UPDATES

പ്രവാസം

ഭീകര പ്രവര്‍ത്തനങ്ങള്‍ക്കുള്ള സാമ്പത്തിക സഹായം തടയൽ; കള്ളപ്പണ വിരുദ്ധ നിയമത്തിന് യുഎഇ അംഗീകാരം നല്‍കി

അന്താരാഷ്ട്ര ശിപാര്‍ശകളോടും ധാരണകളോടും കൂടിയാണ് നിയമം യു.എ.ഇ നടപ്പാക്കുക

                       

ഭീകര പ്രവര്‍ത്തനങ്ങള്‍ക്കുള്ള സാമ്പത്തിക സഹായം തടയുന്നതിന് കള്ളപ്പണ വിരുദ്ധ നിയമത്തിന് യുഎഇ അംഗീകാരം നല്‍കി. പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാനാണ് നിയമത്തിന് അംഗീകാരം നല്‍കിയത്. നിയമം നടപ്പാക്കുന്നതിലൂടെ രാജ്യത്തെ കള്ളപ്പണത്തിനും ഭീകര പ്രവര്‍ത്തനങ്ങള്‍ക്കും വരുന്ന സാമ്പത്തിക സഹായത്തിനും എതിരെയുള്ള ശക്തമായ നീക്കം നടത്തുകയാണ് ലക്ഷ്യം.

രാജ്യം അഭിലഷിക്കുന്ന നേട്ടങ്ങള്‍ കരസ്ഥമാക്കുന്നതിനുള്ള നിയമ സ്ഥാപന ഘടനകളുടെ ഫലപ്രാപ്തി ഉയര്‍ത്തുന്നതില്‍ പുതിയ നിയമം വലിയ പങ്ക് വഹിക്കുമെന്ന് ദുബൈ ഉപ ഭരണാധികാരിയും ധനകാര്യ മന്ത്രിയുമായ ശൈഖ് ഹംദാന്‍ ബിന്‍ റാശിദ് ആല്‍ മക്തൂം അഭിപ്രായപ്പെട്ടു. കള്ളപ്പണത്തിന് എതിരെ പോരാടുന്നതിനും ഇതിനായുള്ള അതോറിറ്റികളുടെ പ്രയത്‌നങ്ങളെ പിന്തുണക്കുന്നതിനും ആവശ്യമായ നിയമഘടന സ്ഥാപിക്കുക എന്നതും നിയമത്തിലൂടെ ലക്ഷ്യം വയ്ക്കുന്നു. ഭീകര പ്രവര്‍ത്തനങ്ങള്‍ക്കും സംശയകരമായ സംഘടനകള്‍ക്ക് ധനസഹായം നല്‍കുന്നത് തടയുന്നതുമായ നിയമം അന്താരാഷ്ട്ര ശിപാര്‍ശകളോടും ധാരണകളോടും കൂടിയാണ് യു.എ.ഇ നടപ്പാക്കുക.

1989ല്‍ രൂപവത്കരിച്ച ഫൈനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക്‌ഫോഴ്‌സിന്റെ ആവശ്യങ്ങള്‍ക്ക് അനുസൃതമായതാണ് കള്ളപ്പണവിരുദ്ധ നിയമം. കള്ളപ്പണ വിരുദ്ധ നിയമം ശക്തമാക്കുന്നത് അന്താരാഷ്ട്ര നിക്ഷേപകര്‍ക്കും വ്യാപാര പങ്കാളികള്‍ക്കും വലിയ ആത്മവിശ്വാസം നല്‍കുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

Related news


Share on

മറ്റുവാര്‍ത്തകള്‍