വിജയ് ചിത്രമായ ഭൈരവയില്‍ അഭിനയിച്ചതുമായി ബന്ധപ്പെട്ട് നടന്‍ വിജയരാഘവന്‍ ചില മാധ്യമങ്ങളില്‍ പങ്കുവച്ച അനുഭവങ്ങളില്‍, അദ്ദേഹം അസ്വസ്ഥതയോടെ പറഞ്ഞൊരു കാര്യം കോളിവുഡ് സെറ്റിലെ കാരവാന്‍ സംസ്‌കാരത്തെ കുറിച്ചായിരുന്നു. ഓരോ താരങ്ങളും ഓരോ തുരുത്തുകളായി നില്‍ക്കുന്ന ഇടമാണ് തമിഴ് സിനിമ സെറ്റ് എന്നും മലയാളത്തില്‍ അതല്ല പതിവെന്നും ഇവിടെ എല്ലാവരും വട്ടംകൂടിയിരുന്ന് തമാശ പറഞ്ഞും ഭക്ഷണം പങ്കുവച്ചുമൊക്കെ ഒരു വീടുപോലെയാണ് കഴിയുന്നതെന്നും വിജയരാഘവനു മുമ്പും പല മലയാള താരങ്ങളും മേനി പറയുന്നതു കേട്ടിട്ടുണ്ട്. മലയാളത്തിലും കാരവാന്‍ സംസ്‌കാരം നിലവില്‍ വന്നെങ്കിലും മറ്റ് ഭാഷ സിനിമാലോകത്തു നിന്നും വ്യത്യസ്തമായി ഒരു കൂട്ടായ്മ ഇന്നും മലയാളത്തില്‍ നിലനില്‍ക്കുന്നുണ്ടെന്നത് വാസ്തവമാണ്.
എന്നാല്‍ ആ കൂട്ടായ്മ ഓരോ സിനിമയ്ക്കു വേണ്ടി മാത്രമാണ് സംഭവിക്കുന്നതെന്നും അതല്ലാത്തപ്പോള്‍ സ്വന്തം രാജ്യമായി ഓരോ താരവും വിഘടിച്ചു നില്‍ക്കുന്ന പ്രവണതയാണ് മലയാള സിനിമയില്‍ ഉള്ളതെന്നും ആ മേഖലയുമായി അല്‍പ്പമെങ്കിലും ബന്ധപ്പെട്ടു നില്‍ക്കുന്നവര്‍ക്കു മനസിലാക്കാവുന്നതേയുള്ളൂ. സ്വന്തം കാര്യം മാത്രം നോക്കുന്നവരാണ് നമ്മുടെ സിനിമാക്കാര്‍, അതില്‍ താരങ്ങളും സാങ്കേതികപ്രവര്‍ത്തകരും, മറ്റുള്ളവരുമൊക്കെ ഒരേശീലക്കാര്‍- എന്നത് പല ഘട്ടങ്ങളിലും തെളിഞ്ഞിട്ടുണ്ട്. ഏറ്റവും ഒടുവിലായി ഒന്നരമാസത്തോളം നീണ്ടു നിന്ന തിയേറ്റര്‍ സമരത്തിനെതിരേ പോലും ആരുടെയും ഒത്തൊരുമ കണ്ടില്ല. താരങ്ങളില്‍ തന്നെ പ്രിഥ്വിരാജ്, ഇന്നസെന്റ് എന്നിവരില്‍ ചിലര്‍ മാത്രമാണ് അഭിപ്രായം പറഞ്ഞതുപോലും. പ്രമുഖരായ മറ്റു താരങ്ങളൊന്നും തന്നെ, അതവരുടെ ജീവിതമാര്‍ഗം ആയിരുന്നിട്ടുപോലും ഒരിടപെടലും നടത്തി കണ്ടില്ല. സിനിമയെ മൊത്തത്തില്‍ ബാധിക്കുന്ന പ്രശ്‌നത്തില്‍ പോലും അഭിപ്രായമോ ഇടപെടലോ നടത്താത്തവര്‍ സിനിമ പ്രവര്‍ത്തകര്‍ക്ക് ഒരു പ്രതിസന്ധി വരുമ്പോള്‍ ഒരുമിക്കുമെന്നു കരുതുന്നതു തന്നെ അബദ്ധമാണ്. അങ്ങനെയാരെങ്കിലുമൊക്കെ മുന്നോട്ടു വന്നാല്‍ തന്നെ കഴിഞ്ഞ ദിവസം ഫെഫ്ക നടത്തിയ പരിപാടി പോലെ മറ്റുള്ളവര്‍ക്കു പരിഹസിക്കാനുള്ള ഒരു കാരണമായി തീരുകയും ചെയ്യും.
