പ്രമുഖ ബേബി ഫുഡ് നിർമ്മാതാക്കളായ നെസ്‌ലെയുമായി ബന്ധപ്പെട്ട് സമീപകാലത്തായി വന്ന വാർത്തകൾ ഏറെ ആശങ്ക ഉണർത്തുന്നതാണ്. സെർലാക് പോലെ കുഞ്ഞുങ്ങൾക്ക് നൽകുന്ന ഭക്ഷണത്തിൽ ഉയർന്ന അളവിലുള്ള പഞ്ചസാര കണ്ടെത്തിയിരുന്നു. ഇന്ത്യയിൽ വിൽക്കുന്ന നെസ്‌ലെയുടെ കുഞ്ഞുങ്ങൾക്കായുളള ഭക്ഷ്യ ഉത്പന്നങ്ങളിൽ, ഒരോ തവണ നൽകുന്ന ഭക്ഷണത്തിലും ശരാശരി മൂന്ന് ഗ്രാം പഞ്ചസാര ചേർക്കുന്നതായാണ് കണ്ടെത്തിയിരുന്നത്. യു കെ, ജർമനി, സ്വിറ്റ്‌സർലൻഡ് തുടങ്ങിയ രാജ്യങ്ങളിൽ പഞ്ചസാര ഇല്ലാതെയാണ് ഇത്തരം ഭക്ഷണ ഉത്പന്നങ്ങൾ നെസ്‌ലെ വിറ്റഴിക്കുന്നതെന്നും പബ്ലിക് ഐയുടെ കണ്ടെത്തലുകളിൽ വ്യക്തമായിരുന്നു. യു.കെ, ജർമനി, സ്വിറ്റ്‌സർലൻഡ് പോലുള്ള വികസിത രാജ്യങ്ങളിൽ പഞ്ചസാര ചേർക്കാതെ കുഞ്ഞുങ്ങളുടെ ഉൽപ്പന്നങ്ങൾ വിറ്റഴിക്കുന്ന നെസ്‌ലെ വികസ്വര രാജ്യങ്ങളിലും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന രാജ്യങ്ങളിലും വേറിട്ട നയം സ്വീകരിക്കുന്നത് ആശങ്കാജനകമായ വസ്തുതയാണ്.
ഭക്ഷ്യവസ്തുക്കളിൽ ഉയർന്ന അളവിൽ പഞ്ചസാര അടങ്ങിയിട്ടുണ്ടെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നതിനെ തുടർന്ന്, നെസ്‌ലെയ്ക്കെതിരെ നടപടിയെടുക്കാൻ കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയം, ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യയോട് (എഫ്എസ്എസ്എഐ) ആവശ്യപ്പെടും ചെയ്തിരുന്നു.
കുട്ടികളുടെ ഉൽപന്നങ്ങളിൽ ഉയർന്ന അളവിൽ പഞ്ചസാര ചേർക്കുന്നത്, അവരുടെ ആരോഗ്യത്തിൽ സൃഷ്ടിക്കാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ഗുരുതരമായ ആശങ്കകൾ ഉയർത്തുന്നതാണ്. ഭാവിയിലെ പൗരന്മാരായ, ശിശുക്കളുടെയും, കുട്ടികളുടെയും ആരോഗ്യവും ക്ഷേമവും പരമപ്രധാനമായ ഒന്നാണ്. കുട്ടികളുടെ ജീവിത ശൈലി രോഗങ്ങൾ ഉയരുന്നതിന്റെ കാരണം ഇത്തരം ഭക്ഷണ പാതാർത്ഥങ്ങൾ നൽകുന്നത് ഒരു കാരണമോ എന്നും, കുട്ടികളിലെ പ്രമേഹം എന്ന രോഗാവസ്ഥയെ കുറിച്ചും സംസാരിക്കുകയാണ് ഇടുക്കി മെഡിക്കൽ കോളജിലെ അസ്സോസിയേറ്റ് പ്രൊഫെസ്സർ ഡോക്ടർ റിയാസ്.
