Continue reading “അസ്നമാരെ കൊല്ലുന്ന അരാഷ്ട്രീയ ക്യാമ്പസുകള്‍”

" /> Continue reading “അസ്നമാരെ കൊല്ലുന്ന അരാഷ്ട്രീയ ക്യാമ്പസുകള്‍”

"> Continue reading “അസ്നമാരെ കൊല്ലുന്ന അരാഷ്ട്രീയ ക്യാമ്പസുകള്‍”

">

UPDATES

അസ്നമാരെ കൊല്ലുന്ന അരാഷ്ട്രീയ ക്യാമ്പസുകള്‍

Avatar

ampuser ampuser

                       

എം വിജിന്‍/ബിബിന്‍ ബാബു

വടകരയിലെ അസ്ലം റാഗിങ്ങിന് ഇരയായി മാരക പരിക്കുകളോടെ കോഴിക്കോട് മിംസ് ആശുപത്രിയില്‍ കിടക്കുമ്പോള്‍ തന്നെയാണ് വടകരയില്‍ നിന്നു അസ്നാസ് എന്ന പെണ്‍കുട്ടിയുടെ ആത്മഹത്യ വാര്‍ത്തയും പുറത്തുവന്നത്. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖല കടുത്ത അരാജകത്വത്തിലേക്ക് പോവുകയാണോ? വിദ്യാര്‍ത്ഥി സംഘടനകള്‍ എന്തുകൊണ്ടാണ് ഇങ്ങനെ ഉറക്കം തൂങ്ങുന്നത്. ആദ്ധ്യാപകര്‍ എന്തുകൊണ്ട് ഇടപെടുന്നില്ല? വിദ്യാഭ്യാസ സ്ഥാപനങ്ങളും പോലീസും ചേര്‍ന്ന് ഒതുക്കി തീര്‍ക്കുകയാണോ പല റാഗിങ് കേസുകളും? എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി എം വിജിന്‍ സംസാരിക്കുന്നു. 

ബിബിന്‍ ബാബു: കേരളം ഞെട്ടുകയാണ് വടകരയില്‍ നിന്നുള്ള റാഗിങ് വാര്‍ത്തകള്‍ കേട്ടിട്ട്. എന്നിട്ടും എസ്.എഫ്.ഐ. പോലുള്ള വിദ്യാര്‍ത്ഥി സംഘടന രണ്ടു ദിവസത്തെ പ്രതിഷേധ പ്രകടനങ്ങളില്‍ മാത്രം തങ്ങളുടെ ഇടപെടല്‍ ഒതുക്കുന്നത് ന്യായീകരിക്കാനാവുമോ?

എം വിജിന്‍: എസ്.എഫ്.ഐ. എക്കാലത്തും റാഗിങ്ങിനെതിരെ ശക്തമായ നിലപാടുകള്‍ എടുത്തിട്ടുള്ള സംഘടനയാണ്. കേവലം രണ്ടു ദിവസത്തെ പ്രതിഷേധങ്ങള്‍ മാത്രമല്ല വടകരയിലെ അസ്നാസിന്റെ ആത്മഹത്യയില്‍ എസ്.എഫ്.ഐ. നടത്തിയത്. കുറ്റവാളികളെ നിയമത്തിന്റെ മുന്‍പില്‍ കൊണ്ടുവരികയും ചെയ്തു. റാഗിങ്ങിനെതിരെ വലിയ പ്രതിഷേധമുയര്‍ത്താന്‍ സംസ്ഥാന തലത്തില്‍ പുതിയ മാര്‍ഗങ്ങള്‍ക്ക് തുടക്കമിടുകയാണ് എസ്.എഫ്.ഐ.

ബി: നമ്മുടെ പുതുതലമുറയ്ക്ക് എന്താണ് പറ്റിയത്? 

