കഥ പറച്ചലിന്റെ വ്യക്തമായ രാഷ്ട്രീയം കൊണ്ട് സിനിമകളെ അടയാളപ്പെടുത്തിയ സംവിധായകരിലൊരാളാണ് ജിയോ ബേബി. സാമൂഹിക പ്രതിബദ്ധതയുള്ള ചലച്ചിത്രകാരന്മാരുടെ കൂട്ടത്തില്‍ നില്‍ക്കുന്നൊരു സംവിധായകന്‍. കാതല്‍-ദി കോര്‍ എന്ന ജിയോ ബേബി സിനിമ സമൂഹത്തിന് മുന്നില്‍ ചില വാതിലുകള്‍ തുറക്കാനുള്ള ശ്രമം കൂടിയാണ്. ജിയോ ബേബി അഴിമുഖവുമായി സംസാരിക്കുന്നു…
പുരുഷ ഭാഷയില്‍ നിന്നുകൊണ്ട് എങ്ങനെ സ്ത്രീ സ്വാതന്ത്രത്തെ പറ്റി സംസാരിക്കാനാകുമെന്ന ചോദ്യത്തിനുള്ള മറുപടികളാണ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍, ഫ്രീഡം ഫൈറ്റ്, കാതല്‍ ദി കോര്‍ എന്ന സിനിമകളിലെ സ്ത്രീകള്‍. സ്ത്രീകളുടെ അടിസ്ഥാന അവകാശങ്ങളെ പറ്റി പറയുന്ന രാഷ്ട്രീയത്തിന്റെ കാതല്‍ എന്താണ് ?
സ്ത്രീകളെ കുറിച്ചുള്ള തിരിച്ചറിവുകള്‍ ഉണ്ടാവുന്നത് വീട്ടില്‍ ഒപ്പമുള്ള സ്ത്രീകളില്‍ നിന്ന് തന്നെയാണ്. അവര്‍ കടന്നുപോകുന്ന ജീവിതസാഹചര്യങ്ങള്‍, നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്‌നങ്ങളൊക്കെ മനസിലാക്കുന്നത് വളരെ വൈകിയാണ്. വിവാഹത്തിനും കുറച്ച് വര്‍ഷങ്ങള്‍ക് ശേഷമെന്ന് പറയാം. വീട്ടുജോലികള്‍ നിരന്തരം ചെയ്യേണ്ടി വന്നതുകൊണ്ടാണ് സ്ത്രീകളെ പ്രതിയുള്ള ചിന്തകളിലേക്ക് കടക്കുന്നതും ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ എന്ന സിനിമ സംഭവിക്കുന്നത്. നമ്മള്‍ എത്ര വലിയ തെറ്റാണെന്നു മനസിലാക്കി എടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്. പുരുഷന്‍ എന്ന പദവി എങ്ങനെയൊക്കെ ഉപയോഗിക്കുന്നു, ദുരുപയോഗിക്കുന്നു എന്നതിലുമാണ് തിരിച്ചറിവുകള്‍ ഉണ്ടാവുന്നത്. അതിനിയും പൂര്‍ണമായിട്ടില്ല, മനസിലാക്കി കൊണ്ടിരിക്കുകയാണ്. ഗ്രേറ്റ് ഇന്ത്യന്‍ കിച്ചനുമായി ബന്ധപ്പെട്ടാണ് ഫെമിനിസ്റ്റ് ആശയങ്ങള്‍ വായിക്കുകയും, അല്ലെങ്കില്‍ ഫെമിനിസ്റ്റ് ആശയങ്ങളുള്ള എഴുത്തുകാരെ പിന്തുടരുകയും ചെയ്യുന്നത്.
ക്വിര്‍ സമൂഹത്തെ പ്രതിനിധാനം ചെയ്യുന്ന ഒരു ഹൃസ്വ ചിത്രം കോളേജ് കാലയളവില്‍ എടുത്തതായും അതിന് നടപടികള്‍ നേരിട്ടതായും പറഞ്ഞു കേട്ടിട്ടുണ്ട്. സമാനമായി ജിയോ ബേബിയുടെ രാഷ്ട്രീയം സംസാരിക്കുന്നതിനു മാത്രമായൊരു ചിത്രമെന്ന കാതലിന്റെ നിരൂപക വിമര്‍ശനത്തെ എങ്ങനെ നോക്കി കാണുന്നു?