കേരളത്തിലെ മാറി വരുന്ന സാഹചര്യങ്ങളിൽ കുഞ്ഞുങ്ങളിൽ ജീവിത ശൈലി രോഗങ്ങൾ കൂടി വരുന്നതായാണ് കണ്ടുവരുന്നത്. കുട്ടികളിൽ ടൈപ്പ് രണ്ട് പ്രമേഹം മുൻകാലങ്ങളിൽ വളരെ വിരളമായി മാത്രമേ കാണപ്പെടാറുണ്ടായിരുന്നുള്ളു. പക്ഷെ അടുത്ത കാലത്തായി കുഞ്ഞുങ്ങളിലും ഇത് ഇടയ്ക്കിടെ കാണുന്നുണ്ട്. ശരീരത്തിൽ ഇൻസുലിൻ പ്രവർത്തനത്തിൽ കുറവ് വരുന്നത് ( insulin resistance ) മൂലം വരുന്ന രോഗാവസ്ഥയാണ് ടൈപ്പ് രണ്ട് പ്രമേഹം. വ്യായാമമില്ലായ്മ, അമിത വണ്ണം, ഇവയൊക്കെ കൊണ്ടാണ് മുതിർന്നവരിൽ ഈ രോഗാവസ്ഥ ഉണ്ടാകുന്നത്.
തിരുവനന്തപുരം മെഡിക്കൽ കോളജിൽ കുട്ടികളുടെ വിഭാഗത്തിൽ വർഷത്തിൽ രണ്ടോ മൂന്നോ ടൈപ്പ് രണ്ട് പ്രമേഹ കേസുകൾ ആണ് വരാറുണ്ടായിരുന്നത്. പക്ഷെ കോവിഡിന് ശേഷം ഒരു വർഷം പത്തിലധികം കുട്ടികൾ ടൈപ്പ് രണ്ട് പ്രമേഹ രോഗത്തിന് ചികിത്സ തേടിയിരുന്നു. കുഞ്ഞുങ്ങൾ വീടിനകത്ത് മാത്രം ഒതുങ്ങി പോയത് കാരണം മൂലമാണ് ഇത്രയും കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്.
കുഞ്ഞുങ്ങൾക്ക് എത്രയും താമസിച്ച് മധുരം എന്ന രുചി പരിചയപ്പെടുത്താമോ അത്രയും നല്ലതാണ് കാരണം നാവിലുള്ള രസമുകുളങ്ങളിൽ മധുരം വളരെ സെൻസിറ്റീവ് ആയ ഒന്നാണ്. കുഞ്ഞുങ്ങൾ യഥാർത്ഥത്തിൽ ‘സൂപ്പർ ടേസ്റ്റർസ്’ ആണ് അതായത് ഒരു രുചി ഇഷ്ടപ്പെട്ട് കഴിഞ്ഞാൽ അവർ ആ രുചി തന്നെ പിന്നെയും കിട്ടാൻ വേണ്ടി വാശിപിടിക്കും. അതുകൊണ്ടാണ് ഒരു വയസ്സ് വരെയെങ്കിലും കഴിവതും കുട്ടികൾക്ക് മധുരം നൽകരുതെന്ന് പല പഠനങ്ങളും വ്യക്തമാക്കുന്നത്.
മുലപ്പാലിൽ ലാക്ടോസ് അടങ്ങിയിട്ടുള്ളതിനാൽ സ്വാഭാവികമായ മധുരമുണ്ട്. അതിന് പുറമെ നൽകുന്ന മധുരം കുഞ്ഞുങ്ങൾക്ക് ഒരു തരത്തിലും നല്ലതല്ല. ഇൻഫെന്റ് ഫോർമുലകൾ, സെർലാക് എന്നിവയിൽ പഞ്ചസാര അധികമായി ചേർത്തിരിക്കുന്നു എന്ന വാർത്ത തികച്ചും ആശങ്കജനകം ആണ് അത്തരത്തിലുള്ള ‘ മായം ചേർക്കലുകൾ’ കുഞ്ഞുങ്ങളുടെ ആരോഗ്യകരമായ വളർച്ചക്ക് ഒട്ടും ഉതകുന്നതല്ല. കുട്ടികളിൽ ടൈപ്പ് രണ്ട് പ്രമേഹം വരാനുള്ള പ്രധാനകാരണങ്ങളിൽ ഒന്ന് ജങ്ക് ഫുഡിന്റെ അമിതമായ ഉപയോഗമാണ്.
ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് പോഷകാംശം കുറഞ്ഞതും ആരോഗ്യകരമല്ലാത്തതും ആയ ആഹാരങ്ങളെ ജങ്ക് ( J U N C S ) എന്ന ചുരുക്കപ്പേരിൽ തരം തിരിച്ചിട്ടുണ്ട്. ജെ – ജങ്ക് ഫുഡ്സ്, യു അൾട്രാ പ്രൊസസ്ഡ്, ന്യൂട്രീഷണലി ഇന്നപ്രോപ്രിയേറ്റ്, സി- കളേർഡ് ആൻഡ് കാർബോനേറ്റഡ്, എസ്- ഷുഗർ സ്വീറ്റൻഡ് ഭക്ഷണ പാതാർത്ഥങ്ങൾ, എന്നീ വിഭാഗങ്ങളായാണ് തരം തിരിച്ചിരിക്കുന്നത്.