വി: മാനവികതയും മനസ്സാക്ഷിയും സമൂഹത്തില്‍ നിന്നും അപ്രത്യക്ഷമാകുമ്പോള്‍ അത് കലാലയങ്ങളിലേക്കും വ്യാപിക്കുന്നുണ്ട്. അതാണ് ഇത്തരത്തില്‍ റാഗിങ്ങ് വര്‍ധിക്കുന്നത്. പൊതുസമൂഹത്തില്‍ വരുന്ന എല്ലാ മാറ്റങ്ങളും ക്യാമ്പസുകളിലും പ്രതിഫലിക്കും.

ബി: ഇത്രയും ക്രൂരമായ നിലയില്‍ റാഗിങ്ങിന് ഇരയായി ഒരു പെണ്‍കുട്ടി ആത്മഹത്യ ചെയ്തിട്ടും ആരാലും ഈ വാര്‍ത്തകള്‍ ശ്രദ്ധിക്കപ്പെടുന്നില്ല. കൂടുതല്‍ റാഗിങ്ങ് കേസുകള്‍  റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുകയാണ് ചെയ്യുന്നത്. ഇതിനു കാരണമെന്താണ്?

വി: റാഗിങ്ങ് സംഭവങ്ങള്‍ ഓരോ ദിവസവും കൂടിക്കൊണ്ടിരിക്കുന്നു എന്നത് യാഥാര്‍ഥ്യമാണ്. സ്വകാര്യ മാനേജ്മെന്റുകളുടെ അതിപ്രസരമാണ് പ്രധാന കാരണം. അവര്‍ നടപ്പാക്കുന്ന പല നയങ്ങളും വിദ്യാഭ്യാസത്തെ എങ്ങനെ വില്‍പ്പനച്ചരക്കാക്കാം എന്ന തരത്തിലാണ്. ഇങ്ങനെ വരുമ്പോള്‍ കലാലയങ്ങളിലെ സര്‍ഗാത്മകത കുറയുന്നു. ഇതിനു മാറ്റം വരിക തന്നെ വേണം.

ബി: അടുത്തിടെ നടന്ന റാഗിങ്ങുകളില്‍ മിക്കവയും സെല്‍ഫ് ഫിനാന്‍സിംഗ് കോളേജുകളില്‍ അല്ലെങ്കില്‍ സ്വകാര്യ കോളേജുകളില്‍ ആണ്. ഇത് ചര്‍ച്ച ചെയ്യപ്പെടേണ്ടതല്ലേ? 

വി: അതെ, ഏറ്റവും ശ്രദ്ധിക്കപ്പെടേണ്ട കാര്യം തന്നെയാണ് ഇത്. വടകരയില്‍ റാഗിങ്ങ് നടന്ന കോളേജ് ഒരു സെല്‍ഫ് ഫിനാന്‍സിംഗ് കോളേജ് ആണ്. എസ്.എഫ്.ഐ. എന്നല്ല ഒരു വിദ്യാര്‍ത്ഥി സംഘടനയ്ക്കും അവിടെ പ്രവര്‍ത്തിക്കാന്‍ അനുമതിയില്ല. അങ്ങനെയുള്ള ക്യാംപസുകള്‍ ഒരിക്കലും ജനാധിപത്യ ക്യാമ്പസ് ആവുകയില്ല. അവിടെ സര്‍ഗാത്മകതയ്ക്ക് പകരം മദ്യവും മയക്കുമരുന്നും റാഗിങ്ങും ഒക്കെയായിരിക്കും വര്‍ധിക്കുക. 

ബി: റാഗിങ്ങ് നടന്നുകഴിഞ്ഞ് അത് പോലീസില്‍ റിപ്പോര്‍ട്ട്‌ ചെയ്യാന്‍ വരെ പ്രിന്‍സിപ്പല്‍ ഭയപ്പെടുന്നു. ഇതില്‍ ഒരു രാഷ്ട്രീയ ഇടപെടല്‍ ഇല്ലേ?