കോളേജില്‍ പഠിക്കുമ്പോള്‍ ചെയ്ത ഷോര്‍ട് ഫിലിമും കാതലും തമ്മില്‍ ബന്ധമൊന്നുമില്ല. സിനിമയുടെ തിരക്കഥകൃത്തുക്കളായ ആദര്‍ശും പോള്‍സണും എന്നെ സമീപിക്കുകയും കാതലിന്റെ കഥ പറയുകയും ചെയ്തു. അതെനിക്ക് ഇഷ്ടമായതോടെയാണ് സിനിമ സംഭവിക്കുന്നത്. രാഷ്ട്രീയം പറയാന്‍ വേണ്ടി സിനിമ ചെയ്യാറില്ല. എന്നാല്‍ സിനിമ എടുക്കുമ്പോള്‍ രാഷ്ട്രീയം വരാറുണ്ട്. കാതലുമായി ബന്ധപ്പെട്ട് നിരൂപണങ്ങള്‍ ശ്രദ്ധിക്കാറുണ്ട്. മനുഷ്യരെയും സമൂഹത്തെയും തെറ്റിദ്ധരിപ്പിക്കുന്ന നിരൂപണങ്ങളും വരുന്നുണ്ട്. ഇത് സമൂഹത്തെ അപകടത്തിലേക്ക് നയിക്കും. LGBTQ സമൂഹം സാധാരണഗതിയിലുള്ള ജീവിതമാണ് ഇവിടെ നയിക്കുന്നതെന്ന് തരത്തിലുള്ള കണ്ടെത്തലുകള്‍ തെറ്റിദ്ധാരണ പരത്തുന്നതാണ്. അല്ലാതെയുള്ള സിനിമ വിമര്‍ശനങ്ങളെ സ്വീകരിക്കുന്നുണ്ട്.
മാത്യു ദേവസിയെക്കാള്‍ ഒരുപടി മുന്നില്‍ നില്‍ക്കുന്നത് തങ്കനാണെന്ന് പ്രേക്ഷകര്‍ അടയാളപ്പെടുത്തുന്നു. സംവിധയകനില്‍ നിന്ന് മാറി ഒരു കാഴ്ചക്കാരന് എന്ന നിലയില്‍ കാതലില്‍ ജിയോ ബേബിയെ പിടിച്ചിരുത്തിയ കഥാപാത്രം ഏതായിരുന്നു?
ക്രിയേറ്റീവായ ഒരിടത്ത് താരതമ്യങ്ങള്‍ക്ക് സ്ഥാനമില്ല. കഥാപാത്രങ്ങള്‍ ഏറ്റവും ഭംഗിയായി ചെയ്യുക അതിനെ ഉള്‍ക്കൊള്ളുക എന്നതിലാണ് കാര്യം. മമ്മൂക്കയും സുധിയും ജ്യോതികയും അത്തരത്തില്‍ കഥാപാത്രങ്ങളെ മനോഹരമാക്കിയിട്ടുണ്ട്. കുഞ്ഞു കഥാപാത്രങ്ങളില്‍ വരെ ആ മനോഹാരിത കാണാനാകും. അത് അണിയറപ്രവര്‍ത്തകരുടെ കൂടി വിജയമാണ്. സിനിമയില്‍ നിന്ന് വിട്ട് മാറിയുള്ള ഒരു കാഴ്ചപ്പാട് സാധ്യമല്ല. കൂട്ടായ തീരുമാനങ്ങള്‍ ഉള്ളപ്പോഴും കഥാപാത്രങ്ങളെ തെരഞ്ഞെടുക്കുന്നതില്‍ മുതല്‍ ഒരു സംവിധയകനെന്ന നിലയില്‍ എന്റെ തീരുമാനങ്ങളുണ്ട്. അപ്പോള്‍ അത് വിജയമായാലും മോശമായലും ഉത്തരവാദിത്തം സംവിധയകനില്‍ നിക്ഷിപ്തമാണ്.
മലയാള സിനിമയുടെ അമരക്കാരന്‍ എന്ന് വിശേഷിപ്പിക്കുന്ന മമ്മൂട്ടി ക്വിര്‍ സമൂഹത്തെ പ്രതിനിധാനം ചെയ്യുന്ന കഥാപാത്രം ചെയ്യുമ്പോള്‍ അതിന് ആ സമൂഹത്തിന് വലിയ രീതിയില്‍ സ്വീകാര്യത ലഭിക്കുമെന്ന ചര്‍ച്ചകള്‍ സജീവമായിരുന്നു. എന്നാല്‍ സംഭവിച്ചത് അങ്ങനെയാണോ? മമ്മൂട്ടിക്ക് നേരെ പോലും വിമര്‍ശനങ്ങള്‍ എത്തി. ഇതിപ്പോഴും അംഗീകരിക്കാത്ത സമൂഹത്തിലെ ഒരു പറ്റം ആളുകളുടെ ചിന്താഗതിയെ അവഗണിക്കണോ, അതോ പ്രതികരിക്കണോ?