കുട്ടികളോടും അവരുടെ മാതാപിതാക്കളോടും ആരോഗ്യദായകമായ ഭക്ഷണം കഴിക്കാൻ നിർദ്ദേശിക്കുമ്പോൾ എന്ത് തരം ഭക്ഷണമാണ് ആരോഗ്യപ്രദമായ ഭക്ഷണം എന്ന് പറഞ്ഞ് നൽകേണ്ടത് അത്യാവശ്യമാണ്. ഉദാഹരണത്തിന് കുഞ്ഞുങ്ങൾക്ക് പഴചാറുകൾ നൽകുന്നത് സാധാരണമാണ് പക്ഷെ, അത് അവർക്ക് ഒരു ഉപകാരവും ചെയ്യുന്നില്ല. അരക്കുമ്പോൾ പഴ വർഗ്ഗങ്ങളിലെ ഫൈബർ നഷ്ട്ടപ്പെട്ടു പോവുകയാണ് ചെയ്യുന്നത്, കൂടാതെ കുഞ്ഞുങ്ങൾ കുടിക്കുന്നതിന് വേണ്ടി പഞ്ചസാരയും ചിലപ്പോൾ ഉപയോഗിക്കാറുണ്ട്. യഥാർത്ഥത്തിൽ കുഞ്ഞുങ്ങൾക്ക് നൽകേണ്ടത് മുഴുവനായുള്ള പഴവർഗങ്ങളാണ്. ആപ്പിൾ പോലുള്ളവ ചെറുതായി ചുരണ്ടി ആരുമാസം മുതലുള്ള കുട്ടികൾക്ക് നൽകാവുന്നതാണ്.
രണ്ട് വയസിന് താഴെയുള്ള കുട്ടികൾക്ക് ഫ്രൂട്ട് ജ്യൂസുകൾ, കുപ്പിയിൽ അടച്ച് വരുന്ന പാനീയങ്ങൾ എന്നിവ ഒരു കാരണവശാലും നൽകരുത് എന്നാണ് ശിശുരോഗ വിദഗ്ദ്ധർ പറയുന്നത്. അതേ സമയം രണ്ട് വയസ് മുതൽ അഞ്ച് വയസ് വരെയുള്ള കുട്ടികൾക്കും, അഞ്ച് വയസ് മുതൽ 18 വയസ് വരെയുള്ള കുട്ടികൾക്കും എത്ര അളവ് വരെ ഒരു ദിവസത്തിൽ ഇത്തരം പാനീയങ്ങൾ ശരീരത്തിന് ദോഷം വരാത്ത രീതിയിൽ കുടിയ്ക്കാൻ സാധിക്കും എന്നതിന് കൃത്യമായ കണക്കുകൾ ഉണ്ട്. രണ്ട് വയസ് മുതൽ അഞ്ച് വയസ് വരെയുള്ള കുട്ടികൾക്ക് അകെ ഒരു ദിവസം കുടിക്കാൻ പറ്റുന്ന പഞ്ചസാര അടങ്ങിയ പാനീയങ്ങൾ 125 എംൽ ആണ്. അതിന് മുകളിൽ ഉള്ള കുട്ടികൾക്ക് 250 എം എൽ മാത്രമേ നൽകാൻ പാടുള്ളു.
കുഞ്ഞുങ്ങളുടെ മാനസിക വികാസത്തിന് ഭീഷണിയാകുന്ന ഡിജിറ്റൽ ഉപകരണങ്ങൾ ഉപയോഗിക്കുന്നത് ആരോഗ്യകരമായ വളർച്ചയെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നാണ് ഡോക്ർ വ്യക്തമാക്കുന്നത്. കൂടാതെ കുഞ്ഞുങ്ങൾ പലപ്പോഴും കുറുക്ക് കുടിച്ച് തുടങ്ങുന്നത് തന്നെ ടി വിയോ മൊബൈലോ കണ്ടു കൊണ്ടാണ് എന്നും അദ്ദേഹം പറയുന്നു.
