UPDATES

കല

മുസ്ലിങ്ങളും കശ്മീരികളും തീവ്രവാദികളാണോ? ശിവകാര്‍ത്തികേയന്‍ ചിത്രത്തിനെതിരേ പ്രതിഷേധം

ശിവകാര്‍ത്തികേയനെയും കമല്‍ഹാസനെയും അറസ്റ്റ് ചെയ്യണമെന്നും ആവശ്യം

                       

തമിഴ് സൂപ്പര്‍താരം ശിവകാര്‍ത്തികേയന്റെ റിലീസിംഗിനൊരുങ്ങിന്ന ചിത്രം ‘അമരന്‍’ വിവാദത്തില്‍. ചിത്രത്തിനെതിരേ തമിഴ്‌നാട്ടില്‍ മുസ്സിം സംഘടനകളുടെ വ്യാപക പ്രതിഷേധം. മുസ്ലിം സമുദായത്തെ മോശമായി ചിത്രീകരിക്കുന്നുവെന്നാണ് ആക്ഷേപം.

അമരന്റെ ടീസര്‍ ഇറങ്ങിയതിനു പിന്നാലെയാണ് പ്രതിഷേധം ഉയര്‍ന്നത്. രാഷ്ട്രീയകക്ഷിയായ തമിഴക മക്കള്‍ ജനനായഗ കക്ഷി(ടിഎംജെകെ)യുടെ നേത്വത്തിലാണ് തമിഴ്‌നാട്ടില്‍ വിവിധയിടങ്ങളില്‍ പ്രതിഷേധം. തിരുന്നല്‍വേലി, തിരുച്ചിറപ്പള്ളി, തിരുപ്പൂര്‍, വെല്ലൂര്‍, കൂഡല്ലൂര്‍ തുടങ്ങിയ ഇടങ്ങളില്‍ ശക്തമായ പ്രതിഷേധങ്ങളുണ്ടായി. ചിലയിടത്ത് പ്രതിഷേധക്കാര്‍ പൊലീസുമായി ഏറ്റുമുട്ടി. സിനിമയുടെ റിലീസ് തടയണമെന്നാണ് ആവശ്യം. എന്നാല്‍, അമരന്‍ റിലീസ് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

മുസ്ലിങ്ങളെയും കശ്മീരിലെ ജനങ്ങളെയും തീവ്രവാദികളാക്കി ചിത്രീകരിക്കാനാണ് സിനിമ ശ്രമിച്ചിരിക്കുന്നതെന്നാണ് പ്രതിഷേധക്കാര്‍ ആരോപിക്കുന്നത്. ‘ ചിത്രത്തിന്റെ ടീസറില്‍ കാന്ന രംഗങ്ങള്‍ മുസ്ലിങ്ങളെയും കശ്മീരി ജനതയെയും തീവ്രവാദികളാക്കി ചിത്രീകരിക്കുന്നതാണ്. തമിഴ്‌നാട് സര്‍ക്കാര്‍ എത്രയും വേഗം ഇടപ്പെട്ട് ചിത്രം നിരോധിക്കണം’ എന്നും ടിഎംജെകി തിരുച്ചിറപ്പള്ളി ജില്ല സെക്രട്ടറി റയാല്‍ സിദ്ദിഖീ മാധ്യമങ്ങളോട് സംസാരിക്കവെ ആവശ്യപ്പെട്ടു. മതേതരത്വ സ്വഭാവത്തില്‍ ജീവിക്കുന്ന മുസ്ലിങ്ങളെ മോശമായി ചിത്രീകരിക്കുന്നത് തമിഴ് സിനിമ തുടരുകയാണെന്നും സിദ്ദിഖീ ആരോപിച്ചു.

ശിവകാര്‍ത്തികേയനും കമല്‍ഹാസനുമെതിരേ മുദ്രാവാക്യങ്ങള്‍ മുഴക്കിയായിരുന്നു പ്രതിഷേധക്കാര്‍ രംഗത്തുണ്ടായിരുന്നത്. കമലിനെയും ശിവകാര്‍ത്തികേയനെയും ഗൂണ്ട ആക്ട് പ്രകാരം കേസ് എടുത്ത് അറസ്റ്റ് ചെയ്യണമെന്നും ടിഎംജെകെ അംഗങ്ങള്‍ ആവശ്യപ്പെട്ടു. പ്രതിഷേധക്കാര്‍ രണ്ടു താരങ്ങളുടെയും കോലങ്ങള്‍ കത്തിക്കാനും ശ്രമിച്ചു.

കമല്‍ഹാസന്റെ രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണലും സോണി പിക്‌ച്ചേഴ്‌സും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. രാജ്കുമാര്‍ പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മേജര്‍ മുകുന്ദ് എന്ന കഥാപാത്രത്തെയാണ് ശിവകാര്‍ത്തികേയന്‍ അവതരിപ്പിക്കുന്നത്. സായി പല്ലവി, ഭുവന്‍ അറോറ, രാഹുല്‍ ബോസ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍.

കശ്മീരാണ് ചിത്രത്തിന്റെ പ്രധാന പശ്ചാത്തലം. കശ്മീരിലെ തീവ്രവാദപ്രവര്‍ത്തനങ്ങള്‍ നേരിടുന്ന ഇന്ത്യന്‍ ആര്‍മിയെയാണ് ചിത്രത്തില്‍ അവതരിപ്പിക്കാന്‍ ശ്രമിക്കുന്നതെന്നാണ് ടീസര്‍ വ്യക്തമാക്കുന്നത്. രാജ്യം അശോക് ചക്ര നല്‍കി ആദരിച്ച രാഷ്ട്രീയ റൈഫിള്‍സിലെ 44ആം ബറ്റാലിയന്‍ അംഗമായികരുന്ന മേജര്‍ മുകുന്ദ് വരദരാജന്റെ ജീവിതമാണ് സിനിമയുടെ പ്രമേയമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. 2014 ജമ്മു-കശ്മീരിലെ ഷോപിയാന്‍ ഗ്രാമത്തില്‍ നടന്ന തീവ്രവാദ വിരുദ്ധ ഓപ്പറേഷന്‍ നയിച്ച മുകുന്ദ് വരദരാജന്‍ ആ പോരാട്ടത്തില്‍ രാജ്യത്തിനുവേണ്ടി വീരമൃത്യു വരിച്ചിരുന്നു.

Share on

മറ്റുവാര്‍ത്തകള്‍