വലിയ വാഗ്ദാനങ്ങള്‍ നല്‍കി പ്രധാനമന്ത്രി പദത്തിലെത്തിയ മോദി ഇന്ന് ജനങ്ങള്‍ക്കുമുമ്പില്‍ പരാജിതനെപ്പോലെ നില്‍ക്കുകയാണെന്ന് മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങ്. വോട്ടര്‍മാര്‍ അര്‍പ്പിച്ച വിശ്വാസം മോദി തകര്‍ത്തു. രാജ്യത്തെ വര്‍ഗീയകലാപങ്ങളിലും ആള്‍ക്കൂട്ടക്കൊലകളിലും ഗോസംരക്ഷകരുടെ ആക്രമണങ്ങളിലും മോദി മൗനം പാലിക്കുകയാണെ്ന്നും മന്‍മോഹന്‍ സിങ് ആരോപിച്ചു. ശശി തരൂര്‍ എം.പി. രചിച്ച ‘ദി പാരഡോക്സിക്കല്‍ പ്രൈംമിനിസ്റ്റര്‍’ എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു സിങ്.
മോദി തികഞ്ഞ വൈരുധ്യങ്ങള്‍ പ്രകടിപ്പിക്കുന്ന പ്രധാനമന്ത്രിയാണ്. അതുകൊണ്ട് തന്നെ പ്രധാനമന്ത്രി നരേന്ദ്രമോദി ഒരു ‘പാരഡോക്‌സിക്കല്‍ പ്രൈം മിനിസ്റ്റര്‍’ ആണെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പറയുന്നു.
നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ഇപ്പോള്‍ അധികാരത്തിലിരിക്കുന്ന സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ മാത്രം നല്‍കിയ സര്‍ക്കാരാണെന്ന് ഡോ. ശശിതരൂരും ചടങ്ങില്‍ പറഞ്ഞു. മോദി സര്‍ക്കാറിന്റെ നാലുവര്‍ഷത്തെ ഭരണത്തെ ആഴത്തില്‍ വിലയിരുത്തുന്ന പുസ്തകമാണ്
പാരഡോക്‌സിക്കല്‍ പ്രൈം മിനിസ്റ്റര്‍ അഥവാ വൈരുദ്ധ്യങ്ങളുടെ പ്രധാനമന്ത്രി. എന്നാല്‍ പുസ്തകത്തെ പരിചയപ്പെടുത്തിക്കൊണ്ട് തരുര്‍ ട്വിറ്ററില്‍ കുറിച്ച് ഫ്‌ലോക്‌സിനോക്‌സിനിഹിലിപിളിഫിക്കേഷന്‍ പോലുള്ള വാക്കുകള്‍ ഉപയോഗിച്ചിട്ടില്ലെന്നും തരൂര്‍ പറയുന്നു. മുന്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി, മുന്‍കേന്ദ്രമന്ത്രിമാരായ പി.ചിദംബരം, അരുണ്‍ ഷൂറി ഉള്‍പ്പടെയുള്ളവര്‍ പുസ്തക പ്രകാശന ചടങ്ങില്‍ പങ്കെടുത്തു.
നരേന്ദ്ര മോദിയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് പുസതകം ആരംഭിക്കുന്നത്.അടുത്ത നാലു ഭാഗങ്ങളും മോദി സര്‍ക്കാര്‍ അധികാരത്തിലെത്തി നടത്തിയ പ്രധാന പ്രവര്‍ത്തനങ്ങളെ കേന്ദ്രീകരുക്കയാണ്. സാമൂഹിക, സാമ്പത്തിക, വിദേശ നയങ്ങള്‍, അടിസ്ഥാന മൂല്യങ്ങള്‍ എന്നിവയും അവയിലെ വൈരുദ്ധ്യങ്ങളേയും അക്കമിട്ടു നിരത്തുന്നു. ‘സ്ഫോടനാന്മകം’ എന്നാണ് പാരഡോക്‌സിക്കല്‍ പ്രൈം മിനിസ്റ്റര്‍ക്ക് പ്രസാധകരായ അലെഫ് ബുക്സ് തന്നെ നല്‍കുന്ന വിശേഷണം. സ്വന്തം വാക്കും പ്രവൃത്തിയുമായുള്ള പൊരുത്തമില്ലായ്മയാണ് ആദ്യ വൈരുദ്ധ്യമായി സൂചിപ്പിക്കപ്പെട്ടിരിക്കുന്നത്.