July 10, 2025 |

മഞ്ഞുമ്മല്‍ ബോയ്‌സ്; സൗബിനും കൂട്ടരും നിയമകുരുക്കില്‍

കോടികള്‍ നേടിയിട്ടും മുടക്ക് മുതല്‍ പോലും നല്‍കിയില്ലെന്ന് പരാതി

ആഗോളതലത്തില്‍ തന്നെ വന്‍ കളക്ഷന്‍ നേടിയ മലയാള സിനിമയായ മഞ്ഞുമ്മല്‍ ബോയ്‌സിന്റെ നിര്‍മാതാക്കള്‍ നിയമകുരുക്കില്‍. ചിത്രത്തിന്റെ നിര്‍മാണത്തിന് ഏഴു കോടി രൂപ മുതല്‍ മുടക്കിയിട്ടും മുടക്ക് മുതലോ ലാഭമോ കിട്ടിയില്ലെന്ന പരാതിയാണ് നിര്‍മാതാക്കളായ ഷോണ്‍ ആന്റണി, സൗബിന്‍ ഷാഹിര്‍, ബാബു എന്നിവരെ നിയമകുരിക്കിലാക്കിയത്.അരൂര്‍ സ്വദേശി സിറാജ് ആണ് പരാതിക്കാരന്‍. ചിത്രം ആഗോളതലത്തില്‍ ഇതുവരെ 220 കോടി രൂപ കലക്ഷന്‍ നേടിയിട്ടുണ്ടെന്നും ഒ ടി ടി പ്ലാറ്റ്ഫോമുകള്‍ മുഖേന 20 കോടിയോളം രൂപ നേടിയിട്ടുണ്ടെന്നും സിറാജ് പറയുന്നു. കേസ് പരിഗണിക്കുന്ന എറണാകുളം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ് പ്രകാരമാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്. എറണാകുളം മരട് പോലിസാണ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചത്. ഗൂഢാലോചന, വിശ്വാസ വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍ എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തത്.
നേരത്തെ സിനിമയുടെ നിര്‍മാതാക്കളുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ കോടതി ഉത്തരവിട്ടിരുന്നു. നിര്‍മാണ കമ്പനിയായ പറവ ഫിലിംസിന്റെയും പാര്‍ട്ണര്‍ ഷോണ്‍ ആന്റണിയുടെയും 40 കോടിയുടെ ബാങ്ക് അക്കൗണ്ടാണ് എറണാകുളം സബ് കോടതി ജഡ്ജി സുനില്‍ വര്‍ക്കി മരവിപ്പിച്ചത്.ഫെബ്രുവരി 22നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്.

 

Content Summary: Manjummel Boys: Case Filed Against Producers

Leave a Reply

Your email address will not be published. Required fields are marked *

×