ഇത്രയുമൊക്കെ ആമുഖമായി പറയാന്‍ കാരണം, തമിഴ്‌നാട്ടില്‍ കൊടുമ്പിരികൊണ്ടു നില്‍ക്കുന്ന ജല്ലിക്കെട്ട് വിഷയത്തില്‍ തമിഴ് ജനതയെ പിന്തുണച്ചുകൊണ്ടുള്ള മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ പ്രസ്താവനയാണ്. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും നേതാവിന്റെയും പിന്തുണയില്ലാതെ, ജാതിയുടെയോ വംശത്തിന്റെയോ വേര്‍തിരിവില്ലാതെ ലക്ഷക്കണക്കിനു ജനങ്ങള്‍ തമിഴ്‌നാടിന്റെ പൊതുവായൊരു കാരണത്തിനായി യാതൊരുവിധ ആക്രമവും നടത്താതെ നടത്തുന്ന പ്രതിഷേധങ്ങള്‍ക്ക് തന്റെ പിന്തുണ അറിയിച്ചിരിക്കുകയാണു മമ്മൂട്ടി. ഇന്ത്യക്ക് ആകെ മാതൃകയാക്കാവുന്ന ഒരു പ്രതിഷേധമാണ് തമിഴ്‌നാട്ടില്‍ നടക്കുന്നതെന്നും മമ്മൂട്ടി പറയുന്നു.
ഇന്ത്യയില്‍ അറിയപ്പെടുന്ന ഒരു നടന്‍ എന്ന നിലയില്‍ മമ്മൂട്ടിയുടെ പിന്തുണ ദേശീയതലത്തില്‍ തന്നെ ശ്രദ്ധനേടുകയും അത് തമിഴ് ജനതയ്ക്ക് അദ്ദേഹത്തോട് സ്‌നേഹം കൂട്ടാനും കാരണമാകും. സൂപ്പര്‍ ഹിറ്റുകള്‍ അടക്കമുള്ള സിനിമകള്‍ തമിഴില്‍ ചെയ്തിട്ടുള്ള മമ്മൂട്ടി, റാമിന്റെ സംവിധാനത്തിലുള്ള പേരന്‍പ് എന്ന തമിഴ് ചിത്രം ചെയ്യാനുള്ള ഒരുക്കത്തിലുമാണ്. ദക്ഷിണേന്ത്യന്‍ നടന്‍ എന്ന വിശാലതയില്‍ നില്‍ക്കുന്ന മമ്മൂട്ടി തമിഴ്‌നാട്ടിലെ ഒരു പ്രശ്‌നത്തില്‍ തന്റെ അഭിപ്രായം പറയുന്നതില്‍ അസ്വഭാവികതയൊന്നുമില്ല. പോരാത്തത്തിനു തമിഴ്‌നാട്ടിലെ ഭൂരിഭാഗം സിനിമാക്കാരും ജല്ലിക്കട്ടിന് അനുകൂലമായി സമരമുഖത്തുണ്ട്. അവരില്‍ പലരും നിരാഹര സമരം വരെ അനുഷ്ഠിക്കുകയും ചെയ്തു. ഇവിടെ വേറൊരു കാര്യം സൂചിപ്പിക്കേണ്ടതുണ്ട്. സിനിമ സെറ്റില്‍ ഓരോരുത്തരും തങ്ങളുടെ കാരവാനുകളില്‍ കഴിച്ചു കൂട്ടുന്നവരാണെങ്കിലും പൊതുവായ പ്രശ്‌നത്തത്തില്‍, അത് സിനിമയെ സംബന്ധിച്ചാണെങ്കിലും നാടിനെ സംബന്ധിച്ചാണെങ്കിലും തമിഴ് താരങ്ങളുടെ ഐക്യം പലകുറി കണ്ടിട്ടുള്ളതാണ്. അവിടുത്തെ സൂപ്പര്‍ താരങ്ങള്‍ പോലും, നടനായാലും നടിയായാലും വൈകാരികമായി തന്നെ തങ്ങളുടെ അഭിപ്രായം പറയും. കാവേരി പ്രശ്‌നത്തിലായാലും മുല്ലപ്പെരിയാര്‍ വിഷയത്തിലായാലുമൊക്കെ ഇത്തരം പ്രതികരണങ്ങള്‍ നാം കണ്ടിട്ടുള്ളതാണ്. നമ്മള്‍ മലയാളികള്‍ ഇതിനെ മറ്റൊരു തരത്തിലാണ് കാണുന്നത്. തമിഴ്‌നാട്ടില്‍ സിനിമ എന്നത് ജനങ്ങളുടെ ജീവിതവുമായി വളരെ അടുത്ത് ബന്ധം പുലര്‍ത്തുന്ന ഒരു മാധ്യമമാണ്. സിനിമ എന്നത് രാഷ്ട്രീയത്തിന്റെ ഒന്നാം ഭാഗമാണ്. സിനിമാക്കാരന്‍ ആയി നില്‍ക്കുമ്പോള്‍ തന്നെ ഒരു താരം രാഷ്ട്രീയപ്രവര്‍ത്തനവും നടത്തുന്നുണ്ട്. അതു തെരുവില്‍ ഇറങ്ങിയോ കവലകളില്‍ പ്രസംഗിച്ചോ അല്ല. സിനിമയിലൂടെ തന്നെയാണ്. ഒരു പാട്ടില്‍ പോലും തനിക്ക് തമിഴ് മണ്ണിനോടും തമിഴനോടുള്ള സ്‌നേഹവും കടപ്പാടും അവര്‍ പറഞ്ഞിരിക്കും. ഒന്നത് നിലനില്‍പ്പിന്റെ ഭാഗമാണെങ്കില്‍, മറ്റൊന്ന്, അതവരുടെ നാളേയ്ക്കുള്ള നിക്ഷേപം കൂടിയാണ്. അണ്ണാദുരെ തൊട്ട് തുടങ്ങിയ പതിവ് അവര്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കും.
സാര്‍വദേശീയതില്‍ വിശ്വസിക്കുന്ന മലയാളിയുടെ ഈ വ്യാഖ്യാനത്തില്‍ തമിഴന്റെ അതിവൈകാരികതയോടുള്ള പരിഹാസം നിറഞ്ഞിരിക്കുന്നുണ്ടെങ്കിലും പൊതുവായൊരു വിഷയത്തില്‍ തമിഴന്‍ കാണിക്കുന്ന ഒത്തൊരുമ മലയാളിക്ക് ചിന്തിക്കാന്‍ പോലും കഴിയാത്തതാണ്. പ്രത്യേകിച്ച് നമ്മുടെ സെലിബ്രിറ്റി ജീവികള്‍ക്ക്. അങ്ങനെയുള്ളൊരിടത്താണ് മമ്മൂട്ടിയുടെ പ്രസ്താവന ഒരര്‍ത്ഥത്തില്‍ അത്ഭുതവും മറ്റൊരുതലത്തില്‍ അമ്പരപ്പും ഉണ്ടാക്കുന്നത്. ഡിവൈഎഫ്‌ഐയുടെ ഒരു പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് ഗുജറാത്തില്‍ ഡിവൈഎഫ്‌ഐ ശക്തമായിരുന്നെങ്കില്‍ അവിടെ കലാപം നടക്കില്ലായിരുന്നൂവെന്ന് മമ്മൂട്ടി പറഞ്ഞിരുന്നു. സംഘപരിവാര്‍ രാഷ്ട്രീയം ഇത്രമേല്‍ ശക്തമായി തീര്‍ന്നിട്ടില്ലാത്ത കാലമായിരുന്നു കേരളത്തില്‍ അന്നെങ്കില്‍ പോലും