കുഞ്ഞുങ്ങളുടെ ആരോഗ്യകരമായ മാനസിക വികാസത്തിനു തടസ്സം ഉണ്ടാക്കുന്ന ഒന്നാണ് മൊബൈൽ ഫോണിന്റെയും ടി വിയുടെയും അനിയന്ത്രിതമായ ഉപയോഗം. രണ്ട് വയസിനു താഴെയുള്ള കുഞ്ഞുങ്ങൾ ഒരു കാരണവശാലും ടിവിയും മൊബൈലും കാണരുത്. അതിന് മുകളിലുള്ള കുഞ്ഞുങ്ങൾ ഇതിന്റെ ഉപയോഗം രണ്ട് മണിക്കൂറിൽ താഴെ ആക്കി ചുരുക്കുകയും ചെയ്യണം. പക്ഷെ പലപ്പോഴും കുഞ്ഞുങ്ങൾ കുറുക്ക് കുടിച്ച് തുടങ്ങുന്നത് തന്നെ ടി വിയോ മൊബൈലോ കണ്ടു കൊണ്ടാണ്. ഇങ്ങനെ ഭക്ഷണം കൊടുക്കുമ്പോഴുള്ള പ്രധാന പ്രശ്‍നം ഭക്ഷണത്തിന്റെ സ്വാഭാവിക ഘടന കുട്ടികൾക്ക് മനസിലാകാതെ പോകുന്നു എന്നതാണ്. ഭക്ഷണം എങ്ങനെ ആസ്വദിച്ച് കഴിക്കാം എന്നത് കുഞ്ഞുങ്ങളെ പഠിപ്പിക്കേണ്ടത് അത്യാവശ്യമാണ്. കൂടാതെ എല്ലാ ദിവസവും ഒരു മണിക്കൂർ അവരെ കൊണ്ട് വ്യായാമം ചെയ്യേണ്ടതും പ്രധാനമാണ്.
ഉയർന്ന അളവിൽ ഉപ്പും,പഞ്ചസാരയും, കൊഴുപ്പും അടങ്ങിയ പാക്കറ്റിൽ ലഭിക്കുന്ന ഭക്ഷണങ്ങൾ ഒരു കാരണവശാലും കുഞ്ഞുങ്ങൾക് നൽകരുത്. അത്തരത്തിലുള്ള ഭക്ഷണങ്ങൾ വാങ്ങുമ്പോൾ പുറമെ അതാത് കമ്പനിക്കാർ നൽകിയിരിക്കുന്ന ചേർത്തിരിക്കുന്ന വസ്തുക്കളുടെ വിശദ വിവരങ്ങൾ അടങ്ങിയ കുറിപ്പ് വായിക്കാൻ ശ്രദ്ധിക്കണം. കാരണം ഒരു സാധാരണ മനുഷ്യന് ഒരു ദിവസം അഞ്ച് ഗ്രാം ഉപ്പിന്റെ ആവശ്യമേയുള്ളു. വീടുകളിൽ ഭക്ഷണം ഉണ്ടാക്കിയ ഭക്ഷണങ്ങളിൽ അത്രയും ഉപ്പ് ഉണ്ടായിരിക്കും . കാരണം മലയാളിയുടെ ഭക്ഷണ രീതി അനുസരിച്ച് കൂടുതൽ ഉപ്പ് ഉപയോഗിക്കുന്നവർ ആണ്. പക്ഷെ ഒരു പാക്കറ്റ് ലെയ്സിലും, ചീറ്റോസിലും ഇത്ര തന്നെ ഉപ്പ് അടങ്ങിയിട്ടുണ്ടാകും എന്നതാണ് വസ്തുത. പ്രമേഹം കഴിഞ്ഞാൽ ഏറ്റവും സാധാരണയായി കേരളത്തിൽ ഏറ്റവും അതികം കണ്ട് വരുന്ന അടുത്ത അസുഖം ഉയർന്ന രക്തസമ്മർദ്ദം ആണ്. ഇതിന്റെ പ്രധാനപ്പെട്ട ഒരു കാരണം ഭക്ഷണക്രമത്തിലെ ഉയർന്ന ഉപ്പിന്റെ ഉപയോഗമാണ്, അച്ചാർ പപ്പടം തുടങ്ങിയവ സ്ഥിരമായി മലയാളിയുടെ ഭക്ഷണ ക്രമത്തിൽ ഉൾപ്പെട്ടിരിക്കുന്നവയാണ്.
ആരോഗ്യകരമായ ഒരു ജീവിത ശൈലി ചെറുപ്പത്തിലേ ശീലിപ്പിച്ചു കൊണ്ട് നമുക്ക് നമ്മുടെ അടുത്ത തലമുറയെ വാർത്തെടുക്കാം
content summary : Junk foods and sweetened baby formulas can lead to childhood type 2 diabetes.