കാതല്‍ ദി കോറിലെ മാത്യു ദേവസിയായി മമ്മൂക്ക സ്‌ക്രീനില്‍ എത്തിയതിന്റെ ആവേശത്തിലാണ് ക്വിര്‍ സമൂഹം. സിനിമയെയും കഥാപാത്രത്തെയും അവര്‍ ആഘോഷമാക്കുന്നുമുണ്ട്. ആ സന്തേഷം അവര്‍ ഞങ്ങളുമായി പങ്കുവയ്ക്കുന്നുമുണ്ട്. ഒരു ക്വിര്‍ സിനിമയില്‍ സ്വവര്‍ഗരതിയുള്ള മാത്യു ദേവസിയായി മമ്മൂട്ടിയെത്തിയതിനെതിരേ വിമര്‍ശനം ഉന്നയിക്കുന്നവരെ പരിഗണിക്കാന്‍ തയ്യാറല്ല.
കാതലിലെ ഭാര്യ, ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിലെ ഭാര്യ, ഫ്രീഡം ഫൈറ്റിലെ രജിഷയുടെ കഥാപാത്രം- ഉള്‍ക്കൊള്ളാനാവാത്ത സമൂഹവും കുടുംബവും അടിച്ചേല്‍പ്പിക്കുന്ന ബന്ധങ്ങളില്‍ നിന്ന് ഇറങ്ങി നടക്കാന്‍ പ്രചോദനമാവുന്നുണ്ട്, ഇതിനെ നഖശിഖാന്തം എതിര്‍ക്കുന്നുണ്ട് യാഥാസ്ഥിതിക കുടുംബങ്ങള്‍. ഇവരെ സംബന്ധിച്ചു ജിയോ ബേബി എന്ന സംവിധായകനോടുള്ളത് അപ്രിയത്തിന്റെ സ്വരമാണ്. കുടുംബ പ്രേക്ഷര്‍ക്ക് സ്വീകാര്യമാകാത്ത ഇത്തരം വിഷയങ്ങളുമായി ഇനിയും മുന്നോട്ടുപോകുമോ ?
ഒരു സംവിധായകനെന്ന നിലയില്‍ സ്ത്രീപക്ഷ, അല്ലെങ്കില്‍ രാഷ്ട്രീയം പറയുന്ന സിനിമകള്‍ ചെയ്യരുതെന്നാണ് ഞാന്‍ ആലോചിക്കുന്നത്. പതിവ് ശൈലിയില്‍ നിന്ന് മാറി നില്‍ക്കുന്ന, വ്യത്യസ്തത പുലര്‍ത്തുന്ന സിനിമകള്‍ ചെയ്യാനാണ് ഇഷ്ടപെടുന്നതും. പക്ഷെ ഞാന്‍ ചെയുന്ന സിനിമകളില്‍ എന്റെ രാഷ്ട്രീയം കലരുന്നുണ്ട്. ഇതില്‍ നിന്ന് മാറി എന്റര്‍ടൈന്‍മെന്റ്, ഫണ്‍, ത്രില്ലര്‍ സിനിമകള്‍ ചെയ്യണമെന്നാണ് ആഗ്രഹിക്കുന്നത്.
അടുത്ത സിനിമ എപ്പോഴായിരിക്കും?
അടുത്ത സിനിമയെ പറ്റി ആലോചിച്ചു തുടങ്ങിയിട്ടില്ല. ആലോചിച്ചും എഴുതിയുമെല്ലാം സിനിമ ഉണ്ടാക്കി എടുക്കേണ്ടതുണ്ട്. നമുക്ക് ചെയ്യാം അല്ലെങ്കില്‍ ഈ സിനിമ ചെയ്യാതെ തരമില്ല എന്നു വരുമ്പോഴാണ് അത് സംഭവിക്കുന്നത്.
കാതല്‍ കാലം സംസാരിക്കുന്ന സിനിമ: ആദര്‍ശ് സുകുമാരന്‍/ അഭിമുഖം
തങ്കനും മാത്യുവിനും ഇടയില്‍ നില്‍ക്കുന്ന കാതല്‍