ആ പ്രസ്താവനയ്ക്കു പിന്നാലെ വലിയ തോതില്‍ മമ്മൂട്ടിക്കെതിരേ പ്രതിഷേധം ഉയര്‍ന്നിരുന്നു. മമ്മൂട്ടി ഒരു കമ്യൂണിസ്റ്റ് ആണെന്നു മുദ്രകുത്തപ്പെട്ടു. അദ്ദേഹം ഒരിക്കലും അത് അംഗീകരിച്ചിട്ടില്ലെങ്കില്‍ പോലും. പിന്നീട് ഒരിക്കല്‍ പോലും ആരുടെയെങ്കിലും അസഹിഷ്ണുത വരുത്തി വയ്ക്കുന്ന തരത്തില്‍ അഭിപ്രായങ്ങള്‍ പറയാനും മമ്മൂട്ടി മുതിര്‍ന്നിട്ടില്ല. വ്യക്തമായ രാഷ്ട്രീയ കാഴ്ചപ്പാടുകളും സാമൂഹികബോധവും വായനയുമെല്ലാം ഉള്ള മമ്മൂട്ടിയെ പോലൊരാള്‍ വെറുമൊരു സിനിമനടന്‍ മാത്രമായി ഒതുങ്ങി നിന്നു. മുപ്പതിലേറെ വര്‍ഷമായി ജനങ്ങള്‍ക്കു മുന്നില്‍ താരപ്പകിട്ടോടെ നില്‍ക്കുന്നൊരാള്‍, അദ്ദേഹം കൂടി ഉള്‍ക്കൊള്ളുന്ന ഒരു സമൂഹം പലവിധ പ്രതിസന്ധികളില്‍ പെട്ടിട്ടും മൗനം അഭിനയിച്ചു മാറിനിന്നു. അല്ലെങ്കില്‍ അങ്ങനെയൊരു നയം ഉപയോഗിച്ച് തന്റെ സ്വീകാര്യതയ്ക്ക് ഒരിളക്കവും തട്ടാതെ നോക്കി.
രാഷ്ട്രീയക്കാരന്‍ മാത്രം നാടിനെ ബാധിക്കുന്ന കാര്യങ്ങളില്‍ ഇടപെടുക, അതാണവന്റെ ജോലി എന്ന തിയറിയാണു മലയാളിക്ക്. സിനിമാക്കാരന്‍ അഭിനയിക്കുക, എഴുത്തുകാരന്‍ എഴുതുക, കായികതാരം കളിയില്‍ മാത്രം ശ്രദ്ധിക്കുക എന്നതൊക്കെയാണു നമ്മുടെ വ്യവസ്ഥ. അതൊരു വ്യവസ്ഥിതിയായി മാറുകയും അതില്‍ നിന്നു പുറത്തുകടക്കാന്‍ ആരും തയ്യാറാകാതെയും വന്നതോടെയാണ് കേരളം ഒറ്റപ്പെട്ട മനുഷ്യരുടെ തുരുത്തായി മാറിയത്. അതിനെതിരായി നിലനില്‍ക്കുന്ന തമിഴ് സംസ്‌കാരത്തെ നമ്മള്‍ പുച്ഛിക്കുകയും ചെയ്തു.
മോഹന്‍ലാല്‍, കമല്‍, എംടി വിഷയങ്ങളൊക്കെ ചൂണ്ടിക്കാട്ടി ഈ പറഞ്ഞതിനെയൊക്കെ എതിര്‍ക്കാം. പക്ഷേ അതെല്ലാം തികച്ചും ഒറ്റപ്പെട്ട വിഷയങ്ങള്‍ മാത്രമാണ്. അങ്ങനെയൊക്കെ സംഭവിച്ചിട്ടുപോലും ഇവിടുത്തെ സിനിമാലോകം ഏതുവിധത്തിലാണ് പ്രതികരിച്ചതെന്നും നോക്കണം. ഇനിയൊരാളും സ്വതന്ത്രമായി തങ്ങളുടെ അഭിപ്രായം പറയാന്‍ ധൈര്യപ്പെടുമെന്നു തോന്നുന്നില്ല.
