UPDATES

പ്രവാസം

ട്രാഫിക് പിഴ ഒഴിവാക്കിയിട്ടില്ല; വിശദീകരണവുമായി ദുബായ് പോലീസ്

സഹിഷ്ണുതാ വര്‍ഷം പ്രമാണിച്ച് ട്രാഫിക് പിഴ പൂര്‍ണമായും ഒഴിവാക്കുന്ന ‘സെറ്റില്‍ യുവര്‍ ഫൈന്‍സ്’ പദ്ധതിക്ക് ദുബായ് പോലീസ് ഈ വര്‍ഷം ആദ്യം തുടക്കമിട്ടിരുന്നു.

                       

ദുബായില്‍ അമിത വേഗത്തില്‍ വാഹനം ഓടിച്ചാല്‍ പിഴയില്ലെന്ന തരത്തില്‍ സാമൂഹ്യമാധ്യമങ്ങളില്‍  പ്രചരിക്കുന്ന വാര്‍ത്തകള്‍ നിഷേധിച്ച് ദുബായ് പോലീസ് രംഗത്തെത്തി. കഴിഞ്ഞ ദിവസം ദുബായ് പോലീസില്‍ നിന്ന് സൗദി പൗരന് ലഭിച്ച സന്ദേശം സാമൂഹികമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതേ തുടര്‍ന്നാണ് ദുബായ് പോലീസ് വിശദീകരണമായി രംഗത്തെത്തിയത്.

അമിത വേഗത്തിന് ലഭിച്ച പിഴ ഒഴിവാക്കിയതായി അറബിക്കില്‍ എഴുതിയ സന്ദേശത്തിന്റെ ഫോട്ടോയാണ് സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിച്ചത്. എന്നാല്‍ വൈറലായ സന്ദേശത്തിന്റെ ഫോട്ടോ അടുത്തിടെയുള്ളതല്ല. പത്ത് വര്‍ഷം മുമ്പ് ദുബായിലെ സന്ദര്‍ശകര്‍ക്ക് സന്തോഷം പകരാന്‍വേണ്ടി നടപ്പാക്കിയ പദ്ധതിയുടെ ഭാഗമായി ഉള്ളതാണ് ഈ ഫോട്ടോ സന്ദേശമെന്ന് ദുബായ് പോലീസ് സെക്യൂരിറ്റി മീഡിയ വിഭാഗം ഡയറക്ടര്‍ കേണല്‍ ഫൈസല്‍ അല്‍ ഖാസീം പറഞ്ഞു. അതോടൊപ്പമുള്ള ദുബായ് പോലീസിന്റെ ലോഗോയും പഴയതാണ്. ദുബായ് പോലീസ് അവരുടെ ഔദ്യോഗിക ചാനലുകള്‍വഴി എല്ലാ സംരംഭങ്ങളും പ്രഖ്യാപിക്കും. സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ അനൗദ്യോഗിക സ്രോതസ്സുകളില്‍നിന്നുള്ള വ്യാജ വാര്‍ത്തകള്‍ പങ്കിടുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്നും കേണല്‍ ഫൈസല്‍ മുന്നറിയിപ്പ് നല്‍കി.

സഹിഷ്ണുതാ വര്‍ഷം പ്രമാണിച്ച് ട്രാഫിക് പിഴ പൂര്‍ണമായും ഒഴിവാക്കുന്ന ‘സെറ്റില്‍ യുവര്‍ ഫൈന്‍സ്’ പദ്ധതിക്ക് ദുബായ് പോലീസ് ഈ വര്‍ഷം ആദ്യം തുടക്കമിട്ടിരുന്നു. അതുപ്രകാരം ഈ വര്‍ഷം ട്രാഫിക് പിഴയൊന്നും ലഭിച്ചിട്ടില്ലായെങ്കില്‍, അതുവരെയുള്ള ട്രാഫിക് പിഴ പൂര്‍ണമായും എഴുതിത്തള്ളുന്ന പദ്ധതിയാണത്. 2019 ഫെബ്രുവരി ആറിന് മുന്‍പ് വാഹനയുടമയ്ക്ക് ലഭിച്ചിട്ടുള്ള മൊത്തം ട്രാഫിക് പിഴയിന്മേലാണ് ഇളവ്. ദുബായ് പോലീസിന്റെ പരിധിയില്‍ വരുന്ന ട്രാഫിക് പിഴകള്‍ക്കാണ് ഈ ആനുകൂല്യം.

Share on

മറ്റുവാര്‍ത്തകള്‍