വി: മാനേജ്മെന്റുകള്‍ക്ക് അവരുടെ താല്പര്യങ്ങള്‍ സംരക്ഷിച്ചേ മതിയാകൂ. ഒരു റാഗിങ്ങ് നടന്നെന്നു പുറംലോകം അറിഞ്ഞാല്‍ അത് കോളേജിന്‍റെ സല്‍പ്പേരിന് കളങ്കമാകുന്നു. അതിനാല്‍ പ്രിന്‍സിപ്പലും മാനേജ്മെന്റും ചേര്‍ന്ന് ആ സംഭവത്തെ മറച്ചുവെക്കുന്നു. വടകരയിലെ അസ്നാസിന്റെ പിതാവ് ഹമീദ് പറഞ്ഞതും ഇതിനോട് ചേര്‍ത്തു വായിക്കണം. തന്റെ മകളുമായി ബന്ധപ്പെട്ട് ഇത്രയധികം പ്രശ്നങ്ങള്‍ ഉണ്ടായിട്ടും കോളേജ് അധികൃതര്‍ തന്നെ അറിയിച്ചില്ലെന്നാണ് അസ്നാസിന്റെ പിതാവ് പറഞ്ഞത്. ഈ പ്രവണത മാറേണ്ടിയിരിക്കുന്നു.

ബി: ക്യാമ്പസുകളില്‍ രാഷ്ട്രീയം അനുവദിക്കാത്തത് മാനേജ്മെന്റുകള്‍ക്കും മറ്റും കൂടുതല്‍ സ്വാതന്ത്ര്യം നല്‍കുന്നു. റാഗിങ്ങ് വര്‍ധിക്കാനുള്ള ഒരു കാരണം ഇതല്ലേ?

വി: ഒരു കുട്ടി ക്യാമ്പസില്‍ എത്തുമ്പോള്‍ തന്നെ രക്ഷിതാക്കളുടെ കയ്യില്‍ നിന്നും രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ ഈ കലാലയങ്ങളില്‍ അനുവദിച്ചിട്ടില്ലെന്നും അത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടാല്‍ നടപടികള്‍ സ്വീകരിക്കുമെന്നും ഒപ്പിട്ടു വാങ്ങുന്നു. ഇതൊരു ജനാധിപത്യ രീതിയല്ല. അരാഷ്ട്രീയവത്കരിക്കപ്പെടുന്ന ക്യാമ്പസുകള്‍ തന്നെയാണ് റാഗിങ്ങ് അടക്കമുള്ള കാര്യങ്ങള്‍ വര്‍ധിക്കാനുള്ള കാരണം.

ബി: എസ്.എഫ്.ഐ. സംസ്ഥാന തലത്തില്‍ ഈ വിഷയം ഒരു ക്യാംപെയിന്‍ ആക്കാത്തത് എന്താണ്?

വി: റാഗിങ്ങിനെതിരെ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുതിയ ക്യാംപെയ്നുകള്‍ സംഘടിപ്പിക്കുകയാണ്. കലാലയത്തില്‍ വിദ്യാര്‍ത്ഥികളെ ഒന്നാകെ അണിനിരത്തി ‘സ്നേഹമതില്‍’ കൂട്ടായ്മ സംഘടിപ്പിക്കുന്നുണ്ട്. “സേ നോ ടു റാഗിങ്ങ്” എന്ന മുദ്രാവാക്യം ഉയര്‍ത്തി ജാഗ്രത സദസ്സുകള്‍ സംഘടിപ്പിക്കുന്നുണ്ട്. ഒരു സാഹചര്യത്തിലും റാഗിങ്ങിനെതിരെയുള്ള പ്രതിഷേധങ്ങളില്‍ നിന്നും എസ്.എഫ്.ഐ. പിന്നോട്ട് പോകില്ല.

(അഴിമുഖം ജേര്‍ണലിസ്റ്റ് ട്രെയിനിയാണ് ബിബിന്‍ ബാബു)

Share on

മറ്റുവാര്‍ത്തകള്‍