ഇവിടെ ഉള്ള പേടി മറ്റൊരു നാട്ടിലെ പ്രശ്‌നത്തില്‍ അഭിപ്രായം പറയാന്‍ തോന്നാത്തത് എന്തുകൊണ്ടെന്നാണ് മമ്മൂട്ടിയുടെ പ്രസ്താവന വന്നതിനു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ചോദ്യം ഉയരുന്നത്. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മിണ്ടാതിരുന്ന ആള്‍ ജല്ലിക്കട്ടിന്റെ കാര്യത്തില്‍ വാതുറക്കുന്നു എന്നാണു സോഷ്യല്‍ മീഡിയ പരിഹസിക്കുന്നത്. മുല്ലപ്പെരിയാര്‍ മാത്രമല്ല, കാലങ്ങളായി കേരളം നേരിടേണ്ടി വന്ന ഒട്ടനവധി പ്രശ്‌നങ്ങളും പ്രതിസന്ധികളും ഉണ്ടായിട്ടും നമ്മുടെ സൂപ്പര്‍ താരങ്ങളാരും വാ തുറന്നിട്ടില്ല. ഇതൊന്നും തങ്ങളെ ബാധിക്കുന്ന കാര്യമേ അല്ലെന്ന മട്ടില്‍ മാറി നിന്നിട്ടുപോലുമുണ്ട്. വോട്ട് ചെയ്യാന്‍ പോലും തയാറാകാത്തവരാണ് സിനിമാക്കാരില്‍ പലരും. കാരണം തങ്ങള്‍ മണ്ണില്‍ വസിക്കുന്നവരല്ല എന്നൊരു ബോധം അവരിലുണ്ട് (പുതുതലമുറ സിനിമാക്കാര്‍ ആ കാര്യത്തില്‍ വളരെ മാറി ചിന്തിക്കുന്നവരാണെങ്കില്‍ പോലും). പക്ഷേ അവരില്‍ എല്ലാവരും തന്നെ സ്വയം മാര്‍ക്കറ്റ് ചെയ്യുന്നതില്‍ മിടുക്കരാണ്. തങ്ങള്‍ക്കു ഗുണമുള്ള കമ്പോളത്തിന് അനുസരിച്ച് പരുവപ്പെടാന്‍ തക്ക ബുദ്ധിയുള്ളവര്‍. മലയാളത്തിലെ താരപ്പൊലിമകള്‍ കൊണ്ട് തമിഴില്‍ മാര്‍ക്കറ്റ് ചെയ്യാന്‍ കഴിയില്ലെന്നു മനസിലാക്കിയാല്‍ തമിഴന്റെ രീതിയിലക്കു മാറും. ജന്മം കൊണ്ടല്ലെങ്കിലും താനൊരു തമിഴ്‌നാട്ടുകാരിയാണെന്നും അതില്‍ അഭിമാനിക്കുന്നൂവെന്നും നയന്‍താരയെ പോലൊരു നടി പറയുമ്പോള്‍ അവര്‍ ആ ഇന്‍ഡസ്ട്രിയുടെ രാഷ്ട്രീയം മനസിലാക്കിയിട്ടാണ്. മലയാളത്തില്‍ സിനിമ ഒരു സ്വപ്‌നലോകമാണെങ്കില്‍ തമിഴില്‍ അതവരുടെ രാഷ്ട്രീയത്തിന്റെ ഭാഗമാണ്. ആ വ്യത്യാസം വളരെ വലുതാണ്.
മമ്മൂട്ടി എന്തെങ്കിലും മനസില്‍ കണ്ട് പറഞ്ഞതാണെന്നു പറയുന്നില്ല. ദീര്‍ഘകാലം മദ്രാസില്‍ താമിസിച്ചിരുന്നൊരാള്‍, തമിഴ്‌സിനിമയുടെ കൂടി ഭാഗമായൊരാള്‍, നിരവധി സുഹൃത്തുക്കള്‍ ആ ഇന്‍ഡസ്ട്രിയില്‍ ഉള്ളൊരാള്‍ എന്നീ കാരണങ്ങളെല്ലാം കൊണ്ട് മമ്മൂട്ടിക്ക് തമിഴിനെ പിന്തുണച്ച് അഭിപ്രായം പറയാന്‍ തോന്നാം. അതില്‍ തെറ്റില്ല, അദ്ദേഹത്തെ കുറ്റപ്പെടുത്താനും പറ്റില്ല. പക്ഷേ ഇതുപോലെ, ഒരു വാക്കു കൊണ്ടെങ്കിലും ഉള്ള പിന്തുണ കേരളവും പലവട്ടം ആഗ്രഹിച്ചിരിക്കാം മമ്മൂട്ടിയടക്കമുള്ള താരങ്ങളില്‍ നിന്നും.