121 പേരുമായി പറന്ന അലാസ്‌ക എയര്‍ലൈന്‍സിന്റെ ബോയിങ് 737 മാക്‌സ് 9 വിമാനത്തിന്റെ വാതില്‍ പുറത്തേക്ക് തെറിച്ചുവീണത്. പതിനാറായിരം അടി ഉയരത്തിലാണ് സംഭവം. യാത്രക്കാര്‍ക്ക് അപകടമൊന്നും ഉണ്ടായില്ല. വിമാനത്തിന്റെ വാതിലിന്റെ ബോള്‍ട്ടുകള്‍ അയഞ്ഞതാണ് അപകട കാരണമെന്ന് പിന്നീട് കണ്ടെത്തി. യാത്രക്കാര്‍ക്കിടയില്‍ വലിയ ആശങ്ക പരത്തിയ ഈ അപകടത്തെ തുടര്‍ന്ന് ബോയിംഗ് ഉദ്യോഗസ്ഥ തലത്തില്‍ വലിയ അഴിച്ചുപണി പ്രഖ്യാപിച്ചിരുന്നു. 737 വിമാനങ്ങളുടെ ചുമതല വഹിച്ചിരുന്ന എഡ് ക്ലാര്‍ക്കിനെ കമ്പനി സ്ഥാനത്തു നിന്ന് നീക്കുകയും ചെയ്തിരുന്നു.

Share on

മറ്റുവാര്‍ത്തകള്‍